പ്രീ സീസണിൽ ടോട്ടനത്തോട് തോൽവി വഴങ്ങി ആഴ്‌സണൽ

ഹോംകോങിൽ ഒരു ഫുട്‌ബോൾ മത്സരം കാണാൻ എത്തിയ റെക്കോർഡ് കാണികൾക്ക് മുന്നിൽ ടോട്ടനത്തോട് തോൽവി വഴങ്ങി ആഴ്‌സണൽ. സ്റ്റേഡിയം നിറഞ്ഞ ആഴ്‌സണൽ ആരാധകർക്ക് ഫലം നിരാശയാണ് നൽകിയത്. പ്രീ സീസണിൽ ആഴ്‌സണലിന്റെ ആദ്യ തോൽവി ആണ് ഇത്. എതിരില്ലാത്ത ഒരു ഗോളിന് ആണ് തോമസ് ഫ്രാങ്കിന്റെ ടീം ആഴ്‌സണലിനെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ 2 തവണയാണ് ടോട്ടനം ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങിയത്. ആഴ്‌സണൽ ആവട്ടെ പലപ്പോഴും ടോട്ടനം പ്രതിരോധത്തെയും പരീക്ഷിച്ചു.

45 മത്തെ മിനിറ്റിൽ ആണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. ഗോൾ കീപ്പർ റയ നൽകിയ പാസ് ലൂയിസ് കെല്ലിയിൽ നിന്നു തട്ടിയെടുത്ത പാപ്പ സാർ ഗോൾ പോസ്റ്റിൽ നിന്ന് ഒരുപാട് കയറി നിന്ന റയയെ മറികടന്നു ഗോൾ നേടുക ആയിരുന്നു. 35 വാര അകലെ നിന്നു സാർ വലത് കാലൻ അടി കൊണ്ടാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സമനിലക്ക് ആയി ആഴ്‌സണൽ ശ്രമിച്ചെങ്കിലും ടോട്ടനം മുൻതൂക്കം കൈവിട്ടില്ല. ആഴ്‌സണലിന് ആയി വിക്ടർ ഗ്യോകെറസ്, ക്രിസ്റ്റ്യൻ മൊസ്ക്വര എന്നിവർ 77 മത്തെ മിനിറ്റിൽ അരങ്ങേറ്റവും കുറിച്ചു.

നോർത്ത് ലണ്ടൻ ചുവപ്പിച്ചു ആഴ്‌സണൽ ലീഗിൽ രണ്ടാമത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബദ്ധവൈരികൾ ആയ ടോട്ടനം ഹോട്സ്പറിനെ 2-1 എന്ന സ്കോറിന് മറികടന്നു ആഴ്‌സണൽ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ലീഗിൽ ഇത് തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് ടോട്ടനത്തെ നോർത്ത് ലണ്ടൻ ഡർബിയിൽ ആഴ്‌സണൽ തോൽപ്പിക്കുന്നത്. സ്വന്തം മൈതാനത്ത് മികച്ച തുടക്കം ആണ് ആഴ്‌സണലിന് ലഭിച്ചത്. ആദ്യ 20 മിനിറ്റിൽ ടോട്ടനത്തെ ആഴ്‌സണൽ വെള്ളം കുടിപ്പിച്ചു. എന്നാൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു മികച്ച ഗോളിലൂടെ ടോട്ടനം ക്യാപ്റ്റൻ സോൺ അവർക്ക് അപ്രതീക്ഷിത മുൻതൂക്കം നൽകി.

എന്നാൽ തുടർന്ന് ഉണർന്നു കളിച്ച ആഴ്‌സണൽ ആദ്യ പകുതിയുടെ അവസാനത്തെ നാലു മിനിറ്റുകളിൽ കളി മാറ്റി. റൈസിന്റെ കോർണറിൽ നിന്നു ഗബ്രിയേലിന്റെ ഹെഡർ സൊളാങ്കെയുടെ ദേഹത്ത് തട്ടി പന്ത് വലയിൽ ആയതോടെ ആഴ്‌സണൽ സമനില പിടിച്ചു. തുടർന്ന് നാലു മിനിറ്റിനുള്ളിൽ കൗണ്ടർ അറ്റാക്കിൽ നിന്നു ഒഡഗാർഡിന്റെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ ലിയാൻഡ്രോ ട്രൊസാർഡ് ആഴ്‌സണലിന് മുൻതൂക്കം നൽകി. തുടർന്ന് നിരവധി അവസരങ്ങൾ കണ്ടത്തിയ ആഴ്‌സണലിന് പക്ഷെ കൂടുതൽ ഗോളുകൾ നേടാൻ ആയില്ല. ഒഡഗാർഡിനും, ഹാവർട്‌സിനും ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. അതേസമയം ഗോൾ നേടിയ ശേഷം ഒരു തവണ പോലും ടോട്ടനത്തിനു ആഴ്‌സണൽ പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ ആയില്ല.

നോർത്ത് ലണ്ടൻ വീണ്ടും ചുവപ്പിച്ചു ആഴ്‌സണൽ!

നോർത്ത് ലണ്ടൻ ഡാർബിയിൽ നിർണായക ജയവുമായി ആഴ്‌സണൽ. പ്രധാന താരങ്ങൾ ആയ ഡക്ലൻ റൈസ്, ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് എന്നിവർ ഇല്ലാതെ ഇറങ്ങിയ ആഴ്‌സണൽ അതുഗ്രൻ പ്രതിരോധ പ്രകടനം പുറത്ത് എടുത്താണ് വൈറ്റ് ഹാർട്ട് ലൈനിൽ ജയം കണ്ടത്. ഇരു ടീമുകളും മികവ് പുലർത്തിയ ആദ്യ പകുതിയിൽ പരുക്കൻ കളിയും കാണാൻ ആയി. നിർണായക രക്ഷപ്പെടുത്തലുകൾ നടത്തിയ ഡേവിഡ് റയയും, ബ്ലോക്കുകൾ ചെയ്ത സലിബയും ഗബ്രിയേലും ആഴ്‌സണൽ പ്രതിരോധം കാത്തു. മറുപുറത്ത് ഹാവർസിന്റെ മികച്ച ഹെഡർ വികാരിയോയും തട്ടി മാറ്റി. ഇടക്ക് ലഭിച്ച സുവർണ അവസരം മാർട്ടിനെല്ലിയും പാഴാക്കി.

ഗബ്രിയേൽ

7 മഞ്ഞ കാർഡുകൾ ആണ് ആദ്യ പകുതിയിൽ പിറന്നത്. പന്ത് ടോട്ടനത്തിന്റെ കയ്യിൽ ആയിരുന്നെങ്കിലും ഇടക്ക് മികച്ച അവസരങ്ങൾ സൃഷ്ടിച്ച ആഴ്‌സണൽ വലിയ അവസരം ഒന്നും അവർക്ക് നൽകിയില്ല. രണ്ടാം പകുതിയിൽ 64 മത്തെ മിനിറ്റിൽ ബുകായോ സാകയുടെ മികച്ച കോർണറിൽ നിന്നു ഫ്രീ ഹെഡറിലൂടെ ഗോൾ നേടിയ ഗബ്രിയേൽ ആണ് ആഴ്‌സണൽ വിജയഗോൾ നേടിയത്. മാർക്ക് ചെയ്ത ക്രിസ്റ്റിയൻ റൊമേറോയെ വെട്ടിച്ചു ഉഗ്രൻ ഹെഡർ ആണ് ഗബ്രിയേൽ ഉതിർത്തത്. തുടർന്ന് സമനിലക്ക് ആയി അവസരങ്ങൾ ഉണ്ടാക്കാൻ ടോട്ടനം ശ്രമിച്ചു എങ്കിലും ആഴ്‌സണൽ പ്രതിരോധം ഒട്ടും വിട്ടു നൽകിയില്ല. റഹീം സ്റ്റെർലിങ് ആഴ്‌സണലിന് ആയി രണ്ടാം പകുതിയിൽ അരങ്ങേറ്റവും കുറിച്ചു. 1988 നു ശേഷം ഇത് ആദ്യമായാണ് ആഴ്‌സണൽ ടോട്ടനത്തിന്റെ മൈതാനത്ത് തുടർച്ചയായി 3 മത്സരങ്ങളിൽ ജയിക്കുന്നത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തും ആഴ്‌സണൽ എത്തി.

തീപാറി നോർത്ത് ലണ്ടൻ ഡാർബി! ആഴ്‌സണലിന് എതിരെ സമനില നേടി ടോട്ടനം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ നോർത്ത് ലണ്ടൻ ഡാർബിയിൽ സമനില. 2-2 നു ആണ് ആഴ്‌സണലും ടോട്ടനവും സമനില വഴങ്ങിയത്. ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏതാണ്ട് ഒപ്പത്തിന് ഒപ്പം നിന്ന മത്സരത്തിൽ കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് ആഴ്‌സണൽ ആയിരുന്നു, അതേസമയം പന്ത് കൂടുതൽ നേരം കയ്യിൽ വെക്കാൻ ടോട്ടനത്തിനു ആയി. പരിക്കേറ്റ ട്രൊസാർഡ് കൂടി ഇല്ലാതെയാണ് ആഴ്‌സണൽ കളിക്കാൻ ഇറങ്ങിയത്. മത്സരത്തിൽ 26 മത്തെ മിനിറ്റിൽ ബുകയോ സാകയുടെ ഷോട്ട് ക്രിസ്റ്റിയൻ റൊമേറോയുടെ ദേഹത്ത് തട്ടി സെൽഫ് ഗോൾ ആയതോടെ ആഴ്‌സണൽ മത്സരത്തിൽ മുന്നിൽ എത്തി.

തുടർന്ന് മാഡിസന്റെ അബദ്ധത്തിൽ ലഭിച്ച സുവർണ അവസരം ലക്ഷ്യത്തിൽ എത്തിക്കാൻ പക്ഷെ ഗബ്രിയേൽ ജീസസിന് ആയില്ല. ഇടക്ക് ബ്രണ്ണൻ ജോൺസന്റെ ഷോട്ട് അവിശ്വസനീയമായി ആണ് ആഴ്‌സണൽ ഗോൾ കീപ്പർ ഡേവിഡ് റയ രക്ഷിച്ചത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ടോട്ടനം മത്സരത്തിൽ ഒപ്പം എത്തി. മാഡിസന്റെ പാസിൽ നിന്നു ക്യാപ്റ്റൻ സോൺ ആണ് അവരുടെ ഗോൾ നേടിയത്. പരിക്കേറ്റ ഡക്ലൻ റൈസിനെ ആഴ്‌സണൽ രണ്ടാം പകുതിയിൽ പിൻവലിച്ചു. രണ്ടാം പകുതിയിൽ ആഴ്‌സണൽ തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ചു. കോർണറിൽ ബെൻ വൈറ്റിന്റെ ഷോട്ടിൽ റൊമേറോ ഹാന്റ് ബോൾ വഴങ്ങിയതോടെ വാർ പരിശോധനക്ക് ശേഷം ആഴ്‌സണലിന് പെനാൽട്ടി ലഭിച്ചു. പെനാൽട്ടി അനായാസം ബുകയോ സാക ലക്ഷ്യത്തിൽ എത്തിച്ചു.

എന്നാൽ ഗോൾ നേടി അടുത്ത നിമിഷം തന്നെ ടോട്ടനം സമനില ഗോൾ നേടി. റൈസിന് പകരം എത്തിയ ജോർജീന്യോ വരുത്തിയ വമ്പൻ അബദ്ധത്തിൽ നിന്നു പന്ത് കയ്യിലാക്കിയ മാഡിസൺ പന്ത് സോണിന് നൽകുകയും കൊറിയൻ താരം അത് ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് വിജയഗോളിന് ആയി ആഴ്‌സണൽ നിരന്തരം ശ്രമിച്ചു എങ്കിലും ടോട്ടനം വഴങ്ങിയില്ല. ഇടക്ക് ടോട്ടനം ആഴ്‌സണൽ ഗോളും പരീക്ഷിച്ചു. വിജയിക്കാൻ ആവാത്തതും പരിക്കുകളും ആഴ്‌സണലിന് കടുത്ത നിരാശ തന്നെയാണ് നൽകുന്നത്. നിലവിൽ ആറു മത്സരങ്ങളിൽ നിന്നും ഇത് വരെ തോൽവി അറിയാത്ത ഇരു ടീമുകളും 14 പോയിന്റുകളും ആയി നാലും അഞ്ചും സ്ഥാനങ്ങളിൽ ആണ്.

ഇന്ന് എമിറേറ്റ്സിൽ തീ പാറും, ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ആഴ്‌സണലും ടോട്ടൻഹാമും നോർത്ത് ലണ്ടൻ ഡാർബിക്ക് ഇറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തീ പാറും പോരാട്ടം. നോർത്ത് ലണ്ടൻ ഡാർബിയിൽ ആഴ്‌സണലും ടോട്ടൻഹാം ഹോട്സ്പറും നേരിട്ട് ഏറ്റുമുട്ടുമ്പോൾ അഭിമാനത്തേക്കാൾ ലീഗിലെ ഒന്നാം സ്ഥാനം ആവും ഇരു ടീമുകളുടെയും ലക്ഷ്യം. നിലവിൽ ആഴ്‌സണൽ 18 പോയിന്റുകൾ നേടി ഒന്നാമത് നിൽക്കുമ്പോൾ ലീഗിൽ ഇത് വരെ പരാജയം അറിയാത്ത ടോട്ടൻഹാം ഒരു പോയിന്റ് പിന്നിൽ മൂന്നാം സ്ഥാനത്ത് ആണ്. സ്വന്തം മൈതാനത്ത് ആണ് മത്സരം എന്നതും പരിക്ക് മാറി മാർട്ടിൻ ഒഡഗാർഡ്, തോമസ് പാർട്ടി, അലക്സാണ്ടർ സിഞ്ചെങ്കോ എന്നിവരുടെ മടങ്ങി വരവും ആഴ്‌സണലിന് മുൻതൂക്കം നൽകുന്ന കാര്യം ആണ്. കഴിഞ്ഞ രണ്ടു തവണയും സ്വന്തം മൈതാനത്ത് ആഴ്‌സണൽ ടോട്ടൻഹാമിനെ വീഴ്ത്തിയിരുന്നു.

ഗബ്രിയേൽ, സാലിബ, വൈറ്റ് എന്നിവർ റാംസ്ഡേലിന് മുന്നിൽ നിൽക്കുന്ന പ്രതിരോധവും പാർട്ടിയും ഉഗ്രൻ ഫോമിലുള്ള ഗ്രാനിറ്റ് ശാക്കയും നിയന്ത്രിക്കുന്ന മധ്യനിരയും എങ്ങനെ കളിക്കും എന്നത് ആഴ്‌സണലിന് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് കെയിൻ, സോൺ, റിച്ചാർലിസൺ എന്നിവർ അടങ്ങുന്ന മുന്നേറ്റത്തെ പ്രതിരോധിക്കുമ്പോൾ. മുന്നേറ്റത്തിൽ മികച്ച ഫോമിലുള്ള ഗബ്രിയേൽ ജീസുസിന് പിന്നിൽ മികവ് തുടരുന്ന ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക എന്നിവർക്ക് ഒപ്പം ഒഡഗാർഡും ടീമിൽ സ്ഥാനം പിടിക്കും. 2010 നു ശേഷം ടോട്ടൻഹാമും ആയി എമിറേറ്റ്‌സിൽ തൊറ്റിട്ടില്ലാത്ത ആഴ്‌സണൽ പക്ഷെ കഴിഞ്ഞ 10 കളികളിലും അവർക്ക് എതിരെ ഗോൾ വഴങ്ങിയിരുന്നു. എമിറേറ്റ്‌സിൽ തുടർച്ചയായി 6 മത്സരങ്ങളുടെ ജയവും ആയി എത്തുന്ന ആർട്ടെറ്റയുടെ ടീം മറ്റൊരു ജയം കുറിച്ചു ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്താൻ ആവും ശ്രമിക്കുക.

മറുപുറത്ത് അന്റോണിയോ കോന്റെയാണ് ടോട്ടൻഹാമിന്റെ പ്രധാന കരുത്ത്. കോന്റെ നൽകുന്ന ഊർജ്ജം അവർക്ക് വലിയ മുൻതൂക്കം നൽകുന്നു. ലണ്ടൻ ഡാർബികളിൽ ഗോൾ അടിച്ചു കൂട്ടുന്ന നോർത്ത് ലണ്ടൻ ഡാർബിയിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനായ ഹാരി കെയിൻ ടോട്ടൻഹാമിനു വലിയ കരുത്ത് ആണ്. ഒപ്പം ഫോമിൽ എത്തിയ സോൺ, റിച്ചാർലിസൺ എന്നിവരും അവർക്ക് ഊർജ്ജം പകരും. പരിക്കേറ്റ കുലുവെയെസ്കി കളിക്കുമോ എന്നത് ടോട്ടൻഹാമിനു ചെറിയ തിരിച്ചടിയാണ്. മധ്യനിരയിൽ ഹോളബിയറിന്റെയും ബെന്റക്കറിന്റെയും പ്രകടനം ടോട്ടൻഹാമിനു നിർണായകമാണ്. പ്രതിരോധത്തിൽ ലോറിസിന് മുന്നിൽ റൊമേറോ, ഡെയർ എന്നിവർക്ക് ആഴ്‌സണൽ മുന്നേറ്റത്തെ തടയാൻ നന്നായി വിയർക്കേണ്ടി വരും. വിങ് ബാക്ക് ആയി പെരിസിച് മുന്നേറ്റത്തിൽ നൽകുന്ന സംഭാവന ടോട്ടൻഹാമിനു വളരെ നിർണായകമാണ്. ഇന്ന് വൈകുന്നേരം ഇന്ത്യൻ സമയം 5 മണിക്ക് ആണ് തീ പാറുന്ന ഈ പോരാട്ടം.

റെക്കോർഡ് കാണികൾക്ക് മുന്നിൽ ടോട്ടൻഹാമിനെ ഡാർബിയിൽ തകർത്തെറിഞ്ഞു ആഴ്‌സണൽ വനിതകൾ

നോർത്ത് ലണ്ടൻ ചുവന്നു തുടുത്തു തന്നെയാണ് ഇരിക്കുന്നത് എന്നു ഒരിക്കൽ കൂടി തെളിയിച്ചു ആഴ്‌സണൽ വനിതകൾ. ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും അധികം കാണികൾ എത്തിയ മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ടോട്ടൻഹാമിനെ ആഴ്‌സണൽ തകർത്തത്. നോർത്ത് ലണ്ടൻ ഡാർബിയിൽ പന്ത് കൈവശം വക്കുന്നതിൽ പൂർണ ആധിപത്യം പുലർത്തിയ ആഴ്‌സണൽ ലക്ഷ്യത്തിലേക്ക് ഉതിർത്ത നാലു ഷോട്ടുകളും ഗോൾ ആക്കി മാറ്റി. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ എത്തിയ വനിത സൂപ്പർ ലീഗ് മത്സരത്തിന് 47,367 എന്ന റെക്കോർഡ് കാണികൾ ആണ് മത്സരം കാണാൻ എത്തിയത്.

മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ബെത്ത് മെഡ് ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് ടോട്ടൻഹാം ആഴ്‌സണൽ മുന്നേറ്റത്തിനു മുമ്പിൽ പിടിച്ചു നിന്നു. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് കാറ്റലിൻ ഫോർഡിന്റെ പാസിൽ നിന്നു ഗോൾ നേടിയ വിവിയനെ മിയെദെമ ആഴ്‌സണലിന് രണ്ടാം ഗോൾ സമ്മാനിച്ചു. രണ്ടാം പകുതി തുടങ്ങി 54 മത്തെ മിനിറ്റിൽ മെഡിന്റെ പാസിൽ നിന്നു റാഫയെല സോസ ഗോൾ നേടിയതോടെ ആഴ്‌സണൽ വലിയ ജയം ഉറപ്പിച്ചു. 69 മത്തെ മിനിറ്റിൽ സ്റ്റെഫനി കാറ്റ്ലിയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും കണ്ടത്തിയ സൂപ്പർ താരം മിയെദെമ ആഴ്‌സണലിന്റെ വലിയ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗ് കിരീടം ലക്ഷ്യം വക്കുന്ന ആഴ്‌സണലിന് ഈ ജയം വലിയ ആത്മവിശ്വാസം പകരും.

വനിത സൂപ്പർ ലീഗ് നോർത്ത് ലണ്ടൻ ഡാർബിയിൽ റെക്കോർഡ് ടിക്കറ്റ് വിൽപ്പന

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗ് ചരിത്രത്തിലെ റെക്കോർഡ് കാണികൾ നോർത്ത് ലണ്ടൻ ഡാർബി കാണാൻ ഇന്ന് എത്തും. ഇതിനകം തന്നെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ 51,000 ടിക്കറ്റുകൾ വിറ്റത് ആയി ആഴ്‌സണൽ അറിയിച്ചിട്ടുണ്ട്. 2019 ലെ ടോട്ടൻഹാം സ്റ്റേഡിയത്തിൽ നടന്ന നോർത്ത് ലണ്ടൻ ഡാർബിയിൽ എത്തിയ 38,000 കാണികളുടെ റെക്കോർഡ് ഇന്ന് ഏതായാലും പഴയ കഥ ആവും എന്നുറപ്പാണ്. മുമ്പ് പലപ്പോഴും വനിത ഫുട്‌ബോളിന്റെ വളർച്ചക്ക് ആയി ടിക്കറ്റുകൾ വെറുതെ നൽകിയും വില കുറച്ച് നൽകിയും ആയിരുന്നു ക്ലബുകൾ കാണികളെ സ്റ്റേഡിയത്തിൽ എത്തിച്ചിരുന്നത്.

എന്നാൽ ഇത്തവണ ടിക്കറ്റുകൾ യഥാർത്ഥ വിലക്ക് തന്നെ വിൽക്കുക ആയിരുന്നു. ഇത് തന്നെ വനിത ഫുട്‌ബോളിന്റെ വലിയ സ്വീകാര്യതക്ക് സൂചന ആണെന്ന് ആഴ്‌സണൽ പരിശീലകൻ പ്രതികരിച്ചു. ആഴ്‌സണൽ വനിതകൾ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി സൂപ്പർ ലീഗ് മത്സരവും എമിറേറ്റ്സിൽ ആണ് കളിക്കുക എന്നതിനാൽ ഈ വർഷം തന്നെ ഈ റെക്കോർഡ് തകർന്നേക്കാനും സാധ്യതയുണ്ട്. യോഗ്യതയിൽ അയാക്‌സിനെ മറികടന്നാൽ ആഴ്‌സണൽ വനിതകൾ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആവും കളിക്കുക.

Exit mobile version