പാക്കിസ്ഥാന്‍ ബോര്‍ഡ് സിഇഒ സ്ഥാനം ഒഴിഞ്ഞ് വസീം ഖാന്‍

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ സ്ഥാനം ഒഴിഞ്ഞ് വസീം ഖാന്‍. റമീസ് രാജ പാക്കിസ്ഥാന്‍ ചെയര്‍മാനായി സ്ഥാനമേറ്റ ശേഷമുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് സംവിധാനത്തിലെ രാജികളുടെ തുടര്‍ച്ചയാണ് ഇത്. നേരത്തെ റമീസ് രാജ ചുമതലയേറ്റ ശേഷം മിസ്ബ ഉള്‍ ഹക്ക്, വഖാര്‍ യൂനിസ് എന്നിവര്‍ പാക്കിസ്ഥാന്റെ മുഖ്യ കോച്ച്, ബൗളിംഗ് കോച്ച് സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു.

പാക്കിസ്ഥാന്‍ പരമ്പരകളിൽ നിന്ന് ന്യൂസിലാണ്ട് ഇംഗ്ലണ്ട് ടീമുകള്‍ പിന്മാറിയതിന് ഏറെ പഴി കേള്‍ക്കേണ്ടി വന്ന വ്യക്തിയാണ് വസീം ഖാന്‍. സിഇഒ എന്ന നിലയിൽ ഈ രാജ്യങ്ങളെ ക്രിക്കറ്റ് കളിക്കാനായി സമ്മതിപ്പിക്കുവാന്‍ വസീം ഖാന് സാധിച്ചില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

താന്‍ ഉടനെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ വന്നേക്കാമെന്ന് മുഹമ്മദ് അമീര്‍

താന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ സാധ്യതയെന്ന് പറഞ്ഞ് മുന്‍ പാക്കിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് അമീര്‍. താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴി‍ഞ്ഞ വര്‍ഷം ആണ് വിരമിക്കുവാന്‍ തീരുമാനിച്ചത്. പിസിബി സിഇഒ വസീം ഖാനുമായി താന്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും വിചാരിച്ച പോലെ കാര്യങ്ങള്‍ നടന്നാൽ പാക്കിസ്ഥാന്‍ ടീമിൽ താന്‍ വീണ്ടുമെത്തുമെന്ന് മുഹമ്മദ് അമീര്‍ പറഞ്ഞു.

പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റും കോച്ച് മിസ്ബ ഉള്‍ ഹക്കുമായി തെറ്റിയാണ് അമീര്‍ തന്റെ 29ാം വയസ്സിൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ഈ മാനേജ്മെന്റ് മാറിയാൽ താന്‍ തിരികെ എത്താമെന്നും താരം പറ‍ഞ്ഞിരുന്നു. വസീം ഖാനുമായി താരം നടത്തിയ ചര്‍ച്ചയെന്താണെന്ന് വ്യക്തമല്ലെങ്കിലും പാക്കിസ്ഥാന്‍ ടീം മാനേജ്മെന്റിനെ അത്തരത്തിൽ മാറ്റുവാന്‍ ബോര്‍ഡ് മുതിരുമോ എന്നും അതോ താരം തന്റെ നിലപാടിൽ അയവ് വരുത്തുമോ എന്നുമാണ് കാണേണ്ടത്.

താരവും മാനേജ്മെന്റുമായുള്ള പിണക്കം മാറ്റുവാന്‍ താന്‍ ശ്രമിക്കുമെന്നാണ് വസീം ഖാന്‍ മുന്‍ അവസരങ്ങളിൽ പറഞ്ഞിട്ടുള്ളത്. അമീര്‍ വളരെ മികച്ചൊരു താരമാണെന്നും താരത്തിന്റെ സേവനം പാക്കിസ്ഥാന് മുതല്‍ക്കൂട്ടാവുമെന്നും വസീം ഖാന്‍ പറഞ്ഞു.

ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സമയം ഇല്ല – പിസിബി മുഖ്യന്‍

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021 മാറ്റി വെച്ചതുമായി ബന്ധപ്പെട്ട് ആരാണ് കുറ്റക്കാരനെന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് സമയമില്ലെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് വസീം ഖാന്‍. ലീഗില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് ലീഗ് നിര്‍ത്തി വയ്ക്കുവാനുള്ള സാഹചര്യം ഉണ്ടായത്.

ലീഗിലെ ബയോ ബബിള്‍ മോശം രീതിയിലാണ് ക്രമീകരിച്ചതെന്ന് നിശിതമായ വിമര്‍ശനവുമായി വിവിധ ഫ്രാഞ്ചൈസികള്‍ രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ലീഗ് തത്കാലം ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചത്.

ഒരു കൂട്ടര്‍ മാത്രം വിചാരിച്ചാല്‍ ഈ വിഷമ സ്ഥിതിയില്‍ കാര്യങ്ങള്‍ എല്ലാം കൃത്യമായി നടക്കില്ലെന്നും ബയോ ബബിളില്‍ അതിന്റെ അച്ചടക്കത്തില്‍ കഴിയേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അതുണ്ടാകാത്തതിനാലാണ് ഇപ്പോള്‍ ഈ വിഷമ സ്ഥിതിയുണ്ടായതെന്നും വസീം ഖാന്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കുള്ള സമയം അല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

പാക്കിസ്ഥാന്‍ ക്രിക്കറ്റിന് ഇപ്പോള്‍ പരസ്പരം പോരാടുവാനുള്ള സമയം അല്ലെന്നും ഈ തടസ്സം ലീഗുമായി ബന്ധപ്പെട്ട ഓരോരുത്തരുടെയും നഷ്ടമാണെന്നും അദ്ദേഹം അറിയിച്ചു. അതില്‍ ബോര്‍ഡ്, ഫ്രാഞ്ചൈസികള്‍, സ്പോണ്‍സര്‍മാര്‍, കളിക്കാര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ ഉള്‍പ്പെടുന്നുവെന്നും വസീം ഖാന്‍ വ്യക്തമാക്കി.

തടസ്സങ്ങളില്ലാതെ പാക്കിസ്ഥാനില്‍ നടത്തുന്ന ആദ്യ പിഎസ്എല്‍ സീസണാവും ഇതെന്നായിരുന്നു കരുതിയതെന്നും എന്നാല്‍ അത്തരം ഒരു സാഹചര്യം ഉണ്ടായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹഫീസിന്റെ ടെസ്റ്റ് വീണ്ടും നടത്തി പാക്കിസ്ഥാന്‍ ബോര്‍ഡ്, താരം വീണ്ടും കോവിഡ് പോസിറ്റീവ് എന്ന് റിപ്പോര്‍ട്ടുകള്‍

പാക്കിസ്ഥാന്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ വീണ്ടും കോവിഡ് പോസിറ്റീവായി മുഹമ്മദ് ഹഫീസ്. താരം ആദ്യം കോവിഡ് പോസിറ്റീവ് എന്ന് ബോര്‍ഡ് പ്രഖ്യാപിച്ച ശേഷം സ്വന്തമായി താരം ടെസ്റ്റ് നടത്തുകയും താന്‍ കോവിഡ് നെഗറ്റീവ് ആണെന്ന് താരം ട്വിറ്ററില്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ബോര്‍ഡ് താരത്തിന്റെ പരിശോധന വീണ്ടും നടത്തിയത്. അത് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിയുകയും ചെയ്തു.

താരത്തിനെതിരെ നടപടിയുണ്ടാകുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. താരത്തിന്റെ വ്യക്തിഗമായ പരിശോധനയ്ക്ക് വിധേയനാകുവാന്‍ എല്ലാവിധ അവകാശങ്ങളുമുണ്ടെങ്കിലും അദ്ദേഹം ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബോര്‍ഡുമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും പിസിബി സിഇഒ വസീം ഖാന്‍ വ്യക്തമാക്കി.

താരം ഈ വിഷയം കൈകാര്യം ചെയ്തതില്‍ ബോര്‍ഡിന് വലിയ തരത്തിലുള്ള അതൃപ്തിയാണുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.

ഹസന്‍ അലിയ്ക്കുള്ള സാമ്പത്തിക സഹായം ബോര്‍ഡ് നല്‍കും

കേന്ദ്ര കരാര്‍ ലഭിച്ചില്ലെങ്കിലു‍ം പരിക്ക് മൂലം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഹസന്‍ അലിയ്ക്ക് പാക്കിസ്ഥാന്‍ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ബോര്‍ഡ് സിഇഒ വസീം ഖാന്‍. താരത്തിന് 2019 സെപ്റ്റംബറിലാണ് പുറംവേദന പ്രശ്നമായി വന്ന് തുടങ്ങിയത്. തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് താരം പിന്മാറുകയായിരുന്നു.

ഹസന്‍ അലി പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ അമൂല്യമായ താരമാണെന്നും ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലെ ഹീറോയാണെന്നും പറഞ്ഞ വസീം ഖാന്‍ ഇത്തരം താരങ്ങളെ അവരുടെ കഷ്ടകാലത്ത് സഹായിക്കേണ്ട ബാധ്യത പാക്കിസ്ഥാന്‍ ബോര്‍ഡിനാണെന്നും വ്യക്തമാക്കി.

ഇത്തരം സഹായം ലഭ്യമാക്കുന്നത് വഴി താരത്തിന് അദ്ദേഹത്തിന്റെ ഫിറ്റ്നെസ്സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും വസീം ഖാന്‍ വ്യക്തമാക്കി.

ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഉറ്റുനോക്കുന്നു, ഇംഗ്ലണ്ട് ഒരുക്കുന്ന തയ്യാറെടുപ്പുകള്‍ മികച്ചതെന്നാണ് അറിയുവാന്‍ കഴിയുന്നത്

ഇംഗ്ലണ്ട് ബോര്‍ഡ് പാക്കിസ്ഥാന്‍ പരമ്പരയ്ക്കായി നടത്തുന്ന തയ്യാറെടുപ്പുകള്‍ പാക്കിസ്ഥാന്‍ ബോര്‍ഡിനോട് വിശദീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍. മികച്ച സൗകര്യങ്ങളാണ് ഒരുക്കുവാന്‍ പോകുന്നതെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് തങ്ങളോട് അറിയിച്ചിട്ടുണ്ടെന്നും പരമ്പരയ്ക്കായി തങ്ങള്‍ ഉറ്റുനോക്കുകയാണെന്നും വസീം ഖാന്‍ പറഞ്ഞു.

നേരത്തെ ബയോ സുരക്ഷിതമായ സാഹചര്യത്തില്‍ ഇംഗ്ലണ്ട് സൗകര്യം ഒരുക്കിയാല്‍ ബോര്‍ഡ് താരങ്ങളെ ഇംഗ്ലണ്ടിലേക്ക് പര്യടനത്തിന് അയയ്ക്കുമെന്ന് വസീം ഖാന്‍ വ്യക്തമാക്കിയിരുന്നു. സാഹചര്യങ്ങള്‍ വേണ്ടത്ര അനുകൂലമല്ലെന്നും സൗകര്യങ്ങള്‍ സുരക്ഷിതമല്ലെന്നും തോന്നിയാല്‍ താരങ്ങള്‍ക്ക് പരമ്പരയില്‍ നിന്ന് പിന്മാറുവാനും അവസരം നല്‍കുമെന്ന് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.

വേതനം കുറയ്ക്കേണ്ടതുണ്ടെങ്കില്‍ ആദ്യം മുന്നോട്ട് വരിക താനെന്ന് പാക്കിസ്ഥാന്‍ ബോര്‍ഡ് സിഇഒ വസീം ഖാന്‍

കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേടുന്ന ക്രിക്കറ്റ് ബോര്‍ഡുകള്‍ ചെലവ് ചുരുക്കുന്നതിന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി കളിക്കാരുടെയും ഭാരവാഹികളുടെയും ശമ്പളം കുറയ്ക്കുക എന്ന നടപടിയുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം. എന്നാല്‍ ചില ബോര്‍ഡുകള്‍ ഇപ്പോളത്തെ സാമ്പത്തിക സ്ഥിതി തരണം ചെയ്യുവാന്‍ തങ്ങള്‍ക്കാകുമെന്ന സമീപനത്തിലാണ്. അത്തരത്തിലൊരു സമീപനമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെയും.

ബോര്‍ഡ് സിഇഒ വസീം ഖാന്‍ പറയുന്നത് അടുത്ത രണ്ട് വര്‍ഷത്തേക്ക് പാക്കിസ്ഥാന്‍ ബോര്‍ഡിന് വലിയ കുഴപ്പമുണ്ടാകില്ല എന്നാണ്. എന്നാല്‍ വേതനം കുറയ്ക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ താന്‍ അതിന് ആദ്യം തന്നെ മുന്നോട്ട് വരുമെന്നും വസീം ഖാന്‍ പറഞ്ഞു. അതിന് തന്നോട് ആരും ചോദിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ബോര്‍ഡിന്റെ ബഡ്ജറ്റിനെക്കുറിച്ച് തീരുമാനം എടുത്ത വരികയാണന്നും ഇപ്പോള്‍ കേന്ദ്ര കരാറുള്ള താരങ്ങളുടെ വേതനം കുറയ്ക്കുക എന്ന തീരുമാനം ഏറ്റെടുത്തിട്ടില്ലെന്നും വസീം പറഞ്ഞു. പ്രാദേശിക തലത്തില്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തുകയാകും ഏറെ പ്രയാസകരമെന്നും വസീം ഖാന്‍ അഭിപ്രായപ്പെട്ടു.

സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ പ്രയാസമാകുന്നതോടെ കൂടുതല്‍ ഫണ്ട് പ്രാദേശിക തലത്തിലേക്ക് വിനിയോഗിക്കേണ്ടി വരുമെന്നും പിസിബി സിഇഒ പറഞ്ഞു.

പിഎസ്എലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നവംബറില്‍ നടത്താനാകുമെന്ന് വസീം ഖാന്‍

കൊറോണ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ച പിഎസ്എല്‍ അഞ്ചാം പതിപ്പ് നവംബറില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍. ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ ഘട്ടം വരെ എത്തി നില്‍ക്കുമ്പോളാണ് കൊറോണ ഭീതി ഏറെ വര്‍ദ്ധിച്ചതും വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതും. ചില വിദേശ താരങ്ങളില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പാക്കിസ്ഥാന്‍ ബോര്‍ഡ് ടൂര്‍ണ്ണമെന്റ് നിര്‍ത്തേണ്ടി വന്നത്.

ടൂര്‍ണ്ണമെന്റ് പ്ലേ ഓഫ് മാതൃകയില്‍ നിന്ന് സെമി ഫോര്‍മാറ്റിലേക്ക് മാറ്റി വേഗത്തില്‍ പൂര്‍ത്തിയാക്കാനായിരുന്നു പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ ശ്രമം. എന്നാല്‍ പിന്നീട് അതും ഉപേക്ഷിക്കുകയായിരുന്നു. നവംബറില്‍ ടൂര്‍ണ്ണമെന്റ് പൂര്‍ത്തിയാക്കുക അല്ലെങ്കില്‍ അടുത്ത വര്‍ഷം ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ബാക്കി മത്സരങ്ങള്‍ നടത്തുക എന്നതാണ് സംഘാടകര്‍ക്ക് മുന്നിലുള്ള കാര്യങ്ങളെന്ന് വസീം ഖാന്‍ പറഞ്ഞു.

പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ മുല്‍ത്താന്‍ സുല്‍ത്താന്‍സിന് കിരീടം നല്‍കണമെന്നും ഒരു ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് ഫ്രാഞ്ചൈസി ഉടമകളോട് ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നടക്കുവെന്നും വസീം ഖാന്‍ വ്യക്തമാക്കി.

പിസിബിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയി വസീം ഖാനെ നിയമിച്ചു

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു പുതിയ മാനേജിംഗ് ഡയറക്ടര്‍. വസീം ഖാനെയാണ് പുതിയ റോളിലേക്ക് പാക്കിസ്ഥാന്‍ ബോര്‍ഡ് എത്തിച്ചത്. ലെസ്റ്റര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ വസീം ഫെബ്രുവരി 2019 മുതല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചുമതലയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. വാര്‍വിക്ഷയര്‍, സസ്സെക്സ്, ഡെര്‍ബിഷയര്‍ എന്നിവര്‍ക്കായി കളിച്ചിട്ടുള്ള താരമാണ് വസീം ഖാന്‍.

പിസിബിയുടെ വിജ്ഞാപനത്തിനു അപേക്ഷിച്ച 350ഓളം വരുന്ന ഉദ്യോഗാര്‍ത്ഥികളില്‍ ഒരാളായിരുന്നു പാക്കിസ്ഥാന്‍. ഇവരില്‍ നിന്ന് 9 പേരെയും പിന്നീട് മൂന്ന് പേരെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ശേഷമാണ് പാക്കിസ്ഥാന്റെ ഈ നിയമനം.

Exit mobile version