ആദ്യ സെഷന്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടു, ചായയ്ക്ക് ശേഷവും മഴ, ശ്രീലങ്ക 71/1

ന്യൂസിലാണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 29 ഓവറുകള്‍ക്ക് ശേഷം കളി മഴ തടസ്സപ്പെടുത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് നേടി നില്‍ക്കുന്നു. 37 റണ്‍സുമായി ദിമുത് കരുണാരത്നേയും 30 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസുമാണ് ക്രീസില്‍ നില്‍ക്കുന്ന താരങ്ങള്‍. 2 റണ്‍സ് നേടിയ ലഹിരു തിരിമന്നേയെ വില്യം സോമര്‍വില്ലേ പുറത്താക്കി. മഴ മൂലം ടോസ് വളരെ വൈകിയാണ് നടന്നത്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

മത്സരത്തിലെ ആദ്യ സെഷന് ശേഷം രണ്ടാം സെഷനില്‍ 29 ഓവര്‍ മാത്രമാണ് ടീമിന് നേടാനായത്.

124/6 ല്‍ നിന്ന് 285 റണ്‍സ് എന്ന പൊരുതാവുന്ന സ്കോറിലേക്ക്, ക്രെഡിറ്റ് മുഴുവന്‍ വാലറ്റത്തിന്

ലങ്കയ്ക്കെതിരെ മൂന്നാം ദിവസം കളി പുരോഗമിക്കവേ ന്യൂസിലാണ്ട് വലിയ തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. 124/6 എന്ന നിലയിലേക്ക് വീണ ടീം ലങ്കയ്ക്ക് മുന്നില്‍ പൊരുതാവുന്ന സ്കോര്‍ പോലും നേടാനാകാതെ പുറത്താകുമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് കണ്ടത് വാട്ളിംഗിനൊപ്പം ന്യൂസിലാണ്ട് വാലറ്റത്തിന്റെ ചെറുത്ത്നില്പിന്റെ കഥയായിരുന്നു. വാട്ളിംഗ് താന്‍ പലപ്പോഴായി ചെയ്തിട്ടുള്ളത് പോലെ ന്യൂസിലാണ്ടിന്റെ രക്ഷയ്ക്കെത്തി. 77 റണ്‍സാണ് താരം നേടിയത്. നാലാം ദിവസം ആദ്യ സെഷനില്‍ പുറത്താകുമ്പോള്‍ താരം രണ്ട് നിര്‍ണ്ണായക കൂട്ടുകെട്ടുകള്‍ പുറത്തെടുത്തിരുന്നു.

23 റണ്‍സ് നേടിയ ടിം സൗത്തിയുമായി ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ടാണ് വാട്ളിംഗ് നേടിയത്. വില്യം സോമര്‍വില്ലേയും(40*), അജാസ് പട്ടേലും(14) ടെസ്റ്റിലെ തങ്ങളുടെ മികച്ച കൂട്ടുകെട്ടുകള്‍ പുറത്തെടുത്തപ്പോള്‍ ട്രെന്റ് ബോള്‍ട്ട് നേടിയത് 26 റണ്‍സായിരുന്നു. തളര്‍ന്ന് തുടങ്ങിയ ശ്രീലങ്കന്‍ ബൗളര്‍മാര്‍ തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്നു വലിയ ആധിപത്യം ആണ് കൈവിട്ടത്.

അവസാന നാല് വിക്കറ്റില്‍ ന്യൂസിലാണ്ട് 161 റണ്‍സാണ് നേടിയത്. തങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് നിര നേടിയതിലും അധികം റണ്‍സ് വാലറ്റവും വാട്ളിംഗും ചേര്‍ന്ന നേടി ന്യൂസിലാണ്ടിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 268 റണ്‍സാണ് ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ നേടേണ്ടത്. തങ്ങള്‍ ആദ്യ ഇന്നിംഗ്സില്‍ നേടിയതിനെക്കാള്‍ ഒരു റണ്‍സ് അധികം. വിജയിക്കാനാകുന്ന സ്കോറാണ് ഇതെന്നൊന്നും ന്യൂസിലാണ്ടിന് അവകാശപ്പെടാനാകില്ല, എന്നാല്‍ ഇത് പൊരുതാവുന്ന സ്കോറാണ് എന്ന ആത്മവിശ്വാസത്തോടെയാണ് ന്യൂസിലാണ്ട് ബൗളിംഗിനായി ഇറങ്ങുക.

വാട്‍ളിംഗും വാലറ്റവും പൊരുതി, ലങ്കയ്ക്ക് വിജയിക്കുവാന്‍ 268 റണ്‍സ്

ഗോളില്‍ നാലാം ദിവസത്തെ കളി വൈകി തുടങ്ങിയപ്പോള്‍ ആദ്യ സെഷന്‍ അതിജീവിച്ചിക്കുവാന്‍ ന്യൂസിലാണ്ടിനായില്ല. ബിജെ വാട്ളിംഗും വില്യം സോമര്‍വില്ലേയും എട്ടാം വിക്കറ്റില്‍ നേടിയ 46 റണ്‍സിന്റെയും വാലറ്റത്തില്‍ മറ്റു താരങ്ങളും പൊരുതി നിന്നപ്പോള്‍ ഗോള്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ 285 റണ്‍സ് നേടി ന്യൂസിലാണ്ട്.

നാലാം ദിവസത്തെ ആദ്യ സെഷന്‍ അതിജീവിക്കുക എന്നതായിരുന്നു ന്യൂസിലാണ്ടിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. 77 റണ്‍സ് നേടിയ വാട്‍ളിംഗും സോമര്‍വില്ലേയും മെല്ലെയെങ്കിലും ന്യൂസിലാണ്ടിനെ ഈ ലക്ഷ്യത്തിനടുത്തേക്ക് നയിച്ചുവെങ്കിലും വാട്ളിംഗിനെ പുറത്താക്കി ലഹിരു കുമര ന്യൂസിലാണ്ടിന് ആദ്യ പ്രഹരം നല്‍കി.

എന്നാല്‍ പിന്നീട് സോമര്‍വില്ലേയും ട്രെന്റ് ബോള്‍ട്ടും ചേര്‍ന്ന് നിര്‍ണ്ണായകമായ 36 റണ്‍സ് ഒമ്പതാം വിക്കറ്റില്‍ നേടുകയായിരുന്നു. ലഹിരു കുമരയ്ക്ക് തന്നെയാണ് 26 റണ്‍സ് നേടിയ ബോള്‍ട്ടിന്റെ വിക്കറ്റും. 14 റണ്‍സ് നേടിയ അജാസ് പട്ടേല്‍ പുറത്തായതോടെയാണ് ന്യൂസിലാണ്ട് ഇന്നിംഗ്സ് അവസാനിച്ചത്. ധനന്‍ജയ ഡി സില്‍വയ്ക്കാണ് വിക്കറ്റ്. വില്യം സോമര്‍വില്ലേ 40 റണ്‍സുമായി പുറത്താകാതെ നിന്നു.

പത്താം വിക്കറ്റില്‍ 25 റണ്‍സ് നേടുവാന്‍ ന്യൂസിലാണ്ടിന് സാധിച്ചിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ നാലും ധനന്‍ജയ ഡി സില്‍വ മൂന്നും വിക്കറ്റ് നേടി. ലഹിരു കുമരയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

18 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി ശ്രീലങ്ക

നിരോഷന്‍ ഡിക്ക്വെല്ലയുടെയും സുരംഗ ലക്മലിന്റെയും ചെറുത്ത് നില്പിന്റെ ബലമായി 18 റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ശ്രീലങ്ക. ന്യൂസിലാണ്ടിന്റെ 249 റണ്‍സ് എന്ന് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 93.2 ഓവറില്‍ 267 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും എട്ടാം വിക്കറ്റില്‍ സുരംഗ ലക്മല്‍-ഡിക്ക്വെല്ല കൂട്ടുകെട്ട് നേടിയ 81 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് സ്കോര്‍ 242 റണ്‍സ് വരെ എത്തിക്കുവാന്‍ സഹായിച്ചു. ട്രെന്റ് ബോള്‍ട്ടാണ് 40 റണ്‍സ് നേടിയ ലക്മലിനെ പുറത്താക്കിയത്.

പിന്നീട് ഡിക്ക്വെല്ലയെയും(61) ലസിത് എംബുല്‍ദേനിയയെയും പുറത്താക്കി വില്യം സോമര്‍വില്ലേ ലങ്കയെ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 61 റണ്‍സാണ് നിരോഷന്‍ ഡിക്ക്വെല്ലയുടെ സംഭാവന. ന്യൂസിലാണ്ടിനായി അജാസ് പട്ടേല്‍ അഞ്ചും വില്യം സോമര്‍വില്ലേ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റ് നേടി.

ചരിത്ര വിജയം കുറിച്ച് ന്യൂസിലാണ്ട്, 1969നു ശേഷം പാക്കിസ്ഥാനെതിരെയുള്ള എവേ പരമ്പര ജയം

49 വര്‍ഷങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാനെതിരെ ഒരു എവേ പരമ്പര ജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യ ടെസ്റ്റില്‍ 4 റണ്‍സിന്റെ വിജയം പിടിച്ചെടുത്തുവെങ്കിലും രണ്ടാം ടെസ്റ്റില്‍ നാണംകെട്ട് ഇന്നിംഗ്സ് തോല്‍വിയാണ് ന്യൂസിലാണ്ടിനെ കാത്തിരുന്നത്. രണ്ടാം ഇന്നിംഗ്സിലെ തകര്‍ച്ചയില്‍ നിന്ന് കെയിന്‍ വില്യംസണും ഹെന്‍റി നിക്കോളസും ടീമിനെ തിരികെ മത്സരത്തിലേക്ക് ബാറ്റ് വീശിയെത്തിച്ച ശേഷം 279 റണ്‍സ് ലീഡില്‍ നില്‍ക്കെ ന്യൂസിലാണ്ട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ന് ബാറ്റ് ചെയ്ത 9 ഓവറില്‍ നിന്ന് 81 റണ്‍സ് നേടി ന്യൂസിലാണ്ട് തങ്ങളുടെ തന്ത്രം വ്യക്തമാക്കിയിരുന്നു.

ടിം സൗത്തിയും അജാസ് പട്ടേലും വില്യം സോമര്‍വില്ലേയും മൂന്ന് വീതം വിക്കറ്റ് നേടിയ മത്സരത്തില്‍ 156 റണ്‍സിനു പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കിയ ശേഷം ന്യൂസിലാണ്ട് 13 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. 51 റണ്‍സ് നേടിയ ബാബര്‍ അസമാണ് പാക് നിരയിലെ ടോപ് സ്കോറര്‍. സര്‍ഫ്രാസ് അഹമ്മദ് 28 റണ്‍സും ഇമാം ഉള്‍ ഹക്ക് 22 റണ്‍സും നേടി.

പാക്കിസ്ഥാന്‍ 348 റണ്‍സിനു പുറത്ത്, 4 വിക്കറ്റുമായി വില്യം സോമര്‍വില്ലേ

മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷം തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍. ബാറ്റിംഗ് തകര്‍ച്ച നേരിട്ടുവെങ്കിലും പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉറപ്പാക്കിയിരുന്നു. വില്യം സോമര്‍വില്ലേയുടെ നാല് വിക്കറ്റുകളാണ് പാക്കിസ്ഥാന്റെ നടുവൊടിച്ചത്. 286/3 എന്ന നിലയില്‍ നിന്നാണ്. 60 റണ്‍സ് നേടുന്നതിനിടെ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

ശതകങ്ങള്‍ നേടിയ അസ്ഹര്‍ അലി(134)-അസാദ് ഷഫീക്ക്(104) കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 201 റണ്‍സാണ് നേടിയത്. അസ്ഹര്‍ അലിയെ പുറത്താക്കി സോമര്‍വില്ലേയാണ് കൂട്ടുകെട്ട് തകര്‍ത്തത്. ഏറെ വൈകാതെ അസാദ് ഷഫീക്കിനെയും ടീമിനു നഷ്ടമായി. ബാബര്‍ അസം, സര്‍ഫ്രാസ് അഹമ്മദ് എന്നിവരെയും സോമര്‍വില്ലേ തന്നെയാണ് പുറത്താക്കിയത്.

4 വിക്കറ്റുകള്‍ നേടിയ താരത്തിനു കൂട്ടായി അജാസ് പട്ടേല്‍, ട്രെന്റ് ബോള്‍ട്ട് എന്നിവരും രണ്ട് വീതം വിക്കറ്റ് നേടി. 74 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് പാക്കിസ്ഥാന്‍ നേടിയത്.

രണ്ടാം ഇന്നിംഗ്സില്‍ 26 റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റാണ് ന്യൂസിലാണ്ടിനു മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ നഷ്ടമായത്. 26/2 എന്ന നിലയിലാണ് ന്യൂസിലാണ്ട് നിലവില്‍ 48 റണ്‍സ് പിന്നിലായാണ് ടീം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ജീത്ത് റാവല്‍, ടോം ലാഥം എന്നിവരെയാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. കെയിന്‍ വില്യംസണ്‍(14*) ആണ് ക്രീസില്‍ നില്‍ക്കുന്നത്. ഒപ്പം ഒരു റണ്‍സുമായി വില്യം സോമര്‍വില്ലേയും. ഷഹീന്‍ അഫ്രീദി, യസീര്‍ ഷാ എന്നിവര്‍ക്കാണ് ഓരോ വിക്കറ്റ് ലഭിച്ചത്. .

Exit mobile version