പാക്കിസ്ഥാന്‍ പ്രതീക്ഷകളെ തകര്‍ത്ത് കെയിന്‍ വില്യംസണും ഹെന്‍റി നിക്കോളസും

വിജയത്തോടെ പരമ്പര സ്വന്തമാക്കുക എന്ന സ്വപ്നത്തിന്റെ പാതി ദൂരം പാക്കിസ്ഥാന്‍ നടന്നതായിരുന്നു. ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ യസീര്‍ ഷായും ഷഹീന്‍ അഫ്രീദിയും വീഴ്ത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ ന്യൂസിലാണ്ട് 60/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവിടെ നിന്ന് മത്സരം തിരിച്ചു കൊണ്ടുവന്നത് അഞ്ചാം വിക്കറ്റില്‍ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കെയിന്‍ വില്യംസണ്‍ – ഹെന്‍റി നിക്കോളസ് കൂട്ടുകെട്ടാണ്. 212 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് നാലാം ദിവസം അവസാനിക്കുമ്പോള്‍ ന്യൂസിലാണ്ടിനെ 272/4 എന്ന നിലയിലെത്തിച്ചു. മത്സരത്തില്‍ 198 റണ്‍സിന്റെ ലീഡാണ് സന്ദര്‍ശകരുടെ കൈവശമിപ്പോളുള്ളത്.

വില്യംസണ്‍ 139 റണ്‍സ് നേടി പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഹെന്‍റി നിക്കോളസ് 90 റണ്‍സുമായി തന്റെ ശതകത്തിലേക്ക് അടുക്കുകയാണ്. നാളെ മത്സരത്തിന്റെ അവസാന ദിവസം ജയം നേടാമെന്ന പ്രതീക്ഷ ന്യൂസിലാണ്ടിനാവും ഏറെ കൂടുതലുണ്ടാവുക. ജയമില്ലെങ്കിലും തോല്‍വിയുണ്ടാകരുതെന്ന് ഉറപ്പാക്കുകയാവും ഇരു ബാറ്റ്സ്മാന്മാരുടെയും പ്രഥമ ലക്ഷ്യം.

Exit mobile version