മികച്ച പവര്‍പ്ലേയില്ലെങ്കിൽ 236 റൺസ് ചേസ് ചെയ്യുക പ്രയാസമാണ് – നിതീഷ് റാണ

കൊൽക്കത്തയുടെ ചെന്നൈയ്ക്കെതിരെയുള്ള തോൽവി ഉള്‍ക്കൊള്ളുവാന്‍ ബുദ്ധിമുട്ടുള്ള ഒന്നാണെന്ന് പറഞ്ഞ് കെകെആര്‍ നായകന്‍ നിതീഷ് റാണ. 236 റൺസ് ചേസ് ചെയ്യുക എന്നത് മികച്ച പവര്‍പ്ലേയില്ലെങ്കിൽ അപ്രായോഗികമായ ഒന്നാണെന്ന് ഉറപ്പായിരുന്നുവെന്നും എല്ലാ ക്രെഡിറ്റും രഹാനെയ്ക്ക് നൽകേണ്ടാണെന്നും റാണ പറഞ്ഞു.

തന്റെ ടീം ഇത്രയും റൺസ് വഴങ്ങി എന്നത് പ്രയാസകരമായ കാര്യമായിരുന്നുവെന്നും മികവ് പുലര്‍ത്തുന്നില്ലെങ്കില്‍ വീണ്ടും കൊൽക്കത്ത തോൽവിയിലേക്ക് വീഴുമെന്നും റാണ പറഞ്ഞു.

ടീമിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് നിതീഷ് റാണ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ക്യാപ്റ്റൻ നിതീഷ് റാണ, ഡൽഹി ക്യാപിറ്റൽസിനെതിരായ ടീമിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് പറഞ്ഞു. ബാറ്റിംഗിൽ താൻ കൂടുതൽ നേരം ക്രീസിൽ നിൽക്കേണ്ടതായിരുന്നുവെന്നും സമ്മതിച്ചു.

“ഞങ്ങൾ ഈ ദുഷ്‌കരമായ പിച്ചിൽ 15-20 റൺസ് കുറവാണ് നേടിയത് എന്ന് ഞാൻ കരുതുന്നു. ഇതിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, ഞാൻ കൂടുതൽ സമയം ബാറ്റിൽ നിൽക്കേണ്ടതായിരുന്നു.” നിതീഷ് റാണ

“എങ്കിലും ഞങ്ങളുടെ ബൗളർമാർ ക്രെഡിറ്റ് അർഹിക്കുന്നു, വരാനിരിക്കുന്ന ഗെയിമുകൾ ഞങ്ങൾക്ക് ഈ ബൗളിംഗ് പ്രകടനം ആത്മവിശ്വാസം നൽകും. ഡെൽഹി പവർപ്ലേയിൽ നന്നായി കളിച്ചു. അവിടെയാണ് അവർ കളി ജയിച്ചത്.” റാണ പറഞ്ഞു

ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നന്നായി കളിക്കേണ്ടതുണ്ടെന്നും റാണ പറഞ്ഞു. ഇന്നത്തെ പോലെ നമ്മൾ പന്തെറിയണം, ഈ കാര്യങ്ങൾ ക്രമീകരിക്കാൻ കഴിഞ്ഞാൽ നമുക്ക് നന്നായി പോരാടാനാകും. അദ്ദേഹം പറഞ്ഞു.

ഇതേ ബൗളര്‍മാര്‍ തന്നെ വിജയത്തിലേക്കും നയിക്കും, ബൗളര്‍മാര്‍ക്ക് പിന്തുണയുമായി നിതീഷ് റാണ

ഇന്നലെ സൺറൈസേഴ്സിനെതിരെയുള്ള മത്സരത്തിൽ 228 റൺസാണ് കൊൽക്കത്തയുടെ ബൗളര്‍മാര്‍ വിട്ട് നൽകിയത്. എന്നാൽ തന്റെ ബൗളര്‍മാര്‍ക്ക് പിന്തുണയുമായി നിതീഷ് റാണ.

ആന്‍ഡ്രേ റസ്സലും സുനിൽ നരൈനും ഒഴികെ ബാക്കി ബൗളര്‍മാരെല്ലാം കണക്കിന് പ്രഹരം ഏറ്റുവാങ്ങുകയായിരുന്നു സൺറൈസേഴ്സിനെതിരെ. എന്നാൽ തന്റെ ബൗളര്‍മാര്‍ക്ക് ഒരു മോശം മത്സരം മാത്രമാണുണ്ടായതെന്നും ഇതേ ബൗളര്‍മാര്‍ തന്നെ വിജയത്തിലേക്ക് നയിക്കുമെന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ വിശദമാക്കി.

പ്രധാന ബൗളര്‍മാര്‍ വരെ ഇന്ന് റൺസ് വഴങ്ങിയെന്നും എന്നാൽ തനിക്ക് അവരെ കുറ്റം പറയാനാകില്ലെന്നും കാരണം ഇവര്‍ തന്നെ നാളെ തന്നെ വിജയത്തിലേക്ക് നയിക്കുമെന്നും ഈ വിക്കറ്റ് ഒരു 230 റൺസ് വിക്കറ്റ് അല്ലായിരുന്നുവെന്നും നിതീഷ് റാണ പറഞ്ഞു.

താരത്തെ കണ്ടത് ട്രയൽ മത്സരത്തിൽ, സുയാഷ് ആത്മവിശ്വാസമുള്ള താരം

തന്റെ ഐപിഎൽ അരങ്ങേറ്റത്തിൽ 3 വിക്കറ്റ് നേടി ശ്രദ്ധേയമായ മത്സരം ആണ് കൊൽക്കത്തയുടെ സ്പിന്നര്‍ സുയാഷ് ശര്‍മ്മ നടത്തിയത്. താരത്തിനെ ട്രയൽ മത്സരത്തിലാണ് കണ്ടതെന്നാണ് കൊൽക്കത്തയുടെ കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ് പറഞ്ഞത്. താരം പരിചയസമ്പത്ത് കുറവുള്ളയാളാണെങ്കിലും മികച്ച ആറ്റിറ്റ്യൂടുള്ളയാളാണെന്നാണ് ചന്ദ്രകാന്ത് വ്യക്തമാക്കിയത്.

ട്രയൽ മത്സരത്തിൽ സുയാഷ് പന്തെറിഞ്ഞതിനെക്കുറിച്ച് ഏവര്‍ക്കും മികച്ച അഭിപ്രായമായിരുന്നുവെന്നും താരം ക്വിക് ത്രൂ ദി എയര്‍ ആണെന്നും ബാറ്റ്സ്മാന്മാര്‍ക്ക് പിക് ചെയ്യുവാന്‍ പാടാണെന്നമാണ് ചന്ദ്രകാന്ത് പറഞ്ഞത്.

സുയാഷ് ആത്മവിശ്വാസമുള്ള താരമാണെന്നും തനിക്ക് ലഭിച്ച അവസരം മികച്ച രീതിയിൽ ഉപയോഗിച്ചുവെന്നാണ് നിതീഷ് റാണ താരത്തെക്കുറിച്ച് പറഞ്ഞത്.

 

താക്കൂര്‍ മത്സരത്തിന്റെ കോംപ്ലക്ഷനെ മാറ്റി മറിച്ചു – നിതീഷ് റാണ

കൊൽക്കത്ത തോൽവിയേറ്റുവാങ്ങിയ കഴിഞ്ഞ മത്സരത്തിലും ഒട്ടേറെ പോസിറ്റീവുകളുണ്ടായിരുന്നുവെന്നും ഈ മത്സരത്തിൽ ടീം പിന്നിൽ പോയെങ്കിലും പൊരുതി നിന്ന് ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ നിതീഷ് റാണ.

ടോപ് ഓര്‍ഡറിൽ ഗുര്‍ബാസ് മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ ശര്‍ദ്ധുൽ താക്കൂര്‍ മത്സരത്തിന്റെ കോംപ്ലക്ഷനെ മാറ്റി മറിച്ചുവെന്ന് നിതീഷ് റാണ സൂചിപ്പിച്ചു.

താക്കൂറിന് സെക്കന്‍ഡ് ഫിഡിൽ കളിച്ച റിങ്കു സിംഗിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണെന്നും നിതീഷ് റാണ വ്യക്തമാക്കി.

നിതീഷ് റാണ കെ കെ ആറിന്റെ ക്യാപ്റ്റൻ

കെ കെ ആർ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. നട്ടെല്ലിന് പരിക്കേറ്റ് സുഖം പ്രാപിക്കുന്ന ശ്രേയസ് അയ്യരുടെ അഭാവത്തിൽ ആണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിതീഷ് റാണയെ ക്യാപ്റ്റനായി നിയമിക്കുന്നത്.

ഐപിഎൽ 2023 പതിപ്പിൽ തന്നെ ശ്രേയസ് അയ്യർ സുഖം പ്രാപിച്ചു വരും എന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത് എന്നും താരം ഈ സീസണിൽ തന്നെ വീണ്ടും കളിക്കും എന്നും കെ കെ ആർ പ്രതീക്ഷ പങ്കുവെച്ചു.

വൈറ്റ് ബോൾ ക്രിക്കറ്റിൽ തന്റെ സംസ്ഥാന ടീമിനെ നയിച്ച ക്യാപ്റ്റൻസി അനുഭവവും 2018 മുതൽ കെകെആറിനൊപ്പം ഐപിഎല്ലിൽ ഉള്ള താരവുമാണ് നിതീഷ് എന്നും. അവർ ക്യാപ്റ്റൻ ആയി നല്ല പ്രകടനം കാഴ്ചവെക്കും എന്ന് വിശ്വാസം ഉണ്ട് എന്നും കെ കെ ആർ പ്രസ്താവനയിൽ പറഞ്ഞു.

ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റിനും സപ്പോർട്ട് സ്റ്റാഫിനും കീഴിൽ നിതീഷിന് കളിക്കളത്തിന് പുറത്ത് ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കുമെന്നും ടീമിലെ ഉയർന്ന പരിചയസമ്പന്നരായ നേതാക്കൾ നിതീഷിന് കളിക്കളത്തിൽ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട് എന്നും കെ കെ ആർ പറഞ്ഞു.

അടുത്ത ഐപിഎലില്‍ 500ലധികം റൺസ് സ്കോര്‍ ചെയ്യണം, എന്നാലെ സെലക്ടര്‍മാര്‍ തന്നെ അവഗണിക്കാതിരിക്കുകയുള്ളു – നിതീഷ് റാണ

സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ച് പറ്റുവാന്‍ എന്ത് ചെയ്യണമെന്ന് തനിക്ക് വ്യക്തമായി അറിയാമെന്ന് പറഞ്ഞ് നിതീഷ് റാണ. ഐപിഎൽ അടുത്ത സീസണിൽ 500ലധികം റൺസ് നേടുകയെന്നതാണ് തന്റെ ലക്ഷ്യം എന്നും അങ്ങനെ ചെയ്താൽ സെലക്ടര്‍മാര്‍ക്ക് തന്നെ അവഗണിക്കാനാകില്ലെന്നും റാണ പറഞ്ഞു.

താന്‍ തന്റെ കഴിവിന്റെ നൂറ് ശതമാനവും പുറത്തെടുക്കുമെന്നും തനിക്ക് അത് മാത്രമേ ചെയ്യാനാകുകയുള്ളുവെന്നും റാണ വ്യക്തമാക്കി. ഐപിഎലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയാണ് നിതീഷ് റാണ് കളിക്കുന്നത്. മൂന്ന് സീസണില്‍ 400ലധികം റൺസ് നേടുവാന്‍ താരത്തിന് സാധിച്ചുവെങ്കിലും കഴിഞ്ഞ സീസണിൽ 400ൽ താഴെ റൺസ് മാത്രമാണ് റാണ നേടിയത്.

 

Story Highlights: I will try to score 500+ runs in the next ipl season, so that selectors won’t ignore, says Nitish Rana

റിങ്കു സൂപ്പര്‍ സ്റ്റാര്‍, പൊരുതി വീണ് കൊല്‍ക്കത്ത പുറത്ത്

ഐപിഎലില്‍ റിങ്കു സിംഗിന്റെ സൂപ്പര്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ വിറപ്പിച്ച ശേഷം 2 റൺസ് തോൽവിയേറ്റ് വാങ്ങി. അവസാന ഓവറിൽ 21 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് 2 പന്തിൽ മൂന്നാക്കി ലക്ഷ്യം റിങ്കു മാറ്റിയെങ്കിലും താരത്തെ തകര്‍പ്പന്‍ ക്യാച്ചിലൂടെ എവിന്‍ ലൂയിസ് പിടിച്ചപ്പോള്‍ 208 റൺസ് മാത്രമേ കൊല്‍ക്കത്തയ്ക്ക് നേടാനായുള്ളു. തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ കൊല്‍ക്കത്ത പുറത്തായി.

ഓപ്പണര്‍മാരെ രണ്ട് പേരെയും മൊഹ്സിന്‍ ഖാന്‍ പുറത്താക്കിയപ്പോള്‍ 9/2 എന്ന നിലയിലേക്ക് കൊല്‍ക്കത്ത വീഴുകയായിരുന്നു. അവിടെ നിന്ന് നിതീഷ് റാണയും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് നേടിയ 56 റൺസാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

ഈ കൂട്ടുകെട്ടിൽ കൂടുതൽ സ്കോറിംഗും നിതീഷ് റാണയുടെ വകയായിരുന്നു. 22 പന്തിൽ 42 റൺസ് നേടിയ റാണ ലക്നൗവിന് അപകടം വിതയ്ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് റാണയെ കൃഷ്ണപ്പ ഗൗതം പുറത്താക്കിയത്.
29 പന്തിൽ 50 റൺസ് നേടിയ ശ്രേയസ്സ് അയ്യരെ സ്റ്റോയിനിസ് പുറത്താക്കുമ്പോള്‍ 37 പന്തിൽ 80 റൺസായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. സാം ബില്ലിംഗ്സും അയ്യരും ചേര്‍ന്ന് 66 റൺസാണ് നേടിയത്.

അധികം വൈകാതെ സാം ബില്ലിംഗ്സും(36) ആന്‍ഡ്രേ റസ്സലും വീണതോടെ കൊല്‍ക്കത്തയുടെ കാര്യം കഷ്ടത്തിലായി. റസ്സലിനെ പുറത്താക്കി മൊഹ്സിന്‍ ഖാന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി.

എന്നാൽ പൊരുതാതെ കീഴടങ്ങുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് റിങ്ക സിംഗും സുനിൽ നരൈനും തീരുമാനിച്ചപ്പോള്‍ 18, 19 ഓവറുകളിൽ കൊല്‍ക്കത്ത 17 വീതം റൺസ് നേടി അവസാന ഓവറിലേക്കുള്ള ലക്ഷ്യം 21 ആക്കി കുറച്ചു.

മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ റിങ്കു സിംഗ് ഒരു ഫോറും രണ്ട് സിക്സും നേടിയപ്പോള്‍ ലക്ഷ്യം മൂന്ന് പന്തിൽ വെറും 5 റൺസായി മാറി. അടുത്ത പന്തിൽ ഒരു ഡബിള്‍ കൂടി നേടിയപ്പോള്‍ കൊല്‍ക്കത്തയ്ക്ക് രണ്ട് പന്തിൽ 3 റൺസായി ലക്ഷ്യം മാറിയെങ്കിലും അടുത്ത പന്തിൽ താരം ഔട്ടായി. 15 പന്തിൽ 40 റൺസായിരുന്നു റിങ്കു സിംഗ് നേടിയത്. റിങ്കുവിനെ അത്യുഗ്രന്‍ ക്യാച്ചിലൂടെ ലൂയിസ് ആണ് പുറത്താക്കിയത്. സുനിൽ നരൈന്‍ 7 പന്തിൽ 21 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ അവസാന പന്ത് നേരിട്ട ഉമേഷ് യാദവിനെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റോയിനിസ് വിജയം ഒരുക്കി.

പത്ത് റൺസിന് 5 വിക്കറ്റ്!!! കൊല്‍ക്കത്തയെ പിടിച്ചുകെട്ടി ജസ്പ്രീത് ബുംറയുടെ സ്പെൽ

ഐപിഎലില്‍ ഇന്ന് ഏറെ നിര്‍ണ്ണായകമായ മത്സത്തിൽ തുടക്കത്തിൽ ബാറ്റിംഗ് മികവ് പുറത്തെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പിടിച്ചുകെട്ടി ജസ്പ്രീത് ബുംറയുടെ 5 വിക്കറ്റ് നേട്ടം. ഇന്ന് ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ടീമിന് മിന്നും തുടക്കമാണ് വെങ്കിടേഷ് അയ്യര്‍ നൽകിയത്. എന്നാൽ പത്തോവറിന് ശേഷം ശക്തമായ തിരിച്ചുവരവ് മുംബൈ നടത്തുകയായിരുന്നു.

24 പന്തിൽ 43 റൺസ് നേടിയ താരത്തിന്റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 60 റൺസായിരുന്നു കൊല്‍ക്കത്ത നേടിയത്. വൺ ഡൗണായി എത്തിയ നിതീഷ് റാണയും ബാറ്റിംഗ് മികവ് പുറത്തെടുത്തപ്പോള്‍ പത്തോവറിൽ 87 റൺസാണ് കൊല്‍ക്കത്ത നേടിയത്.

അടുത്ത ഓവറിൽ അജിങ്ക്യ രഹാനെ(25) പുറത്തായപ്പോള്‍ കുമാര്‍ കാര്‍ത്തികേയ മത്സരത്തിലെ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. എന്നാൽ താരത്തെ ഓവറിൽ രണ്ട് സിക്സര്‍ പറത്തി റാണ തിരിച്ചടിച്ചു. എന്നാൽ ശ്രേയസ്സ് അയ്യരെയും ആന്‍ഡ്രോ റസ്സലിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായപ്പോള്‍ കൊല്‍ത്ത 136/4 എന്ന നിലയിലേക്ക് വീണു.

റസ്സലിനെ വീഴ്ത്തിയ ബുംറ അതേ ഓവറിൽ തന്നെ നിതീഷ് റാണയെയും വീഴ്ത്തിയതോടെ കൊല്‍ക്കത്തയുടെ നില പരുങ്ങലിലായി. 123/2 എന്ന നിലയിൽ നിന്ന് 139/5 എന്ന നിലയിലേക്കാണ് കൊല്‍ക്കത്ത വീണത്. ജസ്പ്രീത് ബുംറ എറിഞ്ഞ 18ാം ഓവറിൽ ഷെൽഡൺ ജാക്സൺ, പാറ്റ് കമ്മിന്‍സ്, സുനിൽ നരൈന്‍ എന്നിവരെ പുറത്താക്കി മുംബൈ കൊല്‍ക്കത്തയ്ക്ക് തിരിച്ചടി നൽകി.

റിങ്കു സിംഗ് 19 പന്തിൽ 23 റൺസ് നേടി കൊല്‍ക്കത്തയെ 165 റൺസിലേക്ക് എത്തിയ്ക്കുകയായിരുന്നു. ഇന്നിംഗ്സിലെ അവസാന ഓവറിൽ ജസ്പ്രീത് ബുംറയ്ക്കെതിരെ റിങ്കു സിംഗിന് ഒരു റൺസ് മാത്രം നേടാനയുള്ളു. ജസ്പ്രീത് ബുംറ തന്റെ 4 ഓവറിൽ 10 റൺസ് വിട്ട് നൽകിയാണ് 5 വിക്കറ്റ് നേടിയത്.

തുടര്‍ തോൽവികളിൽ നിന്ന് മോചനം, കൊല്‍ക്കത്തയുടെ വിജയം ഒരുക്കി റിങ്കു സിംഗ്, നിര്‍ണ്ണായക സംഭാവനകളുമായി അയ്യരും റാണയും

തുടര്‍ച്ചയായ അഞ്ച് തോൽവികള്‍ക്ക് ശേഷം വിജയത്തിലേക്ക് മടങ്ങിയെത്തി കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ്. അതേ സമയം രാജസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിൽ തോല്‍വി വാങ്ങി. 153 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.

പവര്‍പ്ലേയ്ക്കുള്ളിൽ ആരോൺ ഫിഞ്ചിനെയും ബാബ ഇന്ദ്രജിത്തിനെയും നഷ്ടമായ കൊല്‍ക്കത്തയെ ശ്രേയസ്സ് അയ്യര്‍ – നിതീഷ് റാണ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.

പത്തോവര്‍ പിന്നിടുമ്പോള്‍ കൊല്‍ക്കത്ത 59 റൺസാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയതെങ്കിലും അവിടുന്ന് ശ്രേയസ്സ് അയ്യരും നിതീഷ് റാണയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ലക്ഷ്യം 8 ഓവറിൽ 67 റൺസായി കുറഞ്ഞു. 60 റൺസ് നേടിയ കൂട്ടുകെട്ടിനെ രാജസ്ഥാന്‍ തകര്‍ത്തത് ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് വീഴ്ത്തിയാണ്.

34 റൺസ് നേടിയ താരത്തെ ബോള്‍ട്ട് സഞ്ജൂവിന്റെ കൈകളിലെത്തിച്ചപ്പോള്‍ തീരുമാനം അനുകൂലമാക്കുവാന്‍ ടീം റിവ്യൂ എടുക്കേണ്ടി വരികയായിരുന്നു. അയ്യര്‍ പുറത്തായ ശേഷം നിതീഷ് റാണയും റിങ്കു സിംഗും ചേര്‍ന്ന് ലക്ഷ്യം 18 പന്തിൽ 31 റൺസാക്കി മാറ്റി. 7 വിക്കറ്റ് കൈവശം ഉണ്ടായിരുന്നതിനാൽ തന്നെ കൊൽക്കത്തയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു.

യൂസുവേന്ദ്ര ചഹാല്‍ എറിഞ്ഞ 18ാം ഓവറിൽ റിങ്കു സിംഗ് രണ്ട് ബൗണ്ടറി നേടിയപ്പോള്‍ ലക്ഷ്യം 12 പന്തിൽ 18 റൺസായി മാറി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ 17 റൺസ് പിറന്നപ്പോള്‍ സ്കോറുകള്‍ ഒപ്പത്തിനൊപ്പമായി. അവസാന ഓവറിലെ ആദ്യ പന്തിൽ നിതീഷ് റാണ കുൽദീപ് സെന്നിനെ സിക്സര്‍ പറത്തിയപ്പോള്‍ അഞ്ച് തോൽവികള്‍ക്ക് ശേഷം കൊല്‍ക്കത്ത വിജയ വഴിയിലേക്ക് തിരികെ എത്തി. റാണ 37 പന്തിൽ 48 റൺസ് നേടിയപ്പോള്‍ റിങ്കു സിംഗ് 23 പന്തിൽ 42 റൺസാണ് നേടിയത്. 38 പന്തിൽ നിന്ന് 66 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് നേടിയത്.

ഉഫ് ഉമ്രാന്‍!!! ഉമ്രാന്റെയും നടരാജന്റെയും തീപാറും സ്പെല്ലിന് ശേഷം കൊല്‍ക്കത്തയെ 175 റൺസിലെത്തിച്ച് നിതീഷും റസ്സലും

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 31/3 എന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ 175 റൺസിലേക്ക് എത്തിച്ച് നിതീഷ് റാണയും ആന്‍ഡ്രേ റസ്സലും. ടി നടരാജനും ഉമ്രാന്‍ മാലിക്കും അടങ്ങിയ തീപാറും പേസ് ബൗളിംഗിനെതെിരെ ഈ സ്കോര്‍ നേടുവാനായത് കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ക്ക് സന്തോഷകരമായ കാര്യം കൂടിയാണ്.

ആരോൺ ഫിഞ്ചിനെ മാര്‍ക്കോ ജാന്‍സന്‍ മടക്കിയപ്പോള്‍ ടി നടരാജന്റെ ഇരട്ട പ്രഹരങ്ങള്‍ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്സിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. 39 റൺസ് നാലാം വിക്കറ്റിൽ നേടി ശ്രേയസ്സ് അയ്യരും നിതീഷ് റാണയും ചേര്‍ന്ന് കൊല്‍ക്കത്തയെ തിരികെ ട്രാക്കിലെത്തിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഉമ്രാന്‍ മാലിക്കിന്റെ ഒരു തകര്‍പ്പന്‍ പന്ത് അയ്യരുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

28 റൺസാണ് അയ്യര്‍ നേടിയത്. നിതീഷ് റാണയും ഷെൽഡൺ ജാക്സണും ചേര്‍ന്ന് ഉമ്രാന്‍ മാലികിന്റെ അടുത്ത ഓവറിൽ ഓരോ സിക്സര്‍ നേടിയെങ്കിലും ജാക്സണേ മടക്കി ഉമ്രാന്‍ പകരം വീട്ടി. ഇതിനിടെ നിതീഷ് റാണ 32 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു.

ഉമ്രാന്‍ തന്റെ തീപാറും സ്പെല്ലിൽ 27 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റാണ് നേടിയത്. 36 പന്തിൽ 54 റൺസ് നേടിയ നിതീഷ് റാണയെ പുറത്താക്കി നടരാജന്‍ തന്റെ മൂന്നാം വിക്കറ്റ് നേടി. അവസാന ഓവര്‍ എറിഞ്ഞ സുചിത്തിനെ 2  സിക്സുകളും ഒരു ബൗണ്ടറിയും പായിച്ച് ആന്‍ഡ്രേ റസ്സൽ കൊല്‍ക്കത്തയെ 175 റൺസിലേക്ക് എത്തിച്ചു. താരം പുറത്താകാതെ 25 പന്തിൽ 49 റൺസാണ് നേടിയത്.

നിതീഷ് റാണയെ തിരികെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

കൊല്‍ക്കത്തയ്ക്കായി നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തിയ നിതീഷ് റാണയെ തിരികെ ടീമിലേക്ക് എത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 8 കോടി രൂപയ്ക്കാണ് താരത്തെ ടീം സ്വന്തമാക്കിയത്.

അടിസ്ഥാന വില ഒരു കോടിയുള്ള താരത്തിനായി ആദ്യം എത്തിയത് കൊൽക്കത്തയായിരുന്നു. അധികം വൈകാതെ മുംബൈയും എത്തി. അഞ്ച് കോടിയിൽ ചെന്നൈ ലേലത്തിനെത്തി. തൊട്ടടുത്ത ബിഡ്ഡിംഗ് നടത്തിയത് ലക്നൗ ആയിരുന്നു.

പിന്നീട് ലക്നൗവിന്റെ വെല്ലുവിളി മറികടന്ന് 8 കോടിയ്ക്ക് നിതീഷിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തിരികെ ടീമിലേക്ക് എത്തിച്ചു.

Exit mobile version