താന്‍ ഏറെ ആരാധിക്കുന്ന താരമാണ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണെന്നും ഐപിഎലില്‍ എത്തിയത് വഴി താരത്തെ കാണുവാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും അതില്‍ ഏറെ സന്തോഷമുണ്ടെന്നും അറിയിച്ച് സന്ദീപ് ലാമിച്ചാനെ. തന്റെ ബൗളിംഗ് മെച്ചപ്പെടുത്തുവാനുള്ള ഉപദേശങ്ങള്‍ ഓസ്ട്രേലിയന്‍ മുന്‍ താരം പങ്കുവെച്ചു. അത് തന്റെ കരിയറിനു വലിയ നേട്ടമായി മാറിയെന്നും സന്ദീപ് വ്യക്തമാക്കി.
എന്നാല്‍ വോണ്‍ തനിക്ക് നല്‍കിയ ഏറ്റവും വലിയ ഉപദേശം ധീരതയോടെ പന്തെറിയുക എന്നതാണ്, താന്‍ അത് എപ്പോളും പാലിക്കാന്‍ ശ്രമിക്കാറുണ്ടെന്നും സന്ദീപ് കൂട്ടിചേര്‍ത്തു. ഇത് കൂടാതെ സാമുവല്‍ ബദ്രീ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്പിന്‍ കോച്ചായി എത്തുന്നതും തനിക്ക് ഏറെ ഗുണം ചെയ്തുവെന്നും സന്ദീപ് വ്യക്തമാക്കി. തനിക്ക് ഐപിഎലില്‍ നിന്ന് ഏറെ പഠിക്കുവാന്‍ സാധിച്ചിട്ടുണ്ട് എന്നും സന്ദീപ് തുറന്ന് സമ്മാനിച്ചു.
യുഎഇയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ ഒപ്പം എത്തി നേപ്പാള്‍. ആദ്യ മത്സരത്തില്‍ യുഎഇ 21 റണ്‍സിന്റെ വിജയം സ്വന്തമാക്കിയെങ്കിലും രണ്ടാം മത്സരത്തില്‍ 4 വിക്കറ്റ് വിജയമാണ് നേപ്പാള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 107 റണ്‍സിനു പുറത്താക്കിയ നേപ്പാള്‍ 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് 111/6 എന്ന സ്കോര്‍ നേടി വിജയം ഉറപ്പാക്കിയത്.
ദീപേന്ദ്ര സിംഗ് എയിറി 47 റണ്‍സുമായി പുറത്താകാതെ നിന്നതാണ് നേപ്പാളിന്റെ വിജയം ഉറപ്പാക്കിയത്. കെസി കരണ്‍ 20 റണ്‍സും പവന്‍ സാറഫ് 18 റണ്‍സും നേടി നിര്‍ണ്ണാകയ പ്രകടനം പുറത്തെടുത്തു. സുല്‍ത്താന്‍ അഹമ്മദ് യുഎഇയ്ക്കായി 2 വിക്കറ്റ് നേടി. 46/5 എന്ന നിലയിലേക്ക് വീണ നേപ്പാള്‍ പിന്നീടാണ് മത്സരത്തിലേക്ക് തിരികെ വന്നത്. പരമ്പര സ്വന്തമാക്കാനാകുമെന്ന യുഎഇയുടെ പ്രതീക്ഷകളെയാണ് ദീപേന്ദ്രയുടെ ഇന്നിംഗ്സ് ഇല്ലാതാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 19.2 ഓവറില്‍ നേപ്പാള്‍ 107 റണ്‍സിനു പുറത്താക്കുകയായിരുന്നു. സിപി റിസ്വാന്‍ ആണ് യുഎഇയുടെ ടോപ് സ്കോറര്‍. 44 റണ്‍സാണ് റിസ്വാന്‍ നേടിയത്. അവിനാഷ് ബോഹ്റ നേപ്പാളിനായി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ലാമിച്ചാനെ, കെസി കരണ്‍, സോംപാല്‍ കാമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
നേപ്പാളിനെ ചരിത്രമായി മാറിയ ഏകദിന വിജയത്തിലേക്ക് നയിച്ച് ക്യാപ്റ്റന്‍ പരസ് ഖഡ്ക. ഇന്ന് യുഎഇയുടെ 254/6 എന്ന സ്കോര്‍ 32 പന്ത് ബാക്കി നില്‍ക്കെ മറികടന്നാണ് 2-1 എന്ന മാര്‍ജിനില്‍ തങ്ങളുടെ ആദ്യത്തെ ഏകദിന പരമ്പര വിജയം ഉറപ്പാക്കിയത്. ദുബായിയിലെ ഐസിസി അക്കാഡമിയില്‍ വെച്ചായിരുന്നു മത്സരം നടന്നത്. ടീമിന്റെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്കോറാണ് ഇന്ന് നേടിയ 255/6 എന്ന സ്കോര്‍. മാര്‍ച്ച് 15 2018നാണ് നേപ്പാളിനു ഏകദിന പദവി ലഭിയ്ക്കുന്നത്. അതിനു ശേഷം നെതര്‍ലാണ്ട്സുമായി പരമ്പര കളിച്ചുവെങ്കിലും അന്ന് ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം വിജയിച്ച് നില്‍ക്കുകയായിരുന്നു.
നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇയ്ക്ക് വേണ്ടി ഷൈമാന്‍ അനവര്‍ 87 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. മുഹമ്മദ് ബൂട്ട(59*), സിപി റിസ്വാന്‍(45) എന്നിവര്‍ക്കൊപ്പം മുഹമ്മദ് ഉസ്മാന്‍ 26 റണ്‍സുമായി ബാറ്റ് വീശിയാണ് യുഎഇയെ 254/6 എന്ന സ്കോറിലേക്ക് 50 ഓവറില്‍ നിന്ന് എത്തിച്ചത്. നേപ്പാളിനായി കെസി കരണ്‍, പരസ് ഖഡ്ക എന്നിവര്‍ രണ്ടും സോംപാല്‍ കമി, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ചേസിംഗില്‍ 109 പന്തില്‍ നിന്ന് 115 റണ്‍സ് നേടിയ പരസ് ഖഡ്കയുടെ ഇന്നിംഗ്സാണ് മത്സരം നേപ്പാളിനു അനുകൂലമായി മാറ്റിയത്. ഗ്യാനേന്ദ്ര മല്ല 31 റണ്‍സ് നേടിയപ്പോള്‍ ആരിഫ് ഷെയ്ഖ്(21*)-സോംപാല്‍ കമി(26*) കൂട്ടുകെട്ടാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. 44.4 ഓവറില്‍ നിന്നാണ് നേപ്പാളിന്റെ ചരിത്രം കുറിച്ച വിജയം. രണ്ട് വീതം വിക്കറ്റുമായി ആഷ്ഫാക് അഹമ്മദ്, ഇമ്രാന്‍ ഹൈദര്‍ എന്നിവര്‍ യുഎഇ ബൗളര്‍മാരില്‍ മികവ് പുലര്‍ത്തി.
നേപ്പാളിനെ 131 റണ്‍സിനു എറിഞ്ഞിട്ട ശേഷം ലക്ഷ്യം 37.3 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. അനായാസം ലക്ഷ്യം നേടുമെന്ന് അഫ്ഗാനിസ്ഥാന്‍ കരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ എറിഞ്ഞു പിടിക്കേണ്ട ലക്ഷ്യം തീരെ ചെറുതായത് നേപ്പാളിനു തിരിച്ചടിയായി.
ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 38.3 ഓവറില്‍ 131 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രോഹിത് പൗദേല്‍ 46 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ വാലറ്റത്തില്‍ റഷീദ് ഖാന്‍ ടീമിന്റെ രക്ഷയ്ക്കായി 30 റണ്‍സ് സ്കോര്‍ ചെയ്തു. അസ്മത്തുള്ള നാലും കൈസ് അഹമ്മദ്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് അഫ്ഗാനിസ്ഥാനു വേണ്ടി നേടിയത്.
അഫ്ഗാന്‍ നിരയില്‍ ആരും തന്നെ 30നു മുകളില്‍ സ്കോര്‍ നേടിയില്ലെങ്കിലും ബാറ്റ്സ്മാന്മാരെല്ലാം റണ്‍സ് കണ്ടെത്തിയപ്പോള്‍ ടീമിനു 3 വിക്കറ്റ് ജയം ഉറപ്പാക്കുവാനായി. 26 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റഹ്മാനുള്ളയും 23 റണ്‍സ് വീതം നേടിയ അസ്മത്തുള്ളയും ആരിഫ് ഖാനുമാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. ആരിഫ് ഖാന്‍ പുറത്താകാതെ നിന്നു.
നേപ്പാളിനായി സൂര്യ തമാംഗ് നാല് വിക്കറ്റ് നേടി. റഷീദ് ഖാന്‍, പവന്‍ സരഫ്, സാഗര്‍ ദാക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 23 റണ്‍സും നാല് വിക്കറ്റും നേടി അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ളയാണ് കളിയിലെ താരം.
സീനിയര്‍ ടീം ഏഷ്യ കപ്പ് ചാമ്പ്യന്മാരായി അവരോധിക്കപ്പെട്ട തൊട്ടടുത്ത ദിവസം ഏഷ്യ കപ്പില്‍ കൂറ്റന്‍ വിജയത്തോടെ ഇന്ത്യയുടെ യുവ നിര. നേപ്പാളിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ 172 റണ്‍സിന്റെ വിജയമാണ് ഉദ്ഘാടന ദിവസത്തെ മത്സരത്തില്‍ സ്വന്തമാക്കിയത്. 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇന്ത്യ 304 റണ്‍സ് നേടിയപ്പോള്‍ നേപ്പാള്‍ 133 റണ്‍സിനു 36.4 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.
ഇന്ത്യയ്ക്കായി യശസ്വി ജൈസ്വാല്‍ 104 റണ്‍സും പ്രഭ്സിമ്രാന്‍ സിംഗ് 82 റണ്‍സും നേടി തിളങ്ങി. നേപ്പാളിന്റെ ഭീം ഷാര്‍ക്കി നാല് വിക്കറ്റ് നേടി. ബൗളിംഗില്‍ ഇന്ത്യയ്ക്കായി സിദ്ധാര്‍ത്ഥ് ദേശായി, ഹര്‍ഷ് ത്യാഗി എന്നിവര്‍ മൂന്നും മോഹിത് ജംഗ്ര രണ്ടും വിക്കറ്റ് നേടി.
മറ്റു മത്സരങ്ങളില്‍ ശ്രീലങ്ക 6 വിക്കറ്റിനു ബംഗ്ലാദേശിനെയും പാക്കിസ്ഥാന്‍ ഹോങ്കോംഗിനെതിരെ 9 വിക്കറ്റ് ജയവും സ്വന്തമാക്കി. യുണൈറ്റഡ് അറബ് എമിറേറ്റ്സിനെതിരെ അഫ്ഗാന്‍ യുവനിര 5 വിക്കറ്റ് ജയം സ്വന്തമാക്കി. നാളെ യുഎഇയ്ക്കെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
നെതര്‍ലാണ്ട്സിനെതിരെ ഒരു റണ്‍സ് ജയം സ്വന്തമാക്കി തങ്ങളുടെ ആദ്യ ഏകദിന വിജയം കുറിച്ച് നേപ്പാള്‍. ഇന്ന് നടന്ന് നേപ്പാള്‍-നെതര്‍ലാണ്ട്സ് രണ്ടാം ഏകദിനത്തിനിലാണ് നേപ്പാള്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനു വേണ്ടി പരസ് ഖഡ്ക(51), സോംപാല്‍ കാമി(61) എന്നിവര്‍ മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. 48.5 ഓവറില്‍ ടീം 216 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. നെതര്‍ലാണ്ട്സിനു വേണ്ടി ഫ്രെഡ് ക്ലാസ്സെന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ മൈക്കല്‍ റിപ്പണ്‍, പീറ്റര്‍ സീലാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.
സന്ദീപ് ലാമിച്ചാനെയ്ക്കും ലളിത് ഭണ്ഡാരിയ്ക്കും ഒപ്പം മറ്റു താരങ്ങളും അവസരത്തിനൊത്തുയര്‍ന്നനപ്പോള്‍ നെതര്‍ലാണ്ട്സിനെ 50 ഓവറില്‍ 215 റണ്‍സിനു ഓള്‍ഔട്ട് ആക്കുകയായിരുന്നു നേപ്പാള്‍. അവസാന പന്തില്‍ ഒരു വിക്കറ്റ് കൈവശമുള്ളപ്പോള്‍ 6 റണ്‍സായിരുന്നു ജയിക്കാന്‍ നെതര്‍ലാണ്ട്സിനു വേണ്ടിയിരുന്നത്. അവസാന പന്തില്‍ രണ്ട് റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ നെതര്‍ലാണ്ട്സിനു എന്നാല്‍ റണ്ണൗട്ട് രൂപത്തില്‍ അവസാന വിക്കറ്റ് നഷ്ടമായപ്പോള്‍ ഒരു റണ്‍സിന്റെ ചരിത്ര വിജയം നേപ്പാള്‍ കൈക്കലാക്കി. അവസാന ഓവര്‍ എറിഞ്ഞത് ക്യാപ്റ്റന്‍ പരസ് ഖഡ്കയായിരുന്നു.
71 റണ്‍സ് നേടിയ വെസ്‍ലി ബാരെസ്സിയാണ് നെതര്‍ലാണ്ട്സിന്റെ ടോപ് സ്കോറര്‍. ഡാനിയേല്‍ ടെര്‍ ബ്രാക്ക് 39 റണ്‍സ് നേടി. നേപ്പാളിനായി സന്ദീപ് ലാമിച്ചാനെ 3 വിക്കറ്റും ലളിത് ഭണ്ഡാരി രണ്ട് വിക്കറ്റും നേടി.
189 റണ്‍സിനു നെതര്‍ലാണ്ട്സിനെ പുറത്താക്കിയ ശേഷം വിജയ ലക്ഷ്യമായ 190ലേക്ക് കുതിക്കുകയായിരുന്ന നേപ്പാളിനു അപ്രതീക്ഷിത തകര്‍ച്ച. നേപ്പാളിനെ 134 റണ്‍സിനു എറിഞ്ഞ് പിടിച്ച് 55 റണ്‍സിന്റെ ജയമാണ് ഇന്ന് നേപ്പാളിന്റെ നെതര്‍ലാണ്ട്സ് ടൂറിന്റെ ഭാഗമായുള്ള ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ സ്വന്തമാക്കിയത്.
ഒരു ഘട്ടത്തില്‍ 85/1 എന്ന ശക്തമായ നിലയിലായിരുന്ന നേപ്പാള്‍ 134 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഓപ്പണര്‍ ഗ്യാനേന്ദ്ര മല്ല 51 റണ്‍സ് നേടി പുറത്തായപ്പോള്‍ ദീപേന്ദ്ര സിംഗ് എയരി 33 റണ്‍സ് നേടി. 4 നേപ്പാള്‍ ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിനു പുറത്താവുകയായിരുന്നു. നെതര്‍ലാണ്ട്സിനു വേണ്ടി ഫ്രെഡ് ക്ലാസ്സെന്‍, മൈക്കല്‍ റിപ്പണ്‍, പീറ്റര്‍ സീലാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാസ് ഡി ലീഡിനാണ് ഒരു വിക്കറ്റ് ലഭിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സിനെ 47.4 ഓവറില്‍ നേപ്പാള്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. മൈക്കല്‍ റിപ്പണ്‍ നേടിയ അര്‍ദ്ധ ശതകത്തിനൊപ്പം (51) ഓപ്പണര്‍ സ്റ്റീഫന്‍ മൈബര്‍ഗ്(29), ബാസ് ഡി ലീഡ്(30) എന്നിവരുടെ പ്രകടനമാണ് ടീമിന്റെ സ്കോര്‍ 189ല്‍ എത്തിച്ചത്. നേപ്പാളിനായി പരസ് ഖാഡ്ക നാലും സോംപാല്‍ കാമി മൂന്ന് വിക്കറ്റും നേടി മികച്ച് നിന്നു.
ലോര്‍ഡ്സില്‍ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനോട് (എംസിസി) ചരിത്ര മത്സരങ്ങള്‍ക്കിറങ്ങിയ നേപ്പാള്‍ നെതര്‍ലാണ്ട്സ് ടീമുകള്‍ക്ക് മഴയില്‍ കുതിര്‍ന്ന മത്സരാനുഭവം. മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് മത്സരങ്ങളും ആറോവര്‍ മത്സരമായി ചുരുക്കിയപ്പോള്‍ അവസാന മത്സരം ഒരിന്നിംഗ്സിനു ശേഷം അവസാനിപ്പിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ എംസിസിയെ 10 റണ്‍സിനു നെതര്‍ലാണ്ട്സ് പരാജയപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 9 വിക്കറ്റ് ജയമാണ് നേപ്പാള്‍ മാര്‍ലിബോണിനെതിരെ നേടിയത്. നേപ്പാള്‍ നെതര്‍ലാണ്ട്സ് മത്സരം ഉപേക്ഷിക്കുകയും ചെയ്തു. വിജയികള്‍ക്കായുള്ള ട്രോഫി നേപ്പാളും നെതര്‍ലാണ്ട്സും പങ്കുവെച്ചു.
ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 6 ഓവറില്‍ നിന്ന് 72/3 എന്ന സ്കോര്‍ നേടുകയായിരുന്നു. തോബിയാസ് വീസേ 23 പന്തില്‍ നിന്ന് 58 റണ്‍സുമായി പുറത്താകാതെ നിന്നു നെതര്‍ലാണ്ട്സിനെ മുന്നോട്ട് നയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ എംസിസിയ്ക്ക് 6 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് മാത്രമേ നേടാനായുള്ളു. വരുണ്‍ ചോപ്ര 27 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ജോനാഥന്‍ ട്രോട്ട് 21 റണ്‍സ് നേടി.
നേപ്പാളിനെതിരെ എംസിസി 40 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 6 ഓവറില്‍ നിന്ന് നേടിയത്. 24 റണ്‍സ് നേടി നായകന്‍ മഹേല ജയവര്‍ദ്ധനേ പുറത്താകാതെ ടോപ് സ്കോറര്‍ ആയി നിന്നു. നേപ്പാളിനായി സോംപാല്‍ കാമി രണ്ട് വിക്കറ്റ് നേടി. സുഭാഷ് ഖാകുറേല്‍(16*), ഗ്യാനേന്ദ്ര മല്ല(12*) എന്നിവരോടൊപ്പം അനില്‍ ഷാ(9) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ നേപ്പാള്‍ 4.4 ഓവറില്‍ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഇന്നലത്തെ മൂന്നാമത്തെ മത്സരത്തില്‍ മത്സരം 18 ഓവറാക്കി ചുരുക്കിയെങ്കിലും 16.4 ഓവറുകള്‍ക്ക് ശേഷം മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലാണ്ട്സ് 174/4 എന്ന സ്കോറില്‍ നില്‍ക്കെയാണ് മത്സരം ഉപേക്ഷിച്ചത്. വെസ്ലി ബാരേസി(44), റയാന്‍ ടെന്‍ ഡോഷാറ്റേ(38), മൈക്കല്‍ റിപ്പണ്‍(38*), സ്കോട്ട് എഡ്വേര്‍ഡ്സ്(34*) എന്നിവരാണ് ടീമിനായി തിളങ്ങിയത്.
ഐസിസി ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2ല്‍ അട്ടിമറി ജയവുമായി നേപ്പാള്‍. തങ്ങളെക്കാള്‍ പരിചയസമ്പന്നരും ലോകകപ്പില്‍ വരെ കളിച്ച് പാരമ്പര്യവുമുള്ള കെനിയെയാണ് ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാള്‍ മൂന്ന് വിക്കറ്റിനു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കെനിയ സന്ദീപ് ലാമിച്ചാനെയുടെ ബൗളിംഗിനു മുന്നില്‍ പതറുകയായിരുന്നു. സന്ദീപ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ കെനിയ 177 റണ്‍സ് മാത്രമാണ് നേടിയത്. ഓപ്പണര്‍മാരായ അലക്സ് ഒബാണ്ട(41), ഇര്‍ഫാന്‍ കരീം(42) എന്നിവരാണ് പ്രധാന റണ്‍ സ്കോറര്‍മാര്‍. ഷെം നോഗ്ചേ 15 പന്തില്‍ 23 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒപ്പം കൂട്ടായി 24 റണ്‍സുമായി നെല്‍സണ്‍ ഒദിയാമ്പോയും ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ക്രീസിലുണ്ടായിരന്നു.
തിരിച്ച് 14/3 എന്ന നിലയിലേക്കും പിന്നീട് 82/5 എന്ന നിലയിലേക്കും വീണ നേപ്പാളിനെ ആറാം വിക്കറ്റില്‍ 87 റണ്‍സ് നേടിയ ആരിഫ് ഷെയ്ഖ്(42)-രോഹിത്ത് കുമാര്‍ കൂട്ടുകെട്ടാണ് തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. വിജയം 9 റണ്‍സ് അകലെ വെച്ച് കൂട്ട് കെട്ട് തകരുകയും ഏറെ വൈകാതെ രോഹിത്തും(47) റണ്‍ഔട്ട് ആയെങ്കിലും അവസാന പന്തില്‍ രണ്ട് റണ്‍സ് നേടി നേപ്പാള്‍ വിജയം ഉറപ്പിച്ചു. രോഹിത്ത് പുറത്താകുമ്പോള്‍ രണ്ട് പന്തില്‍ രണ്ട് ആയിരുന്നു വിജയ ലക്ഷ്യം. തൊട്ടടുത്ത പന്തില്‍ കാമിയ്ക്ക് റണ്ണെടുക്കാനായില്ലെങ്കിലും അവസാന പന്തില്‍ രണ്ട് റണ്‍സ് നേടി കാമി ടീമിനെ വിജയത്തിലെത്തിച്ചു.