കെനിയയെ ഞെട്ടിച്ച് നേപ്പാള്‍

ഐസിസി ലോക ക്രിക്കറ്റ് ലീഗ് ഡിവിഷന്‍ 2ല്‍ അട്ടിമറി ജയവുമായി നേപ്പാള്‍. തങ്ങളെക്കാള്‍ പരിചയസമ്പന്നരും ലോകകപ്പില്‍ വരെ കളിച്ച് പാരമ്പര്യവുമുള്ള കെനിയെയാണ് ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാള്‍ മൂന്ന് വിക്കറ്റിനു പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കെനിയ സന്ദീപ് ലാമിച്ചാനെയുടെ ബൗളിംഗിനു മുന്നില്‍ പതറുകയായിരുന്നു. സന്ദീപ് അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ കെനിയ 177 റണ്‍സ് മാത്രമാണ് നേടിയത്. ഓപ്പണര്‍മാരായ അലക്സ് ഒബാണ്ട(41), ഇര്‍ഫാന്‍ കരീം(42) എന്നിവരാണ് പ്രധാന റണ്‍ സ്കോറര്‍മാര്‍. ഷെം നോഗ്ചേ 15 പന്തില്‍ 23 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒപ്പം കൂട്ടായി 24 റണ്‍സുമായി നെല്‍സണ്‍ ഒദിയാമ്പോയും ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ക്രീസിലുണ്ടായിരന്നു.

തിരിച്ച് 14/3 എന്ന നിലയിലേക്കും പിന്നീട് 82/5 എന്ന നിലയിലേക്കും വീണ നേപ്പാളിനെ ആറാം വിക്കറ്റില്‍ 87 റണ്‍സ് നേടിയ ആരിഫ് ഷെയ്ഖ്(42)-രോഹിത്ത് കുമാര്‍ കൂട്ടുകെട്ടാണ് തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. വിജയം 9 റണ്‍സ് അകലെ വെച്ച് കൂട്ട് കെട്ട് തകരുകയും ഏറെ വൈകാതെ രോഹിത്തും(47) റണ്‍ഔട്ട് ആയെങ്കിലും അവസാന പന്തില്‍ രണ്ട് റണ്‍സ് നേടി നേപ്പാള്‍ വിജയം ഉറപ്പിച്ചു. രോഹിത്ത് പുറത്താകുമ്പോള്‍ രണ്ട് പന്തില്‍ രണ്ട് ആയിരുന്നു വിജയ ലക്ഷ്യം. തൊട്ടടുത്ത പന്തില്‍ കാമിയ്ക്ക് റണ്ണെടുക്കാനായില്ലെങ്കിലും അവസാന പന്തില്‍ രണ്ട് റണ്‍സ് നേടി കാമി ടീമിനെ വിജയത്തിലെത്തിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version