താന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ബൗള്‍ ചെയ്യുന്നതിലെ എക്സ്പേര്‍ട്ട് ആയിട്ടില്ല – നഥാന്‍ ലയൺ

ഇന്ത്യയ്ക്കെതിരെ ഇന്‍ഡോറിലെ രണ്ടാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നേടിയെങ്കിലും താന്‍ ഇപ്പോളും ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്കെതിരെ ബൗള്‍ ചെയ്യുവാന്‍ പഠിച്ചിട്ടില്ലെന്ന് പറഞ്ഞ് നഥാന്‍ ലയൺ. വിരാട് കോഹ്‍ലി, ചേതേശ്വര്‍ പുജാര പോലുള്ള മുന്‍ നിര ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് ലഭിയ്ക്കുവാന്‍ തനിക്ക് ഭാഗ്യമുണ്ടായിയെന്നാണ് കരുതുന്നതെന്ന് ലയൺ കൂട്ടിചേര്‍ത്തു.

തന്റെ ആവനാഴിയിൽ ഒട്ടനവധി ആയുധങ്ങളില്ലെന്നും എന്നാൽ തനിക്ക് തന്റെ സ്റ്റോക്ക് ബോളിൽ ഏറെ വിശ്വാസമുണ്ടെന്നും ആ ആത്മവിശ്വാസം ക്രിക്കറ്റ് ലോകത്തിൽ വലിയ കാര്യം തന്നെയാണെന്നും ലയൺ പറഞ്ഞു.

തനിക്ക് വെല്ലുവിളികള്‍ ഇഷ്ടമാണെന്നും അതിനാൽ തന്നെ മികവ് പുലര്‍ത്തുമ്പോള്‍ സന്തോഷം ഏറെയുണ്ടെന്നും ലയൺ വ്യക്തമാക്കി.

സ്മിത്ത് അല്ലാതെ ആരും ആ ക്യാച്ച് എടുക്കില്ല – നഥാന്‍ ലയൺ

പുജാരയെ പുറത്താക്കുവാന്‍ സ്മിത്ത് ലെഗ് സ്ലിപ്പിൽ എടുത്ത ക്യാച്ച് മത്സരത്തിലെ ഏറെ നിര്‍ണ്ണായകമായ നിമിഷം ആയിരുന്നുവെന്ന് പറഞ്ഞ് നഥാന്‍ ലയൺ. ലയണിന്റെ തേരോട്ടത്തിനിടയിലും ഒരു വശത്ത് പിടിച്ച് നിൽക്കുകയായിരുന്ന ചേതേശ്വര്‍ പുജാരയെ അവിശ്വസനീയ ക്യാച്ചിലൂടെയാണ് സ്മിത്ത് പുറത്താക്കിയത്.

സ്മിത്ത് അല്ലാതെ ആരും ആ ക്യാച്ച് എടുക്കില്ലെന്നും, വേറെ ആരോടും ബഹുമാനക്കുറവില്ലെന്നും പക്ഷേ മറ്റാരും ആ ക്യാച്ച് എടുക്കുമെന്ന് തോന്നുന്നില്ലെന്നും ലയൺ കൂട്ടിചേര്‍ത്തു. സ്മിത്തും പല ക്യാച്ചുകള്‍ കളഞ്ഞിട്ടുണ്ടെങ്കിലും സ്മിത്തിന്റെ ക്രിക്കറ്റിംഗ് ബ്രെയിനിന് മാത്രമേ ഇത്തരമൊരു ക്യാച്ച് പൂര്‍ത്തിയാക്കുവാന്‍ പറ്റുകയുള്ളുവെന്നും ലയൺ പറഞ്ഞു.

പുജാര അവിശ്വസനീയ ക്രിക്കറ്റര്‍ – നഥാന്‍ ലയൺ

ഇന്ത്യയെ ഇന്‍ഡോറിൽ രണ്ടാം ഇന്നിംഗ്സിൽ തകര്‍ത്തെറിഞ്ഞത് എട്ട് വിക്കറ്റ് നേടിയ നഥാന്‍ ലയൺ ആണ്. 59 റൺസ് നേടിയ ചേതേശ്വര്‍ പുജാര മാത്രമാണ് ഇന്ത്യന്‍ നിരയിൽ ചെറുത്തുനില്പുയര്‍ത്തിയത്. എന്നാൽ താരത്തെയും ലയൺ തന്നെ പുറത്താക്കുകയായിരുന്നു. ചേതേശ്വര്‍ പുജാരയെ വാനോളം പുകഴ്ത്തുവാന്‍ ലയൺ എന്നാൽ മറന്നില്ല.

ഗാബയിലെ ബൗൺസ് ആയാലും ഇന്‍ഡോറിലേ ടേൺ ആയാലും ഇതിലൊന്നും തകരാത്ത പോരാളിയാണ് ചേതേശ്വര്‍ എന്നും അവിശ്വസനീയമായ ക്രിക്കറ്റര്‍ എന്നാണ് താന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുക എന്നും ലയൺ കൂട്ടിചേര്‍ത്തു.

രണ്ടാം ദിവസത്തെ കളിയ്ക്ക് ശേഷമുള്ള പ്രസ് കോൺഫറന്‍സിലാണ് നഥാന്‍ ലയൺ ഇക്കാര്യം അറിയിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് എന്നാൽ പ്രതിരോധമാണെന്നും ചേതേശ്വര്‍ പുജാരയുടെ പ്രതിരോധം വേറെ ലെവൽ ആണെന്നും ലയൺ പറ‍ഞ്ഞു.

ലെഗ് സ്ലിപ്പിൽ മികച്ചൊരു ക്യാച്ചിലൂടെ സ്റ്റീവന്‍ സ്മിത്താണ് നഥാന്‍ ലയണിന് ചേതേശ്വര്‍ പുജാരയുടെ വിക്കറ്റ് നേടുവാന്‍ സഹായിച്ചത്.

ഇന്ത്യയ്ക്ക് നാല് വിക്കറ്റ് നഷ്ടം, 9 റൺസ് പിറകിൽ

ഇന്‍ഡോറിൽ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 79/4 എന്ന നിലയിൽ. മത്സരത്തിൽ ഇന്ത്യ ഇപ്പോളും 9 റൺസ് പിന്നിലാണ്. ഓസ്ട്രേലിയയ്ക്ക് വെല്ലുവിളി ഉയര്‍ത്താവുന്ന സ്കോറിലേക്ക് എത്തുവാന്‍ ഇന്ത്യയുടെ കൈവശമുള്ളത് വെറും 6 വിക്കറ്റാണ്.

നഥാന്‍ ലയൺ മൂന്ന് വിക്കറ്റ് നേടി ഇന്ത്യയെ തകര്‍ത്തപ്പോള്‍ 36 റൺസുമായി ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയ്ക്കായി പൊരുതുന്നത്.

ആദ്യ സെഷനിൽ തന്നെ 7 വിക്കറ്റ് നഷ്ടം, ഇന്ത്യയ്ക്ക് വന്‍ തകര്‍ച്ച

ഇന്‍ഡോറിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ. മത്സരത്തിന്റെ ആദ്യ സെഷന്‍ അവസാനിച്ചപ്പോള്‍ 84 റൺസാണ് ഇന്ത്യ നേടിയത്. നഥാന്‍ ലയൺ 3 വിക്കറ്റും മാത്യു കുന്നേമന്‍ മൂന്ന് വിക്കറ്റും നേടിയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

22 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ശുഭ്മന്‍ 21 റൺസും നേടിയപ്പോള്‍ ശ്രീകര്‍ ഭരത് 17 റൺസും നേടി പുറത്തായി. 6 റൺസ് നേടി അക്സര്‍ പട്ടേലും 1 റൺസ് നേടി രവിചന്ദ്രന്‍ അശ്വിനും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ഹാഡ്‍ലിയുടെ നേട്ടം മറികടന്ന് ലയൺ, ഇനി മുന്നിലുള്ളത് ഹെരാത്തും കപിൽ ദേവും

ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ 12ാം സ്ഥാനത്തേക്ക് എത്തി ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലയൺ. ഇന്നലെ ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് വിക്കറ്റ് നേട്ടത്തോടെ താരം 432 വിക്കറ്റിൽ എത്തിയപ്പോള്‍ റിച്ചാര്‍ഡ് ഹാഡ്‍ലിയെയാണ് ഈ പട്ടികയിൽ താരം മറികടന്നത്.

431 വിക്കറ്റുകളാണ് ഹാഡ്‍ലി നേടിയത്. ഇനി രംഗന ഹെരാത്ത്(433), കപിൽ ദേവ്(434) എന്നിവരെ മറികടക്കുവാനുള്ള അവസരം ആണ് ലയണിന് മുന്നിലുള്ളത്. ഗോള്‍ ടെസ്റ്റിൽ തന്നെ ഈ നേട്ടം താരം സ്വന്തമാക്കിയേക്കും.

മികച്ച പെരുമയുള്ളവരാണ് ഈ പട്ടികയിലുള്ളതെന്നും അവരിൽ ചിലരെ മറികടക്കാനായതിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും ലയൺ കൂട്ടിചേര്‍ത്തു.

അഞ്ച് വിക്കറ്റാണ് നഥാന്‍ ലയൺ ഇന്നലെ ശ്രീലങ്കയെ 212 റൺസിന് പുറത്താക്കിയപ്പോള്‍ നേടിയത്. മൂന്ന് വിക്കറ്റ് നേടി മിച്ചൽ സ്വെപ്സണും താരത്തിന് മികച്ച പിന്തുണ നൽകി.

നഥാന്‍ ലയണിന് മുന്നിൽ കീഴടങ്ങി ശ്രീലങ്ക, 212 റൺസിന് ഓള്‍ഔട്ട്

ഗോള്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്കയെ 212 റൺസിന് പുറത്താക്കിയ ശേഷം ഓസ്ട്രേലിയ 98/3 എന്ന നിലയിൽ. നഥാന്‍ ലയണും മിച്ചൽ സ്വെപ്സണും ചേര്‍ന്നാണ് ശ്രീലങ്കയെ കുരുക്കിലാക്കിയത്.

59 ഓവറിൽ ടീം 212 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 58 റൺസ് നേടിയ നിരോഷന്‍ ഡിക്വെല്ലയാണ് ടീമിന്റെ ടോപ് സ്കോറര്‍. ആഞ്ചലോ മാത്യൂസ് 39 റൺസ് നേടിയപ്പോള്‍ പതു നിസ്സങ്ക(23), ദിമുത് കരുണാരത്നേ(28), രമേശ് മെന്‍‍ഡിസ്(22) എന്നിവരും പൊരുതി നോക്കി. ലയൺ അഞ്ചും സ്വെപ്സൺ മൂന്നും വിക്കറ്റാണ് നേടിയത്.

ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് 47 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 25 റൺസ് നേടിയ വാര്‍ണറെയും 13 റൺസ് നേടിയ ലാബൂഷാനെയെയും രമേശ് മെന്‍ഡിസ് പുറത്താക്കിയപ്പോള്‍ സ്റ്റീവ് സ്മിത്ത് റണ്ണൗട്ടും ആയി.

ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും ആണ് ക്രീസിൽ നില്‍ക്കുന്നത്. ശ്രീലങ്കയുടെ സ്കോറിന് 114 റൺസ് പിന്നിലാണ് ഓസ്ട്രേലിയ ഇപ്പോളും ഖവാജ 47 റൺസും ട്രാവിസ് ഹെഡ് 6 റൺസും നേടിയിട്ടുണ്ട്.

ലയണിന് മുന്നിൽ വീണ് പാക്കിസ്ഥാൻ , ലാഹോർ പിടിച്ച് കെട്ടി ഓസ്ട്രേലിയ

പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 235 റൺസിനൊതുക്കി 115 റൺസ് വിജയം നേടി ഓസ്ട്രേലിയ. ഇതോടെ ലാഹോര്‍ ടെസ്റ്റ് വിജയിച്ച ഓസ്ട്രേലിയ പരമ്പര 1-0ന് സ്വന്തമാക്കി. ആദ്യ രണ്ട് ടെസ്റ്റുകള്‍ സമനിലയിൽ അവസാനിക്കുകയായിരുന്നു.

ബാബര്‍ അസമും ഇമാം ഉള്‍ ഹക്കും ടീമിനെ ലഞ്ചിലേക്ക് നയിക്കുമ്പോള്‍ മത്സരത്തിൽ പാക്കിസ്ഥാന് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിൽ പിന്നീട് നഥാന്‍ ലയണിന്റെ ആറാട്ടാണ് കണ്ടത്.

ഇമാമിനെ(70) വിക്കറ്റിന് മുന്നിൽ കുടുക്കി ലയൺ കൂട്ടുകെട്ട് തകര്‍ത്തപ്പോള്‍ ഫവദ് അലമിനെയും മുഹമ്മദ് റിസ്വാനെയും വിക്കറ്റിന് മുന്നിൽ കുടുക്കി പാറ്റ് കമ്മിന്‍സ് പാക്കിസ്ഥാനെ കൂടുതൽ കഷ്ടതയിലേക്ക് തള്ളിയിട്ടു.

55 റൺസ് നേടിയ ബാബറിനെ ലയൺ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഹസന്‍ അലിയെയും ഷഹീന്‍ അഫ്രീദിയെയും പുറത്താക്കി താരം തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. നസീം ഷായെ പുറത്താക്കി ചരിത്ര വിജയം നേടുവാന്‍ പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയയെ സഹായിക്കുകയായിരുന്നു.

ആവേശകരമായ അവസാന ഓവറിൽ കറാച്ചിയിൽ കടന്ന് കൂടി പാക്കിസ്ഥാൻ, കോട്ട കാത്ത് ബാബർ അസമും മുഹമ്മദ് റിസ്വാനും

കറാച്ചിയിൽ പാക്കിസ്ഥാൻ നായകൻ ബാബർ അസമിന്റെ പ്രതിരോധം ഭേദിച്ച ഓസ്ട്രേലിയയ്ക്ക് മുന്നിൽ വിലങ്ങ് തടിയായി മുഹമ്മദ് റിസ്വാന്‍. അവസാന സെഷനിലേക്ക് മത്സരം കടക്കുമ്പോള്‍ 310/4 എന്ന നിലയിലായിരുന്ന പാക്കിസ്ഥാനെ നഥാൻ ലയൺ ഞെട്ടിക്കുകയായിരുന്നു.

196 റൺസ് നേടിയ ബാബ‍ർ അസമിനെയും ഫഹീം അഷ്റഫിനെയും അടുത്തടുത്ത പന്തുകളിൽ വീഴ്ത്തി ലയൺ ടീമിനെ 392/4 എന്ന നിലയിൽ നിന്ന് 392/6 എന്ന നിലയിലേക്ക് തള്ളിയിടുകയായിരുന്നു. ബാബർ പുറത്താകുമ്പോള്‍ 12 ഓവറുകളായിരുന്നു പാക്കിസ്ഥാൻ നേരിടേണ്ടിയിരുന്നത്. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് പൊരുതി നിന്ന റിസ്വാന്‍ ആണ് പാക്കിസ്ഥാനെ പരാജയത്തിൽ നിന്ന് കരകയറ്റിയത്.

പിന്നീട് 9 റൺസ് നേടിയ സാജിദ് ഖാനെയും ലയൺ വീഴ്ത്തിയപ്പോള്‍ പാക്കിസ്ഥാന്‍ 9 ഓവറുകളോളം ആയിരുന്നു അതിജീവിക്കേണ്ടിയിരുന്നത്. ഇതിനിടെ നാല് ഓവ‍ർ മാത്രം മത്സരത്തിൽ അവശേഷിക്കവെ മുഹമ്മദ് റിസ്വാന്റെ ക്യാച്ച് ഓവറിലെ അവസാന പന്തിൽ ഉസ്മാൻ ഖവാജ കൈവിട്ടത് പാക്കിസ്ഥാന് തുണയായി.

യുഎഇയിലേത് പോലെ സ്പിൻ ട്രാക്ക് ആണ് പ്രതീക്ഷിക്കുന്നത് – നഥാൻ ലയൺ

യുഎഇയിലേത് പോലെ സ്പിന്നര്‍മാര്‍ക്ക് മേൽക്കൈ ലഭിയ്ക്കുന്ന പിച്ചാണ് റാവൽപിണ്ടിയിലേതെന്ന് പറഞ്ഞ് ഓസീസ് സ്പിന്നര്‍ നഥാന്‍ ലയൺ. ആദ്യ ടെസ്റ്റിന്റെ മുന്നോടിയായുള്ള പരിശീലന സെഷന് ശേഷം പിച്ച് പരിശോധിച്ച ശേഷം പ്രതികരിക്കുകയായിരുന്നു താരം.

ഫ്ലാറ്റായ പുല്ലില്ലാത്ത ട്രാക്ക് യുഎഇയിലെ പിച്ചുകളോട് സാമ്യമുള്ളതാണെന്നാണ് ലയണിന്റെ ആദ്യ പ്രതികരണം. പ്രധാന വിക്കറ്റിന്റെ മൂന്ന് പിച്ച് അപ്പുറം ആണ് പരിശീലനം നടത്തിയതെന്നും ബാറ്റിംഗിന് ആദ്യ ദിവസങ്ങളിൽ അനുകൂലമായ പിച്ചിൽ പിന്നീട് സ്പിന്നും റിവേഴ്സ് സ്വിംഗിനും മേൽക്കൈ ലഭിയ്ക്കുമെന്നാണ് കരുതുന്നതെന്ന് ലയൺ പറഞ്ഞു.

പിച്ചിനെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ ഇലവനെന്നും രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തുവാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ലാബൂഷാനെ, സ്മിത്ത്, ട്രാവിസ് ഹെഡ് എല്ലാവരും സ്പിന്‍ എറിയുവാന്‍ സജ്ജരാണെന്നും ലയൺ സൂചിപ്പിച്ചു.

വീഡിയോ റെക്കോര്‍ഡ് ചെയ്തത് തോര്‍പ്പ്, പണി തെറിച്ചേക്കും !!!

ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളോട് മദ്യപാന സല്‍ക്കാരം അവസാനിപ്പിച്ച് മടങ്ങുവാന്‍ ഹൊബാര്‍ട്ട് പോലീസ് ആവശ്യപ്പെടുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്തത് ടീമിന്റെ സഹ പരിശീലകന്‍ ഗ്രഹാം തോര്‍പ്പ് എന്ന് സൂചന.

ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്സൺ, നഥാന്‍ ലയൺ, ട്രാവിസ് ഹെഡ്, അലക്സ് കാറെ എന്നിവരാണ് മദ്യ സൽക്കാരത്തിൽ ഏര്‍പ്പെട്ടത്. ഇതിന്മേൽ അന്വേഷണം പ്രഖ്യാപിച്ച ഇസിബി വൃത്തങ്ങളില്‍ നിന്ന് ലഭിയ്ക്കുന്നത് ഗ്രഹാം തോര്‍പ്പിന്റെ പണി തെറിയ്ക്കുമെന്നാണ്.

തോര്‍പ്പ് ചിത്രീകരിച്ച വീഡിയോ സിഡ്നി മോണിംഗ് ഹെറാള്‍ഡിന്റെ കൈവശം എത്തിയതോടെയാണ് പുറം ലോകം ഈ കാര്യം അറിഞ്ഞത്. ഹൊബാര്‍ട്ട് ടെസ്റ്റ് അവസാനിച്ച് എട്ട് മണിക്കൂറുകള്‍ക്ക് ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ 6 മണിക്കാണ് ഈ സംഭവം നടന്നത്.

ടിം പെയിന്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ – നഥാന്‍ ലയൺ

ടിം പെയിന്‍ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്ന് പറഞ്ഞ് നഥാന്‍ ലയൺ. താരത്തിന്റെ സാന്നിദ്ധ്യം ഓസ്ട്രേലിയന്‍ ക്യാമ്പിൽ യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും ഓസ്ട്രേലിയയുടെ മുന്‍ നിര സ്പിന്നര്‍ പറഞ്ഞു.

സെക്സ്റ്റിംഗ് വിവാദത്തിനെത്തുടര്‍ന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി സ്ഥാനം പെയിന്‍ രാജി വെച്ചിരുന്നു. തന്റെ അഭിപ്രായത്തിൽ രാജ്യത്തെയും ലോകത്തിലെയും ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് ടിം പെയിന്‍. താരത്തിന് ടീമിന്റെ നൂറ് ശതകമാനം പിന്തുണയുണ്ടാകുമെന്നും ലയൺ അറിയിച്ചു.

 

Exit mobile version