ടെക്നിക്ക് അല്ല ബംഗ്ലാദേശിന്റെ പ്രശ്നം – ഹെരാത്ത്

ബംഗ്ലാദേശിന്റെ ടെസ്റ്റ് ഫോര്‍മാറ്റിലെ പ്രശ്നങ്ങള്‍ക്ക് കാരണം ടെക്നിക്ക് അല്ലെന്നും നിര്‍ണ്ണായക ഘട്ടത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നതിലെ പാളിച്ചകളാണെന്നും പറഞ്ഞ് ടീമിന്റെ സ്പിന്‍ ബൗളിംഗ് കോച്ച് രംഗന ഹെരാത്ത്.

ഇന്ത്യയ്ക്കെതിരെ ചട്ടോഗ്രാമിൽ 133/8 എന്ന നിലയിലുള്ള ബംഗ്ലാദേശ് ഫോളോ ഓൺ ഒഴിവാക്കുവാന്‍ ഇനിയും 71 റൺസ് കൂടി നേടേണ്ടതുണ്ട്. മത്സരത്തിന്റെ പല ഘട്ടത്തിലും മൊമ്മന്റം നേടുവാന്‍ ബംഗ്ലാദേശിന് സാധിക്കുന്നുവെങ്കിലും അത് കൈവിടുന്നത് സ്ഥിരമാകുകയാണെന്നും അതാണ് ടീമിന് തിരിച്ചടിയാകുന്നതെന്നും ഹെരാത്ത് വ്യക്തമാക്കി.

എട്ട് വിക്കറ്റുകള്‍ നഷ്ടമായത് നിരാശാജനകമാണെങ്കിലും ഇനിയും മൂന്ന് ദിവസത്തെ കളി ബാക്കിയുള്ളതിനാൽ ടെസ്റ്റ് ക്രിക്കറ്റിൽ എന്തും സംഭവിക്കാം എന്നും ഹെരാത്ത് സൂചിപ്പിച്ചു.

ഹാഡ്‍ലിയുടെ നേട്ടം മറികടന്ന് ലയൺ, ഇനി മുന്നിലുള്ളത് ഹെരാത്തും കപിൽ ദേവും

ടെസ്റ്റ് വിക്കറ്റ് നേട്ടക്കാരുടെ പട്ടികയിൽ 12ാം സ്ഥാനത്തേക്ക് എത്തി ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലയൺ. ഇന്നലെ ശ്രീലങ്കയ്ക്കെതിരെയുള്ള അഞ്ച് വിക്കറ്റ് നേട്ടത്തോടെ താരം 432 വിക്കറ്റിൽ എത്തിയപ്പോള്‍ റിച്ചാര്‍ഡ് ഹാഡ്‍ലിയെയാണ് ഈ പട്ടികയിൽ താരം മറികടന്നത്.

431 വിക്കറ്റുകളാണ് ഹാഡ്‍ലി നേടിയത്. ഇനി രംഗന ഹെരാത്ത്(433), കപിൽ ദേവ്(434) എന്നിവരെ മറികടക്കുവാനുള്ള അവസരം ആണ് ലയണിന് മുന്നിലുള്ളത്. ഗോള്‍ ടെസ്റ്റിൽ തന്നെ ഈ നേട്ടം താരം സ്വന്തമാക്കിയേക്കും.

മികച്ച പെരുമയുള്ളവരാണ് ഈ പട്ടികയിലുള്ളതെന്നും അവരിൽ ചിലരെ മറികടക്കാനായതിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും ലയൺ കൂട്ടിചേര്‍ത്തു.

അഞ്ച് വിക്കറ്റാണ് നഥാന്‍ ലയൺ ഇന്നലെ ശ്രീലങ്കയെ 212 റൺസിന് പുറത്താക്കിയപ്പോള്‍ നേടിയത്. മൂന്ന് വിക്കറ്റ് നേടി മിച്ചൽ സ്വെപ്സണും താരത്തിന് മികച്ച പിന്തുണ നൽകി.

ബംഗ്ലാദേശിന്റെ സ്പിന്‍ കോച്ച് രംഗന ഹെരാത്ത് കരീബിയന്‍ ടൂറിനുണ്ടാകില്ല

ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് കോച്ച് രംഗന ഹെരാത്ത് ടീമിനൊപ്പം കരീബിയന്‍ ടൂറിനുണ്ടാകില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുവാനായി താന്‍ അവധി അപേക്ഷിച്ചിട്ടുണ്ട് താരം വെളിപ്പെടുത്തി. ഈ വിവരം ബംഗ്ലാദേശ് ടീം ഡയറക്ടര്‍ ഖാലിദ് മഹമ്മുദ് സ്ഥിരീകരിച്ചിട്ടുണ്ട്.

നാട്ടിലെ അരക്ഷിതാവസ്ഥയ്ക്കിടയിലും ബംഗ്ലാദേശ് ടീമിനൊപ്പം ലങ്കന്‍ പരമ്പരയ്ക്കായി തുടരുവാന്‍ താരം തീരുമാനിച്ചുവെങ്കിലും കരീബിയന്‍ മണ്ണിലേക്ക് ടീമിനൊപ്പം താന്‍ ഇല്ലെന്ന് ഹെരാത്ത് വ്യക്തമാക്കി.

ജൂൺ 16-20 വരെ ആന്റിഗ്വ ടെസ്റ്റും 24-28 വരെ സെയിന്റ് ലൂസിയ ടെസ്റ്റുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ബംഗ്ലാദേശ് സ്പിന്‍ ബൗളിംഗ് കോച്ച് രംഗന ഹെരാത്ത് കോവിഡ് പോസിറ്റീവ്

ബംഗ്ലാദേശിന്റെ ന്യൂസിലാണ്ട് പര്യടനത്തിൽ സ്പിന്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിക്കുന്ന രംഗന ഹെരാത്ത് കോവിഡ് പോസിറ്റീവ് ആയി. മലേഷ്യയിൽ നിന്ന് ന്യൂസിലാണ്ടിലേക്ക് യാത്രയായ വിമാനത്തിൽ കോവിഡ് ബാധിതനായ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് ടെസ്റ്റ് സ്ക്വാഡ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കൂടുതൽ കാലം ക്വാറന്റീന്‍ വേണ്ടി വരുമെന്നും ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

ഈ താരങ്ങളാരും കോവിഡ് ബാധിതരായി ടെസ്റ്റിൽ തെളിഞ്ഞില്ലെങ്കിലും ഹെരാത്ത് കോവിഡ് ബാധിതനാണെന്ന് സ്ഥിരീകരിക്കപ്പെടുകയായിരുന്നു. ഹെരാത്ത് നെഗറ്റീവ് ആകുന്നത് വരെ ക്വാറന്റീനിൽ കഴിയുമെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി.

ന്യൂസിലാണ്ടിലും ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് കൺസള്‍ട്ടന്റായി ഹെരാത്ത്

ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് കൺസള്‍ട്ടന്റായി രംഗന ഹെരാത്ത് എത്തുന്നു. ബംഗ്ലാദേശിന്റെ ന്യൂസിലാണ്ട് പര്യടനത്തിനാണ് മുന്‍ ശ്രീലങ്കന്‍ താരത്തിന്റെ സേവനം ബോര്‍ഡ് ഉറപ്പാക്കിയിരിക്കുന്നത്. ടി20 ലോകകപ്പിന്റെ സമയത്തും ഹെരാത്ത് ബംഗ്ലാദേശുമായി കരാറിലെത്തിയിരുന്നു.

എന്നാൽ ബംഗ്ലാദേശ് പാക്കിസ്ഥാന്‍ പരമ്പരയിൽ ഹെരാത്ത് ടീമിനൊപ്പമുണ്ടായിരുന്നില്ല. ഹെരാത്തിനെ നീണ്ട കാലയളവിലേക്ക് ടീമിനൊപ്പമെത്തിക്കുവാന്‍ ബോര്‍ഡ് ശ്രമിക്കുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചീഫ് അക്രം ഖാന്‍ വ്യക്തമാക്കി.

വെട്ടോറിയ്ക്ക് പകരം രംഗന ഹെരാത്ത് ബംഗ്ലാദേശിന്റെ സ്പിൻ ബൌളിംഗ് കോച്ചായി എത്തുന്നു

ബംഗ്ലാദേശിന്റെ സ്പിൻ ബൌളിംഗ് കോച്ചായി രംഗന ഹെരാത്ത് എത്തുന്നു. ഇത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണ് ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻ ചെയർമാൻ അക്രം ഖാൻ വ്യക്തമാക്കിയത്. ഡാനിയേൽ വെട്ടോറിയ്ക്ക് പകരം ആണ് ഹെരാത്ത് എത്തുന്നത്. ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ പ്രാദേശിക സ്പിൻ കോച്ച് സൊഹേൽ ഇസ്ലാമിനെയാണ് ബംഗ്ലാദേശ് ദൌത്യം ഏല്പിച്ചത്.

എന്നാൽ അദ്ദേഹത്തിന് സിംബാബ്വേയിലേക്ക് ടീമിനൊപ്പം യാത്രയാകാനാകില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇന്ത്യയുടെ സായിരാജ് ബഹുതുലെ, പാക്കിസ്ഥാന്റെ സയ്യദ് അജ്മൽ എന്നിവരാണ് പട്ടികയിലുള്ള മറ്റ് രണ്ട് താരങ്ങൾ. ഇതിൽ ഹെരാത്തിനാണ് കൂടുതൽ സാധ്യതയെന്നാണ് ഇപ്പോൾ ലഭിയ്ക്കുന്ന വിവരം. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്ന് ഹെരാത്തും സ്ഥിരീകരിച്ചു.

ജോ റൂട്ടിനെ രണ്ടാം തവണയും പുറത്താക്കി ഹെരാത്ത്, റിച്ചാര്‍ഡ് ഹാ‍ഡ്‍ലിയെ മറികടന്നു

റിച്ചാര്‍ഡ് ഹാഡ്‍ലിയുടെ 431 ടെസ്റ്റ് വിക്കറ്റുകളുടെ നേട്ടം മറികടന്ന് രംഗന ഹെരാത്ത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനെ(3) പുറത്താക്കിയാണ് ഹെരാത്ത് ഈ നേട്ടം മറികടന്നത്. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ജോ റൂട്ടിനെ പുറത്താക്കി ഹെരാത്ത് ഗോളിലെ തന്റെ നൂറാം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

തന്റെ അവസാന ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്ന ഹെരാത്തിനു കപില്‍ ദേവിന്റെ 434 വിക്കറ്റുകള്‍ മറികടക്കാനാകുമോ എന്നതാവും ഏവരും ഉറ്റുനോക്കുന്നത്.

ഗോളില്‍ നൂറ് ടെസ്റ്റ് വിക്കറ്റ്, ചരിത്രം നേട്ടത്തില്‍ ഹെരാത്ത് മുരളീധരനൊപ്പം

ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ ജോ റൂട്ടിനെ പുറത്താക്കിയപ്പോള്‍ രംഗന ഹെരാത്ത് സ്വന്തമാക്കിയത് ചരിത്ര നേട്ടം. മുത്തയ്യ മുരളീധരനു ശേഷം ഗോളില്‍ 100 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി രംഗന ഹെരാത്ത് മാറുകയായിരുന്നു. തന്റെ അവസാന ടെസ്റ്റില്‍ കളിക്കുന്ന ഹെരാത്ത് ഇംഗ്ലണ്ടിന്റെ പ്രതീക്ഷയായിരുന്നു കൂട്ടുകെട്ടിനെയാണ് തകര്‍ത്തത്.

10/2 എന്ന നിലയില്‍ നിന്ന് 62 റണ്‍സ് ചേര്‍ത്ത് മുന്നേറുകയായിരുന്നു ജോ റൂട്ട്-കീറ്റണ്‍ ജെന്നിംഗ്സ് കൂട്ടുകെട്ടിനെയാണ് ഹെരാത്ത് തകര്‍ത്തത്. 35 റണ്‍സ് നേടിയ ജോ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഹെരാത്ത് തന്റെ ഗോളിലെ നൂറാം വിക്കറ്റ് നേടിയത്. 111 വിക്കറ്റ് നേടിയ മുത്തയ്യ മുരളീധരനാണ് ഗോളില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയിട്ടുള്ളത്. ദില്‍രുവന്‍ പെരേര 45 വിക്കറ്റുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഇതിഹാസം പടിയിറങ്ങുന്നു, അരങ്ങേറ്റം കുറിച്ച അതേ വേദിയില്‍ കളിയവസാനിപ്പിക്കുവാന്‍ തീരുമാനിച്ച് രംഗന ഹെരാത്ത്

ശ്രീലങ്കയുടെ സീനിയര്‍ വെറ്ററന്‍ സ്പിന്നര്‍ രംഗന ഹെരാത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാനൊരുങ്ങുന്നു. താരം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ടെസ്റ്റില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നുവെങ്കിലും പരമ്പരയിലെ ആദ്യ ടെസ്റ്റിനു ശേഷം വിരമിക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. ഗോളില്‍ 19 വര്‍ഷം മുമ്പ് താന്‍ അരങ്ങേറ്റം കുറിച്ച ഗ്രൗണ്ടില്‍ തന്നെ തന്റെ കളിയവസരവും മതിയാക്കുവാനാണ് ഹെരാത്തിന്റെ തീരുമാനം.

മുത്തയ്യ മുരളീധരനു പിന്നിലായി രണ്ടാം സ്ഥാനത്താണ് ശ്രീലങ്കയുടെ വിക്കറ്റ് നേട്ടക്കാരില്‍ ഹെരാത്തിന്റെ സ്ഥാനം. 430 വിക്കറ്റുകളുള്ള ഹെരാത്തിനു ഈ ടെസ്റ്റില്‍ നിന്ന് സ്റ്റുവര്‍ട് ബ്രോഡ്, കപില്‍ ദേവ്, റിച്ചാര്‍ഡ് ഹാഡ്‍ലി എന്നിവരുടെ റെക്കോര്‍ഡ് മറികടക്കുവാന്‍ അവസരമുണ്ട്. താരം പരമ്പര മുഴുവന്‍ കളിച്ചിരുന്നുവെങ്കില്‍ ഈ റെക്കോര്‍ഡുകള്‍ തീര്‍ച്ചയായും മറികടക്കുമായിരുന്നുവെങ്കിലും ആദ്യ ടെസ്റ്റില്‍ മാത്രം കളിക്കുവാനുള്ള തീരുമാനം എടുത്തതോടെ ആദ്യ ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തിനെ ആശ്രയിച്ചിരിക്കും താരത്തിനു ഇവരെ മറികടക്കുവാനാകുമോയെന്നത്.

1999ല്‍ അരങ്ങേറ്റം കുറിച്ചുവെങ്കിലും 2010ല്‍ മുരളീധരന്‍ റിട്ടയര്‍ ചെയ്യുന്നത് വരെ താരത്തിനു പിന്നില്‍ നിഴലായി നില്‍ക്കുവാന്‍ വിധിക്കപ്പെട്ട താരമായിരുന്നു രംഗന ഹെരാത്ത്. ഈ പത്ത് വര്‍ഷത്തെ കാലയളവില്‍ 22 ടെസ്റ്റ് മത്സരങ്ങള്‍ മാത്രമാണ് ഹെരാത്ത് കളിച്ചിട്ടുള്ളത്. അതില്‍ 71 വിക്കറ്റുകള്‍ താരം സ്വന്തമാക്കി.

അതിനു ശേഷം ശ്രീലങ്ക കളിച്ച 81 ടെസ്റ്റില്‍ 70 എണ്ണത്തിലും ഹെരാത്ത് കളിച്ചു. ഇതില്‍ നിന്ന് 359 വിക്കറ്റാണ് ഹെരാത്ത് സ്വന്തമാക്കിയിട്ടുള്ളത്. നൂറു ടെസ്റ്റ് മത്സരം കളിച്ച് കരിയര്‍ അവസാനിപ്പിച്ചുകൂടെ എന്ന ചോദ്യത്തിനു നൂറ് ടെസ്റ്റുകള്‍ കളിക്കുക എന്നത് ഏറെ മഹത്തരമായ നേട്ടമാണെങ്കില്‍ സത്യസന്ധമായ താന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഹെരാത്ത് മറുപടി പറഞ്ഞത്.

നൂറ് ടെസ്റ്റ് മത്സരങ്ങളെന്ന നേട്ടം സ്വന്തമാക്കാനാകില്ലെങ്കിലും ഗോളില്‍ നൂറ് ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന താരമായി മുത്തയ്യ മുരളീധരനു പിന്നില്‍ നില്‍ക്കുവാന്‍ ഹെരാത്തിനു സാധ്യമായേക്കും.

ആദ്യ 20നുള്ളില്‍ എത്തി കേശവ് മഹാരാജ്

ലങ്കയില്‍ ദക്ഷിണാഫ്രിക്കയുടെ ആകെ ആശ്വാസമായി മാറിയ കേശവ് മഹാരാജിനു റാങ്കിംഗില്‍ മുന്നേറ്റം. ശ്രീലങ്കയ്ക്കെതിരെ ഒരിന്നിംഗ്സില്‍ 9 വിക്കറ്റ് നേടിയ മഹാരാജ് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 18ാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു. ഒരു ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ നേടുന്ന ഏറ്റവും അധികം പോയിന്റുകളില്‍ രണ്ടാം സ്ഥാനത്താണ് കേശവ് മഹാരാജ് ഇപ്പോള്‍. 2009ല്‍ പോള്‍ ഹാരിസ് നേടിയ 705 റേറ്റിംഗ് പോയിന്റാണ് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരില്‍ ഏറ്റവും അധികം പോയിന്റ്.

ദില്‍രുവന്‍ പെരേര 23ാം റാങ്കിലേക്ക് ഉയര്‍ന്നപ്പോള്‍ അകില ധനന്‍ജയ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 39ാം സ്ഥാനത്തെത്തി. രംഗന ഹെരാത്ത് എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ദുരിതത്തിനു അവസാനം, കൊളംബോ ടെസ്റ്റും ജയിച്ച് ശ്രീലങ്ക

ദക്ഷിണാഫ്രിക്കയുടെ മറക്കാനാഗ്രഹിക്കുന്ന ലങ്കന്‍ ടെസ്റ്റ് പരമ്പരയ്ക്ക് അവസാനം. ഇന്ന് കൊളംബോ ടെസ്റ്റിന്റെ നാലാം ദിവസം 290 റണ്‍സിനു പുറത്താകുമ്പോള്‍ ത്യൂണിസ് ഡി ബ്രൂയിന്‍ പൊരുതി നേടിയ ശതകം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഊറ്റം കൊള്ളാവുന്ന പ്രകടനം. 139/5 എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ആറാം വിക്കറ്റില്‍ സ്കോര്‍ 236 വരെ എത്തിച്ചിരുന്നു.

123 റണ്‍സാണ് ത്യൂണിസ്-ബാവുമ കൂട്ടുകെട്ട് നേടിയത്. 63 റണ്‍സ് നേടിയ ടെംബ ബാവുമയെ പുറത്താക്കി രംഗന ഹെരാത്ത് ആണ് മത്സരത്തില്‍ ശ്രീലങ്ക കാത്തിരുന്ന ബ്രേക്ക് നല്‍കിയത്. അതിനു ശേഷം ക്വിന്റണ്‍ ഡിക്കോക്കിനെയും ഹെരാത്ത് മടക്കിയപ്പോള്‍ ലങ്കന്‍ ജയം ഉറപ്പാകുകയായിരുന്നു. കാഗിസോ റബാഡയുമായി(18) ചേര്‍ന്ന് ത്യൂണിസ് ഡി ബ്രൂയിന്‍ പൊരുതി നോക്കിയെങ്കിലും ശതകം പൂര്‍ത്തിയാക്കിയ ഉടനെ ഡി ബ്രൂയിനെ ഹെരാത്ത് മടക്കി. മൂന്ന് പന്തുകള്‍ക്കപ്പുറം റബാഡയുടെ ചെറുത്ത്നില്പിനെ ദില്‍രുവന്‍ പെരേരയും അവസാനിപ്പിച്ചു. 86.5 ഓവറില്‍ 290 റണ്‍സ് നേടിയാണ് ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചത്. മത്സരത്തില്‍ ശ്രീലങ്ക 199 റണ്‍സിനു വിജയിച്ചു.

ശ്രീലങ്കയ്ക്കായി രംഗന ഹെരാത്ത് ആറും ദില്‍രുവന്‍ പെരേര അകില ധനന്‍ജയ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

5 വിക്കറ്റുകള്‍ അകലെ ശ്രീലങ്കന്‍ ജയം

കൊളംബോയില്‍ അഞ്ച് വിക്കറ്റകലെ ശ്രീലങ്കന്‍ ജയം. 490 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 139/5 എന്ന നിലയിലാണ്. രംഗന ഹെരാത്ത്, അകില ധനന്‍ജയ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ദില്‍രുവന്‍ പെരേരയ്ക്ക് ഒരു ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് ലഭിച്ചു.

ഒന്നാം വിക്കറ്റ് വീണ ശേഷം ഇറങ്ങിയ ത്യൂണിസ് ഡി ബ്രൂയിന്‍ ആണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിക്കുന്നത്. 45 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന താരത്തിനു കൂട്ടായി 14 റണ്‍സുമായി ടെംബ ബാവുമയും ക്രീസില്‍ നില്‍ക്കുന്നു. ഡീന്‍ എല്‍ഗാര്‍ 37 റണ്‍സ് നേടി പുറത്തായി.

351 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ തോല്‍വിയുടെ ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യം മാത്രമാവുമുണ്ടാകുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version