ആഷസ് വിജയം ഉറപ്പിക്കുവാന്‍ ഇന്ത്യയ്ക്കെതിരെയുള്ള പ്രകടനത്തെക്കാള്‍ മികച്ച പ്രകടനം ലയൺ ഇംഗ്ലണ്ടിനെതിരെ പുറത്തെടുക്കണം

ഇന്ത്യയ്ക്കെതിരെയുള്ള പ്രകടനത്തെക്കാള്‍ മികച്ച പ്രകടനം ഓസീസ് സ്പിന്നര്‍ നഥാന്‍ ലയണും പേസര്‍മാരും പുറത്തെടുക്കുമെന്ന് പറഞ്ഞ് മുന്‍ താരം മൈക്കൽ ക്ലാര്‍ക്ക്. നഥാന്‍ ലയണും പേസര്‍മാരും ഇന്ത്യയ്ക്കെതിരെ ഫോം ഔട്ട് ആയതിൽ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് താന്‍ കരുതുന്നതെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഇന്ത്യയോട് പരാജയമേറ്റു വാങ്ങിയ ശേഷമുള്ള വിമര്‍ശനങ്ങള്‍ക്ക് ആഷസ് വിജയിച്ച് ഓസ്ട്രേലിയ മറുപടി നല്‍കുമെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.

പ്രതിരോധം പടുത്തുയര്‍ത്തി വിഹാരിയും അശ്വിനും, സിഡ്നി ടെസ്റ്റ് സമനിലയിലാക്കി ഇന്ത്യ

ഋഷഭ് പന്തും ചേതേശ്വര്‍ പുജാരയും തങ്ങളുടെ മികച്ച ഇന്നിംഗ്സുകള്‍ക്ക് ശേഷം പുറത്തായി മടങ്ങുമ്പോളും സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ പ്രയാസമായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ചെറുത്ത്നില്പായിരുന്നു. രവിചന്ദ്രന്‍ അശ്വിനും ഹനുമ വിഹാരിയും ബോഡി ബ്ലോവും പരിക്കും എല്ലാം വകവയ്ക്കാതെ പ്രതിരോധ മതില്‍ പണിതപ്പോള്‍ സിഡ്നി ടെസ്റ്റില്‍ സമനില നേടുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചു.

ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 131 ഓവറില്‍ നിന്ന് 334 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഋഷഭ് പന്ത് ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും പന്തിനെയും ചേതേശ്വര്‍ പുജാരയെയും പുറത്താക്കി മത്സരത്തിലേക്ക് ഓസ്ട്രേലിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

Cheteshwarpujara

ഋഷഭ് പന്ത് 97 റണ്‍സ് നേടി പുറത്തായ ശേഷം അധികം വൈകാതെ 77 റണ്‍സ് നേടിയ പുജാരയെയും ഇന്ത്യയ്ക്ക് നഷ്ടമായതോടെ ടീം 272/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. അവസാന സെഷനിലേക്ക് മത്സരം കടക്കുമ്പോള്‍ മേല്‍ക്കൈ ഓസ്ട്രേലിയയ്ക്കായിരുന്നുവെങ്കിലും രവിചന്ദ്രന്‍ അശ്വിനും ഹനുമ വിഹാരിയും പടുത്തുയര്‍ത്തിയ കനത്ത പ്രതിരോധം ഭേദിക്കുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല.

നേരത്തെ ഋഷഭ് പന്തിന്റെ രണ്ട് ക്യാച്ചുകള്‍ കൈവിട്ട ടിം പെയിന്‍ മത്സരം അവസാന പത്തോവറിലേക്ക് കടന്നപ്പോള്‍ ഹനുമ വിഹാരിയുടെയും ക്യാച്ച് കൈവിടുന്നതാണ് കണ്ടത്. 258 പന്തില്‍ നിന്ന് 62 റണ്‍സിന്റെ കൂട്ടുകെട്ടാണ് അശ്വിനും ഹനുമ വിഹാരിയും ചേര്‍ന്ന് നേടിയത്.

അശ്വിന്‍ 128 പന്ത് നേരിട്ട് 39 റണ്‍സ് നേടിയപ്പോള്‍ വിഹാരി 23 റണ്‍സ് നേടുവാന്‍ 161 പന്തുകള്‍ നേരിട്ടു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ നാല് ക്യാച്ചുകളാണ് കൈവിട്ടത്. ഇതില്‍ മൂന്നെണ്ണം കൈവിട്ടത് ക്യാപ്റ്റന്‍ ടിം പെയിന്‍ ആണ്.

ഒരു സെഷന്‍, ഇന്ത്യയ്ക്ക് വേണ്ടത് 127 റണ്‍സ്, ഓസ്ട്രേലിയയ്ക്ക് വേണ്ടത് 5 വിക്കറ്റ്

സിഡ്നി ടെസ്റ്റ് അവസാന സെഷനിലേക്ക് നീങ്ങുമ്പോള്‍ ഇരു ടീമുകള്‍ക്കും വിജയ സാധ്യത. എന്നാല്‍ തങ്ങളുടെ പ്രധാന ബാറ്റ്സ്മാന്മാര്‍ പവലിയനിലേക്ക് മടങ്ങിയതിനാല്‍ തന്നെ ഇന്ത്യ ഇനി അവശേഷിക്കുന്ന 36 ഓവറുകളെ അതിജീവിക്കുവാനുള്ള ശ്രമത്തിലാണെങ്കില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി പരമ്പരയില്‍ 2-1ന്റെ ലീഡ് നേടുവാനാകും ഓസ്ട്രേലിയ ലക്ഷ്യം വയ്ക്കുന്നത്.

96 ഓവറില്‍ ഇന്ത്യ 280/5 എന്ന നിലയിലാണ് ബാറ്റ് വീശുന്നത്. 7 റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനും  4 റണ്‍സുമായി  ഹനുമ വിഹാരിയും ആണ് ക്രീസിലുള്ളത്. ഇന്ന് വീണ മൂന്ന് വിക്കറ്റില്‍ രണ്ടും വീഴ്ത്തിയത് നഥാന്‍ ലയണ്‍ ആണ്. ഹാസല്‍വുഡിന് 77 റണ്‍സ് നേടിയ പുജാരയുടെ വിക്കറ്റ് നേടാനായി. 97 റണ്‍സ് നേടിയ ഋഷഭ് പന്ത് പുറത്താകുന്നത് വരെ ഇന്ത്യ മത്സരത്തില്‍ വിജയ പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്നു.

രണ്ട് സെഷനുകള്‍, 201 റണ്‍സ്, സിഡ്നി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു

ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ നേരത്തെ നഷ്ടമായെങ്കിലും ഋഷഭ് പന്തും ചേതേശ്വര്‍ പുജാരയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ലഞ്ച് വരെ ഇന്ത്യയെ എത്തിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ 206/3 എന്ന നിലയിലാണ്. 98/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് നാല് റണ്‍സ് കൂടി നേടുന്നതിനിടെ രഹാനെയെ നഷ്ടമായി.

4 റണ്‍സ് നേടിയ താരത്തെ നഥാന്‍ ലയണ്‍ ആണ് പുറത്താക്കിയത്. പിന്നീട് 104 റണ്‍സ് കൂട്ടുകെട്ടാണ് പന്തും പുജാരയും ചേര്‍ന്ന് നേടിയത്. പുജാര പതിവ് ശൈലിയില്‍ ഒരു വശത്ത് നങ്കൂരമിട്ടപ്പോള്‍ ഋഷഭ് പന്ത് 73 റണ്‍സ് നേടി ഇന്ത്യയുടെ പ്രതീക്ഷകളെയും കാത്ത് സൂക്ഷിച്ചു.

പുജാര 41 റണ്‍സാണ് നേടി നില്‍ക്കുന്നത്. ഋഷഭ് പന്തിന്റെ രണ്ട് ക്യാച്ചുകള്‍ ടിം പെയിന്‍ കൈവിട്ടതും മത്സരത്തെ കൂടുതല്‍ ആവേശകരമാക്കി.

രോഹിത് ശര്‍മ്മയെ വരിഞ്ഞുകെട്ടുവാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ മെനഞ്ഞ് കഴിഞ്ഞു – നഥാന്‍ ലയണ്‍

ഐപിഎലില്‍ ഏറ്റ പരിക്ക് കാരണം ഓസ്ട്രേലിയയില്‍ വൈകി മാത്രമാണ് രോഹിത് ശര്‍മ്മ ടീമിനൊപ്പം ചേരുവാനെത്തിയത്. പരിമിത ഓവര്‍ പരമ്പര നഷ്ടമായ താരം ഇന്ത്യന്‍ ടീമിനൊപ്പം ഏതാനും ദിവസം മുമ്പാണ് തന്റെ ക്വാറന്റീന്‍ കഴിഞ്ഞ് ചേര്‍ന്നത്. സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ താരത്തിന് മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ താരം നഥാന്‍ ലയണ്‍ രംഗത്തെത്തിക്കഴിഞ്ഞു.

രോഹിത്തിനെ പിടിച്ചുകെട്ടുവാനുള്ള തന്ത്രങ്ങള്‍ തങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് ലയണ്‍ പറഞ്ഞത്. രോഹിത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണെന്നിരിക്കെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി താരം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. അതേ സമയം ഈ വെല്ലുവിളി സ്വീകരിച്ച് തങ്ങള്‍ രോഹിത്തിനെ നേരിടുമെന്ന് വിര്‍ച്വല്‍ പത്ര സമ്മേളനത്തില്‍ ലയണ്‍ സൂചിപ്പിച്ചു.

താരത്തിന് പകരം ആരെ ഇന്ത്യ പുറത്തിരുത്തുമെന്ന് നോക്കേണ്ടതുണ്ടെന്നും ലയണ്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ പക്കല്‍ രോഹിത്തിനെ പൂട്ടുവാനുള്ള പദ്ധതികള്‍ തയ്യാറാണെന്നും താരത്തെ വേഗത്തില്‍ പുറത്താക്കുക എന്നതാവും ടീമിന്റെ ലക്ഷ്യമെന്നും ലയണ്‍ വ്യക്തമാക്കി.

പരാതി പറയാതെ മുന്നോട്ട് പോകുക – നഥാന്‍ ലയണ്‍

ബയോ ബബിളിലെ ജീവിതത്തെക്കുറിച്ചുള്ള പരാതികള്‍ ക്രിക്കറ്റര്‍മാര്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം എന്തെന്ന് വെളിപ്പെടുത്തി നഥാന്‍ ലയണ്‍. പരാതികള്‍ പറയാതെ ഈ സാഹചര്യം മനസ്സിലാക്കി ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കുക എന്നതാണ് തനിക്ക് പറയാനുള്ളതെന്ന് നഥാന്‍ ലയണ്‍ വ്യക്തമാക്കി.

ബ്രിസ്ബെയിനില്‍ വീണ്ടും ക്വാറന്റീന് വിധേയരാകേണ്ടി വരും എന്നതിനോട് ഇന്ത്യന്‍ താരങ്ങള്‍ക്ക് താല്പര്യമില്ലെന്ന് അറിയിച്ചതോടെ പരമ്പരയിലെ നാലാമത്തെ മത്സരം മറ്റൊരു വേദിയില്‍ നടക്കേണ്ട സാഹചര്യമാണിപ്പോളുള്ളത്. ഇന്ത്യന്‍ താരങ്ങള്‍ക്കായി ക്വാറന്റീന്‍ നിയമങ്ങള്‍ മാറ്റാനാകില്ല എന്നാണ് ക്യൂന്‍സ്‍ലാന്‍ഡിലെ സര്‍ക്കാരും വ്യക്തമാക്കിയത്.

ഇരു ടീമുകളിലും ആറ് മാസത്തോളമായി ബയോ ബബിളില്‍ കഴിയുന്ന താരങ്ങളുണ്ടെന്നത് സത്യമാണെങ്കിലും ക്രിക്കറ്റിന്റെ നിലനില്പിനായി ഈ ചെറിയ ത്യാഗം സഹിച്ച് കളിക്കുവാന്‍ താരങ്ങള്‍ തയ്യാറാകണമെന്ന് ലയണ്‍ പറഞ്ഞു. നമ്മള്‍ സ്നേഹിക്കുന്ന ഈ ഗെയിമിന് വേണ്ടിയും പല ആളുകളുടെ മുഖത്ത് പുഞ്ചിരി കൊണ്ടു വരുവാനും ഇത് ഉപകരിക്കുമെന്ന് ലയണ്‍ വ്യക്തമാക്കി.

ഇന്ത്യ 326 റണ്‍സിന് പുറത്ത്, 131 റണ്‍സ് ലീഡ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 326 റണ്‍സില്‍ അവസാനിച്ചു. 277/5 എന്ന രണ്ടാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 17 റണ്‍സ് കൂടി നേടുന്നതിനിടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ നഷ്ടമായി. 112 റണ്‍സ് നേടിയ താരം രവീന്ദ്ര ജഡേജയുമായി 121 റണ്‍സ് കൂട്ടുകെട്ട് നേടിയ ശേഷമാണ് മടങ്ങിയത്.

രഹാനെ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. അധികം വൈകാതെ 57 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. വാലറ്റം 20 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ 131 റണ്‍സ് ലീഡില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലയണും മൂന്ന് വീതം വിക്കറ്റും പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് നേടി.

പുജാരയ്ക്കായി ഇനിയും പലതും ഓസ്ട്രേലിയ ഒരുക്കിവെച്ചിട്ടുണ്ട് – നഥാന്‍ ലയണ്‍

കഴിഞ്ഞ തവണ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയുടെ പ്രധാന തുറുപ്പ് ചീട്ട് ചേതേശ്വര്‍ പുജാരയായിരുന്നു. അഡിലെയ്ഡ് ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി കൂടി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇനിയുള്ള ചുമതല കൂടുതലായി പുജാരയുടെ ചുമലിലാണ് വരുന്നത്.

2018-19 പര്യടനത്തില്‍ 521 റണ്‍സുമായി ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. അഡിലെയ്ഡില്‍ അത്ര മികച്ച പ്രകടനം താരത്തില്‍ നിന്നുണ്ടായില്ലെങ്കിലും ആദ്യ ഇന്നിംഗ്സില്‍ പുജാര 43 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സില്‍ താരം അക്കൗണ്ട് തുറക്കാതെ മടങ്ങി.

പുജാരയ്ക്കായി ഓസ്ട്രേലിയയുടെ കൈവശം ഇനിയും പല അത്ഭുതങ്ങളുമുണ്ടെന്നാണ് താരത്തിന് മുന്നറിയിപ്പെന്ന നിലയില്‍ ലയണ്‍ പറഞ്ഞത്. ആദ്യ ടെസ്റ്റില്‍ താരത്തിനെതിരെ വിജയം കൈവരിക്കുവാനായ ടീമിന് പരമ്പരയില്‍ ഇനിയും അത് സാധ്യമാണെന്ന് ലയണ്‍ പറഞ്ഞു.

തനിക്ക് ഈ രഹസ്യങ്ങള്‍ പുറത്ത് വിടാനാവില്ലെങ്കിലും ലോകോത്തര ബാറ്റ്സ്മാനെന്ന നിലയില്‍ പുജാര ഉയര്‍ത്തുവാന്‍ പോകുന്ന വെല്ലുവിളിയെക്കുറിച്ച് തനിക്കും ടീമിനും ബോധ്യമുണ്ടെന്നും അതിനെ തടയിടുവാനുള്ള പദ്ധതികള്‍ ടീമിന്റെ കൈവശമുണ്ടെന്നും ലയണ്‍ സൂചിപ്പിച്ചു.

രണ്ട് വര്‍ഷം മുമ്പത്തെക്കാള്‍ കരുത്തരാണ് ഓസ്ട്രേലിയ – നഥാന്‍ ലയണ്‍

കേപ് ടൗണിലെ സംഭവങ്ങള്‍ക്ക് ശേഷം തകര്‍ന്ന ഓസ്ട്രേലിയയെക്കാള്‍ കരുത്തരായ ഓസ്ട്രേലിയയാണ് ഇപ്പോള്‍ കളത്തിലുള്ളതെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ നിര സ്പിന്നര്‍ നഥാന്‍ ലയണ്‍. ഇന്ത്യയ്ക്കെതിരെ രണ്ട് വര്‍ഷം മുമ്പ് ടീം പരമ്പര കൈവിട്ടുവെങ്കിലും ഇപ്രാവശ്യം അതായിരിക്കില്ല സംഭവമെന്ന് നഥാന്‍ ലയണ്‍ വ്യക്തമാക്കി.

2018-19 പരമ്പരയില്‍ ഇന്ത്യ എത്ര മികച്ച രീതിയിലാണ് കളിച്ചതെന്ന് ഓസ്ട്രേലിയയ്ക്ക് അറിയാമെന്നും എന്നാല്‍ അത് ടീം സംസാരിച്ച് അതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ലയണ്‍ വ്യക്തമാക്കി. തന്റെ പദ്ധതികള്‍ എന്തെല്ലാമെന്ന് തനിക്ക് ഇപ്പോള്‍ പറയാനാകില്ലെന്നും എന്നാല്‍ രണ്ട് വര്‍ഷത്തിന് മുമ്പത്തെ സാഹചര്യത്തെക്കാള്‍ കരുത്തുറ്റ സ്ഥിതിയിലാണ് ഓസ്ട്രേലിയ ഇപ്പോളുള്ളതെന്നും ലയണ്‍ സൂചിപ്പിച്ചു.

താന്‍ ഭാഗമായിട്ടുള്ളതില്‍ ഏറ്റവും കരുത്തുറ്റ ഓസ്ട്രേലിയന്‍ ടീമാണ് ഇതെന്നും നഥാന്‍ ലയണ്‍ അഭിപ്രായപ്പെട്ടു.

“അശ്വിനെക്കാൾ മികച്ച സ്പിന്നർ നാഥൻ ലിയോൺ”

ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനെക്കാൾ ടെസ്റ്റിൽ മികച്ച സ്പിന്നർ ഓസ്‌ട്രേലിയൻ സ്പിന്നർ നാഥാൻ ലിയോൺ ആണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. തന്റെ യൂടുബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര. അടുത്തിടെ ടെസ്റ്റിൽ ഓസ്‌ട്രേലിയൻ സ്പിന്നർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും താരത്തിന്റെ ആക്ഷൻ മികച്ചതാണെന്നും താരത്തിന് പന്തെറിയുമ്പോൾ മികച്ച ബൗൺസ് ലഭിക്കാറുണ്ടെന്നും ആകാശ് ചോപ്ര പറഞ്ഞു.

സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളിൽ അശ്വിനും നാഥാൻ ലിയോണും മത്സരിച്ചാൽ അശ്വിനാണ് മികച്ച പ്രകടനം പുറത്തെടുക്കുകയെന്നും ആകാശ് ചോപ്ര പറഞ്ഞു. ഈ സാഹചര്യങ്ങളിൽ അശ്വിൻ നാഥാൻ ലിയോണിനെക്കാൾ ഒരുപാട് മുൻപിലാണെന്നും എതിർ ടീമിനെതിരെ തുടർച്ചയായി വിക്കറ്റ് എടുക്കാൻ അശ്വിന് കഴിയുമെന്നും ആകാശ് ചോപ്ര പറഞ്ഞു. എന്നാൽ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ സ്പിന്നിനെ തുണക്കാത്ത പിച്ചുകളിൽ നാഥാൻ ലിയോൺ അശ്വിനെക്കാൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ആകാശ് ചോപ്ര പറഞ്ഞു.

ഇന്ത്യയുടെ പുതിയ മതിലാണ് ചേതേശ്വര്‍ പുജാര, താരം റഡാറിന് കീഴെ സഞ്ചരിക്കുന്നവന്‍

ഇന്ത്യന്‍ നിരയിലെ പുതിയ മതിലാണ് ചേതേശ്വര്‍ പുജാരയെന്ന് അഭിപ്രായപ്പെട്ട് നഥാന്‍ ലയണ്‍. ഇന്ത്യയുടെ കഴിഞ്ഞ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ചേതേശ്വര്‍ പുജാരയെ നഥാന്‍ വിശേഷിപ്പിക്കുന്നത് റഡാറിന് കീഴില്‍ പറക്കുന്നവനെന്നാണ്. ചേതേശ്വര്‍ പുജാരയ്ക്കെതിരെ പ്രത്യേക പദ്ധതികള്‍ ഓസ്ട്രേലിയന്‍ ടീം സൃഷ്ടിക്കാറുണ്ടന്നും ലയണ്‍ വ്യക്തമാക്കി.

സാഹചര്യത്തിനനുസരിച്ച് തന്റെ കളിയെ മാറ്റിയെടുത്ത താരമാണ് പുജാരയെന്നും കഴിഞ്ഞ തവണ അദ്ദേഹം ഇന്ത്യയുടെ പുതിയ മതിലായി തന്നെ രൂപാന്തരപ്പെടുകയായിരുന്നുവെന്ന് ലയണ്‍ സൂചിപ്പിച്ചു. ഇത്തിരി ഭാഗ്യം കൂടി താരത്തെ തുണച്ചുവെങ്കിലും ഒരാള്‍ മികച്ച രീതിയില്‍ കളിക്കുമ്പോള്‍ ഭാഗ്യത്തിന്റെ പിന്തുണ സ്വാഭാവികമാണെന്നും ലയണ്‍ അഭിപ്രായപ്പെട്ടു.

വരുന്ന പരമ്പരയില്‍ തങ്ങള്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി പുജാരയെ റഡാറില്‍ പിടിക്കുമെന്നും ലയണ്‍ കൂട്ടിചര്‍ത്തു.

കൗണ്ടി കരാര്‍ നഷ്ടമാകുന്ന മൂന്നാമത്തെ വിദേശ താരമായി ഓസ്ട്രേലിയന്‍ താരം നഥാന്‍ ലയണ്‍

കൊറോണ വ്യാപനം മൂലം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് അവതാളത്തിലായപ്പോള്‍ കരാര്‍ നഷ്ടമാകുന്ന മറ്റൊരു താരം ആയി നഥാന്‍ ലയണ്‍. ഹാംഷയറും നഥാന്‍ ലയണും കരാര്‍ റദ്ദാക്കാമെന്ന സംയുക്ത തീരുമാനത്തില്‍ എത്തിച്ചേരുകയായിരുന്നുവെന്നാണ് അറിയുന്നത്. തീരുമാനം പൂര്‍ണ്ണമായ തോതില്‍ മനസ്സിലാക്കിയ നഥാന്‍ ലയണിന് നന്ദി അറിയിക്കുവാന്‍ കൗണ്ടി ക്ലബ്ബിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ജൈല്‍സ് വൈറ്റ് മടി വിചാരിച്ചില്ല.

അടുത്ത സീസണില്‍ താരത്തെ ക്ലബ്ബിലേക്ക് എത്തിക്കുവാന്‍ തങ്ങള്‍ക്കാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മൈക്കല്‍ നീസറിനും ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാരയ്ക്കും ശേഷം കരാര്‍ നഷ്ടമാകുന്ന മൂന്നാമത്തെ വിദേശ താരമാണ് നഥാന്‍ ലയണ്‍.

Exit mobile version