സിംബാബ്‍വേ പരമ്പരയ്ക്ക് താന്‍ തിരിച്ചെത്തുമെന്ന് വിശ്വാസം പ്രകടിപ്പിച്ച് ബംഗ്ലാദേശ് താരം

സിംബാബ്‍വേ പര്യടനത്തിനു മുമ്പ് തനിക്ക് പൂര്‍ണ്ണ ഫിറ്റായി കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കുര്‍ റഹിം. വാരിയെല്ലിനേറ്റ പരിക്കാണ് താരത്തിനെ ഇപ്പോള്‍ വിശ്രമത്തില്‍ ഏര്‍പ്പെടുവാന്‍ പ്രേരിപ്പിക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ താരം റീഹാബിലിറ്റേഷന്‍ പ്രക്രിയ കഴിഞ്ഞ് ബാറ്റിംഗ് പരിശീലനം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏഷ്യ കപ്പിനിടെയാണ് താരത്തിനു പരിക്കേറ്റ്ത.

ഒക്ടോബര്‍ 21നാണ് സിംബാബ്‍വേ ബംഗ്ലാദേശ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളിലും രണ്ട് ടെസ്റ്റ് മത്സരങ്ങളിലുമാണ് ബംഗ്ലാദേശും സിംബാബ്‍വേയും ഏറ്റുമുട്ടുന്നത്. നിലവില്‍ ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പെടെ ഒട്ടനവധി താരങ്ങള്‍ ബംഗ്ലാദേശ് നിരയില്‍ പരിക്കിന്റെ പിടിയിലാണെന്നിരിക്കെ റഹിമിനു കളിക്കുവാനായാല്‍ അത് ബംഗ്ലാദേശിനു ഏറെ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.

ഷാക്കിബ് അല്‍ ഹസന്‍ മൂന്ന് മാസത്തേക്ക് പുറത്തിരിക്കുമെന്ന് ഉറപ്പാണെങ്കില്‍ തമീം രണ്ടാം ടെസ്റ്റില്‍ മാത്രമേ ബംഗ്ലാദേശിനു വേണ്ടി കളിക്കുകയുള്ളുവെന്നാണ് അറിയുന്നത്. ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ താരം വേണ്ട സമയത്ത് തന്നെ കളത്തിലേക്ക് എത്തുമെന്നാണ് തങ്ങളുടെയും പ്രതീക്ഷയെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഫിസിഷ്യന്‍ ഡെബാഷിഷ് ചൗധരി പ്രത്യാശ പ്രകടിപ്പിച്ചത്.

റഹീമിനെ നിലനിര്‍ത്താതെ രാജ്ഷാഹി കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന മുഷ്ഫിക്കുര്‍ റഹിമിനെ നിലനിര്‍ത്തേണ്ടെന്ന് തീരുമാനിച്ച് രാജ്ഷാഹി കിംഗ്സ്. കഴിഞ്ഞ പതിപ്പിലെ ക്യാപ്റ്റനെ നിലനിര്‍ത്താത്ത ഏക ടീമും ഇതോടെ രാജ്ഷാഹി കിംഗ്സ് ആയി. ഒക്ടോബര്‍ 25നു പ്ലേയര്‍ ഡ്രാഫ്ട് നടക്കുവാനിരിക്കെയാണ് ഈ തീരുമാനംം. സെപ്റ്റംബര്‍ 30നായിരുന്നു ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക നല്‍കേണ്ടിയിരുന്ന അവസാന തീയ്യതി. റഹിമിനെ നിലനിര്‍ത്തിയില്ലെങ്കിലും മോമിനുള്‍ ഹക്ക്, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, സക്കീര്‍ ഹസന്‍ എന്നിവരെ ടീം നിലനിര്‍ത്തിയിട്ടുണ്ട്.

ടീമിന്റെ ഘടനയ്ക്ക് വേണ്ടിയാണ് താരത്തിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീുമാനിച്ചതെന്ന് ടീമിന്റെ സിഇഒ തഹമിദ് അസീസുള്‍ അഭിപ്രായപ്പെട്ടു. A+ വിഭാഗത്തില്‍പ്പെട്ട മുസ്തഫിസുര്‍ റഹ്മാനെ ടീം നിലിര്‍ത്തിയതിനാല്‍ ടീമില്‍ രണ്ട് ഐക്കണ്‍ താരങ്ങള്‍ വരുന്ന സ്ഥിതി വന്നതിനാലാണ് താരത്തെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് അസീസുള്‍ പറഞ്ഞു.

പൊരുതി നോക്കി ഇമാം-ഉള്‍-ഹക്ക്, പക്ഷേ പാക്കിസ്ഥാനു ഫൈനലിലെത്തിക്കാനായില്ല

തകര്‍ന്നടിഞ്ഞ പാക് ബാറ്റിംഗ് നിരയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഇമാം-ഉള്‍-ഹക്ക് 83 റണ്‍സ് നേടിയെങ്കിലും ടീമിനെ ഫൈനലിലേക്ക് എത്തിക്കാന്‍ താരത്തിനു കഴിയാതെ പോയതോടെ ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. 50 ഓവറില്‍ പാക്കിസ്ഥാന്‍ ഇന്നിംഗ്സ് 202 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 37 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് മത്സരത്തില്‍ സ്വന്തമാക്കിയത്. 9 വിക്കറ്റുകളാണ് പാക്കിസ്ഥാനു നഷ്ടമായത്.

239 റണ്‍സിനു ബംഗ്ലാദേശിനെ പുറത്താക്കി ലക്ഷ്യം നേടുവാനിങ്ങിയ പാക്കിസ്ഥാനു ഞെട്ടിക്കുന്ന തുടക്കമാണ് മത്സരത്തില്‍ ലഭിച്ചത്. 18/3 എന്ന നിലയിലേക്ക് തകര്‍ന്ന പാക്കിസ്ഥാനെ ഇമാമും ഷൊയ്ബ് മാലിക്കും ചേര്‍ന്ന് നേടിയ 67 റണ്‍സിന്റെ ബലത്തില്‍ വീണ്ടും ട്രാക്കിലാക്കുമെന്ന് കരുതിയെങ്കിലും മാലിക്കിനെയും(30) ഷദബ് ഖാനെയും ഏതാനും ഓവറുകള്‍ക്കിടെ നഷ്ടമായി പാക്കിസ്ഥാന്‍ 94/5 എന്ന നിലയിലാകുകയായിരുന്നു.

പിന്നീട് മെല്ലെയെങ്കിലും ചെറിയ ലക്ഷ്യത്തിനോട് അടുത്തെത്തുവാന്‍ ഇമാം-ഉള്‍-ഹക്കും ആസിഫ് അലിയും ചേര്‍ന്ന് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുകയായിരുന്നു. 40ാം ഓവറില്‍ 31 റണ്‍സെടുത്ത മെഹ്ദി ഹസനെ നഷ്ടമാകുമ്പോള്‍ പാക്കിസ്ഥാന്‍ ലക്ഷ്യത്തിനു 75 റണ്‍സ് അകലെയായിരുന്നു.

മഹമ്മദുള്ള എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ഇമാം-ഉള്‍-ഹക്കും പുറത്തായതോടെ പാക്കിസ്ഥാന്‍ മത്സരത്തിലെ പ്രതീക്ഷകള്‍ കൈവിടുകയായിരുന്നു. ഇരു താരങ്ങളും സ്റ്റംപിംഗിലൂടെയാണ് പുറത്തായത്. ഇമാം-ഉള്‍-ഹക്ക് കൂടി പുറത്തായതോടെ പാക്കിസ്ഥാന്‍ വാലറ്റത്തെ വീണ്ടും ബൗളിംഗിനായി എത്തിയ മുസ്തഫിസുര്‍ റഹ്മാന്‍ തുടച്ച് നീക്കുകയായിരുന്നു.

മത്സരത്തില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാന്‍ നാലും മെഹ്ദി ഹസന്‍ രണ്ടും റൂബല്‍ ഹൊസൈന്‍, മഹമ്മദുള്ള, സൗമ്യ സര്‍ക്കാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മുഷ്ഫിക്കുര്‍ റഹിമിനും ശതകം നഷ്ടം, പാക്കിസ്ഥാന് ജയിക്കുവാന്‍ 240 റണ്‍സ്

ഏഷ്യ കപ്പിലെ സെമിയെന്ന വിശേഷിപ്പിക്കാവുന്ന പാക്കിസ്ഥാന്‍ ബംഗ്ലാദേശ് പോരാട്ടത്തില്‍ 239 റണ്‍സിനു ഓള്‍ഔട്ട ആയി ബംഗ്ലാദേശ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനു തുടക്കം നിരാശാജനകമായിരുന്നുവെങ്കിലും മുഷ്ഫിക്കുര്‍ റഹിം-മുഹമ്മദ് മിഥുന്‍ കൂട്ടുകെട്ട് ടീമിന്റെ രക്ഷയ്ക്കായി എത്തുകയായിരുന്നു. ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മോമിനുള്‍ ഇസ്ലാം എന്നിവരെ നഷ്ടമായി 12/3 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ബംഗ്ലാദേശിനെ ആ സാഹചര്യത്തില്‍ നിന്ന് 144 റണ്‍സ് കൂട്ടിചേര്‍ത്ത് നാലാം വിക്കറ്റില്‍ മിഥുന്‍-റഹിം കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്.

60 റണ്‍സ് നേടിയ മുഹമ്മദ് മിഥുനിനെ സ്വന്തം ബൗളിംഗില്‍ പിടിച്ച് പുറത്തായ ശേഷം ഒരു വശത്ത് മുഷ്ഫിക്കുര്‍ റഹിം നിന്ന് പൊരുതിയെങ്കിലും തന്റെ ശതകത്തിനരികെയെത്തിയപ്പോള്‍ താരം പുറത്താകുകയായിരുന്നു. 116 പന്തില്‍ നിന്ന് 99 റണ്‍സാണ് മുഷ്ഫിക്കുര്‍ റഹിം നേടിയത്. ഷഹീന്‍ അഫ്രീദിയ്ക്കായിരുന്നു വിക്കറ്റ്.

മഹമ്മദുള്ള 25 റണ്‍സ് നേടി ജുനൈദ് ഖാനിനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് 48.5 ഓവറില്‍. 221/6 എന്ന നിലയിലായിരുന്ന ബംഗ്ലാദേശ് മൂന്നോവറിനുള്ളില്‍ 18 റണ്‍സ് കൂടി നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. പാക്കിസ്ഥാനു വേണ്ടി ജുനൈദ് ഖാന്‍ നാലും ഷഹീന്‍ അഫ്രീദി, ഹസന്‍ അലി എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍  ഷദബ് ഖാന് ഒരു വിക്കറ്റ് ലഭിച്ചു.

ഏഷ്യ കപ്പില്‍ ശ്രീലങ്കയ്ക്ക് നാണംകെട്ട തുടക്കം

ലസിത് മലിംഗയുടെ മാസ്മരിക തിരിച്ചുവരവ് ഒഴിച്ച് നിര്‍ത്തിയാല്‍ ശ്രീലങ്കയ്ക്ക് ഏഷ്യ കപ്പില്‍ മറക്കുവാനാഗ്രഹിക്കുന്ന തുടക്കം. 262 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 124 റണ്‍സിനു പുറത്തായപ്പോള്‍ മത്സരത്തില്‍ ബംഗ്ലാദേശ് 137 റണ്‍സിന്റെ ജയം സ്വന്തമാക്കി. 35.2 ഓവറിലാണ് ലങ്ക ഓള്‍ഔട്ട് ആയത്.

ലസിത് മലിംഗ് എറിഞ്ഞ് തകര്‍ത്ത ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ മുഷ്ഫിക്കുര്‍ റഹിം വീണ്ടെടുത്ത് 261 റണ്‍സിലേക്ക് നയിച്ചപ്പോള്‍ ലക്ഷ്യം തേടിയിറങ്ങിയ ലങ്ക തുടക്കം മുതല്‍ പതറുകയായിരുന്നു. 144 റണ്‍സ് നേടിയ മുഷ്ഫിക്കുറിനെയും 63 റണ്‍സ് നേടിയ മുഹമ്മദ് മിഥുനിനെയും മാറ്റി നിര്‍ത്തിയാല്‍ തീര്‍ത്തും പരാജയമായിരുന്നു ബംഗ്ലാദേശ് ബാറ്റിംഗ് നിര. എന്നാല്‍ അതിലും പരാജയമായി മാറുകയാിയരുന്നു ലങ്കന്‍ താരങ്ങള്‍.

കൃത്യമായ ഇടവേളകളില്‍ ടീമിന്റെ വിക്കറ്റുകള്‍ വീഴ്ത്തി ഒരു ബാറ്റ്സ്മാന്മാരെയും നിലയുറപ്പിക്കുവാന്‍ അനുവദിക്കാതിരുന്ന ബംഗ്ലാദേശ് ബൗളര്‍മാര്‍ ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസകരമാക്കി. 29 റണ്‍സ് നേടിയ ദില്‍രുവന്‍ പെരേരയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഉപുല്‍ തരംഗ 27 റണ്‍സും സുരംഗ ലക്മല്‍ 20 റണ്‍സ് നേടി.

ബംഗ്ലാദേശിനായി മഷ്റഫേ മൊര്‍തസയും മെഹ്ദി ഹസനും മുസ്തഫിസുര്‍ റഹ്മാനും രണ്ട് വിക്കറ്റും റൂബല്‍ ഹൊസൈന്‍, ഷാക്കിബ് അല്‍ ഹസന്‍, മൊസ്ദൈക്ക് ഹൊസൈന്‍ എന്നിവര്‍ ഒരു വിക്കറ്റും നേടി.

മലിംഗയുടെ വിക്കറ്റുകള്‍ക്ക് ശേഷം മുഷ്ഫിക്കുര്‍ റഹീമിലൂടെ തിരിച്ചുവരവ് നടത്തി ബംഗ്ലാദേശ്

ലസിത് മലിംഗ തന്റെ അന്താരാഷ്ട്ര മടങ്ങിവരവ് ആഘോഷമാക്കിയ മത്സരത്തില്‍ തകര്‍ച്ചയില്‍ നിന്ന് മുഷ്ഫിക്കുര്‍ റഹിമിന്റെ ശതകത്തിന്റെ ബലത്തില്‍ 261 റണ്‍സിലേക്ക് നീങ്ങി ബംഗ്ലാദേശ്. ഒരു ഘട്ടത്തില്‍ 200 കടക്കുമോയെന്ന് സംശയിച്ച ഇന്നിംഗ്സ് 261 റണ്‍സിലേക്ക് എത്തിച്ചതില്‍ മുഷ്ഫിക്കുറിന്റെ ശ്രദ്ധേയമായ പ്രകടനം മാത്രമാണ്. അവസാന വിക്കറ്റില്‍ പൊട്ടലേറ്റ കൈക്കുഴയുമായി ക്രീസിലേക്കെത്തിയ തമീമുമായി ചേര്‍ന്ന് മുഷ്ഫിക്കുര്‍ അവസാന വിക്കറ്റില്‍ 32 റണ്‍സ് കൂടി നേടിയ ശേഷം 144 റണ്‍സ് നേടി പുറത്താകുകയായിരുന്നു. തമീം ഇക്ബാല്‍ 2 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യ ഓവറില്‍ തന്നെ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കന്‍ ടീമിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയ മലിംഗയുടെ രണ്ട് വിക്കറ്റ് നേട്ടത്തിനു ശേഷം ഏറെ വൈകാതെ ബംഗ്ലാദേശിനു തമീം ഇക്ബാലിനെ പരിക്കേറ്റ് നഷ്ടമായിരുന്നു. പിന്നീട് മുഷ്ഫിക്കുര്‍ റഹിമും മുഹമ്മദ് മിഥുനും ചേര്‍ന്ന് ടീമിനെ തിരികെ ട്രാക്കിലെത്തിക്കുകയായിരുന്നു.

63 റണ്‍സ് നേടിയ മുഹമ്മദ് മിഥുന്റെ വിക്കറ്റും ലസിത് മലിംഗ തന്നെയാണ് നേടിയത്. മിഥുന്‍ പുറത്താകുമ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ 134 റണ്‍സായിരുന്നു. പിന്നീട് മറ്റു താരങ്ങളുടെ ഭാഗത്ത് നിന്ന് വേണ്ടത്ര പിന്തുണ റഹിമിനു ലഭിച്ചില്ലെങ്കിലും താരം തന്റെ ശതകം പൂര്‍ത്തിയാക്കി ബംഗ്ലാദേശിന്റെ സ്കോര്‍ 200 കടത്തി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മുഷ്ഫിക്കുര്‍ റഹിമിന്റെ ബലത്തില്‍ ബംഗ്ലാദേശ് 49.3 ഓവറില്‍ 261 റണ്‍സ് നേടി ഓള്‍ഔട്ട് ആവുകയായിരുന്നു. 150 പന്തില്‍ നിന്ന് 11 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ താരത്തിന്റെ വീരോചിതമായ ഇന്നിംഗ്സ്. ഒരു ഘട്ടത്തില്‍ 195/7 എന്ന നിലയിലേക്കായ ബംഗ്ലാദേശിനെ ഓള്‍ഔട്ട് ആക്കുവാന്‍ കഴിയാതെ പോയത് ശ്രീലങ്കന്‍ ബൗളിംഗിന്റെ ദൗര്‍ബല്യമായി വിലയിരുത്തപ്പെടേണ്ടതാണ്.

അവസാന വിക്കറ്റില്‍ പരിക്കേറ്റ തമീം ഇക്ബാലിനെ ഒരുവശത്ത് നിര്‍ത്തി മുഷ്ഫിക്കുര്‍ ബംഗ്ലാദേശിന്റെ സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് മലിംഗ് 10 ഓവറില്‍ 23 റണ്‍സ് മാത്രം വിട്ടു നല്‍കി 4 വിക്കറ്റ് നേടിയപ്പോള്‍ ധനന്‍ജയ ഡി സില്‍വ രണ്ടും സുരംഗ ലക്മല്‍, അമില അപോന്‍സോ, തിസാര പെരേര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ആവേശപ്പോരില്‍ ജയം വിന്‍ഡീസിനു

അവസാന ഓവറില്‍ ജയിക്കാന്‍ 8 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിനു വേണ്ടി സെറ്റ് ബാറ്റ്സ്മാന്‍ മുഷ്ഫികുര്‍ റഹിം ക്രീസിലുണ്ടായിരുന്നുവെങ്കിലും അവസാന ഓവറില്‍ പിഴച്ച് ബംഗ്ലാദേശ്. ഓവറിന്റെ ആദ്യ പന്തില്‍ തന്നെ 68 റണ്‍സ് നേടിയ മുഷ്ഫികുറിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ ജയം തന്റെ പക്ഷത്തേക്കാക്കുകയായിരുന്നു. തുടര്‍ന്ന് കൂറ്റനടികള്‍ക്ക് മറ്റുതാരങ്ങള്‍ക്ക് കഴിയാതെ വന്നപ്പോള്‍ വിന്‍ഡീസ് മൂന്ന് റണ്‍സിനു ജയം സ്വന്താക്കി. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ ഇരു ടീമുകളും പരമ്പരയില്‍ ഒരു മത്സരം വീതം ജയിച്ച് സമനിലയില്‍ നില്‍ക്കുകയാണ്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ നിന്ന് 271 റണ്‍സാണ് നേടിയത്. ഷിമ്രണ്‍ ഹെറ്റ്മ്യര്‍ 93 പന്തില്‍ നിന്ന് നേടിയ 125 റണ്‍സിനൊപ്പം റോവ്മന്‍ പവല്‍ 44 റണ്‍സ് നേടി പിന്തുണ നല്‍കി. എന്നാല്‍ അവസാന ഓവറുകളില്‍ ബംഗ്ലാദേശ് ബൗളിംഗിനു മുന്നില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട വിന്‍ഡീസ് 49.3 ഓവറില്‍ 271 റണ്‍സിനു ഓള്‍ഔട്ട് ആയി.

മൂന്നാം വിക്കറ്റില്‍ ക്രീസിലെത്തിയ ഹെറ്റ്മ്യര്‍ അവസാന വിക്കറ്റായാണ് പുറത്തായത്. റൂബല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റും ഷാകിബ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. മഷ്റഫേ മൊര്‍തസ, മെഹ്ദി ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

തമീം ഇക്ബാല്‍, ഷാകിബ് അല്‍ ഹസന്‍, മുഷ്ഫികുര്‍ റഹിം, മുഹമ്മദുള്ള എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഇവരുടെ സ്കോറുകള്‍ വലിയ സ്കോറിലേക്ക് നയിക്കാന്‍ താരങ്ങള്‍ക്ക് കഴിയാതെ പോയതാണ് ടീം വിജയം കൈവിട്ടത്. മുഷ്ഫികുര്‍ റഹിം 68 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ തമീം ഇക്ബാല്‍(54), ഷാകിബ് അല്‍ ഹസന്‍(56) എന്നിവരും മികവ് പുലര്‍ത്തി. മഹമ്മദുള്ള 39 റണ്‍സ് നേടി.

വിന്‍ഡീസിനു വേണ്ടി ഓരോ വിക്കറ്റുമായി അല്‍സാരി ജോസഫ്, ജേസണ്‍ ഹോള്‍ഡര്‍, ആഷ്‍ലി നഴ്സ്, കീമോ പോള്‍, ദേവേന്ദ്ര ബിഷൂ എന്നിവര്‍ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മോമിനുള്‍ ഹക്കിനു ശതകം, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് ശ്രീലങ്ക

ചിറ്റഗോംഗ് ടെസ്റ്റില്‍ ബംഗ്ലാദേശ് ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് ടീം നേടിയിരിക്കുന്നത്. മോമിനുള്‍ ഹക്ക്, മുഷ്ഫികുര്‍ റഹിം എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ ശക്തമായ നിലയിലേക്ക് എത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും കൂട്ടുകെട്ട് 236 റണ്‍സാണ് നേടിയത്. എന്നാല്‍ ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്ക തിരിച്ചടിക്കുകയായിരുന്നു. ആദ്യ ദിവസത്തെ 84ാം ഓവര്‍ എറിഞ്ഞ സുരംഗ ലക്മല്‍ ഓവറിന്റെ അഞ്ച്, ആറ് പന്തുകളില്‍ മുഷ്ഫികുര്‍ റഹിമിനെയും ലിറ്റണ്‍ ദാസിനെയും മടക്കി അയയ്ച്ചതോടെ ശ്രീലങ്കയ്ക്കും ആശ്വസിക്കാന്‍ വകയുണ്ടാവുകയായിരുന്നു. 356/2 എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശ് പൊടുന്നനെ 356/4 എന്ന നിലയിലേക്ക് വീണത്.

പുറത്തായ ബാറ്റ്സ്മാന്മാരായ തമീം ഇക്ബാലും(52), ഇമ്രുല്‍ കൈസും(40) മികച്ച തുടക്കമാണ് ബംഗ്ലാദേശിനു നല്‍കിയത്. 53 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ തമീം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. തമീമിനു പകരം ക്രീസിലെത്തിയ മോമിനുളും അതേ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ കുതിച്ചു. ഇമ്രുല്‍ കൈസ് പുറത്താകുമ്പോള്‍ 120 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. 120/2 എന്ന നിലയില്‍ ലഞ്ചിനു ബംഗ്ലാദേശ് പിരിയുകയായിരുന്നു.

പിന്നീടുള്ള രണ്ട് സെഷനുകളിലും ബംഗ്ലാദേശിന്റെ പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. മോമിനുള്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 92 റണ്‍സ് നേടിയ മുഷ്ഫികുര്‍ ആദ്യ ദിവസം അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് പുറത്തായത്. 175 റണ്‍സ് നേടിയ മോമിനുള്‍ ഹക്കിനൊപ്പം 9 റണ്‍സുമായി ബംഗ്ലാദേശ് നായകന്‍ മഹമ്മദുള്ളയാണ് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.

ശ്രീലങ്കയ്ക്കായി ദില്‍രുവന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ സുരംഗ ലക്മല്‍ രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version