ശതകം തികച്ച ബ്രാത്‍വൈറ്റ് അവസാന വിക്കറ്റായി വീണു, വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട്

ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ ശതകത്തിന്റെയും റഖീം കോണ്‍വാലിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആന്റിഗ്വയില്‍ ഒന്നാം ഇന്നിംഗ്സില്‍ 354 റണ്‍സ് നേടി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 111.1 ഓവറിലാണ് ടീം ഈ സ്കോര്‍ നേടിയത്.

Rakheemcornwall

ബ്രാത്‍വൈറ്റ് 126 റണ്‍സും റഖീം കോണ്‍വാല്‍ 73 റണ്‍സുമാണ് നേടിയത്. ഇരുവരും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ 103 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ വിന്‍ഡീസിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്.

ശ്രീലങ്കയ്ക്ക് വേണ്ടി സുരംഗ ലക്മല്‍ 4 വിക്കറ്റും ദുഷ്മന്ത ചമീര 3 വിക്കറ്റും നേടി.

ശതകത്തിനരികെ എത്തി ക്രെയിഗ് ബ്രാത്‍വൈറ്റ്, വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് 287/7 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ 222/7 എന്ന നിലയിലായിരുന്നു ടീമിനെ 65 റണ്‍സ് കൂട്ടുകെട്ടുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് – റഖീം കോണ്‍വാല്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്.

ശ്രീലങ്കയേല്പിച്ച കനത്ത പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് ബ്രാത്‍വൈറ്റ് തന്റെ ശതകത്തിന് അരികെയാണ് നില്‍ക്കുന്നത്. 99 റണ്‍സ് നേടി ബ്രാത്‍വൈറ്റിന് കൂട്ടായി 43 റണ്‍സുമായി റഖീം കോണ്‍വാല്‍ ആണ് ക്രീസില്‍.

ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായ വെസ്റ്റിന്‍ഡീസ് ലഞ്ചിന് പിരിയുമ്പോള്‍ 27 ഓവറില്‍ 86/3 എന്ന നിലയിലായിരുന്നുവെങ്കിലും രണ്ടാം സെഷനിലെ ആദ്യ ഓവറില്‍ തന്നെ 49 റണ്‍സ് നേടിയ കൈല്‍ മയേഴ്സിനെ ടീമിന് നഷ്ടമായി.

രണ്ടാം സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ വീണപ്പോള്‍ ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ വെസ്റ്റിന്‍ഡീസ് 171/5 എന്ന നിലയിലായിരുന്നു.

ജെര്‍മൈന്‍ ബ്ലാക്ക്വുഡ്(18), ജേസണ്‍ ഹോള്‍ഡര്‍(30), അല്‍സാരി ജോസഫ്(29) എന്നിവരോടൊപ്പം ചെറുത്ത് നിന്ന ക്രെയിഗ് ടീം സ്കോര്‍ 222/7 എന്ന നിലയിലേക്ക് എത്തിച്ചു.

തുടര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ക്രെയിഗ് – റഖീം കൂട്ടുകെട്ട് വെസ്റ്റിന്‍ഡീസിനെ ആദ്യ ദിവസം അവസാനിക്കുന്നതിലേക്ക് എത്തിയ്ക്കുകയായിരുന്നു.

ഇരട്ട പ്രഹരങ്ങളുമായി ലക്മല്‍, ആദ്യ സെഷനില്‍ വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടി

ആന്റിഗ്വയില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റിന്റെ ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 86/2 എന്ന നിലയില്‍. ജോണ്‍ കാംപെല്ലിനെയും ക്രുമാ ബോണ്ണറെയും പുറത്താക്കി സുരംഗ ലക്മല്‍ ആണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം നല്‍കിയത്.

15/2 എന്ന നിലയില്‍ നിന്ന് ടീം 86/2 എന്ന നിലയില്‍ ആണ് ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍. 26 റണ്‍സുമായി ക്യാപ്റ്റന്‍ ക്രെയിഗ് ബ്രാത്‍വൈറ്റും 49 റണ്‍സ് നേടി കൈല്‍ മയേഴ്സുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

മൂന്നാം വിക്കറ്റില്‍ 71 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇതുവരെ നേടിയിട്ടുള്ളത്. സുരംഗ ലക്മലിന്റെ ബൗളിംഗില്‍ കൈല്‍ മയേഴ്സിന്റെ ക്യാച്ച് പതും നിസ്സങ്ക കൈവിട്ടതാണ് ഇപ്പോള്‍ ലങ്കയ്ക്ക് തിരിച്ചടിയായി മാറിയിരിക്കുന്നത്.

വിന്‍ഡീസിനും ബാറ്റിംഗ് തകര്‍ച്ച, രക്ഷകനായി റഖീം കോണ്‍വാല്‍, 99 റണ്‍സ് ലീഡ്

ശ്രീലങ്കയെ 169 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 268/8 എന്ന നിലയില്‍ വെസ്റ്റിന്‍ഡീസ്. 60 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന റഖീം കോണ്‍വാല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. ജോഷ്വ ഡാ സില്‍വി(46), ജോണ്‍ കാംപെല്‍(42), ക്രുമാ ബോണ്ണര്‍(32), കൈല്‍ മയേഴ്സ്(45) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. മത്സരത്തില്‍ 99 റണ്‍സിന്റെ ലീഡാണ് രണ്ട് വിക്കറ്റ് അവശേഷിക്കെ ടീമിന്റെ കൈവശമുള്ളത്.

ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ 5 വിക്കറ്റ് നേടി. ദുഷ്മന്ത ചമീരയ്ക്ക് 2 വിക്കറ്റ് ലഭിച്ചു.

ലഹിരു കുമാരയ്ക്ക് പകരം സുരംഗ ലക്മല്‍ ശ്രീലങ്കന്‍ ടീമില്‍

കോവിഡ് പോസിറ്റീവ് ആയ ലഹിരു കുമാരയ്ക്ക് പകരം വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള വെറ്റ് ബോള്‍ സ്ക്വാഡില്‍ സുരംഗ ലക്മലിനെ ഉള്‍പ്പെടുത്തി ശ്രീലങ്ക. ലങ്കന്‍ ടീം യാത്രയ്ക്കായി പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ലക്മലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

മാര്‍ച്ച് മൂന്നിന് ആരംഭിയ്ക്കുന്ന പരമ്പരയില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഉണ്ട്. രണ്ട് ടെസ്റ്റ് മത്സരങ്ങളോടു കൂടിയാണ് പരമ്പര അവസാനിക്കുന്നത്.

ശ്രീലങ്ക :Dimuth Karunaratne (C), Dasun Shanaka, Danushka Gunathilake, Pathum Nissanka, Ashen Bandara, Oshada Fernando, Dinesh Chandimal, Angelo Mathews, Niroshan Dickwella, Thisara Perera, Kamindu Mendis, Wanindu Hasaranga, Ramesh Mendis, Nuwan Pradeep, Asitha Fernando, Dushmantha Chameera, Akila Dananajaya, Lakshan Sandakan, Dilshan Madushanka, Suranga Lakmal.

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റുകള്‍ക്ക് സുരംഗ ലക്മല്‍ ഇല്ല

പാക്കിസ്ഥാനില്‍ ഈ മാസം നടക്കാനിരിക്കുന്ന ശ്രീലങ്കയുടെ ടെസ്റ്റ് മത്സരത്തിനുള്ള ടീമില്‍ നിന്ന് സുരംഗ ലക്മല്‍ പുറത്ത്. താരത്തിന് ഡെങ്കിപ്പനി പിടിച്ചതോടെയാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി താരം പുറത്ത് പോകുന്നത്. പകരം അസിത ഫെര്‍ണാണ്ടോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അസിത സൗത്ത് ഏഷ്യന്‍ ഗെയിംസിനായി നേപ്പാളിലാണ്.

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ടീമിലെ അംഗമായിരുന്ന ലക്മല്‍ ഇത്തവണ ടീമിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും ഡെങ്കി താരത്തിനും ലങ്കയക്കും തിരിച്ചടിയായി മാറുകയായിരുന്നു.

റാവല്‍പിണ്ടിയില്‍ ഡിസംബര്‍ 11നാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 19ന് കറാച്ചിയില്‍ അരങ്ങേറും.

18 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി ശ്രീലങ്ക

നിരോഷന്‍ ഡിക്ക്വെല്ലയുടെയും സുരംഗ ലക്മലിന്റെയും ചെറുത്ത് നില്പിന്റെ ബലമായി 18 റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ശ്രീലങ്ക. ന്യൂസിലാണ്ടിന്റെ 249 റണ്‍സ് എന്ന് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 93.2 ഓവറില്‍ 267 റണ്‍സിന് ഓള്‍ഔട്ട് ആയെങ്കിലും എട്ടാം വിക്കറ്റില്‍ സുരംഗ ലക്മല്‍-ഡിക്ക്വെല്ല കൂട്ടുകെട്ട് നേടിയ 81 റണ്‍സിന്റെ നിര്‍ണ്ണായക കൂട്ടുകെട്ട് സ്കോര്‍ 242 റണ്‍സ് വരെ എത്തിക്കുവാന്‍ സഹായിച്ചു. ട്രെന്റ് ബോള്‍ട്ടാണ് 40 റണ്‍സ് നേടിയ ലക്മലിനെ പുറത്താക്കിയത്.

പിന്നീട് ഡിക്ക്വെല്ലയെയും(61) ലസിത് എംബുല്‍ദേനിയയെയും പുറത്താക്കി വില്യം സോമര്‍വില്ലേ ലങ്കയെ ഓള്‍ഔട്ട് ആക്കുകയായിരുന്നു. 61 റണ്‍സാണ് നിരോഷന്‍ ഡിക്ക്വെല്ലയുടെ സംഭാവന. ന്യൂസിലാണ്ടിനായി അജാസ് പട്ടേല്‍ അഞ്ചും വില്യം സോമര്‍വില്ലേ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റ് നേടി.

ഒന്നാം ഇന്നിംഗ്സ് ലീഡിനായുള്ള പിടിവലി തുടരുന്നു, അജാസ് പട്ടേലിന്റെ പ്രഹരങ്ങള്‍ക്കിടയില്‍ പിടിച്ച് നിന്ന് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

മൂന്ന് വിക്കറ്റ് അവശേഷിക്കെ ഗോള്‍ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ ശ്രീലങ്ക നേടേണ്ടത് ഇനി 22 റണ്‍സ് കൂടി. കുശല്‍ മെന്‍ഡിസ്-ആഞ്ചലോ മാത്യൂസ് കൂട്ടുകെട്ട് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ഇരുവരെയും പുറത്താക്കി അജാസ് പട്ടേല്‍ പിടിമുറുക്കിയപ്പോള്‍ ലങ്ക ഒരു ഘട്ടത്തില്‍ 161/7 എന്ന നിലയിലായിരുന്നു. ന്യൂസിലാണ്ട് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് വേഗം കുതിയ്ക്കുമെന്ന തോന്നിയ നിമിഷത്തിലാണ് എട്ടാം വിക്കറ്റില്‍ നിരോഷന്‍ ഡിക്ക്വെല്ലയുംസുരംഗ ലക്മലും ചെറുത്ത് നില്പുയര്‍ത്തിയത്.

66 റണ്‍സാണ് ഈ കൂട്ടുകെട്ട് ഇതുവരെ നേടിയത്. 39 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ലയും 28 റണ്‍സ് നേടി  സുരംഗ ലക്മലും ക്രീസില്‍ നില്‍ക്കുന്നു. കുശല്‍ മെന്‍ഡിസ് 53 റണ്‍സ് നേടിയപ്പോള്‍ ആഞ്ചലോ മാത്യൂസ് 50 റണ്‍സ് നേടി പുറത്തായി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 227 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

249 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്, നാല് വിക്കറ്റുമായി ലക്മല്‍

ആദ്യ ദിവസം അകില ധനന്‍ജയ ആണെങ്കില്‍ രണ്ടാം ദിവസം സുരംഗ ലക്മല്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ 83.2 ഓവറില്‍ 249 റണ്‍സിന് ഓള്‍ഔട്ട് ആയി ന്യൂസിലാണ്ട്. ഗോള്‍ ടെസ്റ്റില്‍ ഒന്നാം ദിവസം മൂന്നാം സെഷന്റെ ഭൂരിഭാഗവും മഴ മുടക്കിയതിന് ശേഷം രണ്ടാം ദിവസം കളി പുനരാരംഭിച്ചപ്പോള്‍ റോസ് ടെയിലറെയാണ് ന്യൂസിലാണ്ടിന് ആദ്യം നഷ്ടമായത്. തന്റെ തലേ ദിവസത്തെ സ്കോറായ 86 റണ്‍സില്‍ കൂടുതല്‍ നേടാനാകാതെയാണ് താരം മടങ്ങിയത്.

203/5 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാണ്ട് 46 റണ്‍സ് കൂടി മാത്രമേ നേടിയുള്ളു. ടിം സൗത്തി(14), മിച്ചല്‍ സാന്റനര്‍(13), ട്രെന്റ് ബോള്‍ട്ട്(18) എന്നിവരാണ് രണ്ടാം ദിവസം ചെറുത്ത് നില്‍ക്കുവാന്‍ ശ്രമിച്ചത്. സുരംഗ ലക്മല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അകില ധനന്‍ജയ ആദ്യ ദിവസം അഞ്ച് വിക്കറ്റ് നേടിയിരുന്നു. ടിം സൗത്തി റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു.

ടി20യിലേക്ക് മടങ്ങിയെത്തി സുരംഗ ലക്മല്‍

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഏറെക്കാലമായി ലങ്കന്‍ ക്രിക്കറ്റില്‍ നിന്ന് പുറത്തായിരുന്ന സുരംഗ ലക്മല്‍ വീണ്ടും ടി20 ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 സ്ക്വാഡില്‍ ആണ് സുരംഗ ലക്മല്‍ ഇടം പിടിച്ചത്. ദസുന്‍ ഷനക ടീമില്‍ നിന്ന് പുറത്ത് പോയപ്പോള്‍ ജെഫ്രേ വാന്‍ഡേര്‍സേ, സദീര സമരവിക്രമ, അസിത ഫെര്‍ണാണ്ടോ എന്നിവരാണ് ടീമില്‍ ഇടം പിടിച്ച മറ്റു താരം.

ലക്മല്‍ മാര്‍ച്ച് 2018ല്‍ ആണ് അവസാനമായി ശ്രീലങ്കയ്ക്കായി ടി20 കളിച്ചത്. ഏകദിനത്തില്‍ അതേ വര്‍ഷം സെപ്റ്റംബറിലും. ഇതില്‍ വാന്‍ഡേര്‍സേ ഒക്ടോബര്‍ 2017ല്‍ പാക്കിസ്ഥാനെതിരെയാണ് അവസാനമായി ഏകദിനത്തില്‍ കളിച്ചത്. എന്നാല്‍ ശ്രീലങ്കയ്ക്കായി ടെസ്റ്റില്‍ മികച്ച രീതിയില്‍ പ്രകടനം പുറത്തെടുത്ത ഒഷാഡ ഫെര്‍ണാണ്ടോയെ പരിഗണിച്ചിട്ടില്ല.

ഗാബയില്‍ തോല്‍വിയൊഴിവാക്കുക എന്ന കടുത്ത വെല്ലുവിളി നേരിട്ട് ശ്രീലങ്ക

ഗാബയില്‍ മികച്ച നിലയില്‍ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ച് ഓസ്ട്രേലിയ. ശ്രീലങ്കയെ 144 റണ്‍സിനു പുറത്താക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഒന്നാം ദിവസം 72/2 എന്ന നിലയില്‍ ഓസ്ട്രേലിയ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം ദിവസം തുടക്കത്തില്‍ തന്നെ മാര്‍ക്കസ് ഹാരിസിനെയും നൈറ്റ് വാച്ച്മാന്‍ നഥാന്‍ ലയണിനെയും നഷ്ടമായി ഓസ്ട്രേലിയ 82/4 എന്ന നിലയിലേക്ക് വീണു.

പിന്നീട് അഞ്ചാം വിക്കറ്റിലെത്തിയ മാര്‍നസ് ലാബൂഷാനെയും ട്രാവിസ് ഹെഡുമാണ് മത്സരത്തില്‍ ഓസ്ട്രേലിയയെ ട്രാക്കിലേക്കാക്കയത്. 166 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. ലാബൂഷാനെ 81 റണ്‍സും ട്രാവിസ് ഹെഡ് 84 റണ്‍സും നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു. അരങ്ങേറ്റതാരം കുര്‍ട്ടിസ് പാറ്റേര്‍സണ്‍ 30 റണ്‍സ് നേടിയപ്പോള്‍ നിര്‍ണ്ണായകമായ 26 റണ്‍സ് നേടി മിച്ചല്‍ മാര്‍ഷ് പുറത്താകാതെ നിന്നു. ലങ്കയ്ക്കായി സുരംഗ ലക്മല്‍ 5 വിക്കറ്റും ദില്‍രുവന്‍ പെരേര രണ്ട് വിക്കറ്റും നേടി. 106.2 ഓവറില്‍ ഓള്‍ഔട്ട് ആകുമ്പോള്‍ ഓസ്ട്രേലിയ 323 റണ്‍സാണ് നേടിയത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ശ്രീലങ്ക 162 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയ്ക്ക് ദിമുത് കരുണാരത്നേയെ നഷ്ടമായി. 6 റണ്‍സ് നേടിയ ലഹിരു തിരിമന്നേയാണ് ക്രീസില്‍ നില്‍ക്കുന്നത്. കരുണാരത്നേയുടെ വിക്കറ്റ് പാറ്റ് കമ്മിന്‍സ് ആണ് നേടിയത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്ക 17/1 എന്ന നിലയിലാണ്. രണ്ടാം ദിവസത്തെ അവസാന പന്തിലാണ് കമ്മിന്‍സ് ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് നേടിയത്.

ക്രൈസ്റ്റ്ചര്‍ച്ചില്‍ വിക്കറ്റുകളുടെ പെരുമഴ, ഒന്നാം ദിവസം വീണത് 14 വിക്കറ്റുകള്‍

ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്നാരംഭിച്ച ന്യൂസിലാണ്ട്-ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം വീണത് 14 വിക്കറ്റുകള്‍. ന്യൂസിലാണ്ട് 178 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ ശ്രീലങ്കയുടെ ഇന്നിംഗ്സില്‍ നാല് വിക്കറ്റ് വീണ കഴിഞ്ഞു. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 88/4 എന്ന നിലയിലാണ്. 27 റണ്‍സുമായി ആഞ്ചലോ മാത്യൂസും 15 റണ്‍സ് നേടി റോഷെന്‍ സില്‍വയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 90 റണ്‍സ് പിന്നിലായാണ് ശ്രീലങ്ക നിലവില്‍ നിലകൊള്ളുന്നത്. ടിം സൗത്തി മൂന്നും കോളിന്‍ ഡി ഗ്രാന്‍ഡോം ഒരു വിക്കറ്റും നേടി. ഒരു ഘട്ടത്തില്‍ ശ്രീലങ്ക 21/3 എന്ന സ്ഥിതിയിലായിരുന്നു.

നേരത്തെ ശ്രീലങ്ക ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സുരംഗ ലക്മലും ലഹിരു കുമരയും ചേര്‍ന്ന് ന്യൂസിലാണ്ടിനെ തകര്‍ത്തെറിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ 64/6 എന്ന നിലയിലേക്ക് വീണ കീവികള്‍ 100നു താഴെ ഓള്‍ഔട്ട് ആവുമെന്ന് കരുതിയെങ്കിലും ഏഴാം വിക്കറ്റില്‍ ബിജെ വാട്‍ളിംഗും ടിം സൗത്തിയും ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 108 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 68 റണ്‍സ് നേടിയ സൗത്തി പുറത്തായി ഏറെ വൈകാതെ ന്യൂസിലാണ്ട് ഇന്നിംഗ്സ് അവസാനിച്ചു. വാട്‍ളിംഗ് 46 റണ്‍സ് നേടി.

ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ അഞ്ചും ലഹിരു കുമര മൂന്നും വിക്കറ്റ് നേടി.

Exit mobile version