അര്‍ദ്ധ ശതകത്തിന് ശേഷം മുഷ്ഫിക്കുര്‍ റഹിം പുറത്ത്

ധാക്കയില്‍ വ്യക്തമായ ആധിപത്യം ഉറപ്പാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ 409 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 181/6 എന്ന നിലയില്‍ ആണ്. ഇന്ന് മുഹമ്മദ് മിഥുനെ(15) നഷ്ടമായ ശേഷം അധികം വൈകാതെ തന്നെ അര്‍ദ്ധ ശതകം തികച്ച മുഷ്ഫിക്കുര്‍ റഹിമിനെയും ബംഗ്ലാദേശിന് നഷ്ടമായി.

Westindiesrakheem

റഹിം 54 റണ്‍സാണ് നേടിയത്. ഇരു വിക്കറ്റുകളും വീഴ്ത്തിയത് റഖീം കോര്‍ണ്‍വാല്‍ ആയിരുന്നു. ബംഗ്ലാദേശിന് വേണ്ടി 23 റണ്‍സുമായി ലിറ്റണ്‍ ദാസും 11 റണ്‍സ് നേടി മെഹ്ദി ഹസനുമാണ ക്രീസിലുള്ളത്. ഇന്നത്തെ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്.

“രാജ്യത്തിന് കളിക്കുന്നതിനേക്കാൾ വലുതല്ല ഐ.പി.എല്ലിൽ കളിക്കുന്നത്”

സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാൾ വലുതല്ല ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുന്നതെന്ന് ബംഗ്ളദേശ് താരം മുഷിഫിഖുർ റഹിം. അത് കൊണ്ട് ഐ.പി.എൽ കളിക്കാൻ കഴിയാത്തതിൽ തനിക്ക് നിരാശയില്ലെന്നും താരം പറഞ്ഞു.

എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നാണെന്നും ലോകത്തുള്ള മികച്ച താരങ്ങൾ മുഴുവൻ ഐ.പി.എൽ കളിയ്ക്കാൻ ഉണ്ടെന്നും ബംഗ്ലാദേശ് താരം പറഞ്ഞു. തനിക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം ലഭിച്ചാൽ തീർച്ചയായും താൻ കളിക്കുമെന്നും അത് തന്റെ കളിയുടെ നിലവാരം ഉയർത്തുമെന്നും മുഷിഫിഖുർ റഹിം പറഞ്ഞു.

2016 ടി20 ലോകകപ്പിൽ ഇന്ത്യയോട് തോറ്റത് തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും നിരാശ സമ്മാനിച്ച മത്സരമാണെന്നും മുഷിഫിഖുർ റഹീം പറഞ്ഞു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവസാന മൂന്ന് പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ ബംഗ്ലാദേശ് ഒരു റണ്ണിന് മത്സരം തോറ്റിരുന്നു. 2018ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ മത്സരം തോറ്റതും തനിക്ക് നിരാശ സമ്മാനിച്ചുവെന്ന് മുഷിഫിഖുർ റഹിം പറഞ്ഞു.

വിക്കറ്റിന് പിന്നില്‍ നിന്നുള്ള മുഷ്ഫിക്കുറിന്റെ സംസാരം തനിക്ക് കൂടുതല്‍ പ്രഛോദനം ആവാറാണ് പതിവ്

വിക്കറ്റിന് പിന്നില്‍ നിന്നുള്ള മുഷ്ഫിക്കുറിന്റെ നിര്‍ത്താതെയുള്ള കലപില വര്‍ത്തമാനം തനിക്ക് കൂടുതല്‍ പ്രഛോദനം ആണ് നല്‍കുന്നതെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. തമീം ഇക്ബാലിന്റെ ഫേസ്ബുക്ക് പേജില്‍ ലൈവ് സെഷനില്‍ എത്തിയ വിരാട് കോഹ്‍ലിയാണ് ഈ കാര്യം പങ്കുവെച്ചത്.

വിരാട് കോഹ്‍ലിയില്‍ എപ്പോളും ആവേശവും ഉത്സാഹവും കൂടുതലായി കാണുന്നതെന്ത് കൊണ്ടാണ് എന്ന ചോദ്യത്തിനാണ് താരത്തിന്റെ രസകരമായ മറുപടി വന്നത്. വിക്കറ്റിന് പിന്നില്‍ മുഷ്ഫിക്കുറിനെ പോലുള്ള താരങ്ങള്‍ നിര്‍ത്താതെ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ അത് തന്നെ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സഹായിക്കാറുണ്ടെന്ന് വിരാട് കോഹ്‍ലി വ്യക്തമാക്കി.

ആത്മവിശ്വാസമാണ് ഏത് കളിക്കാരനും വേണ്ടതെന്നും അത് താന്‍ യുവതാരങ്ങളോട് സ്ഥിരമായി പറയാറുള്ള കാര്യമാണെന്നും കോഹ്‍ലി പറഞ്ഞു. താന്‍ കുട്ടിക്കാലത്ത് ഇന്ത്യ പരാജയപ്പെട്ട മത്സരങ്ങള്‍ താന്‍ കളിച്ചിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നുവെന്ന ചിന്തയോടെയാണ് ഉറങ്ങാന്‍ കിടന്നിരുന്നതെന്ന് കോഹ്‍ലി പഞ്ഞു.

തനിക്ക് ചേസിംഗില്‍ ലക്ഷ്യത്തെക്കുറിച്ചുള്ള ബോധ്യമുള്ളതിനാല്‍ തന്നെ അതാണ് കൂടുതല്‍ എളുപ്പമെന്ന് തോന്നാറാണ് പതിവെന്നും തന്റെ ചേസിംഗിലെ മികവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കോഹ്‍ലി അഭിപ്രായപ്പെട്ടു.

തമീം ഇക്ബാലിനെ പോലെ സവിശേഷതയുള്ള താരമല്ല താനെന്നും ആ നിലയിലേക്ക് എത്തുവാന്‍ ഇനിയും പരിശ്രമിക്കണമെന്ന് മുഷ്ഫിക്കുര്‍ റഹിം

തമീം ഇക്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍, മഹമ്മദുള്ള റിയാദ് എന്നീ ബംഗ്ലാദേശ് താരങ്ങളെ പോലെ തനിക്ക് പ്രത്യേക പ്രതിഭയൊന്നുമില്ലെന്നും അതിനാല്‍ തന്നെ ക്രിക്കറ്റില്‍ മികച്ച് നില്‍ക്കുവാന്‍ വളരെ അധികം പരിശ്രമം നടത്തേണ്ടി വരുന്നുണ്ട് തനിക്കെന്നും പറഞ്ഞ് മുഷ്ഫിക്കുര്‍ റഹിം.

നേരത്തെ കോഹ്‍ലിയുടേതിന് സമാനമായ വര്‍ക്ക് എത്തിക്സ് ആണ് താരത്തിനെന്ന് തമീം ഇക്ബാല്‍ പറഞ്ഞിരുന്നു. അതിനുള്ള മറുപടിയായാണ് താരം വിശദീകരണം നല്‍കിയത്. ബംഗ്ലാദേശിലെ സീനിയര്‍ താരങ്ങളായ ഷാക്കിബ് അല്‍ ഹസന്‍, മഹമ്മദുള്ള, തമീം ഇക്ബാല്‍ എന്നിവരെ പോലെ അതുല്യ പ്രതിഭയല്ല താനെന്നും അതിനാല്‍ താന്‍ ഏറെ പരിശ്രമിക്കേണ്ടതുണ്ടെന്നും മുഷ്ഫിക്കുര്‍ പറഞ്ഞു.

മുഷ്ഫിക്കുര്‍ റഹിമിന്റെ അച്ചടക്കവും പ്രയത്നവും വിരാട് കോഹ്‍ലിയ്ക്ക് തുല്യം – തമീം ഇക്ബാല്‍

തന്റെ സഹതാരവും ബംഗ്ലാദേശ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ മുഷ്ഫിക്കുര്‍ റഹിമിനെ വിരാട് കോഹ്‍ലിയുമായി താരതമ്യം ചെയ്ത് തമീം ഇക്ബാല്‍. ബംഗ്ലാദേശി ജനങ്ങള്‍ക്ക് ഒരു റോള്‍ മോഡലാണ് മുഷ്ഫിക്കുറെന്നും ടീമിലെ ഏറ്റവും തീവ്ര പരിശീലനത്തില്‍ ഏര്‍പ്പെടുന്ന താരം മുഷ്ഫിക്കുര്‍ റഹിം ആണെന്നും തമീം ഇക്ബാല്‍ വ്യക്തമാക്കി. താരത്തിന്റെ വര്‍ക്ക് എത്തിക്സ് വിരാട് കോഹ്‍ലിയ്ക്ക് തുല്യമായതാണെന്നും തമീം ഇക്ബാല്‍ പറഞ്ഞു.

ഫീല്‍ഡിലും ഫീല്‍ഡിന് പുറത്തും വളരെ അച്ചടക്കമുള്ള താരമാണെന്നും ഒഴിവാക്കുന്ന പരിശീലന സെഷനുകളില്‍ പോലും താരം സജീവമായി പങ്കെടുക്കാറുണ്ടെന്നും തമീം വ്യക്തമാക്കി. വിരാട് കോഹ്‍ലിയുടെ ഉദാഹരണമാണ് ലോകത്തെല്ലാവരും നല്‍കുന്നതെങ്കില്‍ അതിന് സമാനമായതാണ് മുഷ്ഫിക്കുറിന്റെ വര്‍ക്ക് എത്തിക്സ് എന്നും തമീം വ്യക്തമാക്കി.

ഇന്‍സ്റ്റാഗ്രാം ലൈവ് സെഷനില്‍ തമീമും മുഷ്ഫിക്കുറും സംസാരിക്കുമ്പോളാണ് സഹതാരത്തെ തമീം പുകഴ്ത്തിയത്.

താന്‍ കന്നി ഇരട്ട ശതകം നേടിയ ബാറ്റ് ലേലം ചെയ്യുവാനൊരുങ്ങി മുഷ്ഫിക്കുര്‍ റഹിം, തുക കോവിഡ് രോഗികള്‍ക്ക്

താന്‍ തന്റെ കന്നി ഇരട്ട ശതകം നേടിയപ്പോള്‍ ഉപയോഗിച്ച ബാറ്റ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിന് വേണ്ടി ലേലം ചെയ്യാന്‍ ഒരുങ്ങി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ താരം മുഷ്ഫിക്കുര്‍ റഹിം. ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റില്‍ 2013ല്‍ ആണ് ഈ നേട്ടം മുഷ്ഫിക്കുര്‍ സ്വന്തമാക്കിയത്.

ബാറ്റ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കിലും ഇപ്പോള്‍ കോവിഡ് രോഗികളെ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനാല്‍ തന്നെ ലേലത്തിന് തയ്യാറായത് പൂര്‍ണ്ണ സമ്മതത്തോടെയാണെന്നും താരം വ്യക്തമാക്കി. ബംഗ്ലാദേശിന് വേണ്ടി ആദ്യമായി ഇരട്ട ശതകം നേടുന്ന താരമാണ് മുഷ്ഫിക്കുര്‍ റഹിം.

ഈ നടപടിയിലൂടെ ഒന്ന് രണ്ട് ആളുകളെയെങ്കിലും സഹായിക്കാനായാല്‍ അത് വലിയ കാര്യമാണെന്നും ഈ ലേലത്തിന് മികച്ച പ്രതികരണം ലഭിച്ചാല്‍ താന്‍ ഇനിയും ചില ബാറ്റുകള്‍ ഇത് പോലെ ലേലത്തിന് വയ്ക്കുവാന് തയ്യാറാണെന്നും മുഷ്ഫിക്കുര്‍ റഹിം വ്യക്തമാക്കി. ബംഗ്ലാദേശിന് വേണ്ടി മൂന്ന് ഇരട്ട ശതകങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 2018ലും 2020ലും സിംബാബ്‍വേയ്ക്കെതിരെ മുഷ്ഫിക്കുര്‍ ഇരട്ട ശതകങ്ങള്‍ നേടിയിട്ടുണ്ട്.

ഇത് കൂടാതെ തന്റെ ശമ്പളത്തിന്റെ പകുതിയും താരം സംഭാവനയായി നല്‍കിയിട്ടുണ്ട്.

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍ റഹിം, കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്, രണ്ടാം ഇന്നിംഗ്സില്‍ സിംബാബ്‍വേയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

സിംബാബ്‍വേയ്ക്കെതിരെ ധാക്ക ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം 203 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 154 ഓവറില്‍ 560/6 എന്ന സ്കോറില്‍ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മോമിനുള്‍ ഹക്ക് 132 റണ്‍സ് നേടിയപ്പോള്‍ ലിറ്റണ്‍ ദാസ് 53 റണ്‍സ് നേടി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ സിംബാബ്‍വേ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയാണ്. 9/2 എന്ന നിലയിലുള്ള ടീം 286 റണ്‍സ് പിന്നിലായാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യമാണ് സിംബാബ്‍വേയ്ക്ക് മുന്നിലുള്ളത്. നയീം ഹസനാണ് രണ്ട് വിക്കറ്റും ലഭിച്ചത്.

മോമിനുള്‍ ഹക്കിനും മുഷ്ഫിക്കുര്‍ റഹിമിനും ശതകം , ബംഗ്ലാദേശ് കുതിയ്ക്കുന്നു

ധാക്ക ടെസ്റ്റില്‍ സിംബാബ്‍വേയുടെ 265 റണ്‍സെന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ബംഗ്ലാദേശിന്റെ മികച്ച ബാറ്റിംഗ് പ്രകടനം. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ബംഗ്ലാദേശ് 351/3 എന്ന നിലയിലാണ്. മോമിനുള്‍ ഹക്ക് 119 റണ്‍സും മുഷ്ഫിക്കുര്‍ റഹിം 99 റണ്‍സിലുമാണ് ലഞ്ച് സമയത്തെ സ്കോര്‍.

ഉച്ച ഭക്ഷണത്തിന് ശേഷം കളി പുനരാരംഭിച്ച ആദ്യ ഓവറില്‍ തന്നെ മുഷ്ഫിക്കുര്‍ റഹിം തന്റെ ശതകം പൂര്‍ത്തിയാക്കി. നജ്മുള്‍ ഹൊസൈന്‍ ഷാന്റോ(71), തമീം ഇക്ബാല്‍(41) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ബംഗ്ലാദേശ് 102 ഓവര്‍ പിന്നിടുമ്പോള്‍ 108 റണ്‍സ് ലീഡോടെ 373/3 എന്ന നിലയിലാണ്.

ശതകം ബൗണ്ടറിയിലൂടെ നേടിയ മുഷ്ഫിക്കുര്‍ പിന്നീട് ബൗണ്ടറികളുടെയാണ് സ്കോറിംഗ് നടത്തിയത്. മോമിനുള്‍ 122 റണ്‍സും മുഷ്ഫിക്കുര്‍ 117 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

താന്‍ ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിരുന്നില്ല, ആരും തന്നെ സ്വന്തമാക്കില്ലെന്ന് അറിയാമായിരുന്നു

ഐപിഎല്‍ ലേലത്തില്‍ താന്‍ പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിരുന്നതല്ലെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് താരം മുഷ്ഫിക്കുര്‍ റഹിം. തന്നെ ആരും സ്വന്തമാക്കില്ലെന്ന് ഉറപ്പായിരുന്നുവെന്നും ആ തോന്നല്‍ തനിക്ക് മുമ്പ് തന്നെയുണ്ടായിരുന്നുവെന്നും മുഷ്ഫിക്കുര്‍ പറഞ്ഞു. താന്‍ ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിരുന്നില്ല, എന്നാല്‍ ഒരു ഫ്രാഞ്ചൈസിയ്ക്ക് തന്നെ സ്വന്തമാക്കുവാന്‍ താല്പര്യമുണ്ടെന്ന് അറിയിച്ചതോടെയാണ് താന്‍ ലേലത്തില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തത്.

തന്നെ ആരും എടുക്കാന്‍ പോകുന്നില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് താന്‍ ലേലത്തില്‍ പേര് ചേര്‍ക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്, എന്നാല്‍ ഐപിഎലില്‍ നിന്ന് ആവശ്യം വന്നതോടെയാണ് താന്‍ ഒരു ശ്രമം ആവാമെന്ന് കരുതിയത്. സംഭവിച്ചത് തന്റെ കൈയ്യിലുള്ള കാര്യമല്ലെന്നും അതിനാല്‍ തന്നെ തനിക്ക് വലിയ വിഷമം ഇല്ലെന്നും താരം പറഞ്ഞു.

മീഡിയയില്‍ നിന്നാണ് ഏത് ഫ്രാഞ്ചൈസിയാണ് തന്നെ സ്വന്തമാക്കുവാന്‍ ആഗ്രഹിച്ചിരുന്നത്, അതില്‍ കൂടുതല്‍ ഒന്നും തനിക്കറില്ലെന്നും മുഷ്ഫിക്കുര്‍ പറഞ്ഞു.

ഐപിഎല്‍ കരാര്‍ നേടാനാകാത്തതില്‍ നിരാശയില്ല – മുഷ്ഫിക്കുര്‍ റഹിം

ഐപിഎല്‍ ലേലത്തില്‍ തന്നെ ആരും വാങ്ങാത്തതില്‍ തനിക്ക് വിഷമമില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫിക്കുര്‍ റഹിം. മുസ്തഫിസുര്‍ റഹ്മാനൊപ്പം താരത്തിനെയും ആരും ലേലത്തില്‍ പരിഗണിച്ചിരുന്നില്ല. തന്ന ലേലത്തില്‍ ആരെങ്കിലും നേടിയാലും ഇല്ലെങ്കിലും തനിക്ക് വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന് താരം പറഞ്ഞു. തനിക്ക് നേരിയ പ്രതീക്ഷയുണ്ടായിരുന്നു എന്നാലത് നടന്നില്ല.

എന്ത് തന്നെ സംഭവിച്ചാലും ജീവിതം മുന്നോട്ട് തന്നെ പോകണമെന്നും താനിപ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുകയാണെന്നും അതിനാല്‍ തന്നെ പൂര്‍ണ്ണ ശ്രദ്ധ അവിടേക്കാണ് വേണ്ടതെന്നാണ് തന്റെ ഇപ്പോളത്തെ നിലപാടെന്നും മുഷ്ഫിക്കുര്‍ റഹിം അഭിപ്രായപ്പെട്ടു.

ഈ ടെസ്റ്റില്‍ ബംഗ്ലാദേശിന് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നത് രണ്ട് പേരുടെ പ്രകടനം മാത്രം

ബൗളിംഗില്‍ അബു ജയേദും ബാറ്റിംഗില്‍ മുഷ്ഫിക്കുര്‍ റഹിമും മാത്രമാണ് ബംഗ്ലാദേശിന് ഇന്‍ഡോര്‍ ടെസ്റ്റില്‍ നിന്ന് ആശ്വസിക്കാവുന്ന കാര്യമെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മോമിനുള്‍ ഹക്ക്. ഇന്ത്യയ്ക്കെതിരെ ഒരിന്നിംഗ്സിന്റെയും 130 റണ്‍സിന്റെയും പരാജയം ബംഗ്ലാദേശ് ഏറ്റു വാങ്ങിയപ്പോള്‍ ഇരു ഇന്നിംഗ്സുകളിലായി (43+64) 107 റണ്‍സ് നേടിയിരുന്നു. ബൗളിംഗില്‍ 4 ഇന്ത്യന്‍ വിക്കറ്റ് വീഴ്ത്തി അബു ജയേദും തിളങ്ങിയെങ്കിലും ഇതൊന്നും ഇന്ത്യയ്ക്ക് വെല്ലുവിളിയുര്‍ത്തുവാന്‍ പോകുന്നതായിരുന്നു.

ഇന്ത്യയുടെ ബൗളിംഗ് നിര അതി ശക്തമായിരുന്നുവെന്നും ബംഗ്ലാദേശ് ബാറ്റിംഗ് ടോപ് ഓര്‍ഡറിന് അത് കനത്ത വെല്ലുവിളിയായിരുന്നു. അടുത്ത പിങ്ക് ബോള്‍ ടെസ്റ്റ് മാച്ച് ആസ്വദിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും മോമിനുള്‍ വ്യക്തമാക്കി.

“ഇന്ത്യയെ ഇന്ത്യയിൽ വെച്ച് തോൽപ്പിക്കുന്നതിനേക്കാൾ മികച്ചത് വേറെയില്ല”

ഇന്ത്യൻ ടീമിനെ ഇന്ത്യയിൽ വെച്ച് തോൽപ്പിക്കുന്നതിനേക്കാൾ സന്തോഷം വേറെയില്ലെന്ന് ബംഗ്ലാദേശിന്റെ ഹീറോ മുസ്തഫിഖുർ റഹീം. ആദ്യമായി ഇന്ത്യയെ ടി20 മത്സരത്തിൽ തോൽപ്പിച്ചതിന് പിന്നാലെയാണ് താരത്തിന്റെ അഭിപ്രായ പ്രകടനം.മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും മുസ്തഫിഖുർ റഹീം സ്വന്തമാക്കിയിരുന്ന. തുടർച്ചയായി 8 മത്സരങ്ങൾ തോറ്റതിന് ശേഷമാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഒരു ടി20 മത്സരം ജയിച്ചത്.

മത്സരത്തിൽ സ്പിന്നർമാരെ നേരിടാൻ ബുദ്ധിമുട്ടാണെന്നിരിക്കെ 15 – 2 ഓവറുകളിൽ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ നേരിടാനായിരുന്നു തന്റെയും സൗമയുടെയും പദ്ധതിയെന്നും റഹീം പറഞ്ഞു. മത്സരത്തിൽ 43 പന്തിൽ 60 നേടിയ മുസ്തഫിഖുർ റഹീമിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ 7 വിക്കറ്റിന് തോൽപ്പിച്ചിരുന്നു. മത്സരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ മുസ്തഫിഖുർ റഹീമിനെ പുറത്താക്കാൻ കിട്ടിയ അവസരം ക്രൂണാൽ പാണ്ട്യ നഷ്ടപ്പെടുത്തിയതും ഇന്ത്യക്ക് തിരിച്ചടിയായി.

Exit mobile version