ടെസ്റ്റിലെ വിക്കറ്റ് കീപ്പിംഗ് ദൗത്യം അവസാനിപ്പിക്കാനൊരുങ്ങി മുഷ്ഫിക്കുര്‍ റഹിം

ബംഗ്ലാദേശിന്റെ ഒന്നാം നമ്പര്‍ കീപ്പറായ മുഷ്ഫിക്കുര്‍ റഹിം ടെസ്റ്റില്‍ നിന്ന് കീപ്പിംഗ് ദൗത്യം അവസാനിപ്പിക്കുവാന്‍ ഒരുങ്ങുന്നു. തന്റെ കരിയറിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുവാനും വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായിട്ടുമാണ് ഈ തീരുമാനം. 32 വയസ്സുകാരന്‍ താരം ഈ തീരുമാനം എടുക്കുവാന്‍ ആദ്യം താല്പര്യപ്പെട്ടിരുന്നുവെങ്കിലും പിന്നീട് അതാണ് മികച്ചതെന്ന് കോച്ചിനെ അറിയിക്കുകയായിരുന്നു. ടീം മാനേജ്മെന്റിലെ മറ്റംഗങ്ങളോട് കോച്ച് റസ്സല്‍ ഡൊമിംഗോ ചര്‍ച്ച ചെയ്ത ശേഷം മുഷ്ഫിക്കുറിന്റെ തീരുമാനത്തെ അംഗീകരിച്ചു.

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നതിനാലും ഇപ്പോള്‍ വളരെ അധികം മത്സരങ്ങളില്‍ കളിക്കുന്നതിനാലും താന്‍ ഈ തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്ന് മുഷ്ഫിക്കുര്‍ പറഞ്ഞു. തന്റെ കീപ്പിംഗും ബാറ്റിംഗും ഒരേ നിലവാരത്തിലല്ല കുറച്ച് കാലമായിട്ടെന്നും കൂടി പരിഗണിക്കുമ്പോള്‍ ഈ തീരുമാനം തനിക്കും ടീമിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഷ്ഫിക്കുര്‍ വ്യക്തമാക്കി.

മലിംഗയ്ക്ക് വിജയത്തോടെ വിട, ബംഗ്ലാദേശിനെതിരെ ലങ്കയുടെ വിജയം 91 റണ്‍സിന്

ശ്രീലങ്ക നല്‍കിയ 315 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 41.4 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ തന്റെ അവസാന ഏകദിനത്തിനിറങ്ങിയ ലസിത് മലിംഗ വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 67 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിമും 60 റണ്‍സ് നേടിയ സബ്ബീര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയ താരങ്ങള്‍. 39/4 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 111 റണ്‍സ് കൂട്ടുകെട്ടാണ് നേരിയ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ കൂട്ടുകെട്ട് ധനന്‍ജയ ഡി സില്‍വ തകര്‍ത്തതോടെ ബംഗ്ലാദേശിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു.

ലസിത് മലിംഗ ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കിയ മലിംഗ തന്റെ കരിയറിലെ അവസാന ഓവറില്‍ ബംഗ്ലാദേശിന്റെ അവസാന വിക്കറ്റും നേടി തന്റെ അവസാന ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി മടങ്ങുകയായിരുന്നു. നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റ് നേടി. ധനന്‍ജയ ഡി സില്‍വയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു.

അവസാന മത്സരത്തില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തുവാന്‍ ശ്രമിക്കും, ലോകകപ്പില്‍ ബംഗ്ലാദേശിന്റെ പ്രകടനം മികച്ചതെന്ന് കരുതുന്നു

ഈ ലോകകപ്പില്‍ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഷാക്കിബും മുഷ്ഫിക്കുറും ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും അല്പം ഭാഗ്യം കൂടി തുണച്ചിരുന്നുവെങ്കില്‍ സെമി ഫൈനലിലേക്ക് ടീം കടന്നേനെയെന്നും ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പറഞ്ഞു. ഇന്ത്യയ്ക്കെതിരെ വിജയം അനിവാര്യമായ മത്സരമായിരുന്നു പക്ഷേ ടീമിന് സാധിച്ചില്ല, എന്നാല്‍ അവിസ്മരണീയമായ പ്രകടനമാണ് മുസ്തഫിസുര്‍ റഹ്മാന്‍ നടത്തിയതെന്നും മൊര്‍തസ പറഞ്ഞു.

അവസാന മത്സരത്തില്‍ മികച്ച കളി പുറത്തെടുക്കുവാന്‍ ശ്രമിക്കുമെന്നും ടൂര്‍ണ്ണമെന്റ് വിജയിച്ച് അവസാനിപ്പിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ബംഗ്ലാദേശ് നായകന്‍ പറഞ്ഞു. പാക്കിസ്ഥാനെ പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുക തന്നെയാവും ബംഗ്ലാദേശിന്റെ ലക്ഷ്യമെന്നും ടൂര്‍ണ്ണമെന്റ് വിജയിപ്പിച്ച് അവസാനിപ്പിക്കുവാന്‍ ടീം ശ്രമിക്കുമെന്നും മഷ്റഫെ മൊര്‍തസ പറഞ്ഞു.

ആരാധകരുടെ പിന്തുണ ആദ്യ മത്സരം മുതല്‍, മുഷ്ഫിക്കറുടെ ഇന്നിംഗ്സാണ് മത്സരം മാറ്റി മറിച്ചത്

ബംഗ്ലാദേശിന്റെ അഫ്ഗാനിസ്ഥാനെതിരായ വിജയത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയെങ്കിലും തന്റെ പ്രകടനത്തെക്കാള്‍ മുഷ്ഫിക്കുര്‍ റഹിമിന്റെ പ്രകടനമാണ് ഏറെ നിര്‍ണ്ണായകമായതെന്ന് പറഞ്ഞ് ഷാക്കിബ് അല്‍ ഹസന്‍. മുഷ്ഫിക്കുറിന്റെ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കില്‍ 262 എന്ന സ്കോറിലേക്ക് ബംഗ്ലാദേശ് എത്തില്ലായിരുന്നു. ഇത് ടീം എഫേര്‍ട്ടിലൂടെ നേടിയ വിജയമാണ്, ബാറ്റ് കൊണ്ടും ബോള് കൊണ്ടും പല താരങ്ങളും മികച്ച് നിന്ന മത്സരമാണിതെന്നും ഷാക്കിബ് പറഞ്ഞു.

താന്‍ തന്റെ 50 റണ്‍സിന് വേണ്ടി ഏറെ കഷ്ടപ്പെട്ടുവെന്നും അത്ര അനായാസമായ പിച്ചായിരുന്നില്ല സൗത്താംപ്ടണിലേതെന്നും ഷാക്കിബ് പറഞ്ഞു. അഞ്ച് വിക്കറ്റുകള്‍ നേടുവാനായത് ഏറെ സന്തോഷം നല്‍കുന്നു. കാണികള്‍ ആദ്യ മത്സരം മുതല്‍ ഞങ്ങളെ സഹായിക്കുന്നുണ്ടെന്നും അവരുടെ പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്ന പ്രകടനം ടീമിനു പുറത്തെടുക്കാനായതില്‍ സന്തോഷമുണ്ടെന്നും ഷാക്കിബ് പറഞ്ഞു.

ലോകകപ്പിലെ ഈ ഫോമിനു കാരണം കഠിന പരിശ്രമവും പിന്നെ ഭാഗ്യവുമാണെന്നാണ് ഷാക്കിബ് പറയുന്നത്. രണ്ട് പ്രധാന മത്സരങ്ങള്‍ കൂടിയാണ് ഇനി ടീമിനുള്ളത്. ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാനെതിരെയും. ഇന്നത്തെ വിജയം ഞങ്ങളുടെ ആത്മവിശ്വാസം ഏറെ ഉയര്‍ത്തുന്നു. ഈ വിജയത്തില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് ബാക്കി മത്സരങ്ങളില്‍ ടീം മികവ് പുലര്‍ത്തി സെമി സ്ഥാനം നേടുമെന്നാണ് വിശ്വാസമെന്നും ഷാക്കിബ് പറഞ്ഞു.

അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് മികവിനിടയിലും ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ച് മുഷ്ഫിക്കുര്‍ റഹിം, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍

മുഷ്ഫിക്കുര്‍ റഹിമും ഷാക്കിബ് അല്‍ ഹസനും അര്‍ദ്ധ ശതകങ്ങള്‍ നേടിയ മികവില്‍ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് അത്ര അനായാസമല്ലാത്ത പിച്ചില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇതേ പിച്ചില്‍ ഇന്ത്യ നേടിയ സ്കോറിനെക്കാള്‍ മികച്ച സ്കോര്‍ നേടിയ ബംഗ്ലാദേശ് 50 ഓവറുകള്‍ പിന്നിട്ടപ്പോള്‍ 262 റണ്‍സാണ് നേടിയത്. ഇന്ത്യയ്ക്കെതിരെയെന്ന പോലെ മികച്ച രീതിയിലുള്ള ബൗളിംഗാണ് അഫ്ഗാനിസ്ഥാന്‍ പുറത്തെടുത്തത്. എന്നാല്‍ ബൗണ്ടറി നേടാനാകാതെ വന്നപ്പോളും സിംഗിളുകളും ഡബിളും ഓടി സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതില്‍ ബംഗ്ലാദേശ് ശ്രദ്ധിച്ചിരുന്നു. മുജീബ് ഉര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ മുഹമ്മദ് നബിയ്ക്കാണ് ഒരു വിക്കറ്റ്.

സൗമ്യ സര്‍ക്കാരിന് പകരം ലിറ്റണ്‍ ദാസിനെ ഓപ്പണിംഗില്‍ പരീക്ഷിച്ച ബംഗ്ലാദേശ് തീരുമാനം ഫലം കാണുമെന്നാണ് തോന്നിയത്. മിന്നും തുടക്കം ദാസ് നേടിയെങ്കിലും പിന്നീട് മുജീബിന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 16 റണ്‍സ് ആണ് താരം നേടിയത്. പിന്നീട് 59 റണ്‍സ് കൂട്ടുകെട്ടുമായി തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും റണ്‍സ് അധികം വിട്ട് നല്‍കാതെ അഫ്ഗാനിസ്ഥാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു.

തമീമിനെ(36) നബി പുറത്താക്കിയപ്പോള്‍ മുജീബ് ഷാക്കിബ് അല്‍ ഹസനെയും(51) സൗമ്യ സര്‍ക്കാരിനെയും(3) പുറത്താക്കി ബംഗ്ലാദേശിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. മൂന്നാം വിക്കറ്റില്‍ ഷാക്കിബും-റഹിമും ചേര്‍ന്ന് 61 റണ്‍സാണ് നേടിയത്. മധ്യ ഓവറുകളില്‍ ബൗണ്ടറി നേടാനാകാതിരുന്നതും ബംഗ്ലാദേശിന് തിരിച്ചടിയായി മാറുമെന്ന് കരുതിയെങ്കിലും ഇന്നിംഗ്സ് അവസാനം വരെ മുഷ്ഫിക്കുര്‍ ബാറ്റ് ചെയ്തപ്പോള്‍ ടീമിന് മികച്ച സ്കോര്‍ നേടുവാനായി. 90 പന്തുകള്‍ക്ക് ശേഷം 39ാം ഓവറിലാണ് മുഷ്ഫിക്കുര്‍ റഹിം ഒരു ബൗണ്ടറി നേടിയത്.

റഹിമിനൊപ്പം മഹമ്മദുള്ള രംഗത്തെത്തിയ ശേഷമാണ് ഏറെ ഓവറുകള്‍ക്ക് ശേഷം ബംഗ്ലാദേശ് സ്കോറിംഗിനു വീണ്ടും വേഗത വന്നത്. 56 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടി അവസാന ഓവറുകളില്‍ കൂറ്റനടിക്ക് ശ്രമിച്ച് മഹമ്മദുള്ള(27) പുറത്തായപ്പോള്‍ മറുവശത്ത് മുഷ്ഫിക്കുര്‍ തന്റെ ബാറ്റിംഗ് തുടര്‍ന്നു.

87 പന്തില്‍ നിന്ന് 83 റണ്‍സ് നേടി റഹിം ദവലത് സദ്രാന് വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ ആറാം വിക്കറ്റില്‍ 44 റണ്‍സാണ് താരം മൊസ്ദേക്ക് ഹൊസൈനുമായി ചേര്‍ന്ന് നേടിയത്. ഇന്നിംഗ്സിന്റ അവസാന പന്തില്‍ പുറത്താകുമ്പോള്‍ മൊസ്ദേക്ക് 24 പന്തില്‍ നിന്ന് നിര്‍ണ്ണായകമായ 35 റണ്‍സാണ് നേടിയത്. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് മൂന്നും ഗുല്‍ബാദിന്‍ നൈബ് രണ്ടും വിക്കറ്റാണ് നേടിയത്.

അഷ്റഫുള്ളിനു ശേഷം ഓസ്ട്രേലിയയ്ക്കെതിരെ ശതകം നേടുന്ന രണ്ടാമത്തെ താരമായി മുഷ്ഫിക്കുര്‍ റഹിം

2005ല്‍ കാര്‍ഡിഫില്‍ ഓസ്ട്രേലിയയ്ക്കെതിരെ മുഹമ്മദ് അഷ്റഫുള്‍ നേടിയ ശതകമാണ് ഒരു ബംഗ്ലാദേശ് താരം കംഗാരുക്കള്‍ക്കെതിരെ നേടുന്ന ആദ്യ ശതകം. 14 വര്‍ഷങ്ങള്‍ക്കിപ്പുറം ട്രെന്റ് ബ്രിഡ്ജില്‍ മുഷ്ഫിക്കുര്‍ റഹിം ആ നേട്ടം സ്വന്തമാക്കുമ്പോള്‍ വെറും രണ്ടാമത്തെ താരമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്നത്.

97 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്സും സഹിതമാണ് മുഷ്ഫിക്കുര്‍ ഈ നേട്ടം കൊയ്തത്. ബംഗ്ലാദേശ് ഇന്ന് ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര‍് നേടിയെങ്കിലും ഓസ്ട്രേലിയ നല്‍കിയ റണ്‍മല കയറാനാകാതെയാണ് ടീം പൊരുതി കീഴടങ്ങിയത്.

ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ബംഗ്ലാദേശ്

ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്ന് ബംഗ്ലാദേശ് ഓസ്ട്രേലിയയ്ക്കെതിരെ നേടിയത്. 333/8 എന്ന സ്കോറില്‍ തങ്ങളുടെ 50 ഓവര്‍ അവസാനിച്ചപ്പോള്‍ ഇതേ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 330/6 എന്ന മുന്‍ റെക്കോര്‍ഡ് ടീം തിരിത്തിയെങ്കിലും ജയം എന്നത് ടീമില്‍ നിന്ന് അകലം നിന്നു. പാക്കിസ്ഥാനെതിരെ നേടിയ 329 റണ്‍സും(2015 മിര്‍പൂര്‍) 326 റണ്‍സും(മിര്‍പൂരില്‍ 2014) ആയിരുന്നു ലോകകപ്പിനു മുമ്പ് ബംഗ്ലാദേശിന്റെ ഉയര്‍ന്ന സ്കോര്‍.

അവസാന പത്തോവറില്‍ 131 റണ്‍സ് നേടിയ ഓസ്ട്രേലിയയുടെ ബാറ്റിംഗ് വെടിക്കെട്ടാണ് മത്സരം ബംഗ്ലാദേശിന്റെ കൈയ്യില്‍ നിന്ന് തട്ടിയെടുത്തത്. 381 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. 166 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ ഓസ്ട്രേലിയയ്ക്കായി കസറിയപ്പോള്‍ 102 റണ്‍സ് നേടി മുഷ്ഫിക്കുര്‍ റഹിം ബംഗ്ലാദേശിനു വേണ്ടി തിളങ്ങി. എന്നിരുന്നാലും മറ്റു താരങ്ങളില്‍ നിന്ന് വലിയ സ്കോര്‍ പിറക്കാതിരുന്നത് ടീമിനെ 48 റണ്‍സിന്റെ തോല്‍വിയിലേക്ക് തള്ളിയിട്ടു.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള തങ്ങളുടെ ഏറ്റവും വലിയ സ്കോര്‍ നേടിയെങ്കിലും ജയം സ്വന്തമാക്കാനാകാതെ ബംഗ്ലാദേശ്

വീണ്ടുമൊരു വീരോചിതമായ പോരാട്ടത്തിനു ശേഷം കീഴടങ്ങി ബംഗ്ലാദേശ്. ഇന്ന് കരുത്തരായ ഓസ്ട്രേലിയ നേടിയ 381 റണ്‍സ് ചേസ് ചെയ്യവെ തങ്ങളുടെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏറ്റവും വലിയ സ്കോര്‍ നേടുവാന്‍ ബംഗ്ലാദേശിനായെങ്കിലും 48 റണ്‍സിന്റെ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു ബംഗ്ലാദേശ്. 50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. മത്സരത്തില്‍ നിന്ന് തന്റെ ഏഴാം ഏകദിന ശതകം റഹിം നേടിയെങ്കിലും ഓസ്ട്രേലിയ നല്‍കിയ കൂറ്റന്‍ ലക്ഷ്യത്തിനു 48 റണ്‍സ് അകലെ വരെ എത്തുവാനെ അത് ബംഗ്ലാദേശിനെ സഹായിച്ചുള്ളു.

മുഷ്ഫിക്കുര്‍ റഹിമിനൊപ്പം മഹമ്മദുള്ള അടിച്ച് തകര്‍ത്ത് 127 റണ്‍സിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടിയെങ്കിലും റണ്‍റേറ്റ് ഓരോ ഓവറുകള്‍ക്ക് ശേഷവും കുതിച്ചുയര്‍ന്നപ്പോള്‍ ബംഗ്ലാദേശ് തട്ടിത്തടഞ്ഞ് വീഴുകയായിരുന്നു. ഓപ്പണര്‍ തമീം ഇക്ബാല്‍(62), ഷാക്കിബ് അല്‍ ഹസന്‍(41) എന്നിവരുടെ ശ്രമങ്ങള്‍ക്കൊപ്പം 50 പന്തില്‍ നിന്ന് 69 റണ്‍സ് നേടി മഹമ്മദുള്ളയും 102 റണ്‍സുമായി പുറത്താകാതെ മുഷ്ഫിക്കുര്‍ റഹിമുമാണ് ബംഗ്ലാദേശ് നിരയില്‍ പൊരുതിയത്.

ഓസ്ട്രേലിയയ്ക്കായി തന്റെ സ്പെല്ലിലെ അവസാന ഓവറില്‍ മഹമ്മദുള്ളയെയും സബ്ബിര്‍ റഹ്മാനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഹാട്രിക്കിന്റെ വക്കോളമെത്തിയ താരമായി നഥാന്‍ കോള്‍ട്ടര്‍ നൈല്‍ മാറിയിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍ എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

മുഷ്ഫിക്കുറിനെ പഴി പറയേണ്ട കാര്യമില്ലെന്ന് മൊര്‍തസ

ബംഗ്ലാദേശിനെ 244 റണ്‍സിനു ചുരുട്ടിക്കെട്ടിയെങ്കിലും ന്യൂസിലാണ്ടിന്റെ വിജയം ആധികാരികമായിരുന്നില്ല. തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ടീമിനു 2 വിക്കറ്റിന്റെ വിജയമാണ് 47.1 ഓവറില്‍ നേടാനായത്. റോസ് ടെയിലര്‍ നേടിയ 82 റണ്‍സാണ് മത്സരം ന്യൂസിലാണ്ടിനു അനുകൂലമാക്കി മാറ്റിയത്. എന്നാല്‍ മത്സരത്തിലെ ഏറെ നിര്‍ണ്ണായകമായ ഒരു കൂട്ടുകെട്ടായിരുന്നു ന്യൂസിലാണ്ടിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്.

55/2 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ടിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ചത് ഈ കൂട്ടുകെട്ടായിരുന്നു. 105 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത്. 40 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ എന്നാല്‍ തന്റെ വ്യക്തിഗത സ്കോര്‍ 8ല്‍ നില്‍ക്കെ വലിയൊരു റണ്ണൗട്ട് വെല്ലുവിളിയെയാണ് അതിജീവിച്ചത്. മുഷ്ഫിക്കുര്‍ സ്റ്റംപുകള്‍ തകര്‍ക്കുമ്പോള്‍ വില്യംസണ്‍ ക്രീസിലെത്തിയില്ലായിരുന്നുവെങ്കിലും മുഷ്ഫിക്കുര്‍ തന്റെ മുട്ട് കൊണ്ടാണ് വിക്കറ്റുകളെ തകര്‍ക്കുന്നതെന്ന് റീപ്ലേയില്‍ വ്യക്തമാകുകയായിരുന്നു. ഈ ലഭിച്ച ജീവന്‍ ന്യൂസിലാണ്ട് വിജയത്തില്‍ ഏറെ നിര്‍ണ്ണായകമാകുകയും ചെയ്തു.

എന്നാല്‍ ഈ തെറ്റിനു മുഷ്ഫിക്കുറിനെ പഴി പറയേണ്ട കാര്യമില്ലെന്നാണ് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പറയുന്നത്. ഇത്തരത്തിലുള്ള തെറ്റുകള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ഇത് മത്സരത്തിലെ വളരെ വലിയ നിര്‍ണ്ണായക മുഹൂര്‍ത്തമാണെന്നത് സത്യമാണ്. പക്ഷേ ഇത്തരം തെറ്റുകള്‍ മത്സരത്തിന്റെ ഭാഗമാണ്, ആരും ഇത്തരം തെറ്റുകള്‍ അറിഞ്ഞോണ്ട് ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ലെന്നും മൊര്‍തസ പറഞ്ഞു.

തമീം ഇക്ബാലിന്റെ ത്രോ വിക്കറ്റിനു മുന്നില്‍ ചെന്ന് പിടിക്കുവാനുള്ള ശ്രമത്തിനിടെയാണ് താരത്തിന്റെ കൈമുട്ട് വിക്കറ്റുകളില്‍ പതിച്ചത്.

ബംഗ്ലാദേശിനെ മികച്ച സ്കോറിലേക്ക് നയിച്ച് മുഷ്ഫിക്കുര്‍ റഹിം-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ട്, മഹമ്മദുള്ളയുടെ വെടിക്കെട്ട് പ്രകടനം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകായയിരുന്നു.  ആദ്യ മത്സരത്തിലേത് പോലെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്നിംഗ്സിന്റെ അവസാനത്തോടെ വിക്കറ്റുകളുമായി തിരിച്ചുവരവ് നടത്തി ബംഗ്ലാദേിനെ 300നു താഴെ പിടിച്ചുകെട്ടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ആറാം വിക്കറ്റ് കൂട്ടുകെട്ടായ മഹമ്മദുള്ള-മൊസ്ദൈക്ക് ഹൊസൈന്‍ ടീമിനെ 300 കടക്കുവാന്‍ സഹായിച്ചു. ആറാം വിക്കറ്റില്‍ നേടിയ 66 റണ്‍സിന്റെ സഹായത്തോടെ ബംഗ്ലാദേശ് 50 ഓവറില്‍ നിന്ന്  330 റണ്‍സ് നേടുകയായിരുന്നു. ആറ് വിക്കറ്റാണ് ടീമിനു നഷ്ടമായത്.

തമീം ഇക്ബാലും സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് നേടിയ ശേഷം ഇരുവരും അടത്തതുട്ത്ത പുറത്താകുകയായിരുന്നു. തമീം മെല്ലെ തുടങ്ങി 16 റണ്‍സ് നേടി പുറത്തായപ്പോള്‍ സൗമ്യ സര്‍ക്കാര്‍ അതിവേഗത്തിലുള്ള സ്കോറിംഗ് ആണ് കാഴ്ചവെച്ചത്. 30 പന്തില്‍ നിന്ന് സൗമ്യ സര്‍ക്കാര്‍ 42 റണ്‍സാണ് നേടിയത്.

തുടര്‍ന്ന് 142 റണ്‍സ് കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ വലിയ സ്കോറിലേക്ക് ഷാക്കിബ് അല്‍ ഹസനും മുഷ്ഫിക്കുര്‍ റഹിമും കൂടി നയിക്കുകയായിരുന്നു. എന്നാല്‍ ഇമ്രാന്‍ താഹിര്‍ ഷാക്കിബിനെയും മുഹമ്മദ് മിഥുനിനെയും ബൗള്‍ഡാക്കിയതോടെ ദക്ഷിണാഫ്രിക്ക മത്സരത്തില്‍ തിരിച്ചുവരവ് നടത്തി. ഷാക്കിബ് 75 റണ്‍സും മുഹമ്മദ് മിഥുന്‍ 21 റണ്‍സുമാണ് നേടിയത്.

മുഷ്ഫിക്കുര്‍ റഹിമിനെയും അധികം വൈകാതെ ദക്ഷിണാഫ്രിക്ക പുറത്താക്കി. 80 പന്തില്‍ നിന്ന് 78 റണ്‍സാണ് താരം നേടിയത്. ആന്‍ഡിലെ ഫെഹ്ലുക്വായോയ്ക്കാണ് വിക്കറ്റ്. മഹമ്മദുള്ള അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതും ബംഗ്ലാദേശിനു ഗുണകരമായി മാറി. താരം 33 പന്തില്‍ നിന്ന് 46 റണ്‍സാണ് നേടിയത്. മൊസ്ദേക്ക് ഹൊസൈന്‍ 26 റണ്‍സ് നേടി പുറത്തായി

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമ്രാന്‍ താഹിര്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ബുംറ തുടങ്ങി, പിന്നെ പിടിമുറുക്കി കുല്‍ദീപും ചഹാലും, ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ

ധോണിയുടെയും കെഎല്‍ രാഹുലിന്റെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ ബലത്തില്‍ 359 റണ്‍സ് നേടിയ ഇന്ത്യയ്ക്കെതിരെ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനു 95 റണ്‍സിന്റെ തോല്‍വി. ജസ്പ്രീത് ബുംറ തുടങ്ങിയ വിക്കറ്റ് വേട്ട പിന്നെ സ്പിന്നര്‍മാര്‍ ഏറ്റെടുത്തപ്പോള്‍ ബംഗ്ലാദേശ് 49.3 ഓവറില്‍ 264 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

മുഷ്ഫിക്കുര്‍ റഹിം 90 റണ്‍സും ലിറ്റണ്‍ ദാസ് 73 റണ്‍സും നേടിയതൊഴിച്ചാല്‍ മറ്റു ബംഗ്ലാദേശ് താരങ്ങള്‍ക്കാര്‍ക്കും തന്നെ മികവുറ്റ പ്രകടനം പുറത്തെടുക്കുവാനായിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവും യൂസുവേന്ദ്ര ചഹാല്‍ മൂന്നും ജസ്പ്രീത് ബുംറ,  എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്.

5 വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്, മുസ്തഫിസുര്‍ റഹ്മാന്‍ കളിയിലെ താരം

ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വിന്‍ഡീസിനെ കീഴടക്കി ബംഗ്ലാദേശ്. ഷായി ഹോപ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പ്രകടനത്തിലൂടെ 50 ഓവറില്‍ 247/9 എന്ന സ്കോര്‍ മാത്രമേ വിന്‍ഡീസിനു നേടാനായുള്ളു. മുസ്തഫിസുര്‍ റഹ്മാന്റെ നാല് വിക്കറ്റ് പ്രകടനവും മഷ്റഫെ മൊര്‍തസ നേടിയ മൂന്ന് വിക്കറ്റുമാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ ഷായി ഹോപും(87) ജേസണ്‍ ഹോള്‍ഡറും(62) നേടിയ അര്‍ദ്ധ ശതകങ്ങളാണ് വിന്‍ഡീസിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയം രേഖപ്പെടുത്തിയത്. മുഷ്ഫിക്കുര്‍ റഹിം 63 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 54 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാര്‍ നിര്‍ണ്ണായ പ്രകടനം നടത്തി. മുഹമ്മദ് മിഥുന്‍ 43 റണ്‍സും മഹമ്മദുള്ള പുറത്താകാതെ 30 റണ്‍സും നേടി ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. തമീം ഇക്ബാല്‍(21), ഷാക്കിബ് അല്‍ ഹസന്‍(29) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

വിന്‍ഡീസിനു വേണ്ടി ആഷ്‍ലി നഴ്സ് മൂന്ന് വിക്കറ്റും കെമര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Exit mobile version