ശതകം നേടി ലിറ്റൺ ദാസ്, ബാറ്റിംഗിൽ തിളങ്ങി മുഷ്ഫിക്കുറും

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ലിറ്റൺ ദാസിന്റെയും മുഷ്ഫിക്കുര്‍ റഹിമിന്റെയും മികവിൽ 306/4 എന്ന സ്കോര്‍ നേടുകയായിരുന്നു.

തമീം ഇക്ബാലിനെയും(12), ഷാക്കിബ് അല്‍ ഹസനെയും(20) നഷ്ടമായ ശേഷം ലിറ്റൺ ദാസും മുഷ്ഫിക്കുര്‍ റഹീമും ചേര്‍ന്ന് 202 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. ഇന്നിംഗ്സിന്റെ അവസാനത്തോടെ 136 റൺസ് നേടിയ ലിറ്റൺ ദാസ് പുറത്തായി അടുത്ത പന്തിൽ 86 റൺസ് നേടിയ മുഷ്ഫിക്കുറും പുറത്തായി.

285/2 എന്ന നിലയിൽ നിന്ന് അടുത്തടുത്ത പന്തുകളിൽ ഇരുവരുടെയും വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ബംഗ്ലാദേശ് 285/4 എന്ന നിലയിലേക്ക് വീണു. ഫരീദ് അഹമ്മദിനായിരുന്നു രണ്ട് വിക്കറ്റും. പിന്നീട് കഴിഞ്ഞ മത്സരത്തിലെ ഹീറോ അഫിഫ് ഹൊസൈന്‍ 13 റൺസ് നേടി ടീം സ്കോര്‍ 300 കടത്തി.

മുഷ്ഫിക്കുറിനെ ടീമിലുള്‍പ്പെടുത്താത്തത് ടീം മാനേജ്മെന്റ് തീരുമാനം – മഹമ്മുദുള്ള

പാക്കിസ്ഥാനെെതിരെയുള്ള ടി20 പരമ്പരയിലേക്കുള്ള ടീം ബംഗ്ലാദേശ് പ്രഖ്യാപിച്ചപ്പോള്‍ മുഷ്ഫിക്കുര്‍ റഹിമിനെ ടീമിൽ ഉള്‍പ്പെടുത്താതിരുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അത് ടീം മാനേജ്മെന്റ് തീരുമാന ആണെന്നും പറഞ്ഞ് മഹമ്മുദുള്ള.

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയുള്ളതിനാലാണ് താരത്തിന് വിശ്രമം നല്‍കിയതെന്നാണ് ബംഗ്ലാദേശ് ബോര്‍ഡിന്റെ സമീപനമെങ്കിലും താരം തന്നെ ടീമിൽ നിന്ന് ഒഴിവാക്കിയതാണെന്ന് കരുതുന്നുവെന്നാണ് പറഞ്ഞത്.

എന്നാൽ തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ടീം ക്യാപ്റ്റനും ടീം തിരഞ്ഞെടുപ്പിൽ ഭാഗമാകേണ്ട വ്യക്തിയും ആയ മഹമ്മുദുള്ളയുടെ പ്രതികരണം. തനിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുഷ്ഫിക്കുറിന്റെ സേവനം ടീമിന് നഷ്ടമാകുമെന്നും മാത്രമാണ് മഹമ്മുദുള്ള അഭിപ്രായപ്പെട്ടത്.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ മുഷ്ഫിക്കുര്‍ റഹിം കളിക്കില്ല

ഓസ്ട്രേലിയയ്ക്കെതിെരയുള്ള ടി20 പരമ്പരയിൽ മുഷ്ഫിക്കുര്‍ റഹിം കളിക്കില്ല. ഓഗസ്റ്റ് 3ന് ആണ് പരമ്പര ആരംഭിക്കുവാനിരിക്കുന്നതെങ്കിലും താരത്തിന് ആവശ്യമായ 10 ദിവസത്തെ ക്വാറന്റീന്‍ തുടങ്ങുവാന്‍ സാധിച്ചില്ലെന്നാണ് അറിയുന്നത്. സിംബാബ്‍വേ പരമ്പരയിൽ നിന്ന് നേരത്തെ നാട്ടിലേക്ക് താരം മടങ്ങിയിരുന്നു.

മുഷ്ഫിക്കുര്‍ കളിക്കുവാന്‍ തയ്യാറായിരുന്നുവെങ്കിലും പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്ലാതെ ആരെയും കളിപ്പിക്കുവാനാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നിലപാടെടുത്തതോടെയാണ് ഈ സാഹചര്യം ഉടലെടുത്തതെന്നും ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി.

വീണ്ടും ട്വിസ്റ്റ്, സിംബാബ്‍വേ പരമ്പര മതിയാക്കി നാട്ടിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ച് മുഷ്ഫിക്കുര്‍ റഹിം

സിംബാബ്‍വേയ്ക്കെതിരെയുള്ള ബംഗ്ലാദേശിന്റെ പരിമിത ഓവര്‍ പരമ്പര കളിക്കുവാനില്ലെന്ന് അറിയിച്ച് മുഷ്ഫിക്കുര്‍ റഹിം. താരം നേരത്തെ ടി20 പരമ്പരയിൽ മാത്രം കളിക്കില്ലെന്നാണ് അറിയിച്ചതെങ്കിലും ആ തീരുമാനവും മാറ്റി ഇന്നലെ ടി20 പരമ്പരയ്ക്കുണ്ടാകുമെന്ന് അറിയിച്ചിരുന്നു.

എന്നാൽ ഇപ്പോല്‍ ലഭിയ്ക്കുന്ന വിവരപ്രകാരം താരം സിംബാബ്‍വേ പരമ്പര മതിയാക്കി ഉടനെ നാട്ടിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ചുവെന്നാണ് അറിയുന്നത്. താരത്തിന്റെ മാതാപിതാക്കള്‍ കോവിഡ് ബാധിതരായതോടെയാണ് അവരോടൊപ്പം ചെല്ലുവാന്‍ താരം തീരുമാനിച്ചത്.

നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ക്രിക്കറ്റ് ഓസ്ട്രേലിയയും താരങ്ങള്‍ പത്ത് ദിവസം ബംഗ്ലാദേശിലെത്തിയ ശേഷം ക്വാറന്റീന്‍ ഇരിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുഷ്ഫിക്കുര്‍ സിംബാബ്‍‍വേയിൽ ബയോ ബബിളിൽ തുടര്‍ന്ന് ടീമിനായി ടി20 പരമ്പരയിലും കളിക്കാമെന്ന് തീരുമാനിച്ചത്.

യൂ ടേൺ അടിച്ച് മുഷ്ഫിക്കുര്‍ റഹിം, ടി20 പരമ്പരയിൽ കളിക്കും

സിംബാബ്‍വേയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ കളിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ താരം മുഷ്ഫിക്കുര്‍ റഹിം. താരം നേരത്തെ ടി20 പരമ്പരയിൽ കളിക്കില്ലെന്നാണ് അറിയിച്ചത്. എന്നാലിപ്പോള്‍ ചീഫ് സെലക്ടര്‍ മിന്‍ഹാജു. അബേദിന്‍ ആണ് പുതിയ വിവരം പുറത്ത് വിട്ടത്.

ബയോ ബബിളിന് പുറത്ത് കടന്നാലും താരത്തിന് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്ക് മുമ്പ് തിരികെ വരിക പ്രയാസമാണെന്ന് മനസ്സിലായതിനെത്തുടര്‍ന്നാണ് താരം തീരുമാനം മാറ്റിയതെന്ന് അറിയുന്നു.

ജൂലൈ 29ന് ബംഗ്ലാദേശിൽ തിരികെ എത്തുന്ന ബംഗ്ലാദേശും ഓസ്ട്രേലിയയും നേരെ ബയോ ബബിളിലേക്കാണ് പ്രവേശിക്കാനിരിക്കുന്നത്. സിംബാബ്‍വേ പരമ്പരയിൽ ബംഗ്ലാദേശിൽ ഇനി മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് കളിക്കാനുള്ളത്.

ഏകദിന പരമ്പര കഴിഞ്ഞ ബയോ ബബിളിൽ നിന്ന് പുറത്ത് കടക്കുന്ന റഹീമിനെ തിരികെ ടീമിലേക്ക് എത്തിക്കുവാന്‍ ആവശ്യമായ സമയം ലഭിക്കില്ലെന്നാണ് അറിയുന്നത്. ഓസ്ട്രേലിയയുമായുള്ള പരമ്പര ഓഗസ്റ്റ് 2ന് ആരംഭിക്കും.

ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ കളിക്കും, തമീം കളിച്ചേക്കില്ല

സിംബാബ്‍‍വേയ്ക്കെതിരെയുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ റഹീം കളിക്കും. അതേ സമയം തമീം ഇക്ബാല്‍ കളിക്കുമെന്നത് ഉറപ്പില്ല. ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു താരങ്ങളും പരിക്കിന്റെ പിടിയലാണ്. ഇതിൽ മുഷ്ഫിക്കുര്‍ ജൂലൈ ഏഴിന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിന് മുമ്പ് ഫിറ്റായി മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

സന്നാഹ മത്സരങ്ങളിലും ഇരു താരങ്ങളെയും ബംഗ്ലാദേശ് ടീം മാനേജ്മെന്റ് കളിപ്പിച്ചിരുന്നില്ല. പരിക്ക് കാരണം ഇരു താരങ്ങളും ധാക്ക പ്രീമിയര്‍ ലീഗിലെ അവസാന റൗണ്ട് മത്സരത്തിലും പങ്കെടുത്തില്ല. തമീമിനോട് ദൈര്‍ഘ്യമേറിയ വിശ്രമമാണ് ഓസ്ട്രേലിയക്കാരന്‍ കൺസള്‍ട്ടന്റ് ഡേവിഡ് യംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. താരത്തിന്റെ മുട്ടിനും മുഷ്ഫിക്കുറിന്റെ വിരലുകള്‍ക്കുമാണ് പരിക്ക്.

മുഷ്ഫിക്കുര്‍ കളിക്കുമെന്ന് ഉറപ്പാണെങ്കിലും തമീമിന്റെ കാര്യത്തിൽ നൂറ് ശതമാനം ഉറപ്പ് പറയാനാകില്ലെന്നും റസ്സൽ ഡൊമിംഗോ വ്യക്തമാക്കി.

സിംബാബ്‍വേയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് പിന്മാറി ബംഗ്ലാദേശ് സീനിയര്‍ താരം

ബംഗ്ലാദേശ് സീനിയര്‍ താരം മുഷ്ഫിക്കുര്‍ റഹിം സിംബാബ്‍വേയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് പിന്മാറി. എന്നാൽ താരം ടെസ്റ്റ് പരമ്പരയ്ക്കും ഏകദിന പരമ്പരയ്ക്കുമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുൽ അബേദിൻ ആണ് ഈ വിവരം സ്ഥിരീകരിച്ചത്. ഒരു അധിക ടി20 പരമ്പരയിൽ ഉള്‍പ്പെടുത്തുന്നതിനായി ഒരു ടെസ്റ്റ് മത്സരം കുറച്ചാണ് പരമ്പര തയ്യാറാക്കിയിരിക്കുന്നത്.

ജൂലൈ ഏഴിനാണ് പരമ്പര ആരംഭിക്കുക. ജൂൺ 29ന് സിംബാബ്‍വേയിലെത്തുന്ന ബംഗ്ലാദേശ് 5 മുതൽ ഏഴ് ദിവസം ക്വാറന്റീനിലിരിക്കേണ്ടതുണ്ട്. ജൂലൈ 3നും നാലിനും നടക്കാനിരിക്കുന്ന സന്നാഹ മത്സരങ്ങൾ ക്വാറന്റീൻ ദിനങ്ങളെ ആശ്രയിച്ചായിരിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

പരമ്പരയിലെ താരമായി മുഷ്ഫിക്കുർ റഹിം

ബംഗ്ലാദേശിന്റെ പരമ്പര വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ മുഷ്ഫിക്കുർ റഹിം ആയിരുന്നു. താരം ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തെടുത്ത പ്രകടനമാണ് ബംഗ്ലാദേശിന് പൊരുതാവുന്ന സ്കോറിലേക്ക് എത്തുവാൻ സഹായിച്ചത്. ആ പ്രകടനങ്ങളുടെ ബലത്തിൽ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പര നേടുവാനും ടീമിന് സാധിച്ചു. ഈ പ്രകടനങ്ങളുടെ ബലത്തിൽ താരത്തെ പരമ്പരയിലെ താരമാക്കി മാറ്റുകയായിരുന്നു.

മൂന്നാം ഏകദിനത്തിൽ മുഷ്ഫിക്കുറിന് 28 റൺസ് മാത്രമാണ് നേടാനായത്. അതോടെ ബംഗ്ലാദേശിന്റെ ചെറുത്ത്നില്പ് 189 റൺസിൽ അവസാനിക്കുകയായിരുന്നു. 15 വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിച്ചൊരാളെന്ന നിലയിൽ ടീമിനായി കൂടുതൽ കൂടുതൽ സംഭാവന ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് മുഷ്ഫിക്കുർ മത്സരശേഷം പറഞ്ഞത്.

ഈ പരമ്പരയ്ക്കായി താരങ്ങളെല്ലാം കഠിന പ്രയത്നം ആണ് നടത്തിയതെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി ടീം മികച്ച ക്രിക്കറ്റല്ല കളിച്ചതെന്നും അതിനാൽ തന്നെ പരമ്പര വിജയിക്കാനായതിൽ ഏറെ സന്തോഷം ഉണ്ടെന്നും മുഷ്ഫിക്കുർ പറഞ്ഞു.

മുന്നിൽ നിന്ന് പൊരുതാനായതിൽ സന്തോഷം – മുഷ്ഫിക്കുർ റഹിം

ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് കരകയറ്റി 246 റൺസിലേക്ക് നയിച്ചതിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കുർ റഹിമിന്റെ സേവനം വളരെ വലുതാണ്. താരം ഒറ്റയ്ക്ക് നേടിയ 125 റൺസാണ് ബംഗ്ലാദേശിന് തകർച്ചയിൽ നിന്ന് കരകയറുവാനുള്ള അവസരം സൃഷ്ടിച്ചത്. തനിക്ക് ടീമിന് വേണ്ടി മുന്നിൽ നിന്ന് പൊരുതാനായതിൽ സന്തോഷം ഉണ്ടെന്നാണ് മുഷ്ഫിക്കുർ റഹിം പറഞ്ഞത്.

എന്നാൽ തനിക്ക് അവസാന 11 പന്തുകൾ കൂടി കളിക്കുവാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടെന്ന് മുഷ്ഫിക്കുർ പറഞ്ഞു. ഇനിയും ബംഗ്ലാദേശ് മെച്ചപ്പെടുവാനുള്ള പല മേഖലകളും ഉണ്ടെന്നും ഭയമില്ലാതെ ടീം കളിക്കേണ്ടിയിരിക്കുന്നുവെന്നും മുഷ്ഫിക്കുർ വ്യക്തമാക്കി. അത്ര അനായാസം ബാറ്റ് ചെയ്യാനാകുന്ന പിച്ചല്ലായിരുന്നു ഇതെന്നും അവിടെ ഇത്തരം മികച്ച തിരിച്ചുവരവുകൾ സന്തോഷം നൽകുന്നതാണെന്നും മുഷ്ഫിക്കുർ വ്യക്തമാക്കി.

രക്ഷകനായി മുഷ്ഫിക്കുര്‍, ശതകം നേടിയ താരത്തിന്റെ ബലത്തില്‍ 246 റണ്‍സ് നേടി ബംഗ്ലാദേശ്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ 74/4 എന്ന നിലയിലേക്കും പിന്നീട് 184/7 എന്ന നിലയിലേക്കും വീണ ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറായ 246 റണ്‍സിലേക്ക് നയിച്ച് മുഷ്ഫിക്കുര്‍ റഹിം. റഷീം നേടിയ 125 റണ്‍സും മഹമ്മുദുള്ള നേടിയ 41 റണ്‍സും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ എടുത്തു പറയാവുന്ന സ്കോര്‍. റഹീം ഇന്നിംഗ്സിലെ അവസാന വിക്കറ്റായി പുറത്തായപ്പോള്‍ 48.1 ഓവറില്‍ ബംഗ്ലാദേശ് ഓള്‍ഔട്ട് ആകുകയായിരുന്നു.

74/4 എന്ന നിലയില്‍ മുഷ്ഫിക്കുര്‍-മഹമ്മുദുള്ള കൂട്ടുകെട്ട് 87 റണ്‍സ് നേടിയാണ് വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശിന് ആശ്വാസമേകിയത്. 41 റണ്‍സ് നേടി മഹമ്മുദുള്ളയെ ലക്ഷന്‍ സണ്ടകന്‍ ആണ് വീഴ്ത്തിയത്. താരത്തിന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റായിരുന്നു ഇത്. തുടര്‍ന്ന് ഒരു വശത്ത് വിക്കറ്റ് വീഴുമ്പോള്‍ പൊരുതി നിന്ന് മുഷ്ഫിക്കുര്‍ തന്റെ ശതകം നേടിയെങ്കിലും ഇന്നിംഗ്സിലെ അവസാന വിക്കറ്റായി വീണപ്പോള്‍ ബംഗ്ലാദേശ് 48.1 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ട് ആയി.

ശ്രീലങ്കയ്ക്കായി ലക്ഷന്‍ സണ്ടകന്‍, ദുഷ്മന്ത ചമീര എന്നിവര്‍ മൂന്ന് വിക്കറ്റും ഇസ്രു ഉഡാന രണ്ട് വിക്കറ്റും നേടി.

താന്‍ പൊള്ളാര്‍ഡിനെയോ റസ്സലിനെയോ പോലെയല്ല – മുഷ്ഫിക്കുര്‍ റഹിം

താന്‍ പൊള്ളാര്‍ഡിനെയോ റസ്സലിനെയോ പോലെ വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട ആളല്ലെന്നും തന്റെ ശക്തിയ്ക്കനുസരിച്ചുള്ള ബാറ്റിംഗ് ആണ് താന്‍ പുറത്തെടുത്തതെന്നും പറഞ്ഞ് ഇന്നലെ ശ്രീലങ്കയ്ക്കെതിരെ ബാറ്റിംഗ് മികവില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയ മുഷ്ഫിക്കുര്‍ റഹിം.

ബാറ്റിംഗ് അത്ര എളുപ്പമല്ലാത്ത വിക്കറ്റായിരുന്നുവെന്നും താന്‍ സമയം എടുത്താണ് തന്റെ ഇന്നിംഗ്സ് പടുത്തുയര്‍ത്തിയതെന്നും റഹിം പറഞ്ഞു. ഒരു വശത്ത് വിക്കറ്റ് കാത്ത് സൂക്ഷിക്കേണ്ടിയിരുന്നത് ആവശ്യമായിരുന്നുവെന്നും മഹമ്മുദുള്ള, അഫീഫ്, സൈഫുദ്ദീന്‍ എന്നിവര്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയതും അത് ടീമിന് ഗുണം ചെയ്തുവെന്നും മുഷ്ഫിക്കുര്‍ പറഞ്ഞു.

മുഷ്ഫിക്കുറിന് ശതകം നഷ്ടം, ബംഗ്ലാദേശിനെ 257 റണ്‍സില്‍ ഒതുക്കി ശ്രീലങ്ക

ശ്രീലങ്കയ്ക്കെതിരെ എതിരെ 6 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം, തമീം ഇക്ബാല്‍, മഹമ്മുദുള്ള എന്നിവരാണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.

ലിറ്റണ്‍ ദാസിനെ തുടക്കത്തില്‍ തന്നെ നഷ്ടമായ ബംഗ്ലാദേശിന് ഷാക്കിബിന്റെ(15) വിക്കറ്റ് നഷ്ടമാകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 43 റണ്‍സായിരുന്നു. ക്യാപ്റ്റന്‍ തമീം ഇക്ബാലും മുഷ്ഫിക്കുര്‍ റഹിമും ചേര്‍ന്ന് ടീമിനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന ഘട്ടത്തിലാണ് ധനന്‍ജയ ഡി സില്‍വ തമീമിനെയും മുഹമ്മദ് മിഥുനിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ബംഗ്ലാദേശിനെ 99/4 എന്ന നിലയിലേക്ക് പ്രതിരോധത്തിലാക്കിയത്.

Mahmudullahmushfiqur

52 റണ്‍സാണ് തമീം നേടിയത്. തുടര്‍ന്ന് 109 റണ്‍സിന്റെ മികച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി മുഷ്ഫിക്കുര്‍ റഹിമും മഹമ്മുദുള്ളയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്.

84 റണ്‍സ് നേടിയ റഹിം തന്റെ ശതകം പൂര്‍ത്തിയാക്കാനാകാതെ മടങ്ങിയപ്പോള്‍ മഹമ്മുദുള്ള അര്‍ദ്ധ ശതകം തികച്ചു. 54 റണ്‍സ് നേടിയ മഹമ്മുദുള്ളയുടെ വിക്കറ്റാണ് ബംഗ്ലാദേശിന് അടുത്തതായി നഷ്ടമായത്. ആ വിക്കറ്റും ധനന്‍ജയ ഡി സില്‍വയാണ് നേടിയത്.

ഏഴാം വിക്കറ്റില്‍ അഫിഫ് ഹൊസൈനും(27*) മൊഹമ്മദ് സൈഫുദ്ദീനും(13*) ചേര്‍ന്ന് നേടിയ 27 റണ്‍സ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ 257 റണ്‍സിലേക്ക് എത്തിച്ചത്.

Exit mobile version