അനായാസ ജയവുമായി മുല്‍ത്താന്‍ സുല്‍ത്താന്‍സ്

ടോപ് ഓര്‍ഡറില്‍ ലൂക്ക് റോഞ്ചി അര്‍ദ്ധ ശതകവുമായി തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ നൂറ് റണ്‍സ് കടക്കുമോ എന്ന് തോന്നിപ്പിച്ച ഇസ്ലാമാബാദ് യുണൈറ്റഡിനെ എട്ടാം വിക്കറ്റില്‍ സമിത് പട്ടേല്‍(20*) ഫഹീം അഷ്റഫ്(20*) കൂട്ടുകെട്ട് ടീമിനെ 125/7 എന്ന സ്കോറിലേക്ക് നയിച്ചുവെങ്കിലും അനായാസമായ അഞ്ച് വിക്കറ്റ് വിജയം നേടി മുല്‍ത്താന്‍ സുല്‍ത്താന്‍സ്.

18.4 ഓവറില്‍ അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്‍ മുല്‍ത്താന്‍ വിജയം കുറിച്ചപ്പോള്‍ 31 റണ്‍സ് നേടിയ ഷൊയ്ബ് മാലിക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഷാഹിദ് അഫ്രീദി 8 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 7 പന്തില്‍ 16 റണ്‍സുമായി ആന്‍ഡ്രേ റസ്സലും നിര്‍ണ്ണായക പ്രകടനം നടത്തി. ഓപ്പണര്‍ ഷാന്‍ മക്സൂദ് 26 റണ്‍സ് നേടി പുറത്തായി.

തന്റെ നാലോവറില്‍ 11 റണ്‍സിനു 2 വിക്കറ്റ് നേടിയ മുല്‍ത്താന്റെ അലി ഷഫീക്കാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഷാഹിദ് അഫ്രീദി, ജുനൈദ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നിക്കോളസ് പൂരനു പകരക്കാരനെ കണ്ടെത്തി മുല്‍ത്താന്‍ സുല്‍ത്താന്‍സ്

വിന്‍ഡീസ് ഏകദിന ടീമിലേക്ക് വിളിയെത്തിയതിനെത്തുടര്‍ന്ന് മുല്‍ത്താന്‍ സുല്‍ത്താന്‍സിനു വേണ്ടി കളിക്കാന്‍ കഴിയാത്ത വെടിക്കെട്ട് ബാറ്റിംഗ് താരം നിക്കോളസ് പൂരനു പകരക്കാരനെ കണ്ടെത്തി മുല്‍ത്താന്‍ സുല്‍ത്താന്‍സ്. മറ്റൊരു വിന്‍ഡീസ് താരവും ടി20 ലീഗുകളില്‍ സ്ഥിരം സാന്നിധ്യമായ ജോണ്‍സണ്‍ ചാള്‍സിനെയാണ് ഫ്രാഞ്ചൈസി ടീമിലെത്തിച്ചിരിക്കുന്നത്. 2012, 2016 വര്‍ഷങ്ങളില്‍ ലോക ടി20 കിരീടം നേടിയ വിന്‍ഡീസ് സംഘത്തിലെ അംഗമാണ് ചാള്‍സ്.

ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് നിക്കോളസ് പൂരനെ ഏകദിന ടീമിലേക്ക് എത്തിച്ചത്. ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുമ്പ് ക്വേറ്റ ഗ്ലാഡിയേറ്റേര്‍സിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ജോണ്‍സണ്‍ ചാള്‍സ്. വിക്കറ്റ് കീപ്പറുടെ റോള്‍ കൂടി വഹിക്കുന്ന താരമാണ് ജോണ്‍സണ്‍ ചാള്‍സ്.

ഫെബ്രുവരി 15നു ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസമാണ് മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ആദ്യ മത്സരം. ദുബായിയില്‍ കറാച്ചി കിംഗ്സ് ആണ് ടീമിന്റെ എതിരാളികള്‍.

സ്മിത്തിനു പകരക്കാരനായി ആന്‍ഡ്രേ റസ്സല്‍

പരിക്കേറ്റ് ആറാഴ്ചയോളം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരുന്ന സ്റ്റീവന്‍ സ്മിത്തിനു പകരക്കാരനെ പ്രഖ്യാപിച്ച് മുല്‍ത്താന്‍ സുല്‍ത്താന്‍സ്. പകരം ആന്‍ഡ്രേ റസ്സലിനെയാണ് മുല്‍ത്താന്‍ ടീമിലെത്തിച്ചിരിക്കുന്നത്. മുമ്പ് ഇസ്ലാമാബാദ് യുണൈറ്റഡിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ആന്‍ഡ്രേ റസ്സല്‍. മുല്‍ത്താന്‍ ടീമില്‍ മറ്റൊരു മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ജോ ഡെന്‍ലിയ്ക്ക് പകരം ബിഗ് ബാഷില്‍ മികച്ച ഫോമില്‍ കളിക്കുന്ന ജെയിംസ് വിന്‍സിനെയാണ് ടീം ടീമിലെത്തിച്ചിരിക്കുന്നത്.

ഫെബ്രുവരി 14നാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019 പതിപ്പ് ആരംഭിക്കുക. എട്ട് മത്സരങ്ങളോളം പാക്കിസ്ഥാനിലാവും നടക്കുക. ലാഹോറില്‍ മൂന്നും കറാച്ചിയില്‍ അഞ്ച് മത്സരങ്ങളുമാണ് ഇത്തവണ നടക്കുക. ഫെബ്രുവരി 14ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇസ്ലാമാബാദ് യുണൈറ്റഡ് ലാഹോര്‍ ഖലന്തേഴ്സിനെ നേരിടും. ദുബായിയിലാണ് മത്സരം.

മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ഫ്രാഞ്ചൈസി അവകാശങ്ങള്‍ റദ്ദാക്കി പിസിബി

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള സാമ്പത്തിക ഇടപാടുകള്‍ ശരിയായ വിധത്തില്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനു മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ഉടമസ്ഥാവകാശത്തില്‍ നിന്ന് സ്ച്ചോന്‍ പ്രോപ്പര്‍ട്ടീസ് ബ്രോക്കര്‍ എല്‍എല്‍സി യുടെ ഉടമസ്ഥാവകാശത്തെ റദ്ദാക്കിയതായി ബോര്‍ഡ് അറിയിച്ചു. ബോര്‍ഡിനാണ് നിലവില്‍ ടീമിന്മേല്‍ അവകാശമെന്നതിനാല്‍ പുതിയ ഫ്രാഞ്ചൈസി ഉടമകള്‍ എത്തുന്നത് വരെ ടീമിന്റെ പ്ലേയര്‍ ‍ഡ്രാഫ്ടിലെ ഉത്തരവാദിത്വവും ബോര്‍ഡ് തന്നെ വഹിക്കുന്നതായിരിക്കും.

മുല്‍ത്താന്‍ സുല്‍ത്താന്‍സിന്റെ പേര് “ദി സിക്സ്ത് ടീം” എന്നാക്കി മാറ്റിയാവും ഡ്രാഫ്ടില്‍ ടീം പങ്കെടുക്കുക. പുതിയ ഉടമകള്‍ എത്തി ടീമിന്റെ നാമവും പുതുക്കി നിശ്ചയിക്കാവുന്നതാണ്.

ദക്ഷിണാഫ്രിക്കന്‍ താരം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്ക്

ടി10 ലീഗിലേയും റാം സ്ലാം ടി20 ചലഞ്ചിലെയും പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഹാര്‍ദസ് വില്‍ജോനെ സ്വന്തമാക്കി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസി മുല്‍ത്താന്‍ സുല്‍ത്താന്‍സ്. 2016ല്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരം പിന്നീട് കോല്‍പക് കരാര്‍ പ്രകാരം ഡെര്‍ബിഷയറിലേക്ക് നീങ്ങുകയായിരുന്നു.

https://twitter.com/MuItanSultans/status/951433027510587393

ഇമ്രാന്‍ താഹിര്‍ അംഗമായ മുല്‍ത്താന്‍ സുല്‍ത്താന്‍സില്‍ താരത്തിനൊപ്പം പേസ് ബൗളിംഗ് ദൗത്ത്യത്തിനായി ജുനൈദ് ഖാന്‍, മുഹമ്മദ് ഇര്‍ഫാന്‍, ഉമര്‍ ഗുല്‍ എന്നിവരുമുണ്ട്. ഫെബ്രുവരി 22നാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version