മാജിക്കൽ സ്പെല്ലുമായി മോയിസസ് ഹെന്‍റിക്സ്, പഞ്ചാബിന്റെ പിടിയിൽ നിന്ന് ആര്‍സിബിയെ രക്ഷിച്ച് മാക്സ്വെൽ

68/0 എന്ന നിലയിൽ നിന്ന് 73/3 എന്ന നിലയിലേക്ക് ആര്‍‍സിബിയെ പിടിച്ചുകെട്ടിയ മോയിസസ് ഹെന്‍റിക്സിന്റെ സ്പെല്ലിന് ശേഷം മാജിക്കൽ ഇന്നിംഗ്സുമായി ഗ്ലെന്‍ മാക്സ്വെൽ. മാക്സ്വെല്ലിന്റെ തീപാറും ഇന്നിംഗ്സിന്റെ ബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് ഇന്ന് ടോസ് നേടി ബാറ്റിംഗ് തിര‍ഞ്ഞെടുത്ത റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയത്.

Moiseshenriques

ഓപ്പണിംഗ് കൂട്ടുകെട്ടിൽ 68 റൺസ് കൂട്ടിചേര്‍ക്കുവാന്‍ വിരാട് കോഹ്‍ലിയ്ക്കും ദേവ്ദത്ത് പടിക്കലിനും സാധിച്ചുവെങ്കിലും ഇന്നിംഗ്സിന് വേഗത നല്‍കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. ഇതിനിടെ സ്റ്റംപിംഗും ക്യാച്ചും പഞ്ചാബ് നായകന്‍ കെഎൽ രാഹുല്‍ കൈവിട്ടത് ആര്‍സിബിയ്ക്ക് ഗുണമായി.

തന്റെ ആദ്യ ഓവര്‍ എറിയാനെത്തിയ മോയിസസ് ഹെന്‍റിക്സ് അടുത്തടുത്ത പന്തുകളിൽ വിരാട് കോഹ്‍ലിയെയും(25), ഡാനിയേൽ ക്രിസ്റ്റ്യനെയും പുറത്താക്കിയപ്പോള്‍ അടുത്ത ഓവറിൽ ദേവ്ദത്ത് പടിക്കലും(40) മടങ്ങി. പിന്നീട് 73 റൺസിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് എബിഡിയും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് നേടിയത്.

23 റൺസ് നേടിയ എബിഡി റണ്ണൗട്ടിലൂടെ പുറത്തായപ്പോള്‍ അവസാന ഓവറിൽ മാക്സ്വെല്ലിനെ ഷമി പുറത്താക്കി. 33 പന്തിൽ 57 റൺസ് നേടിയ മാക്സ്വെൽ 4 സിക്സാണ് തന്റെ ഇന്നിംഗ്സിൽ നേടിയത്. 4 ഓവറിൽ 12 റൺസ് മാത്രം വിട്ട് നല്‍കിയാണ് ഹെന്‍റിക്സ് തന്റെ സ്പെൽ പൂര്‍ത്തിയാക്കിയത്. അവസാന ഓവറിൽ ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി ഹാട്രിക്കിനടുത്ത് എത്തിയപ്പോള്‍ തന്റെ സ്പെല്ലിൽ താരം 3 വിക്കറ്റ് നേടി.

Exit mobile version