ധോണിയില്ല, കളി മറന്ന് ചെന്നൈ, 46 റണ്‍സ് തോല്‍വി

ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അഭാവത്തില്‍ വീണ്ടും കളി മറന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 156 റണ്‍സ് ജയിക്കുവാനായി നേടേണ്ടിയിരുന്ന ടീം 109 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 38 റണ്‍സ് നേടിയ മുരളി വിജയ്‍യ്ക്കൊപ്പം ഡ്വെയിന്‍ ബ്രാവോയും(20) മിച്ചല്‍ സാന്റനറും(22) മാത്രമാണ് ചെന്നൈ നിരയില്‍ രണ്ടക്കം കടന്ന താരങ്ങള്‍.

ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും ചെന്നൈ ബാറ്റ്സ്മാന്മാര്‍ക്ക് മുന്‍തൂക്കം നേടുവാനുള്ള അവസരം മുംബൈ ബൗളര്‍മാര്‍ നല്‍കിയിരുന്നില്ല. ലസിത് മലിംഗ 4 വിക്കറ്റ് നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യയും ജസ്പ്രീത് ബുംറയും രണ്ട് വീതം വിക്കറ്റും ഹാര്‍ദ്ദിക് പാണ്ഡ്യ, അങ്കുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയാണ് ചെന്നൈയെ 46 റണ്‍സിന്റെ വലിയ പരാജയത്തിലേക്ക് തള്ളിയിട്ടത്.

മലിംഗ 37 റണ്‍സ് വിട്ട് നല്‍കി 3.4 ഓവറില്‍ 4 വിക്കറ്റ് നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ മൂന്നോവറില്‍ ഏഴ് റണ്‍സും ജസ്പ്രീത് ബുംറ മൂന്നോവറില്‍ പത്ത് റണ്‍സും വിട്ട് നല്‍കിയാണ് 2 വിക്കറ്റ് നേടിയത്.

മികച്ച സ്പെല്ലുമായി സാന്റനര്‍, മുംബൈയെ വരിഞ്ഞുകെട്ടിയത് താരത്തിന്റെ പ്രകടനം

മുംബൈ ഇന്ത്യന്‍ അവസാന ഓവറില്‍ നേടിയ 17 റണ്‍സിന്റെ ബലത്തില്‍ 155 റണ്‍സിലേക്ക് നീങ്ങിയെങ്കിലും ടീമിന്റെ ഇന്നിംഗ്സില്‍ ഉടനീളം വരിഞ്ഞുകെട്ടിയ പ്രകടനം പുറത്തെടുത്തത് മിച്ചല്‍ സാന്റനര്‍ ആയിരുന്നു. രോഹിത് ശര്‍മ്മയുടെയും എവിന്‍ ലൂയിസിന്റെയും വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തില്‍ പിടിമുറുക്കുവാനുള്ള മുംബൈയുടെ ശ്രമങ്ങളെ തകര്‍ത്തത് സാന്റനറായിരുന്നു.

തന്റെ നാലോവറില്‍ വെറും 13 റണ്‍സിനാണ് മിച്ചല്‍ സാന്റനര്‍ രണ്ട് വിക്കറ്റ് നേടിയത്. ന്യൂസിലാണ്ടിലെ വിക്കറ്റുകള്‍ ഇവിടുത്തെ ഔട്ട് ഫീല്‍ഡ് പോലെയാണെന്നാണ് മിച്ചല്‍ സാന്റനര്‍ ചെന്നൈയുടെ ബൗളിംഗ് അവസാനിച്ച ശേഷം പറഞ്ഞത്. ഈ പിച്ചില്‍ പന്ത് സ്പിന്‍ ചെയ്യുന്നത് കാണുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്നും സാന്റനര്‍ വ്യക്തമാക്കി.

ചെന്നൈയുടെ ടോപ് ഓര്‍ഡര്‍ ഈ ലക്ഷ്യം മറികടക്കുവാന്‍ ടീമിനെ സഹായിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ലോകോത്തരമായ ബൗളിംഗ് നിരയാണ് മുംബൈയുടെയെന്നും മിച്ചല്‍ സാന്റനര്‍ വ്യക്തമാക്കി.

സീസണിലെ ആദ്യ അര്‍ദ്ധ ശതകം നേടി രോഹിത് ശര്‍മ്മ, 155 റണ്‍സ് നേടി മുംബൈ

എംഎസ് ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു 156 റണ്‍സ് വിജയ ലക്ഷ്യം നല്‍കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ നായകന്‍ സുരേഷ് റെയ്‍ന മുംബൈയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. 15 റണ്‍സ് നേടിയ ക്വിന്റണ്‍ ഡികോക്കിനെ നേരത്തെ നഷ്ടമായെങ്കിലും രോഹിത് ശര്‍മ്മയും ടൂര്‍ണ്ണമെന്റില്‍ ആദ്യമായി അവസരം ലഭിച്ച എവിന്‍ ലൂയിസും ചേര്‍ന്ന് മുംബൈ മുന്നോട്ട് നയിച്ചു.

എവിന്‍ ലൂയിസിനു തന്റെ പതിവു ശൈലിയില്‍ ബാറ്റ് വീശാനായില്ലെങ്കിലും താരം 32 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. രണ്ടാം വിക്കറ്റില്‍ മുംബൈയ്ക്കായി രോഹിത്-ലൂയിസ് കൂട്ടുകെട്ട് 75 റണ്‍സാണ് നേടിയത്. ലൂയിസ് മടങ്ങി അടുത്ത ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെയും മുംബൈയ്ക്ക് നഷ്ടമായി. ലൂയിസിനെ സാന്റനര്‍ പുറത്താക്കിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ താഹിറിനു വിക്കറ്റ് നല്‍കി മടങ്ങി.

മധ്യ ഓവറുകളില്‍ മുംബൈയെ വട്ടം കറക്കുവാന്‍ ചെന്നൈയ്ക്ക് സാധിച്ചപ്പോള്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഈ സീസണിലെ രോഹിത്തിന്റെ ആദ്യ അര്‍ദ്ധ ശതകമായിരുന്നു ഇത്. 48 പന്തില്‍ നിന്ന് 67 റണ്‍സ് നേടിയ രോഹിത്തിന്റെ വിക്കറ്റും സാന്റനര്‍ ആണ് വീഴ്ത്തിയത്. 6 ഫോറും 3 സിക്സുമാണ് രോഹിത് നേടിയത്.

അവസാന ഓവറില്‍ നേടിയ 17 റണ്‍സിന്റെ ബലത്തിലാണ് മുംബൈ 155 റണ്‍സിലേക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ നീങ്ങിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ 18 പന്തില്‍ 23 റണ്‍സ് നേടിയപ്പോള്‍ പൊള്ളാര്‍ഡ് നേടിയത് 13 റണ്‍സാണ്. അഞ്ചാം വിക്കറ്റില്‍ 33 റണ്‍സാണ് ഇരുവരും ചേര്‍ന്ന് പുറത്താകാതെ നേടിയത്.

ചെന്നൈ നിരയില്‍ മിച്ചല്‍ സാന്റനറാണ് എടുത്ത് പറയേണ്ട പ്രകടനം പുറത്തെടുത്തത്. 4 ഓവറില്‍ വെറും 13 റണ്‍സ് വിട്ടാണ് താരം രണ്ട് വിക്കറ്റുകള്‍ നേടിയത്. അതില്‍ രോഹിത് ശര്‍മ്മയുടെയും എവിന്‍ ലൂയിസിന്റെയും വിക്കറ്റുകള്‍ ഉള്‍പ്പെടുന്നു.

 

ധോണിയുടെ അമ്പതാം വിജയവും ഇതുപോലെ അവസാന പന്തില്‍ സിക്സ് നേടി

ഇന്നലെ അവസാന പന്തില്‍ ജയിക്കുവാന്‍ മൂന്ന് റണ്‍സെന്ന ഘട്ടത്തില്‍ സിക്സ് നേടി വിജയം ഉറപ്പിച്ച മിച്ചല്‍ സാന്റനര്‍ ധോണിയ്ക്ക് തന്റെ നൂറാം ഐപിഎല്‍ വിജയമാണ് നേടിക്കൊടുത്തത്. സമാനമായ രീതിയിലാണ് ധോണിയുടെ 50ാം ഐപിഎല്‍ വിജയവും. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അവസാന പന്തില്‍ ചെന്നൈ തങ്ങളുടെ വിജയം കുറിയ്ക്കുമ്പോള്‍ അത് ധോണിയുടെ 50ാമത്തെ വിജയമായിരുന്നു ചെന്നൈ നായകനായി.

പിന്നീട് രണ്ട് വര്‍ഷം ടീം ബാന്‍ ചെയ്യപ്പെട്ടപ്പോള്‍ ധോണി പൂനെയുടെ ക്യാപ്റ്റനാകുകയും അവിടെയും ജയം തുടര്‍ന്നു. ഇന്നലെ മിച്ചല്‍ സാന്റനറുടെ ആ സിക്സ് ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎലില്‍ 100 വിജയം ധോണിയ്ക്ക് നേടിക്കൊടുത്തു.

ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ന്യൂസിലാണ്ട്

നേപ്പിയറിലെ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനെ 232 റണ്‍സിനു എറിഞ്ഞ് പിടിച്ച് ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 48.5 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. ട്രെന്റ് ബോള്‍ട്ടും മിച്ചല്‍ സാന്റനറും ഒപ്പം മാറ്റ് ഹെന്‍റിയും ചേര്‍ന്നാണ് ബംഗ്ലാദേശിനെ വരിഞ്ഞു മുറുക്കിയത്. 62 റണ്‍സ് നേടിയ മുഹമ്മദ് മിഥുനും വാലറ്റത്തില്‍ മുഹമ്മദ് സൈഫുദ്ദീനുമാണ് ബംഗ്ലാദേശിനെ 232 റണ്‍സിലേക്ക് നയിച്ചത്.

മിഥുന്‍ 62 റണ്‍സ് നേടി പുറത്തായപ്പോള്‍ സൈഫുദ്ദീന്‍ 41 റണ്‍സ് നേടി പുറത്തായി. സൗമ്യ സര്‍ക്കാര്‍ അതിവേഗം 30 റണ്‍സ് നേടിയെങ്കിലും അധികം സമയം ക്രീസില്‍ നില്‍ക്കാനാകാതെ താരം മടങ്ങിയത് ബംഗ്ലാദേശിനു തിരിച്ചടിയായി. ആതിഥേയര്‍ക്കായി ബോള്‍ട്ടും സാന്റനറും മൂന്ന് വീതം വിക്കറ്റും മാറ്റ് ഹെന്‍റിയും ലോക്കി ഫെര്‍ഗൂസണും രണ്ട് വീതം വിക്കറ്റും നേടി.

സാന്റനര്‍ സര്‍പ്രൈസുമായി ന്യൂസിലാണ്ട്, ഇന്ത്യ ഏകദിനങ്ങള്‍ക്കായി മടങ്ങിയെത്തി കോളിന്‍ ഡി ഗ്രാന്‍ഡോമും ലാഥവും

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ന്യൂസിലാണ്ട്. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടോം ലാഥം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍ എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. ശ്രീലങ്ക ഏകദിനത്തിനിടെ പരിക്കേറ്റ ജെയിംസ് നീഷത്തിനു പകരമാണ് ഗ്രാന്‍ഡോം എത്തുന്നത്. അതേ സമയം ടിം സീഫെര്‍ടിനു പകരം ടോം ലാഥവും ടീമിലേക്ക് മടങ്ങിയെത്തുന്നു.

മാര്‍ച്ച് 2018ല്‍ അവസാനമായി ഏകദിനം കളിച്ച മിച്ചല്‍ സാന്റനര്‍ക്കും ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്. നീഷവും പരിക്കേറ്റ മറ്റൊരു താരം ടോഡ് ആസ്ട‍ലെയും അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ടീമിലുണ്ടാവുമെന്നാണ് കരുതുന്നത്.

സ്ക്വാ‍ഡ്: കെയിന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ഡഗ് ബ്രേസ്‍വെല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, മാറ്റ് ഹെന്‍റി, ടോം ലാഥം, കോളിന്‍ മണ്‍റോ, ഹെന്‍റി നിക്കോളസ്, മിച്ചല്‍ സാന്റനര്‍, ഇഷ് സോധി, ടിം സൗത്തി, റോസ് ടെയിലര്‍

ടി20, ന്യൂസിലാണ്ടിന്റെ 13 അംഗ ടീമില്‍ ഇടം പിടിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം

ഏറെ നാളത്തെ പരിക്കും മുട്ടിന്റെ ശസ്ത്രക്രിയയും കാരണം ദേശീയ ടീമില്‍ നിന്ന് പുറത്തായിരുന്നു മിച്ചല്‍ സാന്റനറെ ഉള്‍പ്പെടുത്തി ന്യൂസിലാണ്ട് ശ്രീലങ്കയ്ക്കെതിരെയുള്ള ഏക ടി20യ്ക്കുള്ള ടീം പ്രഖ്യാപിച്ചു. ജെയിംസ് നീഷവും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 2017 ജനുവരിയില്‍ ബംഗ്ലാദേശിനെതിരെയാണ് നീഷം അവസാനമായി ടി2 കളിച്ചത്. കെയിന്‍ വില്യംസണ് ടീം വിശ്രമം നല്‍കിയിട്ടുണ്ട്. പകരം ടിം സൗത്തി ടീമിനെ നയിക്കും.

ന്യൂസിലാണ്ട്: ടിം സൗത്തി, മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, റോസ് ടെയിലര്‍, ലോക്കി ഫെര്‍ഗൂസണ്‍, സ്കോ‍ട്ട് കുജ്ജേലൈന്‍, ജെയിംസ് നീഷം, ഹെന്‍റി നിക്കോളസ്, ഗ്ലെന്‍ ഫിലിപ്പ്സ്, സെത്ത് റാന്‍സ്, മിച്ചല്‍ സാന്റനര്‍, ഇഷ് സോധി, ടിം സീഫെര്‍ട്ട്

തന്നെ നിലനിര്‍ത്തിയതിനു ചെന്നൈയോട് നന്ദി അറിയിച്ചു സാന്റനര്‍

പരിക്ക് മൂലം 2018 സീസണ്‍ പൂര്‍ണ്ണമായും നഷ്ടമായെങ്കിലും ന്യൂസിലാണ്ട് താരം മിച്ചല്‍ സാന്റനറെ നിലനിര്‍ത്തുവാന്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് തീരുമാനിക്കുകയായിരുന്നു. തന്നെ നിലനിര്‍ത്തിയതിനു സാന്റനര്‍ ചെന്നൈ മാനേജ്മെന്റിനോട് നന്ദി അറിയിക്കുകയായിരുന്നു. 2019 സീസണില്‍ ടീമിനൊപ്പം കളിയ്ക്കുന്നതിനു താന്‍ ഉറ്റുനോക്കുകയാണെന്നും ടീമിന്റെ നാലാം കിരീടത്തിലേക്ക് എത്തിക്കുവാന്‍ തനിക്കും സംഭാവന ചെയ്യുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെ്നനും ന്യൂസിലാണ്ട് താരം പറഞ്ഞു.

കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗിനും തന്നെ നിലനിര്‍ത്തിയതിനു പ്രത്യേകം നന്ദി പറയുവാന്‍ സാന്റനര്‍ തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റിട്ടും തന്നെ നിലനിര്‍ത്തുവാന്‍ തീരുമാനിച്ച ടീമിന്റെ തീരുമാനം തനിക്ക് ഏറെ അഭിമാനം തരുന്ന നിമിഷമാണെന്നും ഇടംകൈയ്യന്‍ സ്പിന്നര്‍ അറിയിച്ചു.

Exit mobile version