Premier League

“ക്ലബിനോട് എന്നും കടപ്പെട്ടിരിക്കും” – മാഞ്ചസ്റ്റർ യുണൈറ്റഡിനോട് യാത്ര പറഞ്ഞ് ഏഞ്ചൽ ഗോമസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരമായിരുന്ന ഏഞ്ചൽ ഗോമസ് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് യാത്ര പറഞ്ഞു കൊണ്ട് കുറിപ്പ് പുറത്തിറക്കി. കഴിഞ്ഞ ആഴ്ചയോടെ ഗോമസിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ അവസാനിച്ചിരുന്നു. യുണൈറ്റഡിൽ അവസരങ്ങൾ ഉറപ്പില്ല എന്നത് കൊണ്ടാണ് ഗോമസ് യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെക്കാതിരുന്നത്‌. അവസാന 16 വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഗോമസ് ഉണ്ടായിരുന്നു.

ക്ലബിൽ ഇത്ര കാലം കളിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് എന്നും ക്ലബിനോട് എന്നും കടപ്പെട്ടിരിക്കും എന്നും ഗോമസ് കുറിപ്പിൽ പറയുന്നു. ക്ലബ് ഇതിഹാസമായ വെയ്ൻ റൂണിക്ക് പകരക്കാരനായായിരുന്നു താൻ തന്റെ അരങ്ങേറ്റത്തിൽ ഇറങ്ങിയത്. ആ നിമിഷം താൻ മറക്കില്ല എന്ന് ഗോമസ് പറഞ്ഞു. ക്ലബിൽ തന്റെ വളർച്ചയിൽ പങ്കുവഹിച്ച എല്ലാവർക്കും നന്ദി പറയുന്നു. താൻ ഈ ക്ലബ് വിട്ട് പോയാലും എന്നും ക്ലബിന്റെ അഭിമാനമുയർത്തുന്ന പ്രകടനമായിരിക്കും കാഴ്ചവെക്കുക എന്നും ഗോമസ് പറഞ്ഞു.

ഗോമസിനെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാനായി പല ഇംഗ്ലീഷ് ക്ലബുകളും ഇപ്പോൾ രംഗത്തുണ്ട്.