ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം ചാനുവിലൂടെ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മീര ഭായി ചാനുവിന് സ്വര്‍ണ്ണം. ഭാരോദ്വാഹ്നത്തിൽ വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് താരം ഇന്ത്യയുടെ ഈ ഗെയിംസിലെ ആദ്യ സ്വര്‍ണ്ണം നേടിയത്. സ്നാച്ചിൽ 88 കിലോ ഉയര്‍ത്തിയ താരം ഗെയിംസ് റെക്കോര്‍ഡും തന്റെ ഏറ്റവും മികച്ച ശ്രമവും നടത്തിയപ്പോള്‍ താരം ക്ലീന്‍ & ജെര്‍ക്കിൽ 109 കിലോ ഉയര്‍ത്തിയാണ് സ്വര്‍ണ്ണം സ്വന്തം പേരിലാക്കിയത്.

മൂന്നാം ശ്രമത്തിൽ സ്വര്‍ണ്ണം ഉറപ്പാക്കിയ ശേഷം താരം 113 കിലോ ഉയര്‍ത്തിയ താരം 115 കിലോ മൂന്നാം ശ്രമത്തിലുയര്‍ത്തുവാന്‍ ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ല. ആകെ 197 കിലോയാണ് ചാനു ഉയര്‍ത്തിയത്. മൗറീഷ്യസിന്റെ മാരി ഹനിത്ര റോയില്യയ്ക്ക് വെള്ളിയും കാനഡയുടെ ഹന്ന കമിന്‍സ്കി വെങ്കലവും നേടി.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചു സാങ്കെത് സർഗാർ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. പുരുഷന്മാരുടെ ദാരോദ്വഹനത്തിൽ 55 കിലോഗ്രാം വിഭാഗത്തിൽ 21 വയസ്സുകാരനായ മഹാരാഷ്ട്ര താരം സാങ്കെത് സർഗാർ ആണ് ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ചത്. 248 കിലോഗ്രാം ഭാരം ഉയർത്തിയ താരം ഇന്ത്യക്ക് വെള്ളി മെഡൽ സമ്മാനിച്ചു.

സ്നാച്ചിൽ 113 കിലോഗ്രാം ഉയർത്തിയ 21 കാരൻ ക്ലീൻ ആന്റ് ജെർക്കിൽ 135 കിലോഗ്രാം ഭാരവും ഉയർത്തി. മൊത്തം 149 കിലോഗ്രാം ഭാരം ഉയർത്തിയ മലേഷ്യൻ താരം മുഹമ്മദ് ആനിഖ് ആണ് ഈ ഇനത്തിൽ സ്വർണം നേടിയത്. ഇതിനു ശേഷം ഇന്ത്യക്ക് ആദ്യ മെഡൽ സമ്മാനിച്ച താരത്തിന് അഭിനന്ദനങ്ങളും ആയി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖർ രംഗത്ത് വന്നിരുന്നു.

ശ്രീഹരി നടരാജന്‍ ഫൈനലില്‍

പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജന്‍ ഫൈനലില്‍. ഇന്നലെ നടന്ന സെമി ഫൈനലില്‍ തന്റെ ഹീറ്റ്സിൽ നാലാമതായി ഫിനിഷ് ചെയ്താണ് ശ്രീഹരി ഫൈനലിലേക്ക് യോഗ്യത നേടിയത്. താരം ഫൈനലിലേക്ക് യോഗ്യത നേടിയത് 54.55 സെക്കന്‍ഡുകളില്‍ നീന്തിയെത്തിയതാണ്.

ഫൈനലില്‍ കടന്നവരിൽ ഏഴാം സ്ഥാനത്താണ് ശ്രീഹരി. ഞായറാഴ്ച പുലര്‍ച്ചെ 1.35ന് ആണ് ശ്രീഹരിയുടെ ഫൈനൽ.

ഘാനയ്ക്കെതിരെ 5 ഗോളുകള്‍, ഇന്ത്യന്‍ വനിതകള്‍ക്ക് ഹോക്കിയിൽ വിജയത്തുടക്കം

ഘാനയ്ക്കെതിരെ ഏകപക്ഷീയമായ 5 ഗോളുകളുടെ വിജയം നേടി ഇന്ത്യന്‍ വനിതകള്‍. ഇന്ന് നടന്ന പൂള്‍ എ മത്സരത്തിൽ ഗുര്‍ജീത് കൗര്‍ ഇന്ത്യയ്ക്കായി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ നേഹ ഗോയൽ, സംഗീത കുമാരി, സലീമ ടെടേ എന്നിവര്‍ ഓരോ ഗോള്‍ നേടി.

നാളെ ഇന്ത്യ തങ്ങളുടെ രണ്ടാം മത്സരത്തിൽ വെയിൽസിനെ നേരിടും.

ബാര്‍ബഡോസിനെ തകര്‍ത്ത് പുരുഷന്മാര്‍, ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച് വനിതകള്‍, ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

കോമൺവെൽത്ത് ഗെയിംസിന്റെ ടേബിള്‍ ടെന്നീസിൽ വിജയത്തുടക്കവുമായി ഇന്ത്യന്‍ പുരുഷ – വനിത ടീമുകള്‍. ഇന്ത്യന്‍ വനിതകള്‍ ദക്ഷിണാഫ്രിക്കയെ 3-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ പുരുഷന്മാര്‍ ബാര്‍ബഡോസിനെയാണ് ഇതേ മാര്‍ജിനിൽ പരാജയപ്പെടുത്തിയത്.

വനിത ടീമിൽ മണിക ബത്രയും ശ്രീജ ആകുലയും സിംഗിള്‍സ് മത്സരത്തിനിറങ്ങിയപ്പോള്‍ റീത്ത് ടെന്നിസൺ – ശ്രീജ ആകുല ടീം ആണ് ഡബിള്‍സിൽ വിജയം കണ്ടത്. അടുത്ത മത്സരത്തിൽ ഫിജിയാണ് ഇന്ത്യയുടെ എതിരാളികള്‍.

പുരുഷന്മാരുടെ ടീമിൽ ഹര്‍മീത് ദേശായി – സത്യന്‍ ജ്ഞാനശേഖരന്‍ ടീം ആണ് ഡബിള്‍സിനെത്തിയത്. സത്യനും ശരത് കമാലും സിംഗിള്‍സ് മത്സരങ്ങളിൽ കളിച്ചു. സിംഗപ്പൂരിനെയാണ് ഇന്ത്യ അടുത്തതായി നേരിടുന്നത്.

ഓസ്ട്രേലിയയെ എറിഞ്ഞിട്ട് രേണുക സിംഗ്, എന്നിട്ടും ഇന്ത്യയ്ക്ക് ജയിക്കാനായില്ല

രേണുക സിംഗിന്റെ ഓപ്പണിംഗ് സ്പെല്ലിൽ നാല് വിക്കറ്റുകള്‍ നഷ്ടമായ ഓസ്ട്രേലിയയ്ക്ക് മേൽ ഇന്ത്യ മേൽക്കൈ നേടിയെങ്കിലും ആഷ്‍ലി ഗാര്‍ഡ്നറുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് വിജയം സമ്മാനിച്ചു. ആദ്യം ഗ്രേസ് ഹാരിസുമായി ആറാം വിക്കറ്റിൽ 51 റൺസ് നേടിയ ശേഷം മറുവശത്ത് വിക്കറ്റുകള്‍ വീണുവെങ്കിലും ഓസ്ട്രേലിയയുടെ വിജയം ഗാര്‍ഡ്നര്‍ ഉറപ്പാക്കുകയായിരുന്നു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഷഫാലി വര്‍മ്മ, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് മികവിൽ 154/8 എന്ന സ്കോര്‍ നേടുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ അലൈസ ഹീലിയെ പുറത്താക്കിയ രേണുക തന്റെ രണ്ടാം ഓവറിൽ മെഗ് ലാന്നിംഗിനെയും ബെത്ത് മൂണിയെയും പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 21/3 എന്ന നിലയിലായിരുന്നു.

താഹ്‍ലിയ മഗ്രാത്തിനെ വീഴ്ത്തി താരം തന്റെ നാലാം വിക്കറഅറ് നേടിയപ്പോള്‍ 18 റൺസാണ് തന്റെ നാലോവറിൽ രേണുക വഴങ്ങിയത്.

ഗ്രേസ് ഹാരിസ് – ആഷ്‍ലി ഗാര്‍ഡ്നര്‍ കൂട്ടുകെട്ട് ഓസ്ട്രേലിയയെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 51 റൺസ് ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 20 പന്തിൽ 37 റൺസ് നേടിയ ഗ്രേസിനെ മേഘനയാണ് പുറത്താക്കിയത്.

19ാം ഓവറിൽ ഓസ്ട്രേലിയ വിജയം കൊയ്യുമ്പോള്‍ 35 പന്തിൽ 52 റൺസുമായി ആഷ്‍ലി ഗാര്‍ഡ്നറും 18 റൺസുമായി അലാന കിംഗുമാണ് വിജയം ഒരുക്കിയത്. 28 പന്തിൽ 47 റൺസാണ് ഈ കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ നേടിയത്.

പാക്കിസ്ഥാന്‍ താരത്തിനെതിരെ വിജയം ശിവ ഥാപ പ്രീ ക്വാര്‍ട്ടറിലേക്ക്

കോമൺവെൽത്ത് ഗെയിംസ് പുരുഷ ബോക്സിംഗിൽ ഇന്ത്യയുടെ ശിവ ഥാപ പ്രീ ക്വാര്‍ട്ടറിൽ കടന്നു. പാക്കിസ്ഥാന്റെ സുലൈമാന്‍ ബലോച്ചിനെ ആദ്യ റൗണ്ടിൽ 5-0 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യന്‍ താരം 63.5 കിലോ വിഭാഗത്തിന്റെ അടുത്ത റൗണ്ടിലേക്ക് കടന്നത്.

രണ്ടാം റൗണ്ടിൽ ഞായറാഴ്ച സ്കോട്‍ലാന്‍ഡ് താരത്തിനെതിരെയാണ് ഇന്ത്യന്‍ താരത്തിന്റെ മത്സരം.

ഹീറ്റ്സിൽ മൂന്നാമത്, ശ്രീഹരി നടരാജ് സെമിയിലേക്ക്, സാജന്‍ പ്രകാശ് സെമിയിലില്ല

കോമൺവെൽത്ത് ഗെയിംസിന്റെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ സെമി ഫൈനലില്‍ എത്തി ഇന്ത്യയുടെ ശ്രീഹരി നടരാജ്. ഹീറ്റ്സിൽ 54.68 സെക്കന്‍ഡിൽ മൂന്നാമതായി ഫിനിഷ് ചെയ്താണ് സെമി ഫൈനൽ നേട്ടം ശ്രീഹരി സ്വന്തമാക്കിയത്. ഇന്ന് തന്നെയാണ് സെമി ഫൈനലും നടക്കുക.

അതേ സമയം 50 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തിൽ ഇന്ത്യയുടെ സാജന്‍ പ്രകാശിന് സെമി കാണാനായില്ല. ഹീറ്റ്സിൽ അവസാന സ്ഥാനക്കാരനായാണ് സാജന്‍ ഫിനിഷ് ചെയ്തത്. 54 പേര്‍ പങ്കെടുത്തതിൽ 24ാമനായി സാജനെത്തിയെങ്കിലും ആദ്യ 16 പേര്‍ മാത്രമാണ് സെമിയിലേക്ക് എത്തുന്നത്.

400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഇന്ത്യയുടെ കുശാഗ്ര റാവത്തും ഫൈനൽ കാണാതെ പുറത്തായി. തന്റെ ഹീറ്റ്സിൽ അവസാനമായാണ് കുശാഗ്ര എത്തിയത്. 21 പേരിൽ 14ാമനായി എത്തുവാനെ താരത്തിന് സാധിച്ചുള്ളു.

മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി രക്ഷയ്ക്കെത്തി ഹര്‍മ്മന്‍പ്രീത് കൗര്‍

ഓസ്ട്രേലിയയ്ക്കെതിരെ കോമൺവെൽത്ത് ഗെയിംസിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റൺസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷെഫാലി വര്‍മ്മയും ആദ്യ വിക്കറ്റിൽ 25 റൺസാണ് നേടിയത്.

സ്മൃതി 17 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ രണ്ടാം വിക്കറ്റിൽ യാസ്ടിക ഭാട്ടിയയെ(8) കൂട്ടുപിടിച്ച് ഷഫാലി 43 റൺസാണ് കൂട്ടിചേര്‍ത്തത്. തന്റെ വ്യക്തിഗത സ്കോര്‍ 48ൽ നിൽക്കുമ്പോള്‍ ഷഫാലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. നാലാം വിക്കറ്റിൽ ഹര്‍മ്മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും 22 റൺസ് നേടിയെങ്കിലും ജെമീമയെ(11) പുറത്താക്കി ജെസ്സ് ജോന്നാസെന്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി.

Australiawomenindia

അതേ ഓവറിൽ തന്നെ ദീപ്തി ശര്‍മ്മയെയും പുറത്താക്കി ജെസ്സ് ജോന്നാസെന്‍ തന്റെ മൂന്നാമത്തെ വിക്കറ്റും നേടി.  ഒരു ഘട്ടത്തിൽ 93/2 എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യ പൊടുന്നനെ 117/5 എന്ന നിലയിൽ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് എഡ്ജ്ബാസ്റ്റണിൽ കണ്ടത്. ഹര്‍ലീന്‍ ഡിയോളിനെയും വീഴ്ത്തി ജെസ്സ് തന്റെ നാലാം വിക്കറ്റ് നേടിയപ്പോള്‍ താരം വെറും 22 റൺസാണ് തന്റെ സ്പെല്ലിൽ വിട്ട് നൽകിയത്.  ഇതിൽ അവസാന ഓവറിലാണ് 11 റൺസ് പിറന്നത്.

ഹര്‍മ്മന്‍പ്രീത് കൗര്‍ തന്റെ അര്‍ദ്ധ ശതകം 31 പന്തിൽ തികച്ചപ്പോള്‍ ഇന്ത്യ തങ്ങളുടെ 150 റൺസും കടക്കുകയായിരുന്നു. മറ്റു താരങ്ങളിൽ നിന്ന് വലിയ പിന്തുണ ലഭിച്ചില്ലെങ്കിലും ഇന്ത്യയെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത് കൗറിന്റെ ഈ ഇന്നിംഗ്സായിരുന്നു.

താരം 34 പന്തിൽ 52 റൺസാണ് നേടിയത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

 

ഇന്ത്യന്‍ വനിത സംഘത്തിലെ രണ്ട് താരങ്ങള്‍ക്ക് കോവി‍ഡ്, ബിര്‍മ്മിംഗാമിലേക്ക് യാത്രയായില്ല

കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ വനിത സംഘത്തിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ്. ഞായറാഴ്ചയാണ് ഈ താരങ്ങള്‍ക്ക് കോവിഡാണെന്ന് കണ്ടെത്തിയത്. താരങ്ങള്‍ ആരെന്ന് പേര് പുറത്ത് വിട്ടിട്ടില്ലെങ്കിലും ഇരുവരെയും ഇന്ത്യയിൽ തന്നെ ഐസൊലേഷനിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്.

ഇവര്‍ ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത് ഇനിയുള്ള കോവിഡ് ടെസ്റ്റിൽ നെഗറ്റീവ് ആയാൽ മാത്രമാണെന്നും അധികാരികള്‍ അറിയിച്ചു. ജൂലൈ 29ന് ഓസ്ട്രേലിയയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

കോമൺവെൽത്ത് ഗെയിംസിൽ ഇതാദ്യമായാണ് ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20 ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക.

ലക്ഷ്യം സ്വര്‍ണ്ണം – മെഗ് ലാന്നിംഗ്

സ്വര്‍ണ്ണത്തിൽ കുറഞ്ഞ് ഒന്നും ഓസ്ട്രേലിയ ലക്ഷ്യം വയ്ക്കുന്നില്ലെന്ന് പറ‍ഞ്ഞ് കോമൺവെൽത്ത് ഗെയിംസിൽ വനിത ടി20 ടീമിന്റെ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ്. ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ വനിത ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടി20 ഫോര്‍മാറ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ അവസരം വിനിയോഗിച്ച് സ്വര്‍ണ്ണം തന്നെ സ്വന്തമാക്കുവാനാണ് തന്റെ ടീമിന്റെ ലക്ഷ്യം എന്നും മെഗ് ലാന്നിംഗ് പറഞ്ഞു.

കോമൺവെൽത്ത് ഗെയിംസിൽ നീന്തലും ഹോക്കിയും കുട്ടിക്കാലത്ത് കണ്ടത് ഓര്‍ക്കുന്നുവെന്നും വിവിധ ഇനങ്ങളിൽ ഓസ്ട്രേലിയയുടെ ടീം വര്‍ക്കും മറ്റും കണ്ടപ്പോള്‍ താനും ഇത് പോലെ ഒരു ഗെയിംസിൽ പങ്കെടുക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ ക്രിക്കറ്റ് ഭാഗമല്ലാതതിനാൽ തന്നെ ഇതിന് മുമ്പ് ഒരിക്കലും അതിന് സാധിച്ചില്ലെന്നും താരം കൂട്ടിചേര്‍ത്തു.

നിലവിലെ ടി20 ഏകദിന ചാമ്പ്യന്മാരായ ഓസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസിലും സ്വര്‍ണ്ണം സ്വന്തമാക്കുവാന്‍ തന്നെയാണ് എത്തിയിരിക്കുന്നതെന്നും മെഗ് ലാന്നിംഗ് പറഞ്ഞു.

വലിയ തിരിച്ചടി, നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ കളിക്കില്ല

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനിടെ പരിക്കേറ്റ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ബർമിംഗ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കില്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു. ഞായറാഴ്ച ഒറിഗോണിൽ 88.13 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടിയ നീരജിന് ലോക ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിനിടെ ആണ് പരിക്കേറ്റത്.

ഇതോടെ കോമൺവെൽത്ത് ഗെയിംസിലെ സ്വർണം നിലനിർത്താൻ നീരജിന് ആകാതെ പോകും. കഴിഞ്ഞ വർഷത്തെ ടോക്കിയോ ഗെയിംസിൽ സ്വർണം നേടിയ നീരജ് ഇന്ത്യയുടെ വലിയ പ്രതീക്ഷ ആയിരുന്നു.

Exit mobile version