സ്വിമ്മിങ്: രോഹിത് ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ദേശീയ റെക്കോർഡ് തിരുത്തി


ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ പുരുഷന്മാരുടെ 50 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ പുതിയ ദേശീയ റെക്കോർഡ് കുറിച്ച് രോഹിത് ബെനഡിക്റ്റൺ ഇന്ത്യൻ നീന്തൽ ചരിത്രത്തിൽ ഇടംനേടി. ഹീറ്റ് 6-ൽ 24.00 സെക്കൻഡിൽ ഫിനിഷ് ചെയ്ത് രോഹിത്, വിർധവാൽ ഖാദെയുടെ ഏഴ് വർഷം പഴക്കമുള്ള 24.09 എന്ന റെക്കോർഡ് തകർത്തു.

തന്റെ ഹീറ്റിൽ ഒന്നാമതെത്തിയ രോഹിത്, എല്ലാ നീന്തൽ താരങ്ങളിലും 12-ാം സ്ഥാനത്തെത്തി സെമിഫൈനലിന് യോഗ്യത നേടി.


50 മീറ്റർ ബട്ടർഫ്ലൈ പൂളിലെ ഏറ്റവും വേഗമേറിയതും കടുത്ത മത്സരമുള്ളതുമായ ഇനങ്ങളിൽ ഒന്നാണ്. രോഹിത്തിന്റെ ഈ നേട്ടം ഇന്ത്യൻ നീന്തലിലെ ഒരു വലിയ നാഴികക്കല്ലാണ്. ഖാദെയുടെ മുൻ റെക്കോർഡ് ഒരു മാനദണ്ഡമായി നിലനിന്നിരുന്നപ്പോൾ, രോഹിത്തിന്റെ ഈ പ്രകടനം ഇന്ത്യൻ നീന്തലിൽ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നു. ഇന്ന് രാത്രി 10:48 ന് നടക്കുന്ന സെമിഫൈനലിൽ രോഹിത് വീണ്ടും ചരിത്രം കുറിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

പാരീസ് ഒളിമ്പിക്സ് നീന്തൽ കുളത്തിൽ അവസാന ദിനം പിറന്നത് 2 ലോക റെക്കോർഡ്

പാരീസ് ഒളിമ്പിക്സ് നീന്തൽ കുളത്തിലെ അവസാന ദിനത്തിൽ രണ്ടു ലോക റെക്കോർഡുകൾ പിറന്നു. പുരുഷന്മാരുടെ 1500 മീറ്റർ ഫ്രീസ്റ്റെയിലിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും സ്വർണം നേടിയ ബോബി ഫിങ്ക് ആണ് ആദ്യം ലോക റെക്കോർഡ് കുറിച്ചത്. 14 മിനിറ്റ് 30.67 സെക്കന്റ് എന്ന ലോകറെക്കോർഡ് സമയം ആണ് ഫിങ്ക് കുറിച്ചത്. ഇറ്റലിയുടെ ഗ്രഗാറിയോ ഇതിൽ വെള്ളി മെഡൽ നേടിയപ്പോൾ അയർലൻഡ് താരം ഡാനിയേൽ വിഫൻ വെങ്കലവും നേടി. അതേസമയം കഴിഞ്ഞ 10 ഒളിമ്പിക്സുകളിലും അമേരിക്ക സ്വർണം നേടിയ പുരുഷന്മാരുടെ 4×100 മീറ്റർ മെഡലെ റിലെയിൽ ചൈന സ്വർണം നേടി എല്ലാവരെയും ഞെട്ടിച്ചു. 3 മിനിറ്റ് 27.46 സെക്കന്റ് സമയം ആണ് ചൈന കുറിച്ചത്. അമേരിക്ക വെള്ളി മെഡലിൽ തൃപ്തിപ്പെട്ടപ്പോൾ ഫ്രാൻസ് ആണ് വെങ്കല മെഡൽ നേടിയത്.

വനിതകളുടെ 4×100 മീറ്റർ മെഡലെ റിലെയിൽ അമേരിക്കൻ ടീം ലോക റെക്കോർഡ് തിരുത്തി. 3 മിനിറ്റ് 49.63 സെക്കന്റ് എന്ന സമയം കുറിച്ച അമേരിക്കൻ ടീം എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. ഓസ്‌ട്രേലിയ വെള്ളി മെഡൽ നേടിയപ്പോൾ ചൈന വെങ്കലവും നേടി. ഇന്ന് നടന്ന വനിതകളുടെ 50 മീറ്റർ ഫ്രീസ്റ്റെയിലിൽ 2.71 സെക്കന്റ് സമയം കുറിച്ച സ്വീഡന്റെ സാറാ സോസ്‌ട്രോം സ്വർണം നേടിയപ്പോൾ ഓസ്‌ട്രേലിയയുടെ മെഗ് ഹാരിസ് വെള്ളിയും ചൈനയുടെ ചാങ് യുഫെയ് വെങ്കലവും നേടി. നീന്തൽ കുളത്തിൽ നിന്നു 7 സ്വർണവും 13 വെള്ളിയും 7 വെങ്കലവും നേടിയ അമേരിക്ക 27 മെഡലുകളും ആയി ഒന്നാം സ്ഥാനം നേടിയപ്പോൾ 7 സ്വർണവും 7 വെള്ളിയും 3 വെങ്കലവും ആയി 17 മെഡലുകൾ നേടിയ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്ത് എത്തി. 4 സ്വർണം അടക്കം 7 മെഡലുകൾ നേടിയ ഫ്രാൻസും 3 സ്വർണം അടക്കം 8 മെഡലുകൾ നേടിയ കാനഡയും ഒരു ലോക റെക്കോർഡ് അടക്കം 2 സ്വർണം അടക്കം 11 മെഡലുകൾ നേടിയ ചൈനയും നീന്തൽ കുളത്തിൽ നേട്ടം ഉണ്ടാക്കി.

നീന്തൽ കുളത്തിൽ ലോക റെക്കോർഡ് കുറിച്ചു സ്വർണം നേടി അമേരിക്കൻ മിക്‌സഡ് റിലെ ടീം

പാരീസ് ഒളിമ്പിക്സിൽ നീന്തൽ കുളത്തിൽ ലോക റെക്കോർഡ് കുറിച്ചു സ്വർണം നേടി അമേരിക്കൻ മിക്‌സഡ് റിലെ ടീം. മിക്‌സഡ് 4×100 മീറ്റർ മെഡലെ റിലെയിൽ ആണ് റയാൻ മർഫി, നിക് ഫിങ്ക്, ഗ്രചൻ വാൽഷ്, ടോറി ഹസ്ക് എന്നിവർ അടങ്ങിയ ടീം ലോക റെക്കോർഡ് ആയ 3 മിനിറ്റ് 37.43 സെക്കന്റ് എന്ന സമയം കുറിച്ചത്. കടുത്ത പോരാട്ടം ആണ് 3 മിനിറ്റ് 37.55 സെക്കന്റ് സമയം കുറിച്ചു വെള്ളി മെഡൽ നേടിയ ചൈനയിൽ നിന്നു അമേരിക്ക നേരിട്ടത്. 3 മിനിറ്റ് 38.76 സെക്കന്റ് സമയം കുറിച്ച ഓസ്‌ട്രേലിയ ആണ് ഈ ഇനത്തിൽ വെങ്കല മെഡൽ നേടിയത്.

Summer McIntosh

Kristóf Milák

വനിതകളുടെ 200 മീറ്റർ വ്യക്തിഗത മെഡലയിൽ കാനഡയുടെ സമ്മർ മക്ലന്തോഷ് സ്വർണം നേടി. 2 മിനിറ്റ് 06.56 സെക്കന്റ് എന്ന ഒളിമ്പിക് റെക്കോർഡ് സമയം ആണ് 17 കാരിയായ സമ്മർ കുറിച്ചത്. ഒരു ഒളിമ്പിക്സിൽ 3 സ്വർണം നേടുന്ന ആദ്യ കനേഡിയൻ താരമായും സമ്മർ മാറി. ഈ ഇനത്തിൽ അമേരിക്കയുടെ കേറ്റ് ഡഗ്ലസ് വെള്ളി മെഡൽ നേടിയപ്പോൾ ഓസ്‌ട്രേലിയൻ താരം കെയ്ലീ മക്നിയോൺ വെങ്കല മെഡലും നേടി. അതേസമയം 100 മീറ്റർ ബട്ടർഫ്ലെയിൽ ഹംഗേറിയൻ താരം ക്രിസ്റ്റോഫ്‌ മിലാക് സ്വർണം നേടി. 49.90 സെക്കന്റ് എന്ന സമയത്തിൽ ആണ് നീന്തൽ പൂർത്തിയാക്കിയത്. കനേഡിയൻ താരങ്ങൾ ആയ ജോഷുവ ലിയെന്റോ ഈ ഇനത്തിൽ വെള്ളിയും ഇല്യ ഖറും വെങ്കല മെഡലും നേടി.

മൈക്കിൾ ഫെൽപ്സിന് ശേഷം ഒരേ ഇനത്തിൽ നാലു ഒളിമ്പിക് സ്വർണം നേടുന്ന താരമായി കേറ്റി ലെഡകി

സാക്ഷാൽ മൈക്കിൾ ഫെൽപ്സിന് ശേഷം ഒരേ ഇനത്തിൽ നാലു ഒളിമ്പിക് സ്വർണം നേടുന്ന താരമായി അമേരിക്കൻ നീന്തൽ താരം കാത്തലീൻ ‘കേറ്റി’ ലെഡകി. ഇന്ന് വനിതകളുടെ 800 മീറ്റർ ഫ്രീസ്റ്റെയിൽ നീന്തലിൽ ഓസ്‌ട്രേലിയൻ താരം അരിയാർണെ ടിറ്റ്മസിനെ മറികടന്നു സ്വർണം നേടിയ ലെഡകി തുടർച്ചയായ നാലാം ഒളിമ്പിക്സിൽ ആണ് ഈ ഇനത്തിൽ സ്വർണം നേടുന്നത്. 8 മിനിറ്റ് 11.04 എന്ന സമയം ആണ് ലെഡകി ഇന്ന് കുറിച്ചത്.

ചരിത്രത്തിൽ ഇതിനു മുമ്പ് ഒരു വ്യക്തിഗത ഇനത്തിൽ നാലു തവണ ഒളിമ്പിക് സ്വർണം നേടാൻ മൈക്കിൾ ഫെൽപ്സിന് മാത്രമെ ആയിട്ടുള്ളു. പുരുഷന്മാരുടെ 200 മീറ്റർ മെഡലയിൽ ആണ് ഫെൽപ്സ് തുടർച്ചയായ നാലു ഒളിമ്പിക്സുകളിൽ സ്വർണം നേടിയത്. ഇത് കൂടാതെ തന്റെ ഒമ്പതാം ഒളിമ്പിക് സ്വർണം ആണ് ലെഡകി ഇന്ന് നീന്തിയെടുത്തത്. ഇതോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒളിമ്പിക് സ്വർണം നേടുന്ന അമേരിക്കൻ വനിത താരം എന്ന റെക്കോർഡും ലെഡകി സ്വന്തമാക്കി.

നീന്തൽ കുളത്തിൽ നിന്നു നാലാം ഒളിമ്പിക് സ്വർണം നീന്തിയെടുത്തു ലിയോൺ മാർചാന്ദ്

ഫ്രഞ്ച് മൈക്കിൾ ഫെൽപ്സ് എന്ന വിളിക്ക് നീതി പുലർത്തി സ്വന്തം നാട്ടിൽ നീന്തൽ കുളത്തിൽ നിന്നു നാലു സ്വർണം നീന്തിയെടുത്തു ലിയോൺ മാർചാന്ദ്. ഇന്ന് പുരുഷന്മാരുടെ 200 മീറ്റർ മെഡലയിൽ സ്വർണം നേടിയ താരം ഇതിനകം തന്നെ 200 മീറ്റർ ബട്ടർ ഫ്ലെ, 200 മീറ്റർ ബ്രസ്റ്റ്സ്ട്രോക്, 400 മീറ്റർ മെഡല ഇനങ്ങളിലും സ്വർണം നേടിയിട്ടുണ്ട്.

ഒളിമ്പിക് ചരിത്രത്തിൽ ഒരു ഒളിമ്പിക്സിൽ നാലു വ്യക്തിഗത സ്വർണ മെഡലുകൾ നേടുന്ന വെറും മൂന്നാമത്തെ മാത്രം പുരുഷ താരമാണ് ലിയോൺ. സാക്ഷാൽ മൈക്കിൾ ഫെൽപ്സും മാർക്ക് സ്പിറ്റ്‌സും ആണ് ഇത് വരെ ഈ നേട്ടം കൈവരിച്ച മറ്റ് താരങ്ങൾ. നീന്തൽ കുളത്തിൽ അക്ഷരാർത്ഥത്തിൽ നാട്ടുകാരുടെ പ്രിയപ്പെട്ട താരമായിരിക്കുക ആണ് ഈ 22 കാരൻ.

സെമിഫൈനൽ യോഗ്യത നേടാൻ ആയില്ലെങ്കിലും പാരീസിൽ ഇന്ത്യൻ അഭിമാനമായി 14 കാരി നീന്തൽ താരം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ അഭിമാനമായി 14 കാരിയായ നീന്തൽ താരം ദിനിധി ദേസിങ്കു. ഒളിമ്പിക്സിൽ ഇന്ത്യക്ക് ആയി മത്സരിക്കുന്ന പ്രായം കുറഞ്ഞ താരം ആയിരുന്ന ദിനിധി വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റെയിലിൽ ഹീറ്റസിൽ ഒന്നാം സ്ഥാനത്ത് ആണ് എത്തിയത്. എന്നാൽ 2 മിനിറ്റ് 06.96 സെക്കന്റ് സമയം കുറിച്ച താരത്തിന് മൊത്തത്തിൽ 23 സ്ഥാനത്ത് ആണ് എത്താൻ ആയത്. ഇതോടെ ആദ്യ 16 പേർ എത്തുന്ന സെമിഫൈനലിൽ താരത്തിന് യോഗ്യത നേടാൻ ആയില്ല.

2 പേർ മാത്രം ആയിരുന്നു നീന്തലിൽ ഇന്ത്യക്ക് ആയി മത്സരിക്കാൻ ഉണ്ടായിരുന്നത്. പുരുഷന്മാരുടെ 100 മീറ്റർ ബാക്സ്ട്രോക്ക് ഹീറ്റ്‌സിൽ രണ്ടാം സ്ഥാനത്ത് എത്തിയ ശ്രീഹരി നടരാജ് ഇന്ത്യൻ പ്രതീക്ഷയായി. എന്നാൽ 55.01 സെക്കന്റിൽ നീന്തൽ പൂർത്തിയാക്കിയ താരത്തിനും സെമിഫൈനൽ യോഗ്യത നേടാൻ ആയില്ല. മൊത്തം 33 സ്ഥാനത്ത് ആണ് താരം ഫിനിഷ് ചെയ്തത്. സെമിഫൈനൽ യോഗ്യത ഇല്ലെങ്കിലും അടുത്ത ഒളിമ്പിക്സിൽ ഇന്ത്യൻ പ്രതീക്ഷകൾ ഉയർത്തുന്നത് ആണ് 14 കാരി ദിനിധിയുടെ പ്രകടനം.

വനിതകളുടെ 4×400 മീറ്റർ ഫ്രീസ്റ്റെയിൽ റിലേയിൽ ഒളിമ്പിക് റെക്കോർഡ് കുറിച്ച് സ്വർണം നേടി ടീം ഓസ്‌ട്രേലിയ

പാരീസ് ഒളിമ്പിക്സിൽ നീന്തലിൽ ആദ്യ ഒളിമ്പിക് റെക്കോർഡ് കുറിച്ച് സ്വർണം നേടി ടീം ഓസ്‌ട്രേലിയ. വനിതകളുടെ 4×400 മീറ്റർ ഫ്രീസ്റ്റെയിൽ റിലേയിൽ കഴിഞ്ഞ മൂന്നു തവണയും സ്വർണം നേടിയ ഓസ്‌ട്രേലിയൻ ടീം ഇത്തവണ പുതിയ ഒളിമ്പിക് റെക്കോർഡ് കുറിച്ച് സ്വർണം നേടുക ആയിരുന്നു. ഓസ്‌ട്രേലിയ സ്വർണം മുമ്പ് തന്നെ ഉറപ്പിച്ചിരുന്ന ഇനത്തിൽ 3 മിനിറ്റ് 28.92 സെക്കന്റ് എന്ന സമയം ആണ് അവർ കുറിച്ചത്. ഈ ഇനത്തിൽ അമേരിക്ക വെള്ളി നേടിയപ്പോൾ പുതിയ ഏഷ്യൻ റെക്കോർഡ് ആയ 3 മിനിറ്റ് 30.30 സെക്കന്റ് സമയം കുറിച്ച ചൈന വെങ്കലം നേടി. അതേസമയം പുരുഷന്മാരുടെ അത്യന്തം ആവേശം നിറഞ്ഞ 4×400 മീറ്റർ ഫ്രീസ്റ്റെയിൽ റിലേയിൽ 3 മിനിറ്റ് 09.28 സെക്കന്റ് സമയം കുറിച്ച അമേരിക്കയാണ് സ്വർണം നേടിയത്. പിന്നിൽ നിന്ന് നീന്തി കയറിയ ഓസ്‌ട്രേലിയ വെള്ളി നേടിയപ്പോൾ ഇറ്റലിയാണ് വെങ്കലം നേടിയത്.

Ariarne Titmus

രണ്ടു വ്യക്തിഗത ഇനത്തിലും ഇന്ന് നീന്തൽ കുളത്തിൽ നിന്നു മെഡൽ പിറന്നു. ഇതിഹാസ താരങ്ങളുടെ പോരാട്ടത്തിൽ വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റെയിലിൽ ഓസ്‌ട്രേലിയൻ താരം അരിയാർണെ ടിറ്റ്മസ് സ്വർണം നേടി. 3 മിനിറ്റ് 57.49 സെക്കന്റ് സമയം ആണ് താരം കുറിച്ചത്. കാനഡയുടെ 17 കാരിയായ സമ്മർ മക്ലന്തോഷ് വെള്ളി നേടിയപ്പോൾ നീന്തൽ കുളത്തിലെ ഇതിഹാസതാരം അമേരിക്കയുടെ കാത്തലീൻ(കേറ്റി) ലെഡകി വെങ്കലം നേടി തന്റെ മെഡൽ വേട്ടക്ക് പാരീസിൽ തുടക്കം ഇട്ടു. അതേസമയം പുരുഷന്മാരുടെ 400 മീറ്റർ ഫ്രീസ്റ്റെയിലിൽ ജർമ്മനിക്ക് പാരീസിലെ ആദ്യ സ്വർണം സമ്മാനിച്ചു ലൂകാസ് മർട്ടൻസ്. 3 മിനിറ്റ് 41.78 സെക്കന്റിൽ റേസ് പൂർത്തിയാക്കിയാണ് താരം സ്വർണം ജർമ്മനിക്ക് സമ്മാനിച്ചത്. ഓസ്‌ട്രേലിയൻ താരം എലിയ വില്ലിങ്ഡൻ ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയപ്പോൾ ദക്ഷിണ കൊറിയൻ താരം കിം വൂ-മിൻ ആണ് വെങ്കല മെഡൽ സ്വന്തമാക്കിയത്.

മൈക്കൽ ഫെൽപ്സിന്റെ അവശേഷിക്കുന്ന ഏക ലോക റെക്കോർഡ് തകർത്തു ഫ്രഞ്ച് താരം

നീന്തൽ ഇതിഹാസം മൈക്കൽ ഫെൽപ്സിന്റെ അവശേഷിക്കുന്ന ഏക ലോക റെക്കോർഡ് തകർത്തു 21 കാരനായ ഫ്രഞ്ച് താരം ലിയോൺ മർചന്ത്. ജപ്പാനിലെ ഫുക്കോകയിൽ നടക്കുന്ന നീന്തൽ ലോക ചാമ്പ്യഷിപ്പിൽ ആണ് താരം ചരിത്രം എഴുതിയത്. 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ 4:02.5 മിനിറ്റിൽ ആണ് 400 മീറ്റർ നീന്തിക്കയറിയത്.

2008 ബെയ്ജിങ് ഒളിമ്പിക്സിൽ അമേരിക്കൻ സ്ഥാപിച്ച റെക്കോർഡ് 1.34 സെക്കന്റ് സമയം കുറവ് എടുത്ത് ആണ് ഫ്രഞ്ച് താരം മറികടന്നത്. അതേസമയം വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈലിൽ 3:55.38 മിനിറ്റ് കൊണ്ട് നീന്തി എത്തിയ ഓസ്‌ട്രേലിയൻ താരം അറിയാർണെ ടിറ്റ്മസും പുതിയ ലോകറെക്കോർഡ് കുറിച്ചു. ഇന്ന് 200 മീറ്റർ ബട്ടർഫ്ലെയിൽ 1:52.43 മിനിറ്റിൽ നീന്തി എത്തിയ ലിയോൺ ചാമ്പ്യഷിപ്പിൽ തന്റെ രണ്ടാം സ്വർണവും ഇന്ന് നേടി.

ശ്രീഹരി നടരാജന്‍ ഫൈനലില്‍

പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജന്‍ ഫൈനലില്‍. ഇന്നലെ നടന്ന സെമി ഫൈനലില്‍ തന്റെ ഹീറ്റ്സിൽ നാലാമതായി ഫിനിഷ് ചെയ്താണ് ശ്രീഹരി ഫൈനലിലേക്ക് യോഗ്യത നേടിയത്. താരം ഫൈനലിലേക്ക് യോഗ്യത നേടിയത് 54.55 സെക്കന്‍ഡുകളില്‍ നീന്തിയെത്തിയതാണ്.

ഫൈനലില്‍ കടന്നവരിൽ ഏഴാം സ്ഥാനത്താണ് ശ്രീഹരി. ഞായറാഴ്ച പുലര്‍ച്ചെ 1.35ന് ആണ് ശ്രീഹരിയുടെ ഫൈനൽ.

പോളണ്ട് നീന്തൽ താരങ്ങളെ ടോക്കിയോയിൽ നിന്ന് മടക്കിയയച്ചു, മാപ്പ് പറഞ്ഞ് നീന്തൽ ഫെഡറേഷന്‍

ആറ് നീന്തൽ താരങ്ങളെ നാട്ടിലേക്ക് മടക്കി അയയ്ച്ച് പോളണ്ട്. അഡ്മിനിസ്ട്രേറ്റീവ് പിഴവ് മൂലം ആറ് താരങ്ങളെ കൂടുതലായി തിരഞ്ഞെടുത്തുവെന്നാണ് പോളണ്ട് നീന്തൽ ഫെഡറേഷന്‍ വിശദീകരണം. ടോക്കിയോയിൽ നിന്ന് ഈ താരങ്ങളെ മടക്കി അയയ്ക്കുകയാണെന്നും വീഴ്ച പറ്റിയതിൽ മാപ്പ് ചോദിക്കുന്നുവെന്നും ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്.

23 നീന്ത. താരങ്ങളെയാണ് പോളണ്ട് തിരഞ്ഞെടുത്തത്. എന്നാൽ ഫിനയുടെ യോഗ്യത നിയമപ്രകാരം അത് 17 ആക്കി ചുരുക്കേണ്ടി വരികയായിരുന്നു. നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന താരങ്ങളുടെ ദേഷ്യം മനസ്സിലാക്കുന്നുവെന്നും പോളണ്ട് സ്വിമ്മിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് പാവൽ സ്ലോമിന്‍സ്കി വ്യക്തമാക്കി.

പുറത്താക്കപ്പെട്ട താരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആറാം സ്വര്‍ണ്ണവുമായി ജപ്പാന്റെ നീന്തല്‍ രാജകുമാരി

നീന്തല്‍ കുളത്തിലെ രാജകുമാരി റികാക്കോ ഇക്കി തന്റെ ആറാം ഏഷ്യന്‍ ഗെയിംസ് സ്വ്ര‍ണ്ണ മെഡല്‍ സ്വന്തമാക്കി. ഒരേ ഏഷ്യാഡില്‍ ആറ് സ്വര്‍ണ്ണം നേടുന്ന ഏക വനിത താരം എന്ന ബഹുമതി ഇതോടെ റികാക്കോ സ്വന്തമാക്കി. 50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഫൈനല്‍ തലനാരിഴയ്ക്ക് സ്വന്തമാക്കിയതോടെയാണ് ഈ നേട്ടം ജപ്പാന്‍ താരം സ്വന്തമാക്കിയത്.

നാട്ടില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ഈ സ്വര്‍ണ്ണ നേട്ടം ആവര്‍ത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് റികാക്കോ. ഏഷ്യാഡില്‍ ബട്ടര്‍ ഫ്ലൈ(50 മീറ്റര്‍, 100 മീറ്റര്‍), 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4×100 മെഡ്‍ലേ എന്നിവയിലും താരം സ്വര്‍ണ്ണം നേടിയിരുന്നു.

ഗെയിംസില്‍ ഇതുവരെ 8 മെഡലുകളാണ് റികാക്കോയുടെ സമ്പാദ്യം. 4×200 ഫ്രീസ്റ്റൈല്‍ 4×100 മിക്സഡ് മെഡ്‍ലേ എന്നിവയില്‍ താരം വെള്ളി മെഡല്‍ നേടിയിരുന്നു.

Exit mobile version