മുമ്പ് മിസ് ലീഡ്സ് ഇന്ന് കോമൺവെൽത്ത് ചാമ്പ്യൻ! മോഡലിങിലും ദാരോദ്വഹനത്തിലും തിളങ്ങി സാറ ഡേവിസ്

കോമൺവെൽത്ത് ഗെയിംസിൽ ദാരോദ്വഹനത്തിൽ വനിതകളുടെ 71 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയ ഇംഗ്ലണ്ടിന്റെ സാറ ഡേവിസ് കുറിക്കുന്നത് പുതുചരിത്രം ആണ്. ഒരിക്കൽ മോഡൽ ആയി തിളങ്ങിയ താരം ഇപ്പോൾ കായിക താരമായും പുതിയ ഉയരങ്ങൾ ആണ് കീഴടക്കുന്നത്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ താരം ഇത്തവണ സ്വർണം ഉറപ്പിച്ചു. സ്നാച്ചിൽ 103 കിലോഗ്രാം ഉയർത്തിയ സാറ 126 കിലോഗ്രാം ക്ലീൻ ആന്റ് ജെർക്കിൽ ഉയർത്തി മൊത്തം 229 കിലോഗ്രാം ആണ് ഉയർത്തിയത്.

മുമ്പ് മിസ് ലീഡ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട സാറ മിസ് ഇന്റർകോണ്ടിനെന്റൽ ഇംഗ്ലണ്ട് കിരീടവും നേടിയിരുന്നു. രണ്ടു വിഭിന്ന ധ്രുവങ്ങളിലുള്ള മേഖലകളിൽ തന്റെ പൂർണ മികവ് തെളിയിക്കുന്ന സാറ കരിയറിൽ പുതുവഴികൾ തന്നെയാണ് തുറക്കുന്നത്. 6 ബ്രിട്ടീഷ് റെക്കോർഡുകൾക്ക് ഉടമ കൂടിയാണ് സാറ. ലോക ദാരോദ്വഹന ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ബ്രിട്ടീഷ് താരവും സാറ ആയിരുന്നു. മുമ്പ് സഹതാരത്തിനു എതിരെ നടത്തിയ വിവാദമായ വംശീയ പരാമർശങ്ങൾ കാരണം മൂന്നു മാസത്തെ വിലക്കിന് ശേഷമാണ് താരം കളത്തിലേക്ക് തിരിച്ചു വന്നത്. ഈ ഇനത്തിൽ വെങ്കലം നേടിയത് ഇന്ത്യയുടെ ഹർജീന്ദർ കൗർ ആയിരുന്നു.

പൂനം യാദവിന്റെ മെഡൽ മോഹങ്ങള്‍ പൊലിഞ്ഞു, സ്നാച്ചിലെ മികവ് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ നിലനിര്‍ത്താനാകാതെ താരം

വനിതകളുടെ 76 കിലോ വിഭാഗത്തിൽ നിരാശയായി മാറി ഇന്ത്യയുടെ പൂനം യാദവ്. സ്നാച്ചിന് ശേഷം 98 കിലോയുമായി രണ്ടാം സ്ഥാനത്തായിരുന്ന താരം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ മെഡൽ ഇല്ലാതെ പുറത്ത് പോകുകയായിരുന്നു.

116 കിലോ ഉയര്‍ത്തുവാന്‍ ശ്രമിച്ച താരം അവസാന ശ്രമത്തിൽ കൃത്യമായി ഭാരം ഉയര്‍ത്തിയെങ്കിലും ഡൗൺ സിഗ്നലിനായുള്ള ബസര്‍ അടിക്കുന്നതിന് മുമ്പ് താരം ലിഫ്റ്റ് പൂര്‍ത്തിയാക്കിയതോടെ ആ ലിഫ്റ്റും അസാധുവാകുകയായിരുന്നു.

ഭാരോദ്വാഹ്നത്തിൽ വീണ്ടും മെഡലുമായി ഇന്ത്യ, ഹര്‍ജീന്ദര്‍ കൗറിന് വെങ്കലം

വനിതുകളുടെ 71 കിലോ വിഭാഗം വെയിറ്റ്ലിഫ്റ്റിംഗിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ ഹര്‍ജീന്ദര്‍ കൗര്‍. സ്നാച്ചിൽ 93 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ 119 കിലോയും ഉയര്‍ത്തി ആകെ 212 കിലോ ഭാരം ഉയര്‍ത്തിയാണ് താരത്തിന്റെ വെങ്കല മെഡൽ നേട്ടം.

ഇത് ഈ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ 9ാമത്തെ മെഡലാണ്. ഇതിൽ 7 എണ്ണവും ഭാരോദ്വോഹ്നത്തിൽ നിന്നാണ് വന്നത്.

ഇന്ത്യയുടെ പുരുഷ ടേബിള്‍ ടെന്നീസ് ടീം ഫൈനലില്‍

കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിള്‍ ടെന്നീസ് ടീം വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലില്‍. ലോക റാങ്കിംഗിൽ 15ാം നമ്പര്‍ താരമായ നൈജീരിയയുടെ ക്വാഡ്രി അരുണയെ ശരത് കമാൽ തോല്പിച്ചത് ഈ മത്സരത്തിലെ വലിയ നേട്ടം ആണ്. 3-1 എന്ന സ്കോറിനായിരുന്നു ശരത്തിന്റെ വിജയം.

ഇന്ത്യ 3-0 എന്ന സ്കോറിനാണ് വിജയം കരസ്ഥമാക്കിയത്. ആദ്യ മത്സരത്തിൽ ഡബിള്‍സിൽ ഹര്‍മീത് ദേശായി – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട് അനായാസ വിജയം നേടിയിരുന്നു. മൂന്നാം മത്സരമായ സിംഗിള്‍സിൽ സത്യന്‍ ജ്ഞാനശേഖരന്‍ 3-1ന് വിജയം കരസ്ഥമാക്കി.

മൂന്ന് ഗോള്‍ ലീഡ് കളഞ്ഞ് ഇന്ത്യ, ഇംഗ്ലണ്ടുമായി സമനില

കോമൺവെൽത്ത് ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് നിരാശ. ഇന്ന് ഇംഗ്ലണ്ടിനെതിരെ ടീം സമനിലയിൽ പിരിയുമ്പോള്‍ ഒരു ഘട്ടത്തിൽ ആദ്യ പകുതിയിൽ 3-0 നും പിന്നീട് അവസാന ക്വാര്‍ട്ടറിൽ 4-1ന്റെ ലീഡ് നേടുകയും ചെയ്ത ഇന്ത്യ പിന്നീട് ഈ മുന്‍തൂക്കം കളഞ്ഞ് കുളിക്കുന്നതാണ് കണ്ടത്.

നിശ്ചിത സമയം അവസാനിക്കുമ്പോള്‍ ഇന്ത്യയും ഇംഗ്ലണ്ടും 4 വീതം ഗോള്‍ നേടി സമനിലയിൽ പിരിയുകയായിരുന്നു.

ജൂഡോയിൽ വെള്ളി മെഡൽ നേടി സുശീല ദേവി, വിജയ കുമാറിന് വെങ്കലം

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ 45 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ സുശീല ദേവി ലിക്മാബാം. ഇന്ന് നടന്ന ഫൈനലില്‍ മൈക്കള വൈറ്റ്ബൂയിയോട് പരാജയപ്പെട്ടുവെങ്കിലും സുശീലയ്ക്ക് വെള്ളി നേട്ടം സ്വന്തമാക്കുവാന്‍ സാധിച്ചു. 2014ലും സുശീല വെള്ളി മെഡൽ നേടിയിരുന്നു.

60 കിലോ പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ വിജയകുമാര്‍ യാദവ് വെങ്കല മെഡലിനര്‍ഹനായി. ഇന്ത്യയ്ക്ക് ഇപ്പോള്‍ എട്ട് മെഡലുകളാണുള്ളത്.

അജയ് സിംഗിന് മെഡൽ തലനാരിഴയ്ക്ക് നഷ്ടം

വെയിറ്റ് ലിഫ്റ്റിംഗിൽ പുരുഷന്മാരുടെ 81 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ അജയ് സിംഗിന് തലനാരിഴയ്ക്ക് വെങ്കല മെഡൽ നഷ്ടം. താരം സ്നാച്ചിൽ 143 കിലോയും ക്ലീന്‍ & ജെര്‍ക്കിൽ 176 കിലോയും നേടി 319 കിലോ ആകെ സ്വന്തമാക്കിയെങ്കിലും 320 കിലോയുമായി കാനഡയുടെ നിക്കോളസ് വച്ചോൺ വെങ്കല മെഡൽ നേടി.

തന്റെ മൂന്നാം ശ്രമത്തിൽ അജയ് 180 കിലോ ഉയര്‍ത്തുവാന്‍ നോക്കി പരാജയപ്പെട്ടിരുന്നു. ഇതാണ് താരത്തിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിന്റെ ക്രിസ് മുറേ സ്വര്‍ണ്ണവും ഓസ്ട്രേലിയയുടെ കൈൽ ബ്രൂസ് വെള്ളി മെഡലും നേടി.

ലോൺ ബോളിൽ ചരിത്രത്തിൽ ആദ്യമായി മെഡൽ ഉറപ്പിച്ചു ഇന്ത്യ

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രത്തിൽ ആദ്യമായി ലോൺ ബോളിൽ മെഡൽ ഉറപ്പിച്ചു ഇന്ത്യ. വനിതകളുടെ ടീം ഇനത്തിൽ സെമിഫൈനലിൽ ന്യൂസിലാന്റിനെ 16-13 നു തോൽപ്പിച്ച ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടി വെള്ളി മെഡൽ ഉറപ്പിക്കുക ആയിരുന്നു.

രൂപ റാണി ടിർക്കി, നായൻമോണി സയിക്കിയ, ലവ്‌ലി ചൗബെ, പിങ്കി സിംഗ് എന്നിവർ അടങ്ങിയ ടീം ആണ് ഇന്ത്യക്ക് ആയി ചരിത്ര മെഡൽ ഉറപ്പിച്ചത്. നാളെ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. സ്വർണം തന്നെയാവും ഇന്ത്യൻ ടീം ലക്ഷ്യം വക്കുക.

ഒരു ഡസന് ഒരു ഗോള്‍ കുറവ്, ഘാനയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ

പുരുഷ ഹോക്കിയിൽ ഘാനയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഹര്‍മ്മന്‍പ്രീത് സിംഗിന്റെ ഹാട്രിക്ക് ഉള്‍പ്പെടെ 11 ഗോളുകളാണ് ഇന്ത്യ ഇന്ന് ഘാനയ്ക്കെതിരെ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോള്‍ വേട്ട ആരംഭിച്ച ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 5-0ന് മുന്നിലായിരുന്നു.

എട്ടോളം താരങ്ങളാണ് ഇന്ത്യയ്ക്കായി ഗോള്‍ വേട്ടയിൽ പങ്കാളികളായത്.

മന്ഥാനയുടെ മിന്നും അര്‍ദ്ധ ശതകം, 12 ഓവറിനുള്ളിൽ പാക്കിസ്ഥാനെതിരെ വിജയം കരസ്ഥമാക്കി ഇന്ത്യ

പാക്കിസ്ഥാനെതിരെ 8 വിക്കറ്റ് വിജയം നേടി ഇന്ത്യ. 99 റൺസിന് എതിരാളികളെ എറിഞ്ഞൊതുക്കിയ ശേഷം ഇന്ത്യ 11.4 ഓവറിൽ വിജയം കരസ്ഥമാക്കുകയായിരുന്നു. സ്മൃതി മന്ഥാന പുറത്താകാതെ 63 റൺസ് നേടിയാണ് ഇന്ത്യയുടെ വിജയം സാധ്യമാക്കിയത്.

ഷഫാലി വര്‍മ്മ(16), ഷബിനേനി മേഘന(14) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായത്. മത്സരത്തിൽ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ പാക്കിസ്ഥാന് സാധിച്ചിരുന്നില്ല.

ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോളേക്കും ഇന്ത്യ 5.5 ഓവറിൽ 61 റൺസ് നേടിയിരുന്നു. ഇതിൽ ഷഫാലി നേടിയത് വെറും 16 റൺസായിരുന്നു. സ്മൃതി 8 ഫോറും മൂന്ന് സിക്സും തന്റെ ഇന്നിംഗ്സിൽ നേടി.

ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് നേടാനായത് 99 റൺസ്

കോമൺവെൽത്ത് ഗെയിംസിലെ ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ 99 റൺസിലൊതുക്കി ഇന്ത്യ. ടോസ് നേടി പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ മഴ കാരണം 18 ഓവറായി മത്സരം ചുരുക്കുകയായിരുന്നു. 32 റൺസ് നേടിയ മുനീബ അലിയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി സ്നേഹ് റാണയും രാധ യാദവും രണ്ട് വിക്കറ്റ് നേടി. ഇന്നിംഗ്സിലെ അവസാന പന്തിലാണ് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആയത്.

ബിസ്മ മാറൂഫ് 17 റൺസ് നേടി പുറത്തായപ്പോള്‍ 18 റൺസ് നേടിയ ആലിയ റിയാസ് ആണ് പാക്കിസ്ഥാന്റെ മറ്റൊരു പ്രധാന സ്കോറര്‍. റണ്ണൗട്ടുകളും പാക്കിസ്ഥാന്റെ സ്കോറിംഗിനെ ബാധിക്കുകയായിരുന്നു. ആലിയ റിയാസ് ഉള്‍പ്പെടെ മൂന്ന് താരങ്ങളാണ് റണ്ണൗട്ട് ആയത്.

ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക് നിരാശ, മലേഷ്യയോട് ക്വാര്‍ട്ടറിൽ പരാജയം

വനിത വിഭാഗം ടേബിള്‍ ടെന്നീസ് ടീം വിഭാഗം മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. മലേഷ്യയോട് 2-3 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഡബിള്‍സിൽ പരാജയത്തോടെ തുടങ്ങിയ ഇന്ത്യയ്ക്കായി മണിക ബത്രയും ശ്രീജ ആകുലയും തങ്ങളുടെ ഓരോ സിംഗിള്‍സുകള്‍ ജയിച്ചുവെങ്കിലും റിവേഴ്സ് സിംഗിള്‍സിൽ മണിക പരാജയമേറ്റു വാങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

അവസാന സിംഗിള്‍സിൽ റീത്ത് ടെന്നിസണ് വിജയം കണ്ടെത്താനാകാതെ പോയപ്പോള്‍ ഇന്ത്യ മത്സരം കൈവിട്ടു. റീത്ത് തന്റെ സിംഗിള്‍സിൽ 2-3 എന്ന സ്കോറിനാണ് തന്നെക്കാള്‍ വളരെ അധികം റാങ്ക് താഴെയുള്ള താരത്തോട് പരാജയപ്പെട്ടത്.

വനിത ടീം വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ.

Exit mobile version