ഫൈനലുറപ്പാക്കി സത്യനും മണികയും

WTT കണ്ടന്റര്‍ സ്ലൊവേനിയയുടെ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ കടന്ന് ഇന്ത്യയുടെ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്. ലോക റാങ്കിംഗിൽ 26ാം സ്ഥാനത്തുള്ള ഹംഗേറിയന്‍ ജോഡികളെയാണ് ഇരുവരും ചേര്‍ന്ന് പരാജയപ്പെടുത്തിയത്.

കടുത്ത പോരാട്ടത്തിനൊടുവിൽ 3-2 എന്ന സ്കോറിന് വിജയം കരസ്ഥമാക്കിയാണ് ഇരുവരും ഫൈനലിലേക്ക് കടന്നത്.

സ്ലൊവേനിയയിൽ ഇന്ത്യന്‍ മുന്നേറ്റം, മണികയും സത്യനും ക്വാര്‍ട്ടര്‍ ഫൈനലില്‍, വനിത ഡബിള്‍സ് ടീമും ക്വാര്‍ട്ടറിൽ

സ്ലൊവേനിയയിൽ നടക്കുന്ന WTT കണ്ടന്റര്‍ ഇവന്റ് ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യന്‍ ടീമുകള്‍. വനിത വിഭാഗത്തിൽ മണിക – അര്‍ച്ചന കൂട്ടുകെട്ടും മിക്സഡ് ഡബിള്‍സിൽ മണിക – സത്യന്‍ കൂട്ടുകെട്ടും ക്വാര്‍ട്ടറിൽ പ്രവേശിച്ചു.

ഇരു ടീമുകളും 3-1 എന്ന സ്കോറിനാണ് വിജയം കുറിച്ചത്.

ശരത് കമാൽ പിന്മാറി, ലോക ടേബിള്‍ ടെന്നീസ് ടീം ചാമ്പ്യന്‍ഷിപ്പിനുള്ള 10 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

ഐടിടിഎഫ് ലോക ടീം ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്സ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ 10 അംഗ ടീമിനെ പ്രഖ്യാപിച്ചു. ശരത് കമാൽ പിന്മാറുവാന്‍ തീരുമാനിച്ചപ്പോള്‍ സത്യന്‍ ജ്ഞാനശേഖരന്‍ ആണ് ടീമിലെ പ്രധാന താരം. പുരുഷ ടീമിനെ സത്യനും വനിത ടീമിനെ മണികയും നയിക്കും.

സെപ്റ്റംബര്‍ 30 മുതൽ ഒക്ടോബര്‍ 9 വരെ ചൈനയിലെ ചെംഗ്ഡുവിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

പുരുഷ ടീം: സത്യന്‍ ജ്ഞാനശേഖരന്‍, സനിൽ ഷെട്ടി, ഹര്‍മീത് ദേശായി, മനുഷ് ഷാ, മാനവ് താക്കര്‍

വനിത ടീം: മണിക ബത്ര, ശ്രീജ ആകുല, റീഥ് റിഷ്യ, ദിയ ചിടാലേ, സ്വാസ്തിക ഘോഷ്

ശരത് കമാലിന് സ്വര്‍ണ്ണം, പോള്‍ ഡ്രിംഗ്ഹാളിനെ തീപാറും പോരാട്ടത്തിൽ വീഴ്ത്തി സത്യന് വെങ്കലം

കോമൺവെൽത്ത് ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് സ്വര്‍ണ്ണവും വെങ്കലവും നേടി ഇന്ത്യ. സ്വര്‍ണ്ണ മെഡൽ പോരാട്ടത്തിൽ ലിയാം പിച്ച്ഫോര്‍ഡിനെ ശരത് കമാൽ 4-1ന് പരാജയപ്പെടുത്തിയപ്പോള്‍ പോള്‍ ഡ്രിംഗ്ഹാളിനെതിരെ 4-3ന്റെ വിജയവുമായി സത്യന്‍ ജ്ഞാനശേഖരന്‍ വെങ്കലം സ്വന്തമാക്കി.

ശരത് കമാൽ ആദ്യ ഗെയിം 11-13ന് പിന്നിൽ പോയ ശേഷം മത്സരത്തിൽ തന്റെ വ്യക്തമായ മേൽക്കൈ നേടിയാണ് വിജയം കുറിച്ചത്. സ്കോര്‍: 11-13, 11-7, 11-2, 11-6, 11-8.

ആദ്യ മൂന്ന് ഗെയിം ജയിച്ച് സത്യന്‍ വെങ്കലം അനായാസം നേടുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് ഡ്രിംഗ്ഹാളിന്റെ തിരിച്ചുവരവ് മത്സരത്തിൽ കാണുന്നത്. അവസാന ഗെയിമിൽ 11-9ന് ആണ് വിജയം സത്യന്‍ സ്വന്തമാക്കിയത്.

സ്കോര്‍: 11-9, 11-3, 11-5, 8-11, 9-11, 10-12, 11-9.

സത്യനും ശരത്തും ക്വാര്‍ട്ടറിൽ, മണികയ്ക്ക് തോൽവി

ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ ശരത് കമാലും സത്യന്‍ ജ്ഞാനശേഖരനും. ഇരുവരും തങ്ങളുടെ പ്രീ ക്വാര്‍ട്ടര്‍ മത്സരം 4-2 എന്ന സ്കോറിനാണ് വിജയിച്ചത്. അതേ സമയം ഇന്ത്യയുടെ വനിത താരം മണിക ബത്രയ്ക്ക് തോൽവിയായിരുന്നു ഫലം.

താരം ക്വാര്‍ട്ടര്‍ ഫൈനലില്‍ സിംഗപ്പൂരിന്റെ തന്നെക്കാള്‍ കുറഞ്ഞ റാങ്കിലുള്ള സെംഗ് ജിയാനോട് 0-4 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ഇന്നലെ മിക്സഡ് ഡബിള്‍സിലും ലോക റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള സത്യന്‍ – മണിക കൂട്ടുകെട്ട് മലേഷ്യയുടെ അത്ര പേര് കേള്‍ക്കാത്ത കൂട്ടുകെട്ടിനോട് ക്വാര്‍ട്ടറിൽ പരാജയം ഏറ്റു വാങ്ങിയിരുന്നു.

ശരത് – സത്യന്‍ കൂട്ടുകെട്ട് സെമിയിൽ, ഹര്‍മ്മീത് – സനിൽ പുറത്ത്

കോമൺവെൽത്ത് ടേബിള്‍ ടെന്നീസ് സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ശരത് കമാൽ – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്. ഇംഗ്ലണ്ടിന്റെ ജാര്‍വിസ് – വാൽക്കര്‍ കൂട്ടുകെട്ടിനെ 3-0 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ ആധികാരിക വിജയം നേടിയത്. 11-6, 11-8, 11-4.

അതേ സമയം ഹര്‍മ്മീത് ദേശായി – സനിൽ ഷെട്ടി കൂട്ടുകെട്ട് 0-3 എന്ന സ്കോറിന് സിംഗപ്പൂര്‍ താരങ്ങളോട് പരാജയപ്പെട്ടു. 10-12, 7-11, 7-11 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

പിച്ച്ഫോര്‍ഡിനെയും സഹ താരത്തിനെയും വീഴ്ത്തി, ശരത് – ശ്രീജ കൂട്ടുകെട്ട് സെമി ഫൈനലില്‍, സത്യന്‍ – മണിക കൂട്ടുകെട്ട് പുറത്ത്

ഇംഗ്ലണ്ടിന്റെ താരങ്ങളായി ലിയാം പിച്ച്ഫോര്‍ഡിനെയും ടിന്‍-ടിന്‍ ഹോയിനെയും പരാജയപ്പെടുത്തി ഇന്ത്യയുടെ ശരത് കമാൽ – ശ്രീജ അകുല ജോഡി കോമൺവെൽത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് സെമി ഫൈനലില്‍ കടന്നു.

ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തിൽ രണ്ട് തവണയായി കോമൺവെൽത്ത് ഗെയിംസ് മിക്സഡ് ഡബിള്‍സ് വെള്ളി മെഡൽ നേടിയ സഖ്യത്തിനെതിരെ പൊരുതി നേടിയ 3-2ന്റെ വിജയവുമായാണ് ഇന്ത്യന്‍ താരങ്ങള്‍ സെമി ഫൈനലില്‍ കടന്നത്.

അതേ സമയം മലേഷ്യന്‍ ജോഡിയോട് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ – മണിക ബത്ര കൂട്ടുകെട്ട് സെമി കാണാതെ പുറത്തായി. 2-3 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ ജോഡിയുടെ പരാജയം.

അവിശ്വസനീയ തിരിച്ചുവരവുമായി ശ്രീജ, രക്ഷിച്ചത് 3 മാച്ച് പോയിന്റുകള്‍, ടേബിള്‍ ടെന്നീസിൽ ഇന്ത്യ മുന്നേറുന്നു

വനിതകളുടെ ടേബിള്‍ ടെന്നീസിൽ അവിശ്വസീനയ തിരിച്ചുവരവുമായി ഇന്ത്യയുടെ ശ്രീജ അകുല. 1-3ന് പിന്നിലായിരുന്ന മത്സരത്തിൽ താരം 3 മാച്ച് പോയിന്റുകള്‍ രക്ഷിച്ച് മത്സരത്തിലേക്ക് തിരികെ വന്ന് 4-3ന് വെയിൽസ് താരം ചാര്‍ലട്ട് കാറേയ്ക്കെതിരെ വിജയം നേടുകയായിരുന്നു. നിര്‍ണ്ണായകമായ ഏഴാം ഗെയിമിലും താരം 4-7, 7-9 എന്നിങ്ങനെ പിന്നിലായിരുന്നുവെങ്കിലും 12-10ന് വിജയം കുറിച്ചു.

അതേ സമയം വനിത ഡബിള്‍സിൽ മണിക ബത്ര – ദിയ ചടാലേ കൂട്ടുകെട്ട് പ്രീ ക്വാര്‍ട്ടറിൽ കടന്നു. പുരുഷ ഡബിള്‍സിൽ ഹര്‍മീത് ദേശായി – സനിൽ ഷെട്ടി, ,ശരത് – സത്യന്‍ കൂട്ടുകെട്ടുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലും പ്രവേശിച്ചു. മിക്സഡ് ഡബിള്‍സിൽ ശരത് കമാൽ – ശ്രീജ അകുല കൂട്ടുകെട്ടും ക്വാര്‍ട്ടറിൽ കടന്നു.

പുരുഷ സിംഗിള്‍സിൽ ശരത് കമാല്‍ പ്രീക്വാര്‍ട്ടറിലും വനിത സിംഗിള്‍സിൽ മണിക ബത്ര ക്വാര്‍ട്ടറിലും കടന്നു.

സത്യന്‍ – മണിക കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറിലേക്ക്, സനിൽ ഷെട്ടി – റീഥ് ടെന്നിസൺ കൂട്ടുകെട്ടിന് തോൽവി

കോമൺവെൽത്തിലെ ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിൽ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലങ്ങള്‍. സത്യന്‍ ജ്ഞാനശേഖരന്‍ – മണിക ബത്ര കൂട്ടുകെട്ട് പ്രീക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ മറ്റൊരു ജോഡിയായ സനിൽ ഷെട്ടി – റീഥ് ടെന്നിസൺ കൂട്ടുകെട്ട് ആദ്യ റൗണ്ടിൽ പുറത്താകുകയായിരുന്നു.

സത്യന്‍ – മണിക കൂട്ടുകെട്ട് 3-0 എന്ന നിലയിൽ തങ്ങളുടെ രണ്ടാം റൗണ്ട് മത്സരം വിജയിക്കുകയായിരുന്നു. ഈ കൂട്ടുകെട്ടിന് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു. സനിൽ – റീഥ് കൂട്ടുകെട്ട് മലേഷ്യന്‍ താരങ്ങളോട് 2-3 എന്ന സ്കോറിനാണ് കീഴടങ്ങിയത്.

ക്വാര്‍ട്ടറിൽ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു, സത്യന് തോൽവി

സാഗ്റെബിൽ നടക്കുന്ന ഡബ്ല്യടിടി ടേബിള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിൽ ചൈനീസ് തായ്പേയുടെ ചിഹ്-യുവാന്‍ ചുവാംഗിനോട് നേരിട്ടുള്ള ഗെയിമുകളിലാണ് സത്യന്റെ തോല്‍വി. ടൂര്‍ണ്ണമെന്റിലെ രണ്ടാം സീഡ് ഡാര്‍കോ ജോര്‍ഗികിനെ ആദ്യ റൗണ്ടിൽ അട്ടിമറിച്ചെത്തിയ സത്യന്‍ തന്റെ രണ്ടാം മത്സരം അനായാസം വിജയിച്ചപ്പോള്‍ ഇന്ന് ആ പ്രകടനം പുറത്തെടുക്കുവാന്‍ താരത്തിനായില്ല.

7-11, 8-11, 5-11 എന്ന സ്കോറിനായിരുന്നു സത്യന്‍ ജ്ഞാനശേഖരന്റെ പരാജയം.

അനായാസ വിജയവുമായി സത്യന്‍ ക്വാര്‍ട്ടറിൽ

ഡബ്ല്യു ടിടി സാഗ്റെബിൽ ക്വാര്‍ട്ടര്‍ ഫൈനലുറപ്പാക്കി ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍. ചൈനയുടെ 16 വയസ്സുകാരന്‍ താരം ചെന്‍ യുവാന്‍യുവിനെ നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് സത്യന്‍ ക്വാര്‍ട്ടറിൽ സ്ഥാനം ഉറപ്പാക്കിയത്.

ആദ്യ രണ്ട് ഗെയിമുകളില്‍ സത്യന്‍ അനായാസം മുന്നേറിയപ്പോള്‍ മൂന്നാം ഗെയിമിൽ ചൈനീസ് യുവതാരം പൊരുതി നോക്കിയെങ്കിലും സത്യന്‍ തന്നെ വിജയം കൈക്കലാക്കി.

11-9, 11-7, 12-10 എന്ന സ്കോറിനാണ് ചൈനീസ് താരത്തെ കീഴടക്കി സത്യന്‍ മുന്നേറിയത്.

രണ്ടാം സീഡിനെ വീഴ്ത്തി സത്യന്‍, ആദ്യ 16ൽ ഇടം

ഡബ്ല്യുടിടി സാഗ്റെബിൽ സത്യന്‍ ജ്ഞാനശേഖരന്‍ ആദ്യ പതിനാറില്‍ ഇടം പിടിച്ചു. രണ്ടാം സീഡ് ഡാര്‍കോ ജോര്‍ഗിക്കിനെ അട്ടിമറിച്ചാണ് സത്യന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 3-1ന്റെ വിജയം ആണ് സത്യന്‍ സ്വന്തമാക്കിയത്.

ആദ്യ ഗെയിമിൽ സത്യന്‍ പിന്നിൽ പോയെങ്കിലും അടുത്ത മൂന്ന് ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടത്തിന് ശേഷം ഡാര്‍കോയുടെ വെല്ലുവിളി മറികടന്ന് സത്യന്‍ വിജയം കൈവരിച്ചു.

സ്കോര്‍: 6-11, 12-10, 11-9, 12-10.

Exit mobile version