90 മീറ്റർ മറികടന്നു കോമൺവെൽത്ത് റെക്കോർഡ് കുറിച്ചു സ്വർണം നേടി അർഷദ് നദീം

കോമൺവെൽത്ത് ഗെയിംസിൽ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ഇന്ത്യയുടെ നീരജ് ചോപ്രയുടെ പരിക്കേറ്റുള്ള പിന്മാറ്റം ജാവലിൻ ത്രോയുടെ മാറ്റ് കുറച്ചിരുന്നു. എന്നാൽ ആ കുറവ് അവിശ്വസനീയ പ്രകടനവും ആയി മറികടക്കുക ആണ് പാക്കിസ്ഥാൻ താരം അർഷദ് നദീം. മത്സരത്തിൽ 3 തവണ തന്റെ ഏറ്റവും മികച്ച സമയം തിരുത്തിയ അർഷദ്, കരിയറിൽ ആദ്യമായി 90 മീറ്റർ ദൂരം എറിഞ്ഞു പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും തകർത്തു. 90 മീറ്റർ ദൂരം എറിയുന്ന ആദ്യ തെക്കേ ഏഷ്യൻ താരവും ആയി മാറി അർഷദ് നദീം. ചൈനീസ് തായ്‌പേയയുടെ ചാ സണിനു ശേഷം 90 മീറ്റർ ദൂരം താണ്ടുന്ന ആദ്യ ഏഷ്യൻ താരമായും പാക്കിസ്ഥാൻ താരം മാറി.

ആദ്യ ശ്രമത്തിൽ തന്നെ 86.38 മീറ്റർ എന്ന തന്റെ മികച്ച ദൂരം അർഷദ് നദീം 86.81 മീറ്റർ എറിഞ്ഞു തിരുത്തി. മൂന്നാം ശ്രമത്തിൽ 88 മീറ്റർ എറിഞ്ഞ നദീം സ്വർണം ഉറപ്പിച്ചത് ആയി കരുതി. എന്നാൽ നാലാം ശ്രമത്തിൽ 88.64 മീറ്റർ ദൂരം എറിഞ്ഞ ലോക ചാമ്പ്യൻ കൂടിയായ ഗ്രനാഡയുടെ ആന്റേഴ്സൺ പീറ്റേർസ് ആ ദൂരം മറികടന്നു. എന്നാൽ തന്റെ നാലാം ശ്രമത്തിൽ തോളിലെ വേദന അവഗണിച്ചു 90.18 മീറ്റർ എന്ന അവിശ്വസനീയ ദൂരം എറിഞ്ഞ അർഷദ് നദീം പാകിസ്ഥാനു സ്വർണം സമ്മാനിക്കുക ആയിരുന്നു. 60 വർഷത്തിന് ഇടയിൽ ഇത് ആദ്യമായാണ് പാകിസ്ഥാൻ കോമൺവെൽത്ത് ഗെയിംസിൽ ട്രാക് ആന്റ് ഫീൽഡിൽ സ്വർണം നേടുന്നത്.

കെനിയയുടെ ജൂലിയസ് യെഗോ ആണ് ഈ ഇനത്തിൽ വെങ്കലം നേടിയത്. 85.70 മീറ്റർ ആണ് കെനിയൻ താരം എറിഞ്ഞ ദൂരം. നീരജിന്റെ അഭാവത്തിൽ രണ്ടു ഇന്ത്യൻ താരങ്ങൾ ജാവലിൻ ഫൈനലിൽ എത്തിയിരുന്നു. 82.28 മീറ്റർ ദൂരം എറിഞ്ഞ ഡി.പി മനു അഞ്ചാം സ്ഥാനത്ത് എത്തിയപ്പോൾ 82.22 മീറ്റർ എറിഞ്ഞ രോഹിത് യാദവ് ആറാം സ്ഥാനത്ത് എത്തി. സമീപകാലത്ത് യോഹന്നാസ് വെറ്റർ, ആന്റേഴ്സൺ പീറ്റേർസ്, യാക്കൂബ് വാഡ്ലച് എന്നിവർക്ക് ശേഷം 90 മീറ്റർ ദൂരം മറികടക്കുന്ന നാലാമത്തെ താരമാണ് അർഷദ് നദീം. പരിക്ക് മാറി ട്രാക്കിലേക്ക് നീരജ് ചോപ്ര മടങ്ങിയെത്തുമ്പോൾ 90 മീറ്റർ മറികടക്കാൻ തന്നെയാവും നീരജിന്റെയും ശ്രമം. വീണ്ടും ഭാവിയിൽ ജാവലിൻ ത്രോയിൽ ഇന്ത്യ, പാക്കിസ്ഥാൻ പോരായി നീരജ്‌ ചോപ്ര, അർഷദ് നദീം പോരാട്ടങ്ങൾ നമുക്ക് കാണാം.

ഇംഗ്ലീഷ് താരത്തോട് ഫൈനലിൽ തോറ്റു സാഗർ, ബോക്സിങിൽ ഇന്ത്യക്ക് വെള്ളി

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് 55 മത്തെ മെഡൽ സമ്മാനിച്ചു സാഗർ ആഹ്ലാവത്. പുരുഷന്മാരുടെ 92 കിലോഗ്രാമിനു മുകളിലുള്ള സൂപ്പർ ഹെവി വെയിറ്റ് ഫൈനലിൽ ഇംഗ്ലീഷ് താരം ഡെലിഷസ് ഓറിയോട് സാഗർ പരാജയപ്പെടുക ആയിരുന്നു.

5 റൗണ്ടുകളും ഇംഗ്ലീഷ് താരത്തിന് അനുകൂലമായി ആണ് ജഡ്ജിമാർ വിധിച്ചത്. സ്വർണം നേടാൻ ആയില്ലെങ്കിലും മികച്ച പ്രകടനം ആണ് തന്റെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ 20 കാരനായ സാഗർ പുറത്ത് എടുത്തത്. ബോക്സിങിൽ ഇന്ത്യയുടെ ഏഴാം മെഡൽ കൂടിയായിരുന്നു ഇത്.

ബാഡ്മിന്റൺ വനിത ഡബിൾസിൽ വെങ്കലം നേടി ട്രീസ, ഗായത്രി സഖ്യം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ബാഡ്മിന്റണിൽ മറ്റൊരു മെഡൽ കൂടി സമ്മാനിച്ചു യുവതാരങ്ങളായ ട്രീസ ജോളി, ഗായത്രി ഗോപിചന്ദ് സഖ്യം. 19 കാരികളായ ഇരുവരും തങ്ങളുടെ ആദ്യ കോമൺവെൽത്ത് ഗെയിംസിൽ തന്നെ വനിത ഡബിൾസിൽ ഇന്ത്യക്ക് ആയി മെഡൽ നേടി.

വെങ്കല മെഡൽ പോരാട്ടത്തിൽ ഓസ്‌ട്രേലിയൻ സഖ്യം വെന്റി ചാൻ, സോമർവിൽ എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്. ആദ്യ സെറ്റ് 21-15 നു ജയിച്ച ഇന്ത്യൻ സഖ്യം രണ്ടാം സെറ്റിൽ ആദ്യം മുന്നിട്ട് നിന്നെങ്കിലും ഓസ്‌ട്രേലിയൻ ടീമിന്റെ തിരിച്ചു വരവിൽ പകച്ചു. എന്നാൽ ശാന്തത കൈവിടാത്ത ഇന്ത്യൻ സഖ്യം സെറ്റ് 21-18 നു നേടിയാണ് വെങ്കലം സ്വന്തമാക്കിയത്.

ബാഡ്മിന്റണിൽ ഇന്ത്യക്ക് വെങ്കലം നേടി നൽകി കെ.ശ്രീകാന്ത്

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മറ്റൊരു മെഡൽ കൂടി. ഇത്തവണ പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു കിഡമ്പി ശ്രീകാന്ത്.

വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ സിംഗപ്പൂർ താരം ജിയ ഹെങിനെയാണ് ഇന്ത്യൻ താരം തോൽപ്പിച്ചത്. 21-15, 21-18 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ശ്രീകാന്തിന്റെ ജയം. ഇതോടെ ഇന്ത്യൻ മെഡൽ 53 ആയി.

ശരത് – ശ്രീജ കൂട്ടുകെട്ടിന് സ്വര്‍ണ്ണം

ടേബിള്‍ ടെന്നീസിലെ മിക്സഡ് ഡബിള്‍സ് സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ശരത് കമാൽ – ശ്രീജ അകുല കൂട്ടുകെട്ട്. 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ ജോഡി മലേഷ്യയുടെ ചൂംഗ് – ലിന്‍ കൂട്ടുകെട്ടിനെ ആണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. ശരത് കമാൽ തന്റെ ദൈര്‍ഘ്യമേറിയ കരിയറിൽ ഇതാദ്യമായാണ് മിക്സഡ് ഡബിള്‍സിൽ ഒരു സ്വര്‍ണ്ണ മെഡൽ നേടുന്നത്.

ആദ്യ ഗെയിം അനായാസം ഇന്ത്യന്‍ താരങ്ങള്‍ അനായാസം ജയിച്ചപ്പോള്‍ രണ്ടാം ഗെയിമിൽ ഇന്ത്യയ്ക്ക് കാലിടറി. എന്നാൽ പിന്നീടുകള്ള ഗെയിമുകളിൽ ഇന്ത്യ വ്യക്തമായ മേൽക്കൈ നേടുകയായിരുന്നു.

സ്കോര്‍: 11-4, 9-11, 11-5, 11-6

ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചത് ക്ഷണനേരം കൊണ്ട്, മൂന്ന് റൺസ് നേടുന്നതിനിടെ നഷ്ടമായ മൂന്ന് വിക്കറ്റുകള്‍, കോമൺവെൽത്ത് സ്വര്‍ണ്ണം നേടി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ നേടിയ 9 റൺസിന്റെ വിജയത്തോടെ കോമൺവെൽത്ത് ഗെയിംസിലെ വനിത ക്രിക്കറ്റിന്റെ ആദ്യ സ്വര്‍ണ്ണം നേടി ഓസ്ട്രേലിയ. 162 റൺസ് ചേസ് ചെയ്തിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 118/2 എന്ന നിലയിൽ വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും അവിടെ നിന്ന് കളി മാറി മറിയുന്ന കാഴ്ചയാണ് കണ്ടത്.

ഓപ്പണര്‍മാരെ വേഗത്തിൽ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗറും ജെമീമ റോഡ്രിഗസും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

96 റൺസ് നേടി ഹര്‍മ്മന്‍പ്രീത് കൗര്‍ – ജെമീമ കൂട്ടുകെട്ടിനെ മെഗാന്‍ ഷൂട്ട് ആണ് തകര്‍ത്തത്. 33 റൺസ് നേടിയ ജെമീമ പുറത്താകുമ്പോള്‍ ഇന്ത്യ 33 പന്തിൽ 44 റൺസായിരുന്നു നേടേണ്ടയിരുന്നത്.

118/2 എന്ന നിലയിൽ നിന്ന് ഹര്‍മ്മന്‍പ്രീത് കൗറിന്റെ വിക്കറ്റ് കൂടി നഷ്ടമായപ്പോള്‍ ഇന്ത്യ 121/5 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പൂജ വസ്ട്രാക്കറിനെയും ഹര്‍മ്മന്‍പ്രീതിനെയും അഷ്‍ലൈ ഗാര്‍ഡ്നര്‍ ഒരേ ഓവറിൽ പുറത്താക്കിയാണ് ഇന്ത്യയ്ക്ക് തിരിച്ചടി നൽകിയത്. 43 പന്തിൽ 65 റൺസായിരുന്നു കൗര്‍ നേടിയത്.

മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 28 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്. 18ാം ഓവറിൽ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ 11 റൺസ് പിറന്നുവെങ്കിലും സ്നേഹ് റാണ റണ്ണൗട്ട് ആയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. അവസാന രണ്ടോവറിൽ 17 റൺസായിരുന്നു ഇന്ത്യ നേടേണ്ടിയിരുന്നത്.

അടുത്ത ഓവരിലെ ആദ്യ പന്തിൽ രാധ യാദവ് റണ്ണൗട്ടായപ്പോള്‍ രണ്ടാം പന്തിൽ ദീപ്തി ശര്‍മ്മ ബൗണ്ടറി നേടി. എന്നാൽ തൊട്ടടുത്ത പന്തിൽ താരം പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 13 റൺസായിരുന്നു ദീപ്തി നേടിയത്.

അവസാന ഓവറിൽ 11 റൺസ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് ഓവറിൽ നിന്ന് ഒരു റൺസാണ് നേടാനായത്. 19.3 ഓവറിൽ ഇന്ത്യ 152 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ കോമൺവെൽത്ത് സ്വര്‍ണ്ണം ഓസ്ട്രേലിയ സ്വന്തമാക്കി.

മിക്സഡ് ഡബിൾസിൽ വെങ്കലം നേടി ദീപിക പള്ളിക്കൽ, സൗരവ് ഘോഷാൽ സഖ്യം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് അമ്പതാം മെഡൽ സമ്മാനിച്ചു ദീപിക പള്ളിക്കൽ, സൗരവ് ഘോഷാൽ സഖ്യം. സ്ക്വാഷ് മിക്സഡ് ഡബിൾസിൽ ആണ് ഇന്ത്യൻ സഖ്യം ഇന്ത്യക്ക് ആയി വെങ്കല മെഡൽ നേടി നൽകിയത്.

വെങ്കല മെഡൽ മത്സരത്തിൽ ഓസ്‌ട്രേലിയൻ സഖ്യമായ ഡോണ ലോബാൻ, കാമറൂൺ പൈലി സഖ്യത്തെ 11-8, 11-4 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്ക് ഇന്ത്യൻ സഖ്യം തകർക്കുക ആയിരുന്നു. ദീപിക പള്ളിക്കലിന്റെ നാലാം കോമൺവെൽത്ത് ഗെയിംസ് മെഡൽ ആണ് ഇത്. നേരത്തെ ഒരു സ്വർണവും 2 വെള്ളി മെഡലുകളും വനിത ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയിൽ ദീപിക നേടിയിരുന്നു.

ഓള്‍ ഇന്ത്യ ഫൈനൽ ഇല്ല, സെമിയിൽ സത്യന് പരാജയം

കോമൺവെൽത്ത് ഗെയിംസ് പുരുഷ ടേബിള്‍ ടെന്നീസിൽ ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന് പരാജയം. ഇംഗ്ലണ്ടിന്റെ രണ്ടാം സീഡ് താരം ലിയാം പിച്ച്ഫോര്‍ഡിനോട് 1-4 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.

അഞ്ചാം ഗെയിമിൽ സത്യന്‍ 3-9ന് പിന്നിൽ നിന്ന് ശേഷം 9-9ൽ ഒപ്പമെത്തിയെങ്കിലും പിന്നീടുള്ള രണ്ട് പോയിന്റുകള്‍ നേടി ലിയാം ഫൈനലിലെ സ്ഥാനം ഉറപ്പാക്കി. സ്കോര്‍: 5-11, 11-4, 8-11, 9-11, 9-11.

പരാജയം കാരണം ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടത്തിനുള്ള സാധ്യത ഇല്ലാതായി. നേരത്തെ ഇംഗ്ലണ്ട് താരം പോള്‍ ഡ്രിംഗ്ഹാളിനെ പരാജയപ്പെടുത്തി ശരത് കമാൽ ഫൈനലില്‍ കടന്നിരുന്നു.

സ്വര്‍ണ്ണം കൈപിടിയിലൊതുക്കുവാന്‍ ഇന്ത്യ നേടേണ്ടത് 162 റൺസ്

കോമൺവെൽത്ത് ഗെയിംസ് വനിത ടി20 ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്നിൽ 162 റൺസ് വിജയ ലക്ഷ്യം നൽകി ഓസ്ട്രേലി. ബെത്ത് മൂണിയുടെ അര്‍ദ്ധ ശതകം(61) പ്രകടനത്തിനൊപ്പം മെഗ് ലാന്നിംഗ്(36), അഷ്‍ലൈ ഗാര്‍ഡ്നര്‍(25) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ഓസ്ട്രേലിയയ്ക്ക് ഫൈനലില്‍ മികച്ച സ്കോര്‍ നൽകിയത്.

ഇന്ത്യയ്ക്കായി രേണുക സിംഗും സ്നേഹ് റാണയും രണ്ട് വീതം വിക്കറ്റ് നേടി. 8 വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസ് ഓസ്ട്രേലിയ നേടിയത്.

ശാന്തം അചാന്ത, ശരത് കമാൽ ഫൈനലില്‍

കോമൺവെൽത്ത് ഗെയിംസ് ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ അചാന്ത ശരത് കമാൽ. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിംഗ്ഹാളിനെ 4-2 എന്ന സ്കോറിനാണ് ശരത് കമാൽ പരാജയപ്പെടുത്തിയത്. ഫൈനലില്‍ സത്യന്‍ ജ്ഞാനശേഖരന്‍ – ലിയാം പിച്ച്ഫോര്‍ഡ് മത്സരത്തിലെ വിജയികളെയാണ് ശരത് നേരിടുക.

ആദ്യ രണ്ട് ഗെയിമിലും ശരത് മേൽക്കൈ നേടിയപ്പോള്‍ മൂന്നാം ഗെയിമിൽ ഇംഗ്ലണ്ട് താരം വിജയം കണ്ടു. നാലാം ഗെയിമിൽ ശരത് ജയിച്ചപ്പോള്‍ അഞ്ചാം ഗെയിമിൽ 4-8ന് പിന്നിലായിരുന്ന ശരത് 7-8 എന്ന രീതിയിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ഗെയിം 11-9ന് വിജയിച്ച് പോള്‍ ഡ്രിംഗ്ഹാള്‍ മത്സരത്തിൽ തന്റെ സാധ്യത നിലനിര്‍ത്തി.

6ാം ഗെയിമിൽ 5-0 ന് ശരത് കമാൽ മുന്നിലെത്തിയെങ്കിലും പോള്‍ മൂന്ന് പോയിന്റ് നേടി ലീഡ് കുറച്ചു. ഇന്ത്യന്‍ താരം തന്റെ ടൈം ഔട്ട് എടുത്ത ശേഷം മത്സരത്തിൽ വീണ്ടും ട്രാക്കിലായി

11-8, 11-8, 8-11, 11-7, 9-11, 11-8

കോമൺവെൽത്ത് ഫൈനലില്‍ ടോസ് നേടി ഇന്ത്യയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരെ കോമൺവെൽത്ത് ഗെയിംസ് ടി20 ക്രിക്കറ്റിന്റെ ഫൈനലിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടി ഓസ്ട്രേലിയ. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഓസ്ട്രേലിയയ്ക്ക് വിജയം. ഇന്ത്യന്‍ പേസര്‍ രേണുക സിംഗ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കിയെങ്കിലും ആഷ്‍ലൈ ഗാര്‍ഡ്നറുടെ മികവാര്‍ന്ന ബാറ്റിംഗ് ഓസ്ട്രേലിയയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ഓസ്ട്രേലിയ: Alyssa Healy(w), Beth Mooney, Meg Lanning(c), Tahlia McGrath, Rachael Haynes, Ashleigh Gardner, Grace Harris, Jess Jonassen, Alana King, Megan Schutt, Darcie Brown

ഇന്ത്യ: Smriti Mandhana, Shafali Verma, Jemimah Rodrigues, Harmanpreet Kaur(c), Deepti Sharma, Pooja Vastrakar, Sneh Rana, Taniya Bhatia(w), Radha Yadav, Meghna Singh, Renuka Singh

ഗോള്‍ഡ് കോസ്റ്റിന്റെ തനിയാവര്‍ത്തനം!!! ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് വെള്ളി മാത്രം

കോമൺവെൽത്ത് ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. ഇന്ത്യയുടെ ശരത് കമാൽ – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട് 2-3 എന്ന സ്കോറിന് ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിംഗഹാള്‍ – ലിയാം പിച്ച്ഫോര്‍ഡ് കൂട്ടുകെട്ടിനോട് പരാജയപ്പെടുകയായിരുന്നു.

നിലവിലെ ചാമ്പ്യന്മാരായിരുന്നു ലിയാം പിച്ച്ഫോര്‍ഡ് – പോള്‍ ഡ്രിംഗ്ഹാള്‍ . 2018 ഗോള്‍ഡ്കോസ്റ്റിൽ ഫൈനലിൽ ഈ ടീമുകള്‍ തന്നെ ഏറ്റുമുട്ടിയപ്പോള്‍ വിജയം 3-2ന് ഇംഗ്ലണ്ടിനൊപ്പമായിരുന്നു.

ആദ്യ ഗെയിം ഇന്ത്യന്‍ താരങ്ങള്‍ നേടിയപ്പോള്‍ അടുത്ത രണ്ട് ഗെയിമുകളിൽ ഇംഗ്ലണ്ട് കൂട്ടുകെട്ട് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി. മൂന്നാം ഗെയിമിൽ ഇന്ത്യയ്ക്ക് നിലയുറപ്പിക്കുവാന്‍ കൂടി സാധിച്ചില്ല. എന്നാൽ ശരത് – സത്യന്‍ കൂട്ടുകെട്ട് അടുത്ത ഗെയിം നേടി മത്സരം 2-2ന് ഒപ്പമെത്തിച്ചു.

നിര്‍ണ്ണായകമായ അഞ്ചാം ഗെയിമിൽ കോര്‍ട്ട് സ്വിച്ച് ചെയ്യുന്നത് വരെ ഇരു ടീമുകളും ഒപ്പമായിരുന്നുവെങ്കിലും പിന്നീട് ഒരു പോയിന്റ് പോലും നേടുവാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല.

സ്കോര്‍: 11-8, 8-11, 3-11, 11-7, 4-11

Exit mobile version