പൊരുതി നോക്കി മുംബൈ, പക്ഷേ വിജയമില്ല, ഡല്‍ഹിയ്ക്ക് അവസാന ഓവറിൽ വിജയം നല്‍കി അയ്യര്‍ – അശ്വിന്‍ കൂട്ടുകെട്ട്
129/8 എന്ന സ്കോര്‍ പ്രതിരോധിക്കുന്നതിനായി അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും മുംബൈയ്ക്ക് വിജയം ഇല്ല. 5 പന്ത് അവശേഷിക്കവേയാണ് ഡല്‍ഹിയുടെ 4 വിക്കറ്റ് വിജയം. 33 റൺസ് നേടിയ ശ്രേയസ്സ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. 26 റൺസ് നേടിയ ഋഷഭ് പന്ത് ആണ് ഡല്‍ഹിയുടെ രണ്ടാമത്തെ ടോപ് സ്കോറര്‍.
മത്സരം അവസാന നാലോവറിലേക്ക് കടക്കുമ്പോള്‍ 25 റൺസായിരുന്നു ഡല്‍ഹി നേടേണ്ടിയിരുന്നത്. അശ്വിനുമായി ചേര്‍ന്ന് ശ്രേയസ്സ് അയ്യര്‍ സിംഗിളുകളും നിര്‍ണ്ണായക ഘട്ടത്തിൽ ബൗണ്ടറിയും നേടി ഡല്‍ഹിയെ ലക്ഷ്യത്തിലേക്ക് എത്തിയ്ക്കുകയായിരുന്നു.
39 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ക്രുണാൽ പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ പറത്തി അശ്വിനാണ് വിജയ റൺസ് നേടിയത്. അശ്വിന്‍ 20 റൺസ് നേടി അയ്യര്‍ക്കൊപ്പം പുറത്താകാതെ നിന്നു. മുംബൈ ബൗളര്‍മാരിൽ ഏറ്റവും മികച്ച രീതിയിൽ പന്തെറിഞ്ഞത് നഥാന്‍ കോള്‍ട്ടര്‍ നൈൽ ആണ്. താരം തന്റെ നാലോവറിൽ വെറും 19 റൺസ് മാത്രമാണ് വിട്ട് നല്‍കിയത്.