Indian Premier LeagueCricketFeatured

കിംഗ് കോഹ്‍ലിയുടെ ചിറകിലേറി ആര്‍സിബിയ്ക്ക് രണ്ടാം കിരീടം

Kohlircb

ഐപിഎലില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മുത്തമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ 155/8 എന്ന സ്കോറിലൊതുക്കിയ ശേഷം ആര്‍സിബി 5 വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിൽ വിജയം കുറിയ്ക്കുമ്പോള്‍ വിരാട് കോഹ്‍ലിയുടെ ചേസിംഗ് മികവാണ് ടീമിന്റെ വിജയം ഉറപ്പാക്കിയത്. വിരാട് കോഹ്‍ലി 75 റൺസുമായി പുറത്താകാതെ നിന്നാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്.

വെങ്കടേഷ് അയ്യരും വിരാട് കോഹ്‍ലിയും മിന്നും തുടക്കം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് നൽകിയപ്പോള്‍ ഈ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 62 റൺസാണ് നേടിയത്. 16 പന്തിൽ 32 റൺസ് നേടിയ വെങ്കടേഷ് അയ്യരെ മൊഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത ഓവിൽ ദേവ്ദത്ത് പടിക്കലിനെ ആര്‍സിബിയ്ക്ക് നഷ്ടമായി. ഇതോടെ 62/0 എന്ന നിലയിലായിരുന്ന ആര്‍സിബി 63/2 എന്ന നിലയിലേക്ക് വീണു.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തിൽ 70 റൺസാണ് ആര്‍സിബി നേടിയത്. ആര്‍സിബിയെ കോഹ്‍ലിയും രജത് പടിദാറും വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ടീമിന് ഇരട്ട പ്രഹരമേല്പിച്ച് റഷീദ് ഖാന്‍ രംഗത്തെത്തിയത്.

Rashidkhan

പടിദാറിനെയും ക്രുണാൽ പാണ്ഡ്യയെയും ഒരേ ഓവറിൽ താരം പുറത്താക്കിയപ്പോള്‍ ബെംഗളൂരു 91/4 എന്ന നിലയിലേക്ക് വീണു. പത്തോവര്‍ പിന്നിടുമ്പോള്‍ 100 റൺസാണ് ആര്‍സിബി നേടിയത്. 25 പന്തിൽ വിരാട് കോഹ്‍ലി തന്റെ ഫിഫ്റ്റി തികച്ചപ്പോള്‍ അഞ്ചാം വിക്കറ്റിൽ കോഹ്‍ലി – ടിം ഡേവിഡ് കൂട്ടുകെട്ട് 41 റൺസാണ് നേടിയത്.

24 റൺസ് നേടിയ ടിം ഡേവിഡ് പുറത്താകുമ്പോള്‍ ജയത്തിനായി ആര്‍സിബി 24 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ജയത്തിന് 11 റൺസ് അകലെയുള്ളപ്പോള്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് ആര്‍സിബിയ്ക്ക് നഷ്ടമായി. 37 പന്തിൽ 67 റൺസ് നേടിയ കോഹ്‍ലിയെ അര്‍ഷദ് ഖാന്‍ പുറത്താക്കിയെന്ന് ഏവരും കരുതിയ നിമിഷത്തിൽ തേര്‍ഡ് അംപയര്‍ ക്ലീന്‍ ക്യാച്ച് അല്ലെന്ന് വിധിച്ചു.

അര്‍ഷദ് ഖാനെ സിക്സര്‍ പായിച്ച് കോഹ്‍ലി 18ാം ഓവറിൽ ആര്‍സിബിയെ തങ്ങളുടെ രണ്ടാം കിരീടത്തിലേക്ക് നയിച്ചപ്പോള്‍ താരം 42 പന്തിൽ നിന്ന് 75 റൺസാണ് നേടിയത്. ജിതേഷ് ശര്‍മ്മ 11 റൺസ് നേടി വിജയത്തിൽ കോഹ്‍ലിയ്ക്കൊപ്പം ക്രീസിലുണ്ടായിരുന്നു.