വാൽക്കോട്ട് ആഴ്സണൽ വിട്ടു, ഇനി എവർട്ടനിൽ

ആഴ്സണൽ മുന്നേറ്റനിര താരം തിയോ വാൽക്കോട്ട് ഇനി എവർട്ടനിൽ. 20 മില്യൺ പൗണ്ടിനാണ് എവർട്ടൻ താരത്തെ സ്വന്തമാക്കിയത്. 3 വർഷത്തെ കരാറാണ് താരം മേഴ്സി സൈഡ് ക്ലബ്ബുമായി ഒപ്പിട്ടിരിക്കുന്നത്.

ആഴ്സണലിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് വാൽക്കോട്ട് എവർട്ടനിലേക്ക് ചുവട് മാറാൻ തീരുമാനിച്ചത്. തന്റെ പതിനാറാം വയസിൽ സൗത്താംപ്ടണിൽ നിന്ന് എമിറേറ്റ്സിൽ എത്തിയ താരം ക്ലബ്ബിനായി ഇതുവരെ 397 മത്സരങ്ങളിൽ നിന്ന് 108 ഗോളുകൾ നേടിയിട്ടുണ്ട്. വാൽക്കോട്ടിന്റെ പഴയ ക്ലബ്ബായ സൗത്താംപ്ടനും താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും താരം ഗൂഡിസൻ പാർക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ ആഴ്സണലിൽ അവസരങ്ങൾ തീർത്തും കുറഞ്ഞതോടെയാണ് താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.  28 കാരനായ വാൽക്കോട്ട് അടുത്ത ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഇടം നേടുക എന്നത് തന്നെയാവും ഇനി ലക്ഷ്യം വെക്കുക. ഗോളുകൾ കണ്ടെത്താൻ വിഷമിക്കുന്ന എവർട്ടനും വാൽക്കോട്ടിന്റെ വരവ് പുതു ഊർജം സമ്മാനിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version