ഫെർണാണ്ടസിന്റെ വണ്ടർ ഗോളും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷക്കെത്തിയില്ല, വെസ്റ്റ്ബ്രോമിനോട് സമനില

പ്രീമിയർ ലീഗിൽ റെലെഗേഷൻ ഭീഷണി നേരിടുന്ന വെസ്റ്റ്ബ്രോമിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. 1-1നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ്ബ്രോമിനോട് സമനില വഴങ്ങിയത്. മത്സരം തുടങ്ങി 83മത്തെ സെക്കന്റിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ പിറകിലാവുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത്.

ഡിയാനെയുടെ ഹെഡർ ഗോളിലാണ് വെസ്റ്റ്ബ്രോം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞില്ലെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട്മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫെർണാണ്ടസിന്റെ ലോകോത്തര ഗോളിലൂടെ സമനില നേടി.

തുടർന്ന് രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ നേടാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല. ഇതിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധിച്ച് റഫറി മാഞ്ചസ്റ്റർ യുണൈറ്റഡിന് പെനാൽറ്റി നിഷേധിക്കുകയും ചെയ്തു. ജയത്തോടെ ലെസ്റ്റർ സിറ്റിയുമായുള്ള ഗോൾ വ്യത്യാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

വെസ്റ്റ് ബ്രോം വല നിറച്ച് ലീഡ്സ്, ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് സൗത്താംപ്ടണ്‍ – വെസ്റ്റ് ഹാം പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ലീഡ്സിന് തകര്‍പ്പന്‍ ജയം. പോയിന്റ് പട്ടികയില്‍ 19ാം സ്ഥാനക്കാരായ വെസ്റ്റ് ബ്രോമിനെതിരെ 5-0 ന്റെ ഏകപക്ഷീയമായ വിജയം ആണ് ലീഡ്സ് യുണൈറ്റഡ് നേടിയത്. ഒമ്പതാം മിനുട്ടില്‍ വെസ്റ്റ് ബ്രോം താരം റൊമൈന്‍ സോയേഴ്സിന്റെ ഓണ്‍ ഗോളില്‍ ആരംഭിച്ച ലീഡ്സ് യുണൈറ്റഡ് ഗോള്‍ വേട്ട ആദ്യ പകുതി അവസാനിച്ചപ്പോള്‍ 4-0 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

അലിയോസ്കി ഒരു മികവാര്‍ന്ന ഗോളിലൂടെ ലീഡ്സിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച ആക്രമണം അഴിച്ചുവിട്ട ടീം വെസ്റ്റ് ബ്രോം ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ജാക്ക് ഹാരിസ്സണ്‍, റോഡ്രിഗോ എന്നിവരാണ് ആദ്യ പകുതിയില്‍ ഗോള്‍ നേടിയ മറ്റു താരങ്ങള്‍. രണ്ടാം പകുതിയിലും നിരവധി ഗോളവസരങ്ങള്‍ ലീഡ്സ് സൃഷ്ടിച്ചുവെങ്കിലും റഫീനയ്ക്ക് മാത്രമേ ഗോള്‍ പട്ടികയില്‍ ഇടം ലഭിച്ചുള്ളു. എന്നാല്‍ റഫീനിയയുടെ ഗോള്‍ അലിയോസ്കിയുടെ ഗോളിനോടൊപ്പം ചേര്‍ത്ത് വയ്ക്കാവുന്ന മനോഹരമായ ഒരു ഗോള്‍ ആയിരുന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സൗത്താംപ്ടണും വെസ്റ്റ് ഹാമും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. പോയിന്റ് പട്ടികയില്‍ യഥാക്രമം ഒമ്പതും പത്തും സ്ഥാനങ്ങളിലാണ് ഇരു ടീമുകളും നിലകൊള്ളുന്നത്. സൗത്താംപ്ടണ്‍ 16 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റും വെസ്റ്റ് ഹാം 16 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമാണ് നേടിയിട്ടുള്ളത്.

വെസ്റ്റ് ഹാമിനും ലീഡ്സ് യുണൈറ്റഡിനും 23 പോയിന്റ് വീതമാണുള്ളതെങ്കിലും മികച്ച ഗോള്‍ ശരാശരിയുടെ ബലത്തില്‍ വെസ്റ്റ് ഹാം ആണ് പോയിന്റ് പട്ടികയില്‍ മുന്നില്‍.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സമനില പിടിച്ചതിന് പിന്നാലെ വെസ്റ്റ്ബ്രോം പരിശീലകനെ പുറത്താക്കി

കഴിഞ്ഞ ദിവസം ശക്തരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സമനില പിടിച്ചതിന് പിന്നാലെ പരിശീലകനായ സ്ലാവാൻ ബിലിച്ചിനെ പുറത്താക്കി വെസ്റ്റ്ബ്രോം. പ്രീമിയർ ലീഗിൽ ഈ സീസണിൽ പരിശീലക സ്ഥാനം തെറിക്കുന്ന ആദ്യ പരിശീലകനാണ് ബിലിച്ച്. 18 മാസം വെസ്റ്റ്ബ്രോമിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് ബിലിച്ചിനെ ക്ലബ് പുറത്താക്കുന്നത്. ഈ സീസണിന്റെ അവസാനം വരെയായിരുന്നു വെസ്റ്റ്ബ്രോമിൽ ബിലിച്ചിന് കരാർ ഉണ്ടായിരുന്നത്.

പ്രീമിയർ ലീഗിൽ 13 മത്സരങ്ങളിൽ നിന്ന് 1 ജയം മാത്രമാണ് വെസ്റ്റ്ബ്രോമിന് നേടാനായത്. തുടർന്നാണ് പരിശീലകനെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 19ആം സ്ഥാനത്താണ് വെസ്റ്റ്ബ്രോം. ഈ സീസൺ അവസാനം വരെ പരിശീലകനായി സാം അലാർഡൈസിനെ നിയമിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

വെസ്റ്റ്ബ്രോമിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി

പ്രീമിയർ ലീഗിൽ റെലെഗേഷൻ പോരാട്ടത്തിലുള്ള വെസ്റ്റ്ബ്രോമിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 1-1നാണ് മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുടുങ്ങിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുടുങ്ങുന്നത്. നേരത്തെ മാഞ്ചസ്റ്റർ ഡാർബിയിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനോടും സിറ്റി സമനില വഴങ്ങിയിരുന്നു.

ആദ്യ പകുതിയിലാണ് മത്സരത്തിലെ ഇരു ഗോളുകളും പിറന്നത്. മത്സരത്തിന്റെ 30ആം മിനുട്ടിൽ ഗുണ്ടോഗന്റെ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി മുൻപിലെത്തിയത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ വെസ്റ്റ്ബ്രോം സമനില ഗോൾ നേടി.

റൂബൻ ഡിയാസിന്റെ സെൽഫ് ഗോളിലാണ് വെസ്റ്റ്ബ്രോ സിറ്റിക്കെതിരെ സമനില പിടിച്ചത്. തുടർന്ന് രണ്ടാം പകുതിയിൽ വിജയ ഗോൾ നേടാൻ സിറ്റി പരിശ്രമിച്ചെങ്കിലും വെസ്റ്റ്ബ്രോം പ്രതിരോധം പിടിച്ചുനിൽകുകയായിരുന്നു. വെസ്റ്റ്ബ്രോം ഗോൾ കീപ്പർ സാം ജോൺസ്റ്റോണിന്റെ മികച്ച പ്രകടനമാണ് അവർക്ക് തുണയായത്.

എവർട്ടൻ ഡിഫൻഡർ ഇനി ചാമ്പ്യൻഷിപ്പ് ക്ലബ്ബിൽ

എവർട്ടൻ ഡിഫൻഡർ മാസൻ ഹോൾഗേറ്റ് ഈ സീസൺ അവസാനം വരെ ലോണിൽ വെസ്റ്റ് ബ്രോമിൽ കളിക്കും. ചാമ്പ്യൻഷിപ്പ് ക്ലബ്ബായ വെസ്റ്റ് ബ്രോമിൽ കൂടുതൽ കളി സമയം ലക്ഷ്യമിട്ടാണ് താരം ചാമ്പ്യൻഷിപ്പിലേക്ക് മാറുന്നത്. മാർക്കോസ് സിൽവ പരിശീലകൻ ആയി എത്തിയതോടെ താരത്തിന് ഗൂഡിസൻ പാർക്കിൽ തീർത്തും അവസരങ്ങൾ കുറഞ്ഞിരുന്നു.

2015 മുതൽ എവർട്ടൻ താരമായ ഹോൾഗേറ്റ് അവർക്കായി 48 കളികൾ കളിച്ചിട്ടുണ്ട്. 22 വയസുകാരനായ താരം ഇംഗ്ലണ്ട് അണ്ടർ 21 ദേശീയ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.

ബെൽജിയം ലോകകപ്പ് താരം മൊണാകോയിൽ

ബെൽജിയത്തിന്റെ ലോകകപ്പ് താരം നേസർ ചാഡ്ലി ഇനി മൊണാകോയിൽ കളിക്കും. വെസ്റ്റ് ബ്രോം താരമായ ചാഡ്ലി 10 മില്യൺ യൂറോയുടെ കരാറിലാണ് ഫ്രാൻസിലേക്ക് എത്തുന്നത്. 3 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്.

29 വയസുകാരനായ ചാഡ്ലി വെസ്റ്റ് ബ്രോമിന് മുൻപ് ടോട്ടൻഹാമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. ലോകകപ്പിൽ റോബർട്ടോ മാർടീനസിന്റെ ടീമിൽ ലെഫ്റ്റ് വിങ് ബാക്ക് പൊസിഷനിൽ മികച്ച പ്രകടനം നടത്തിയ താരം ജപ്പാനെതിരെ വിജയ ഗോൾ നേടി ശ്രദ്ധ ആകർഷിച്ചിരുന്നു.

ഹസാർഡിന്റെ മികവിൽ ചെൽസി, വെസ്റ്റ് ബ്രോമിനെതിരെ മികച്ച ജയം

നല്ല ഒന്നാം തരം ജയത്തോടെ ചെൽസിയും അന്റോണിയോ കോണ്ടേയും പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി. ഈഡൻ ഹസാർഡിന്റെ മിന്നും ഫോമിന്റെ പിൻബലത്തിൽ എതിരില്ലാത്ത 3 ഗോളിനാണ് നീല പട വെസ്റ്റ് ബ്രോമിനെ തോൽപിച്ചത്. ഈഡൻ ഹസാർഡ് 2 ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ വിക്ടർ മോസസിന്റെ വകയായിരുന്നു. ജയത്തോടെ 53 പോയിന്റുള്ള ചെൽസി ലീഗിൽ നാലാം സ്ഥാനത്ത് തിരിച്ചെത്തി.

കാഹിൽ, ലൂയിസ്, എന്നിവരെ പുറത്തിരുത്തിയ കോണ്ടേ ക്രിസ്റ്റിയൻസൻ, റൂഡിഗർ എന്നിവരെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിച്ചു. ഒലിവിയെ ജിറൂദും ആദ്യമായി ചെൽസി സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടി. പരിക്കേറ്റ് ഏറെ നാളായി പുറത്തിരുന്ന മൊറാത്ത ബെഞ്ചിൽ തിരിച്ചെത്തി. മത്സരത്തിന്റെ തുടക്കത്തിൽ വെസ്റ്റ് ബ്രോം മികച്ച രീതിയിലാണ് കളി തുടങ്ങിയത് എങ്കിലും ചെൽസി പതിയെ താളം കണ്ടെത്തുകയായിരുന്നു. 25 ആം മിനുട്ടിലാണ് ചെൽസി ആദ്യ ഗോൾ നേടിയത്. ജിറൂദ്- ഹസാർഡ് സഖ്യം നടത്തിയ മനോഹര നീക്കത്തിനൊടുവിൽ ഹസാർഡ് ചെൽസിയെ മുന്നിൽ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ക്രിസ് ബ്രൂന്റിന് പകരം ബർക്കിനെ ഇറക്കിയാണ് വെസ്റ്റ് ബ്രോം ഇറങ്ങിയത്. സോളമൻ റോണ്ടോണിലൂടെ വെസ്റ്റ് ബ്രോമിന് മികച്ച അവസരം ലഭിച്ചെങ്കിലും ചെൽസി ഗോളി കുർട്ടോയുടെ സേവ് ചെൽസിക്ക് രക്ഷയായി. പക്ഷെ 63 ആം മിനുട്ടിൽ മോസസിലൂടെ ചെൽസി ലീഡ് ഉയർത്തി. 71 ആം മിനുട്ടിലാണ് ചെൽസിയുടെ മൂന്നാം ഗോൾ ഹസാർഡ് നേടിയത്. മൊറാത്തയുടെ പാസ്സിൽ ഹസാർഡിന്റെ ഇടം കാലൻ ഷോട്ട് നോക്കി നിൽക്കാൻ മാത്രമാണ് വെസ്റ്റ് ബ്രോം ഗോളികായത്.

ചാംപ്യൻസ് ലീഗിൽ ബാഴ്‌സയെ നേരിടും മുൻപ് ഫോം വീണ്ടെടുക്കാനായത് ചെൽസിക്ക് വലിയ ആശ്വാസമാവും. കോണ്ടേക്കും തന്റെ മേലുള്ള സമ്മർദം കുറക്കാൻ ഈ ജയത്തോടെ സാധ്യമാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫോം വീണ്ടെടുക്കാൻ ചെൽസി ഇന്ന് വെസ്റ്റ് ബ്രോമിനെതിരെ

സീസണിലെ ഏറ്റവും മോശം ഫോമിൽ നിൽകുന്ന ചെൽസി ഇന്ന് വെസ്റ്റ് ബ്രോമിനെതിരെ സ്വന്തം മൈതാനത്ത് ഇറങ്ങും. ലീഗിൽ അവസാന സ്ഥാനക്കാരായ വെസ്റ്റ് ബ്രോമിനോട് ജയിക്കാനായില്ലെങ്കിൽ അത് ചെൽസി പരിശീലകൻ അന്റോണിയോ കൊണ്ടേയുടെ ജോലിയെ തന്നെ ബാധിക്കും എന്ന് ഉറപ്പാണ്. തുടർച്ചയായ 2 തോൽവികൾ  നീലപടയിൽ ഉണ്ടാക്കിയ ആത്മവിശ്വാസകുറവ് ഇന്നും തുടർന്നാൽ കാര്യങ്ങൾ അവർക്ക് കടുപ്പമാവും. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ചെൽസിക്ക് ഇന്ന് ജയിക്കാനായാൽ ആദ്യ നാലിലേക്ക് തിരിച്ചെത്താനാവും.

ചെൽസിയിൽ പരിക്ക് മാറി ഡിഫെണ്ടർ അന്ദ്രീയാസ് ക്രിസ്റ്റിയൻസൻ തിരിച്ചെത്തും. വില്ലിയനും കളിക്കാൻ സാധ്യതയുണ്ട്. മൊറാത്തയുടെ അഭാവത്തിൽ ഒലിവിയെ ജിറൂദ്  ആദ്യ ഇലവനിൽ ആദ്യമായി ഇടം നേടിയേക്കും. കഴിഞ്ഞ മത്സരങ്ങളിൽ തീർത്തും നിറം മങ്ങിയ കാഹിൽ, ബകയോക്കോ, ഡേവിഡ് ലൂയിസ് എന്നിവർക്ക് സ്ഥാനം നഷ്ടമായേക്കും. വെസ്റ്റ് ബ്രോം നിരയിൽ ഗിബ്സ്, ലിവേർമോർ എന്നിവർ കളിക്കാൻ സാധ്യതയില്ല. ഇരുവർക്കും പരിക്കാണ്. മുൻ ചെൽസി താരം ഡാനിയേൽ സ്റ്ററിഡ്ജിനെ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്കുള്ള മടങ്ങി വരവ് കൂടിയാകും ഇന്നത്തെ മത്സരം.

ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിറ്റി ജൈത്രയാത്ര തുടരുന്നു

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗിലെ മികച്ച ഫോം തുടരുന്നു. വെസ്റ്റ് ബ്രോമിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് പെപ്പിന്റെ ടീം മറികടന്നത്. സിറ്റിക്കായി ഫെർണണ്ടിഞ്ഞോ, ഡു ബ്രെയ്‌നെ, അഗ്യൂറോ എന്നിവരാണ് ഗോളുകൾ നേടിയത്. ജയത്തോടെ 68 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള പോയിന്റ് വിത്യാസം 15 പോയിന്റായി ഉയർത്തി.

അസുഖം ബാധിച്ച ജോണ് സ്റ്റോൻസിന്റെ പകരം 2 ദിവസം മുൻപ് മാത്രം ക്ലബ്ബിലെത്തിയ ലപോർട്ടേക്ക് അവസരം നൽകിയ പെപ്പിന് 19 ആം മിനുട്ടിൽ തന്നെ ആദ്യ ഗോൾ കണ്ടെത്താനായി. ഡു ബ്രെയ്‌നയുടെ പാസ്സിൽ ഫെർണാണ്ടിഞ്ഞോ ഗോൾ നേടിയതോടെ സിറ്റി മത്സരത്തിൽ പിടി മുറുക്കി. 39 ആം മിനുട്ടിൽ ഡേവിഡ് സിൽവ പരിക്കേറ്റ് പുറത്തായെങ്കിലും അതൊന്നും സിറ്റിയുടെ ആക്രമണത്തെ ബാധിച്ചില്ല. ഗുണ്ടകനാണ് പകരം ഇറങ്ങിയത്. രണ്ടാം പകുതിയിൽ 68 ആം മിനുട്ടിൽ സ്റെർലിംഗിന്റെ പാസ്സ് ഗോളാക്കി ഡു ബ്രെയ്‌നെ സിറ്റിയുടെ രണ്ടാം ഗോളും നേടി. ഈ ഗോളോടെ ഈ സീസണിലെ എല്ലാ ടൂർണമെന്റിലുമായി സിറ്റി 100 ഗോൾ പൂർത്തിയാക്കി. 89 ആം മിനുട്ടിൽ സ്റ്റർലിങ്ങിന്റെ തന്നെ പാസിൽ അഗ്യൂറോ സിറ്റിയുടെ ഗോൾ വേട്ട പൂർത്തിയാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സ്റ്ററിജ്ഡ് ഇനി വെസ്റ്റ് ബ്രോമിൽ

ലിവർപൂൾ സ്‌ട്രൈക്കർ ഡാനിയേൽ സ്റ്ററിഡ്ജ് ഇനി വെസ്റ്റ് ബ്രോമിന് വേണ്ടി കളിക്കും. ലോൺ അടിസ്ഥാനത്തിലാണ് ബാഗീസ് താരത്തെ സ്വന്തമാക്കിയത്. ഈ സീസൺ അവസാനം വരെയാണ് ഇംഗ്ലണ്ട് ദേശീയ താരം കൂടിയായ സ്റ്ററിഡ്ജ് വെസ്റ്റ് ബ്രോമിന് വേണ്ടി കളിക്കുക. ലിവർപൂളിൽ തീർത്തും അവസരങ്ങൾ കുറഞ്ഞ താരം ലോകകപ്പ് ടീമിൽ ഇടം ലക്ഷ്യം വച്ചാണ് ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് മാറാൻ തയ്യാറായത്.

ലിവർപൂളിനായി 98 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയ താരം 2013-2014 സീസണിൽ ലൂയി സുവാരസിനൊപ്പം തീർത്ത പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ പരിക്ക് വില്ലനായപ്പോൾ പലപ്പോഴും ടീമിന് പുറത്തായ താരം ലിവർപൂളിൽ എത്തിയ 4 വർഷത്തിൽ 55 ലീഗ് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്‌. ക്ളോപ്പ് പരിശീലകനായതോടെ താരത്തിന് തീരെ അവസരങ്ങൾ കുറയുകയായിരുന്നു. ഈ സീസണിൽ 15 മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാനായത്. മുൻപ് മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകൾക് വേണ്ടിയും കളിച്ച സ്റ്ററിഡ്ജ് എത്തുന്നതോടെ കൂടുതൽ ഗോളുകൾ കണ്ടെത്തി പ്രീമിയർ ലീഗിലെ 19 ആം സ്ഥാനത് നിന്ന് കര കയറി പ്രീമിയർ ലീഗിൽ ഇടം നില നിർത്തുക എന്നതാവും വെസ്റ്റ് ബ്രോമിന്റെ ലക്ഷ്യം. ഈ സീസണിൽ 19 ഗോളുകൾ മാത്രം നേടാനായ അലൻ പാർഡിയുവിന്റെ ടീമിന് സ്റ്ററിഡ്ജ് ഫിറ്റ്നസ് നില നിർത്തിയാൽ അത് നേട്ടമാവും എന്ന് ഉറപ്പാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിവാദ പെനാൽറ്റിയിൽ സമനില വഴങ്ങി ഗണ്ണേഴ്‌സ്

റഫറി മൈക്ക് ഡീൻ അനുവദിച്ച വിവാദ പെനാൽറ്റിയിൽ ആഴ്സണലിന് വെസ്റ്റ് ബ്രോമിനെതിരെ സമനില കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ 89 ആം മിനുട്ടിലാണ് വെസ്റ്റ് ബ്രോം വിവാദ തീരുമാനത്തിലൂടെ പെനാൽറ്റി നേടിയത്. 2 പോയിന്റ് നഷ്ടപെടുത്തിയതോടെ ആഴ്സണൽ 38 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്‌. 16 പോയിന്റ് ഉള്ള വെസ്റ്റ് ബ്രോം 19 ആം സ്ഥാനത് തുടരും.

വെങ്ങറുടെ റെക്കോർഡ് 811 ആം ലീഗ് മത്സരത്തിൽ 83 ആം മിനുട്ടിൽ അലക്‌സി സാഞ്ചസിന്റെ ഫ്രീകിക്ക് ജെയിംസ് മക്ളീന്റെ ദേഹത്ത് തട്ടി വലയിൽ പതിച്ചതോടെ ആഴ്സണൽ ഏക ഗോളിന്റെ ജയം ഉറപ്പിച്ചതാണ്. പക്ഷെ 89 ആം മിനുട്ടിൽ കാലം ചേമ്പേഴ്‌സ് ബോക്സിൽ പന്ത് കൈകൊണ്ട് തടുത്തതിന് റഫറി വെസ്റ്റ് ബ്രോമിന് പെനാൽറ്റി നൽകി. ആഴ്സണൽ താരങ്ങൾ പ്രതിഷേധിചെങ്കിലും ഫലം ഉണ്ടായില്ല. ജെ റോഡ്രിഗസിന്റെ കിക്ക് വലയിലായതോടെ സ്കോർ 1-1.  റിപ്ലെകളിൽ ചേംബേഴ്സിന്റേത് മനഃപൂർവമായ ഹാൻഡ് ബോൾ അല്ലായിരുന്നു എന്ന് വ്യക്തമായിരുന്നു. ആഴ്സണൽ താരം പീറ്റർ ചെക്കും, പരിശീലകൻ വെങ്ങറും മത്സരത്തിന് ശേഷം റഫറിമാർക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. മൂന്നാം തിയതി ചെൽസിക്ക് എതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version