ഇത് പുതു ചരിത്രം, ഗാബ കീഴടക്കി ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയുമായി ഇന്ത്യ മടങ്ങുന്നു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആവേശം അവസാന നിമിഷം വരെ നീണ്ട മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം 328 റണ്‍സെന്ന വിജയ ലക്ഷ്യം ചേസ് ചെയ്ത് ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയം ആണ് നേടിയത്. 32 വര്‍ഷത്തിന് ശേഷമാണ് ഗാബയില്‍ ഓസ്ട്രേലിയയെ ഒരു ടീം പരാജയപ്പെടുത്തുന്നത്. പരിക്കേറ്റ പല പ്രമുഖ താരങ്ങളുമില്ലാതെ കളിച്ച ഇന്ത്യ അക്ഷരാര്‍ത്ഥത്തില്‍ രണ്ടാം നിര ബൗളിംഗുമായാണ് മത്സരത്തിനിറങ്ങിയത്. എന്നാല്‍ ടെസ്റ്റിലെ നവാഗതരും പരിചയസമ്പത്ത് അധികമില്ലാത്തവരുമായ താരങ്ങള്‍ അത്ഭുതം സൃഷ്ടിക്കുന്ന കാഴ്ചയാണ് ബ്രിസ്ബെയിനില്‍ കണ്ടത്.

ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത് ശുഭ്മന്‍ ഗില്‍ ആണെങ്കില്‍ വിജയപ്രതീക്ഷ നിലനിര്‍ത്തിയത് ഋഷഭ് പന്തിന്റെ ഇന്നിംഗ്സ് ആയിരുന്നു. ചേതേശ്വര്‍ പുജാര ആദ്യ രണ്ട് സെഷനുകളില്‍ ഓസ്ട്രേലിയന്‍ ബൗളര്‍മാരെ പ്രതിരോധം തീര്‍ത്ത് മടുപ്പിച്ചപ്പോള്‍ പല തവണ ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ പ്രഹരമേറ്റു വാങ്ങേണ്ടി വന്നിരുന്നു പുജാരയ്ക്ക്.

Cheteshwarpujara

മത്സരം അവസാന 20 ഓവറിലേക്ക് കടന്നപ്പോള്‍ ഇന്ത്യയ്ക്ക് ജയത്തിനായി 100 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കൈവശം ഏഴ് വിക്കറ്റ്. എന്നാല്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയുടെ പുതിയ മതിലായ ചേതേശ്വര്‍ പുജാരയുടെ പ്രതിരോധം ന്യൂ ബോള്‍ എടുത്ത ശേഷം രണ്ടാം പന്തില്‍ ഭേദിക്കുകയായിരുന്നു.

9 റണ്‍സ് നേടിയ മയാംഗ് അഗര്‍വാളിനെയും പാറ്റ് കമ്മിന്‍സ് വീഴ്ത്തിയതോടെ ഇന്ത്യ 265/5 എന്ന നിലയിലായി. എന്നാല്‍ ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും തങ്ങളുടെ മികവാര്‍ന്ന ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ ഓസ്ട്രേലിയയുടെ പ്രതീക്ഷകള്‍ അസ്തമിക്കുന്ന കാഴ്ചയാണ് കണ്ടത്.

ലക്ഷ്യം പത്ത് റണ്‍സ് അകലെ നില്‍ക്കുമ്പോള്‍ 22 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറിനെ പുറത്താക്കി നഥാന്‍ ലയണ്‍ ഓസ്ട്രേലിയന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തി. പന്തുമായി ചേര്‍ന്ന് ആറാം വിക്കറ്റില്‍ 53 റണ്‍സാണ് വാഷിംഗ്ടണ്‍ സുന്ദര്‍ നേടിയത്.

പിന്നീട് ശര്‍ദ്ധുല്‍ താക്കൂറിനെയും ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും ഋഷഭ് പന്ത് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. പന്ത് പുറത്താകാതെ 89 റണ്‍സ് നേടിയാണ് ഇന്ത്യയുടെ ചരിത്ര വിജയം കൈപ്പിടിയിലൊതുക്കിയത്.

Patcummins

ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ ലയണിന് രണ്ട് വിക്കറ്റ് ലഭിച്ചു.