ബൗളിംഗ് നിരാശാജനകം – ഷാക്കിബ്

ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന്റെ ബൗളിംഗ് നിരാശാജനകമെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. 106 റണ്‍സിന്റെ പരാജയമാണ് ഇന്നലെ ബംഗ്ലാദേശ് ഇംഗ്ലണ്ടിനെതിരെ നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 386 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഷാക്കിബ് ശതകവുമായി പൊരുതി നോക്കിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് ശ്രദ്ധേയമായ പ്രകടനം ബാറ്റ് കൊണ്ടും ഉണ്ടായില്ല.

ഫലത്തിന്റെ നിരാശയെക്കാളും അധികം നിരാശ തങ്ങള്‍ പന്തെറിഞ്ഞ രീതിയിലാണെന്ന് ഷാക്കിബ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ന്യൂസിലാണ്ടിനെതിരെയും മികവാര്‍ന്ന ബൗളിംഗാണ് ഞങ്ങള്‍ പുറത്തെടുത്തത്, എന്നാല്‍ സ്വാഭാവികമായി ഇംഗ്ലണ്ട് മികച്ച ടീമാണെന്ന് ഏവര്‍ക്കും അറിയാം എന്നിന്നുന്നാലും ഞങ്ങളുടെ ബൗളിംഗ് തീര്‍ത്തും നിരാശാജനകമായിരുന്നുവെന്ന് ഷാക്കിബ് പറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്താല്‍ മാത്രമേ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുവാനുള്ളുവെന്ന് അറിയാം എന്നാല്‍ അത് സംഭവിച്ചില്ല, അതിനാല്‍ തന്നെ ടീം തോല്‍ക്കുകയും ചെയ്തുവെന്ന് ബംഗ്ലാദേശ് മുന്‍ നായകന്‍ പറഞ്ഞു. 320-330 റണ്‍സ് സ്കോറില്‍ ഇംഗ്ലണ്ടിനെ പിടിച്ചു നിര്‍ത്തിയിരുന്നുവെങ്കില്‍ ടീമിനു പ്രതീക്ഷയുണ്ടായിരുന്നുവെന്നും 386 റണ്‍സ് മറികടക്കുക ശ്രമകരമായ കാര്യമാമെന്നും ഷാക്കിബ് പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ ലോകോത്തര താരങ്ങളടങ്ങിയ ടീം, ഇന്നവരുടെ ദിവസമല്ലായിരുന്നു

അഫ്ഗാനിസ്ഥാനെതിരെ ന്യൂസിലാണ്ട് നേടിയത് മികച്ച വിജയമാണെന്ന് പറഞ്ഞ് കെയിന്‍ വില്യംസണ്‍. അഫ്ഗാനിസ്ഥാന്‍ നിരയില്‍ രണ്ട് മൂന്ന് ലോകോത്തര താരങ്ങളുണ്ട്, അവരില്‍ ചിലരുമായി ഞാന്‍ കുറ്ച്ച് വര്‍ഷങ്ങളായി കളിച്ചിട്ടുണ്ട്. ഇന്ന് അവര്‍ക്ക് മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും ഞങ്ങളുടെ ബൗളര്‍മാര്‍ മികച്ച തിരിച്ചുവരവാണ് നടത്തിയതെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.

മധ്യ ഓവറുകളിലെ സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ അഫ്ഗാനിസ്ഥാന് കഴിഞ്ഞില്ലെന്നും ലോക്കി ഫെര്‍ഗൂസണും ജെയിംസ് നീഷവും മികച്ച രീതിയില്‍ പന്തെറിഞ്ഞ് വിക്കറ്റുകളുമായി എത്തിയപ്പോള്‍ കാര്യങ്ങള്‍ ന്യൂസിലാണ്ടിനു അനായാസമായി. അഫ്ഗാനിസ്ഥാന്റെ ഓപ്പണിംഗ് ബൗളര്‍മാരും മികച്ച രീതിയിലാണ് പന്തെറിഞ്ഞത്, അതിനാല്‍ തന്നെ ബാറ്റിംഗ് ദുഷ്കരമായിരുന്നു.

എന്നാല്‍ മധ്യ ഓവറുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതില്‍ ടീമിനു പിഴവ് പറ്റിയെന്നും റഷീദ് ഖാന്റെ സേവനമില്ലാതിരുന്നത് ടീമിനു വലിയ തിരിച്ചടിയായെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു. മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവുമായി നില്‍ക്കുവാനാകുന്നത് തന്നെ മികച്ച കാര്യമാണെന്നും ന്യൂസിലാണ്ട് നായകന്‍ പറഞ്ഞു.

വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതിനു നല്‍കിയ വില

മികച്ച തുടക്കത്തിനു ശേഷം ഞങ്ങളില്‍ ചില ബാറ്റ്സ്മാന്മാര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതിനുള്ള വിലയാണ് ഇന്ന് അഫ്ഗാനിസ്ഥാന്‍ നല്‍കിയതെന്ന് പറ‍ഞ്ഞ് നായകന്‍ ഗുല്‍ബാദിന്‍ നൈബ്. മികച്ച തുടക്കമാണ് ടീമിനു ലഭിച്ചത്. ഹസ്രത്തുള്ള സാസായിയും നൂര്‍ അലി സദ്രാനും മികച്ച് നിന്നപ്പോള്‍ പുറകെ വന്നവരില്‍ ഹസ്മത്തുള്ള ഷഹീദി മാത്രമാണ് തിളങ്ങിയതെന്നും നൈബ് പറഞ്ഞു. താരത്തിനു പിന്തുണ നല്‍കുവാന്‍ ആരുമില്ലാതെ വന്നപ്പോള്‍ മികച്ച സ്കോറിലേക്ക് ടീമിനു എത്തുവാനും സാധിച്ചില്ല.

ബൗളര്‍മാര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും വിക്കറ്റ് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അത്ര പിന്തുണയില്ലായിരുന്നു, അതേ സമയം ബാറ്റിംഗിനിടെ പറ്റിയ അപകടം റഷീദ് ഖാനിനെ ബൗളിംഗില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ പ്രേരിപ്പിച്ചതും ടീമിനു തിരിച്ചടിയായി എന്ന് നൈബ് പറഞ്ഞു. ഫീല്‍ഡിംഗിലും തന്റെ ടീം മോശമായിരുന്നുവെന്നും. ഈ പ്രകടനത്തില്‍ നിന്ന് വളരെയേറെ ടീം മുന്നോട്ട് പോകേണ്ടതുണ്ടെന്നും നൈബ് പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ ആദ്യം സമ്മര്‍ദ്ദത്തിലാക്കി, എന്നാല്‍ ഞങ്ങള്‍ മികച്ച തിരിച്ചവരവ് നടത്തി

അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റ് വിജയം അനായാസമായാണ് ന്യൂസിലാണ്ട് സ്വന്തമാക്കിയത്. 173 റണ്‍സെന്ന വിജയ ലക്ഷ്യം 32.1 ഓവറിലാണ് 3 വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാണ്ട് മറികടന്നത്. കെയിന്‍ വില്യംസണ്‍ 79 റണ്‍സുമായി പുറത്താകാതെ നിന്നും റോസ് ടെയിലറുടെ 48 റണ്‍സുമാണ് ബാറ്റിംഗില്‍ തിളങ്ങിയതെങ്കിലും ന്യൂസിലാണ്ട് ബൗളര്‍മാരാണ് ഈ വിജയത്തിനു വഴിയൊരുക്കിയത്.

ജെയിംസ് നീഷം 5 വിക്കറ്റ് നേടി അഫ്ഗാനിസ്ഥാന് തുടക്കത്തില്‍ പ്രഹരം ഏല്പിച്ചപ്പോള്‍ വാലറ്റത്തിന്റെ കഥ കഴിച്ചത് ലോക്കി ഫെര്‍ഗൂസണ്‍ ആണ്. ഈ പ്രകടനത്തിനു ജെയിംസ് നീഷം ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അഫ്ഗാനിസ്ഥാന്‍ തുടക്കത്തില്‍ തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി എന്നാണ് ജെയിംസ് നീഷം വെളിപ്പെടുത്തിയത്. ന്യൂ ബോള്‍ ബൗളര്‍മാര്‍ക്ക് യാതൊരു വിധം പ്രഭാവവും സൃഷ്ടിക്കാനാകാതെ പോയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 66 റണ്‍സിലേക്ക് വിക്കറ്റ് നഷ്ടമില്ലാതെ നീങ്ങിയെങ്കിലും പിന്നീട് അതേ സ്കോറില്‍ മൂന്ന് വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

മികച്ച തുടക്കത്തിനു ശേഷം അവരെ പ്രതിരോധത്തിലാക്കുവാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും ന്യൂസിലാണ്ടിലെ പിച്ചുകളെക്കാള്‍ ബൗണ്‍സ് ഇവിടെ ലഭിച്ചത് തനിക്ക് ഗുണം ചെയ്തുവെന്നാണ് ജെയിംസ് നീഷം പറഞ്ഞത്. താന്‍ പന്ത് അധികം സ്വിംഗ് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബൗണ്‍സ് കണ്ടെത്തുവാന്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും ജെയിംസ് നീഷം പറഞ്ഞു.

ആദ്യ പന്തില്‍ ഗപ്ടില്‍ പുറത്ത്, മെല്ലെ തുടങ്ങിയെങ്കിലും ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ച് കെയിന്‍ വില്യംസണ്‍

കെയിന്‍ വില്യംസണിന്റെ മികവില്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തില്‍ 7 വിക്കറ്റ് വിജയം കുറിച്ച് ന്യൂസിലാണ്ട്. ആദ്യ പന്തില്‍ തന്നെ മാര്‍ട്ടിന്‍ ഗപ്ടിലിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ കോളിന്‍ മണ്‍റോയുമായി ചേര്‍ന്ന് 41 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ മൂന്നാം വിക്കറ്റില്‍ റോസ് ടെയിലറിനെ കൂട്ടുപിടിച്ചാണ് ന്യൂസിലാണ്ടിന്റെ വിജയത്തിന്റെ അടിത്തറ പാകിയത്. മൂന്നാം വിക്കറ്റില്‍ 89 റണ്‍സാണ് റോസ് ടെയിലര്‍-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് നേടിയത്.

അഫ്ഗാനിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് അഫ്താഭ് അലം ആയിരുന്നു. 48 റണ്‍സ് നേടിയ റോസ് ടെയിലര്‍ പുറത്തായെങ്കിലും ബാറ്റിംഗ് തുടര്‍ന്ന ന്യൂസിലാണ്ട് നായകന്‍ ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. തന്റെ പതിവ് ഇന്നിംഗ്സുകളുടെ മികവ് ഇന്നത്തെ കെയിന്‍ വില്യംസണ്‍ ഇന്നിംഗ്സിനില്ലായിരുന്നുവെങ്കിലും ന്യൂസിലാണ്ടിനെ മൂന്നാം ജയത്തിലേക്ക് നയിക്കുവാന്‍ അത മതിയാവുമായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി ബൗണ്ടറികള്‍ നേടി വില്യംസണ്‍ തന്റെ സ്ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തുകയും ചെയ്തു.

79 റണ്‍സുമായി കെയിന്‍ വില്യംസണും 13 റണ്‍സ് നേടി ടോം ലാഥവുമാണ് വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ജെയിംസ് നീഷം(5 വിക്കറ്റ്) ലോക്കി ഫെര്‍ഗൂസണ്‍(4 വിക്കറ്റ്) എന്നിവര്‍ ചേര്‍ന്ന് ടീമിനെ 172 റണ്‍സിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഹസ്മത്തുള്ള ഷഹീദി(59)യുടെ ഇന്നിംഗ്സ് മാത്രമാണ് അഫ്ഗാന്‍ നിരയിലെ എടുത്ത് പറയാവുന്ന പ്രകടനം.

ശതകവുമായി പൊരുതി നിന്നത് ഷാക്കിബ് മാത്രം, മികച്ച വിജയവുമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ട് നല്‍കിയ 387 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് നിരയില്‍ ആരും തന്നെ ചെറുത്ത് നില്പുയര്‍ത്താതിരുന്നപ്പോള്‍ ടീമിനു നേടാനായത് 280 റണ്‍സ് മാത്രം. ഇതോടെ ആതിഥേയരായ ഇംഗ്ലണ്ട് 106 റണ്‍സിന്റെ വിജയമാണ് ലോകകപ്പില്‍ നേടിയത്. തങ്ങളുടെ രണ്ടാമത്തെ വിജയമാണ് ഇത്. ഷാക്കിബ് അല്‍ ഹസന്റെ ശതകവും മുഷ്ഫിക്കുറിന്റെ 44 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ ടീമില്‍ ആരും തന്നെ ചെറുത്ത്നില്പിനു ശ്രമിച്ചില്ലെന്നതാണ് സത്യം. ഇന്നിംഗ്സിന്റെ അവസാനത്തോടെ മഹമ്മദുള്ളയും മൊസ്ദേക്ക് ഹൊസൈനും പൊരുതി നോക്കിയെങ്കിലും അപ്പോളേക്കും മത്സരത്തില്‍ ഇംഗ്ലണ്ട് പിടിമുറുക്കിയിരുന്നു.

മൂന്നാം വിക്കറ്റില്‍ ഷാക്കിബ്-മുഷ്ഫിക്കുര്‍ റഹിം സഖ്യം നേടിയ 103 റണ്‍സ് മാത്രമാണ് ബംഗ്ലാദേശ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയ നിമിഷങ്ങള്‍. രണ്ടാം വിക്കറ്റില്‍ 55 റണ്‍സ് നേടിയ തമീം-ഷാക്കിബ് കൂട്ടുകെട്ടില്‍ ഷാക്കിബായിരുന്നു പ്രധാന സ്കോറര്‍. അതിനു ശേഷം ആറാം വിക്കറ്റില്‍ മൊസ്ദേക്ക്-മഹമ്മദുള്ള കൂട്ടുകെട്ട് നേടിയ 35 റണ്‍സാണ് ബംഗ്ലാദേശ് ഇന്നിംഗ്സിനെ 250 കടക്കുവാന്‍ സഹായിച്ചത്. മഹമ്മദുള്ള 28 റണ്‍സ് നേടിയെങ്കിലും 41 റണ്‍സാണ് അതിനു വേണ്ടി താരം നേരിട്ടത്.

48.5 ഓവറില്‍ ബംഗ്ലാദേശ് ഓള്‍ഔട്ട് ആവുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സും മൂന്ന് വിക്കറ്റും മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റും നേടി.

മികച്ച തുടക്കം പിന്നെ തകര്‍ന്ന് അഫ്ഗാനിസ്ഥാന്‍, അഞ്ച് വിക്കറ്റ് നേട്ടവുമായി ജെയിംസ് നീഷം, പൊരുതിയത് ഷഹീദി മാത്രം

ന്യൂസിലാണ്ടിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് അഫ്ഗാനിസ്ഥാന്‍. ഓപ്പണര്‍മാരായ ഹസ്രത്തുള്ള സാസായി(34)യും നൂര്‍ അലി സദ്രാനും(31) നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സിലേക്ക് കുതിച്ച അഫ്ഗാനിസ്ഥാനെ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ജെയിംസ് നീഷം ആണ് എറിഞ്ഞിട്ടത്. സ്കോര്‍ 66ല്‍ നില്‍ക്കെ മൂന്ന് വിക്കറ്റാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്. തുടക്കത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി 70/4 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാനെ തള്ളിയിട്ട ശേഷം പിന്നീട് രണ്ട് വിക്കറ്റും കൂടി നേടി ജെയിംസ് നീഷം തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 41.1 ഓവറിലാണ് അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് അവസാനിച്ചത്. 172 റണ്‍സാണ് ടീം നേടിയത്.

10 ഓവറില്‍ നിന്ന് 31 റണ്‍സ് മാത്രമാണ് താരം വിട്ട് നല്‍കിയത്. അതേ സമയം 59 റണ്‍സുമായി പൊരുതി നിന്ന ഹസ്മത്തുള്ള ഷഹീദിയാണ് അഫ്ഗാനിസ്ഥാനെ 172 റണ്‍സിലേക്ക് എത്തിച്ചത്. ജെയിംസ് നീഷത്തിനു പുറമെ ലോക്കി ഫെര്‍ഗൂസണ്‍ നാല് വിക്കറ്റും കോളിന്‍ ഡി ഗ്രാന്‍ഡോം ഒരു വിക്കറ്റും നേടി.

 

അഫ്ഗാന്‍-ന്യൂസിലാണ്ട് കളി മുടക്കി മഴ

ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മഴയുടെ ഭീഷണി. ഇന്നത്തെ രണ്ടാമത്തെ മത്സരമായ അഫ്ഗാനിസ്ഥാന്‍-ന്യൂസിലാണ്ട് മത്സരമാണ് മഴ മൂലം തടസ്സപ്പെട്ടിരിക്കുന്നത്. 20 ഓവറില്‍ 84/4 എന്ന നിലയില്‍ ആദ്യം ബാറ്റ് ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍ നില്‍ക്കവെയാണ് മഴ വില്ലനായി എത്തിയത്. ശക്തമായ കാറ്റുള്ളതിനാല്‍ മഴ വേഗം മാറി കളി നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഫ്ഗാനിസ്ഥാന് വേണ്ടി ഹസ്മത്തുള്ള ഷഹീദി 7 റണ്‍സുമായും ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി 6 റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 66/0 എന്ന നിലയില്‍ നിന്ന് 70/4 എന്ന നിലയിലേക്ക് നാല് റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണ് പ്രതിരോധത്തിലായ അഫ്ഗാനിസ്ഥാനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിക്കുകയാണ് ഷഹീദി-നബി കൂട്ടുകെട്ട്. 14 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇപ്പോള്‍ നേടിയിട്ടുള്ളത്.

മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് അഫ്ഗാനിസ്ഥാന്‍, നടുവൊടിച്ചത് ജെയിംസ് നീഷം

ട്രെന്റ് ബോള്‍ട്ടിനും മാറ്റ് ഹെന്‍റിയ്ക്കും മുന്നില്‍ കീഴടങ്ങാതെ പിടിച്ച് നിന്ന അഫ്ഗാനിസ്ഥാനെ എറിഞ്ഞ് പിടിച്ച് ജെയിംസ് നീഷം. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കത്തിന്റെ ബലത്തില്‍ 66 റണ്‍സിലേക്ക് മുന്നേറിയ അഫ്ഗാനിസ്ഥാന്‍ പിന്നീട് 70/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ഹസ്രത്തുള്ള സാസായിയും നൂര്‍ അലി സദ്രാനും ചേര്‍ന്ന് മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാന് നല്‍കിയത്.

28 പന്തില്‍ നിന്ന് 34 റണ്‍സുമായി സാസായിയാണ് നീഷം ആദ്യം പുറത്താക്കിയത്. രണ്ട് പന്തുകള്‍ക്ക് ശേഷം ലോക്കി ഫെര്‍ഗൂസണ്‍ രണ്ടാമത്തെ ഓപ്പണര്‍ നൂര്‍ അലി സദ്രാനെയും പുറത്താക്കി. തന്റെ അടുത്ത ഓവറുകളിലായി നീഷം റഹ്മത് ഷായെയും ഗുല്‍ബാദിന്‍ നൈബിനെയും മടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ നില പരുങ്ങലിലായി.

ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാമത്തെ മുന്നൂറിനു മേലുള്ള സ്കോര്‍, ഏകദിന ചരിത്രത്തില്‍ തുടര്‍ച്ചയായ ഏഴാം തവണ, ഇത് ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ട്

ഏകദിനത്തില്‍ ലോക ഒന്നാം റാങ്കിലുള്ള തങ്ങള്‍ ആ സ്ഥാനത്തേക്ക് എത്തിയത് വെറുതേയല്ലെന്ന് വീണ്ടും തെളിയിച്ച് ഇംഗ്ലണ്ട്. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ശതകം നേടിയ ഇംഗ്ലണ്ട്, തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് മുന്നൂറിനു മേലുള്ള സ്കോര്‍ നേടുന്നത്. ഈ ഏഴെണ്ണത്തില്‍ അഞ്ച് തവണയും പാക്കിസ്ഥാനെതിരെയാണ് ഇംഗ്ലണ്ടിന്റെ ഈ നേട്ടം.

ഇംഗ്ലണ്ട് ഇന്ന് ബംഗ്ലാദേശിനെതിരെ നേടിയ 386 റണ്‍സ് ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറാണ്. ഇതിനു മുമ്പ് 2011ല്‍ ഇന്ത്യയ്ക്കെതിരെ ബെംഗളൂരുവില്‍ നേടിയ 338/8 എന്ന സ്കോറായിരുന്നു ഇംഗ്ലണ്ടിന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. 2007ല്‍ ഓസ്ട്രേലിയയാണ് തുടര്‍ച്ചയായ 6 തവണ 300നു മുകളില്‍ സ്കോര്‍ നേടിയത്. 2006ല്‍ ശ്രീലങ്കയും 2017ല്‍ ഇന്ത്യയും തുടര്‍ച്ചയായ 5 മത്സരങ്ങളില്‍ 300നു മേലെയുള്ള സ്കോര്‍ നേടി.

ആദ്യം റോയ്, പിന്നെ ബട്‍ലര്‍, ഒടുവില്‍ വോക്സും പ്ലങ്കറ്റും, റണ്‍ മലയൊരുക്കി ഇംഗ്ലണ്ട്

ബംഗ്ലാദേശിനെതിരെ സോഫിയ ഗാര്‍ഡന്‍സില്‍ 386 റണ്‍സ് നേടി ഇംഗ്ലണ്ട്. ജേസണ്‍ റോയിയുടെ കൂറ്റന്‍ ശതകവും തകര്‍പ്പനടികളിലൂടെ ജോസ് ബട്‍ലര്‍ നേടിയ അര്‍ദ്ധ ശതകവും ജോണി ബൈര്‍സ്റ്റോയുടെ അര്‍ദ്ധ ശതകവുമാണ് ഇംഗ്ലണ്ടിനെ ഈ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. 50 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഏഴാം വിക്കറ്റില്‍ ക്രിസ് വോക്സ്-ലിയാം പ്ലങ്കറ്റ് കൂട്ടുകെട്ടും അടിച്ച് തകര്‍ത്തപ്പോള്‍ ഇംഗ്ലണ്ടിനു വലിയ സ്കോറിലേക്ക് നീങ്ങുവാനായി.

ഒന്നാം വിക്കറ്റില്‍ 128 റണ്‍സാണ് ബൈര്‍സ്റ്റോയും(51) ജേസണ്‍ റോയിയും ചേര്‍ന്ന് നേടിയത്. ജോണി ബൈര്‍സ്റ്റോയെ മൊര്‍തസ പുറത്താക്കിയപ്പോള്‍ പകരം ക്രീസിലെത്തിയത് കഴിഞ്ഞ മത്സരത്തിലെ ശതകം നേടിയ ജോ റൂട്ട് ആയിരുന്നു. എന്നാല്‍ 21 റണ്‍സ് നേടിയ റൂട്ടിനെ സൈഫുദ്ദീന്‍ പുറത്താക്കിയപ്പോള്‍ സ്ഥാനക്കയറ്റം ലഭിച്ച് ജോസ് ബട്‍ലര്‍ ക്രീസിലെത്തി. രണ്ടാം വിക്കറ്റില്‍ 77 റണ്‍സും മൂന്നാം വിക്കറ്റില്‍ 30 റണ്‍സും നേടിയ ഇംഗ്ലണ്ടിന് ജേസണ്‍ റോയിയെ(153) നഷ്ടമാകുമ്പോള്‍ സ്കോര്‍ 34.4 ഓവറില്‍ 235/3 എന്നായിരുന്നു. 121 പന്തില്‍ നിന്നായിരുന്നു റോയിയുടെ വെടിക്കെട്ട് പ്രകടനം.

പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുകൂടിയ ജോസ് ബട്‍ലര്‍-ഓയിന്‍ മോര്‍ഗന്‍ കൂട്ടുകെട്ട് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. ബംഗ്ലാദേശ് ബൗളര്‍മാരെ ഇരുവരും ചേര്‍ന്ന് കടന്നാക്രമിച്ചപ്പോള്‍ ഇംഗ്ലണ്ട് 300 റണ്‍സും കടന്ന് മുന്നോട്ട് പോയി. 95 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് തകര്‍ത്തത് ജോസ് ബട്‍ലറെ(64) പുറത്താക്കിയ മുഹമ്മദ് സൈഫുദ്ദീന്‍ ആയിരുന്നു. 44 പന്തില്‍ നിന്ന് 64 റണ്‍സ് നേടിയ ജോസ് ബട്‍ലര്‍ 4 ഫോറും 2 സിക്സുമാണ് നേടിയത്.

അധികം വൈകാതെ ഓയിന്‍ മോര്‍ഗനെ(35) പുറത്താക്കി മെഹ്ദി ഹസന്‍ തന്റെ രണ്ടാമത്തെ വിക്കറ്റ് നേടി. ജോസ് ബട്‍ലര്‍ പുറത്തായ ശേഷം ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ വേഗത കൈമോശം വരികയായിരുന്നു. അടുത്ത ഓവറില്‍ ബെന്‍ സ്റ്റോക്സിനെ മുസ്തഫിസുര്‍ പുറത്താക്കിയെങ്കിലും ക്രിസ് വോക്സിന്റെ വലിയ അടികള്‍ ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു.

അവസാന രണ്ടോവറില്‍ ലിയാം പ്ലങ്കറ്റും അടിച്ച് തകര്‍ക്കുവാന്‍ തുടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് വലിയ സ്കോറിലേക്ക് നീങ്ങി. ക്രിസ് വോക്സ് 8 പന്തില്‍ നിന്ന് 18 റണ്‍സും ലിയാം പ്ലങ്കറ്റ് 9 പന്തില്‍ നിന്ന് 27 റണ്‍സും നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനു വേണ്ടി മെഹ്ദി ഹസനും മുഹമ്മദ് സൈഫുദ്ദീനും രണ്ട് വീതം വിക്കറ്റ് നേടി. ഏഴാം വിക്കറ്റില്‍ . 17 പന്തില്‍ നിന്ന് 45 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

മെഹ്ദി ഹസനെതിരെ തുടര്‍ച്ചയായ നാലാം സിക്സിനു ശ്രമിച്ച് പുറത്തായി ജേസണ്‍ റോയ്, ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന രണ്ടാമത്തെ താരം

35ാം ഓവറില്‍ തുടര്‍ച്ചയായ നാലാം സിക്സിനു ശ്രമിച്ച് ഇംഗ്ലണ്ട് ഓപ്പണര്‍ പുറത്താകുമ്പോള്‍ 121 പന്തില്‍ നിന്ന് 153 റണ്‍സാണ് താരം നേടിയത്. 14 ബൗണ്ടറികളും 5 സിക്സും ഇന്നിംഗ്സില്‍ നേടിയ താരം അതില്‍ മൂന്ന് സിക്സുകള്‍ മെഹ്ദി ഹസന്‍ എറിഞ്ഞ ഈ ഓവറില്‍ നിന്നാണ് നേടിയത്. ആദ്യ മൂന്ന് പന്തുകള്‍ സിക്സര്‍ നേടിയ താരം നാലാം പന്തും അതിര്‍ത്തി കടത്തുവാന്‍ ശ്രമിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ പിടിച്ച് പുറത്താകുകയായിരുന്നു.

ലോകകപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന രണ്ടാമത്തെ താരമായി ഇതോടെ ജേസണ്‍ റോയ് മാറി. 5 റണ്‍സിനാണ് ഒന്നാം സ്ഥാനം റോയയ്ക്ക് നഷ്ടമായത്. 2011 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ 158 റണ്‍സ് നേടിയ ആന്‍ഡ്രൂ സ്ട്രോസിന്റെ പേരിലാണ് ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.

Exit mobile version