ശതകവുമായി പൊരുതി നിന്നത് ഷാക്കിബ് മാത്രം, മികച്ച വിജയവുമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ട് നല്‍കിയ 387 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് നിരയില്‍ ആരും തന്നെ ചെറുത്ത് നില്പുയര്‍ത്താതിരുന്നപ്പോള്‍ ടീമിനു നേടാനായത് 280 റണ്‍സ് മാത്രം. ഇതോടെ ആതിഥേയരായ ഇംഗ്ലണ്ട് 106 റണ്‍സിന്റെ വിജയമാണ് ലോകകപ്പില്‍ നേടിയത്. തങ്ങളുടെ രണ്ടാമത്തെ വിജയമാണ് ഇത്. ഷാക്കിബ് അല്‍ ഹസന്റെ ശതകവും മുഷ്ഫിക്കുറിന്റെ 44 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ ടീമില്‍ ആരും തന്നെ ചെറുത്ത്നില്പിനു ശ്രമിച്ചില്ലെന്നതാണ് സത്യം. ഇന്നിംഗ്സിന്റെ അവസാനത്തോടെ മഹമ്മദുള്ളയും മൊസ്ദേക്ക് ഹൊസൈനും പൊരുതി നോക്കിയെങ്കിലും അപ്പോളേക്കും മത്സരത്തില്‍ ഇംഗ്ലണ്ട് പിടിമുറുക്കിയിരുന്നു.

മൂന്നാം വിക്കറ്റില്‍ ഷാക്കിബ്-മുഷ്ഫിക്കുര്‍ റഹിം സഖ്യം നേടിയ 103 റണ്‍സ് മാത്രമാണ് ബംഗ്ലാദേശ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയ നിമിഷങ്ങള്‍. രണ്ടാം വിക്കറ്റില്‍ 55 റണ്‍സ് നേടിയ തമീം-ഷാക്കിബ് കൂട്ടുകെട്ടില്‍ ഷാക്കിബായിരുന്നു പ്രധാന സ്കോറര്‍. അതിനു ശേഷം ആറാം വിക്കറ്റില്‍ മൊസ്ദേക്ക്-മഹമ്മദുള്ള കൂട്ടുകെട്ട് നേടിയ 35 റണ്‍സാണ് ബംഗ്ലാദേശ് ഇന്നിംഗ്സിനെ 250 കടക്കുവാന്‍ സഹായിച്ചത്. മഹമ്മദുള്ള 28 റണ്‍സ് നേടിയെങ്കിലും 41 റണ്‍സാണ് അതിനു വേണ്ടി താരം നേരിട്ടത്.

48.5 ഓവറില്‍ ബംഗ്ലാദേശ് ഓള്‍ഔട്ട് ആവുകയായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി ജോഫ്ര ആര്‍ച്ചറും ബെന്‍ സ്റ്റോക്സും മൂന്ന് വിക്കറ്റും മാര്‍ക്ക് വുഡ് രണ്ട് വിക്കറ്റും നേടി.

Exit mobile version