അഫ്ഗാനിസ്ഥാനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്

ലോകകപ്പില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്. ന്യൂസിലാണ്ട് രണ്ട് വിജയങ്ങളുമായി എത്തുമ്പോള്‍ അഫ്ഗാനിസ്ഥാന് ഇതുവരെ രണ്ട് പരാജയങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ടീമില്‍ മാറ്റമൊന്നുമില്ലാതെ ന്യൂസിലാണ്ട് ഇങ്ങുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ മൂന്ന് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

അഫ്ഗാനിസ്ഥാന്‍: ഹസ്രത്തുള്ള സാസായി, നൂര്‍ അലി സദ്രാന്‍, റഹ്മത് ഷാ, ഹസ്മത്തുള്ള ഷഹീദി, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നൈബ്, നജീബുള്ള സദ്രാന്‍, അക്രം അലിഖില്‍, റഷീദ് ഖാന്‍, അഫ്താഭ് അലം, ഹമീദ് ഹസ്സന്‍

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, ജെയിംസ് നീഷം, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്

ശതകവുമായി ജേസണ്‍ റോയ്, ഇംഗ്ലണ്ട് കുതിയ്ക്കുന്നു

ഏകദിനത്തിലെ തന്റെ 9ാം ശതകം നേടിയ ജേസണ്‍ റോയിയുടെ മികവില്‍ ഇംഗ്ലണ്ട് കുതിയ്ക്കുന്നു. 27 ഓവറില്‍ നിന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ഇംഗ്ലണ്ട് ഇതുവരെ നേടിയിട്ടുള്ളത്. പാക്കിസ്ഥാനെതിരെ മോശം കളിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ടിന്റെ ഓപ്പണര്‍ ഇന്നത്തെ മത്സരത്തില്‍ പുറത്തെടുത്തത്. 92 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ റോയ്ക്കൊപ്പം 12 റണ്‍സുമായി ജോ റൂട്ടും ക്രീസില്‍ നില്‍ക്കുന്നു.

51 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ ആണ് പുറത്തായ താരം.

കന്നി ലോകകപ്പ് അര്‍ദ്ധ ശതകം തികച്ചയുടനെ ബൈര്‍സ്റ്റോ പുറത്ത്

തന്റെ കന്നി ലോകകപ്പ് അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്തായി ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോ. ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ എറിഞ്ഞ 20ാം ഓവറിന്റെ ആദ്യ പന്തില്‍ ആണ് ബൈര്‍സ്റ്റോ പുറത്തായത്. 50 പന്തില്‍ നിന്ന് 51 റണ്‍സ് നേടിയ ബൈര്‍സ്റ്റോയും ജേസണ്‍ റോയിയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 128 റണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടി നേടിയത്.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ ബൈര്‍സ്റ്റോ ഇന്ന് മികച്ച രീതിയിലാണ് റോയിയ്ക്ക് പിന്തുണ നല്‍കിയത്. മെഹ്ദി ഹസന്‍ മികച്ചൊരു ക്യാച്ചിലൂടെയാണ് മൊര്‍തസയ്ക്ക് വിക്കറ്റ് നേടിക്കൊടുത്തത്.

15 ഓവറില്‍ 101 റണ്‍സിലെത്തി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍

ബംഗ്ലാദേശിനെതിരെ മിന്നും തുടക്കവുമായി ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍. 15 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 101 റണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബൈര്‍സ്റ്റോയും നേടിയത്. 59 റണ്‍സ് നേടിയ റോയ് 52 തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ ബൈര്‍സ്റ്റോ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്.

ഈ നിരക്കില്‍ പോകുകയാണെങ്കില്‍ ഇംഗ്ലണ്ട് 400നു മുകളിലുള്ള സ്കോറാണ് നേടുമെന്ന് കരുതപ്പെടുന്നത്. വെടിക്കെട്ട് താരങ്ങള്‍ ബാറ്റിംഗിനെത്തുവാനുള്ളത് ടീമിനെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് ഉറപ്പാണ്.

വിജയ വഴിയിലേക്ക് തിരിച്ചെത്തുവാന്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും

കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ് ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയമേ ബംഗ്ലാദേശിനു നേടാനായുള്ളുവെങ്കിലും പരാജയപ്പെട്ട മത്സരത്തിലും മികവാര്‍ന്ന പ്രകടനമാണ് മൊര്‍തസയുടെ കീഴില്‍ ബംഗ്ലാദേശ് പുറത്തെടുത്തത്. കഴിഞ്ഞ മത്സരം നിരാശയുള്ളതാണെങ്കിലും അതേ ടീമിനെ തന്നെയാണ് ഇന്നത്തെ മത്സരത്തിലും ഇറക്കുന്നതെന്ന് ബംഗ്ലാദേശ് നായകന്‍ പറഞ്ഞു.

അതേ സമയം ഇംഗ്ലണ്ട് ആദ്യം ബാറ്റിംഗ് ചെയ്യുവാനാണ് തീരുമാനിച്ചിരുന്നതെന്നും പാക്കിസ്ഥാനെതിരെ നടന്നത് ഒരു മോശം ദിവസം മാത്രമാണെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടത്തിയത് പോലെ മികച്ച ക്രിക്കറ്റ് കളിയ്ക്കുവാന്‍ തങ്ങള്‍ക്ക് ഇനിയും ആകുമെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു. ഇംഗ്ലണ്ട് നിരയില്‍ മോയിന്‍ അലിയ്ക്ക് പകരം ലിയാം പ്ലങ്കറ്റ് തിരികെ എത്തുന്നു. ഗ്രൗണ്ട് ചെറുതായതിനാല്‍ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് ഈ മാറ്റമെന്നും ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു.

വിജയത്തോടെ തുടങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ തോല്‍വിയേറ്റു വാങ്ങിയ ഇംഗ്ലണ്ടും ബംഗ്ലാദേശും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഇരു ടീമുകളും ജയമാണ് ഉറ്റുനോക്കുന്നത്. ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയെങ്കിലും ന്യൂസിലാണ്ടിനോട് അവസാനം വരെ പൊരുതിയ ശേഷമാണ് മത്സരത്തില്‍ പിന്നില്‍ പോയത്. അതേ സമയം ദക്ഷിണാഫ്രിക്കയെ തകര്‍ത്തെത്തിയ ഇംഗ്ലണ്ടിനു പാക്കിസ്ഥാനോട് പരാജയം ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബൈര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട‍്‍ലര്‍, ക്രിസ് വോക്സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, മാര്‍ക്ക് വുഡ്

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, മൊസ്ദൈക്ക് ഹൊസൈന്‍, മുഹമ്മദ് സൈഫുദ്ദീന്‍, മെഹ്ദി ഹസന്‍, മഷ്റഫെ മൊര്‍തസ, മുസ്തഫിസുര്‍ റഹ്മാന്‍

നിയമം എല്ലാവര്‍ക്കും ബാധകം – സുനില്‍ ഗവാസ്കര്‍

ധോണിയുടെ ബലിദാന്‍ ഗ്ലൗസിനെ വിലക്കിയ ഐസിസിയുടെ തീരുമാനത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍ പറയുന്നത് നിയമം എല്ലാവര്‍ക്കും ബാധകം എന്നാണ്. ഐസിസിയ്ക്ക് നിയമങ്ങളുണ്ട്, അത് എല്ലാവരും അനുസരിക്കേണ്ടതാണെന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞു. അതിനാണ് ഇവയെ തയ്യാറാക്കിയിരിക്കുന്നതെന്നും. മോയിന്‍ അലി 2014ല്‍ സേവ് ഗാസ, ഫ്രീ പലസ്തീന്‍ റിസ്റ്റ് ബാന്‍ഡുകള്‍ ധരിച്ച് ഇന്ത്യയ്ക്കെതിരെ സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ കളിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിനെതിരെ പിഴ ഈടാക്കിയിരുന്നു.

ഐസിസി താരം പിന്നീട് ആ മത്സരത്തില്‍ ഇത്തരം കാര്യങ്ങള്‍ ധരിക്കരുതെന്നും വ്യക്തമാക്കിയിരുന്നു. സമാനമായ സാഹചര്യമാണിതെന്നും സുനില്‍ ഗവാസ്കര്‍ അറിയിച്ചു. ധോണിയെ ഇത്തരത്തില്‍ ഗ്ലൗസ് ധരിക്കാന്‍ അനുവദിച്ചാല്‍ മറ്റു രാജ്യങ്ങളിലെ താരങ്ങളും ഇത്തരത്തില്‍ കാര്യങ്ങള്‍ ചെയ്തേക്കാം. നിയമങ്ങള്‍ വരുന്നതിന് മുമ്പാണ് ഇത്തരം കാര്യങ്ങളെ എതിര്‍ക്കേണ്ടിയിരുന്നത്. നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ നിയമം വന്ന ശേഷം ചെയ്യണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും സോഷ്യല്‍ മീഡിയയിലെ മുറവിളിയെ ചൂണ്ടിക്കാണിച്ച് ഗവാസ്കര്‍ പറഞ്ഞു.

കാര്യം ഇതാണെങ്കിലും ബിസിസിഐ ധോണിയ്ക്ക് ഈ വിഷയത്തില്‍ പിന്തുണ നല്‍കിയിരിക്കുന്നതിനാല്‍ താരത്തിനെതിരെ നടപടിയൊന്നും ഇന്ത്യന്‍ ബോര്‍ഡില്‍ നിന്നുണ്ടാവില്ല.

ബിസിസിഐയുടെ ആവശ്യം തള്ളി ഐസിസി, ധോണിയുടെ ബലിദാന്‍ ഗ്ലൗസുകള്‍ക്ക് വിലക്ക്

ധോണിയുടെ ബലിദാന്‍ ഗ്ലൗസുകള്‍ ഇനി ലോകകപ്പില്‍ അനുവദിക്കാനാകില്ലെന്ന് തീര്‍ത്ത് പറഞ്ഞ് ഐസിസി. ബിസിസിഐ താരത്തെ ഈ ഗ്ലൗസുകള്‍ ഉപയോഗിക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഐസിസി നിയമങ്ങള്‍ക്ക് വിരുധമായതിനാല്‍ ഇവ അനുവദിക്കാനാകില്ലെന്ന് ഐസിസി അറിയിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ താരം ഈ ഗ്ലൗസുകള്‍ ഉപയോഗിച്ചപ്പോള്‍ താരത്തിനു പിന്തുണയുമായി ആരാധകര്‍ രംഗത്ത് വന്നിരുന്നു.

എന്നാല്‍ ഇതുപയോഗിക്കുവാന്‍ പാടില്ലെന്ന് ഐസിസി അറിയിച്ചപ്പോള്‍ ധോണിയ്ക്ക് വീണ്ടും പിന്തുണയുമായി ആരാധകരും ബിസിസിഐയും എത്തുകയും ഐസിസിയോട് രേഖാമൂലം താരത്തിനെ ഈ ഗ്ലൗസ് അനുവദിക്കുവാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അതും ഇപ്പോള്‍ ഐസിസി തള്ളുകയായിരുന്നു.

ഐിസിസി നിയമപ്രകരാം, കളിക്കാരുടെ ക്ലോത്തിംഗില്‍ ദേശീയ ലോഗോ, കമേഴ്സല്‍ ലോഗോ, മാനുഫാക്ച്ചര്‍ ലോഗോ, ചാരിറ്റി ലഗോ, ഇവന്റ് ലോഗോ എന്നിങ്ങനെ അല്ലാതെ വേറെ ലോഗോ ഉപയോഗിക്കുവാന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്നാല്‍ ഐസിസി നിരോധിക്കപ്പെട്ട ഒന്നിലും പെടുന്നതല്ല ഈ ബലിദാന്‍ ബാഡ്ജ് എന്നായിരുന്നു ബിസിസിഐയുടെ വാദം. അത് മിലിട്ടറി സിമ്പല്‍ അല്ലെന്നായിരുന്നു സിഒഎ ചീഫ് വിനോദ് റായിയും അറിയിച്ചിരുന്നു.

ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലില്‍ ഓസ്ട്രേലിയയെ നേരിടുമ്പോള്‍ ഈ വിലക്കുകളെ മറികടന്ന് ധോണി ഈ ഗ്ലൗസ് ധരിക്കുമോ ഇല്ലയോ എന്നാവും ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്.

ടീമിലെ തന്റെ സ്ഥാനം സുരക്ഷിതമല്ല, അടുത്ത കളിയില്‍ താന്‍ ചിലപ്പോള്‍ ടീമില്‍ കണ്ടില്ലെങ്കിലും അത്ഭുതമില്ല

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്സ് കളിച്ചുവെങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് ലഭിക്കാത്തതിനാല്‍ തന്റെ ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന് പറഞ്ഞ് നഥാന്‍ കോള്‍ട്ടര്‍ നൈല്‍. വിന്‍ഡീസിനെതിരെ 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടിയെങ്കിലും ഓസ്ട്രേലിയയുടെ രണ്ട് മത്സരങ്ങളില്‍ നിന്ന് താരത്തിനു വിക്കറ്റൊന്നും നേടാനായിരുന്നില്ല.

താന്‍ ടീമിലുള്ളത് ബൗളറായിട്ടാണെന്നും വിക്കറ്റെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അതിനു സാധിക്കാത്തതിനാല്‍ തന്റെ സ്ഥാനം തന്നെ നഷ്ടമായേക്കുമെന്നും അതില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും കോള്‍ട്ടര്‍-നൈല്‍ പറഞ്ഞു. തന്നെ ടീമിലെടുത്തത് റണ്‍സ് എടുക്കാനല്ല, അതിനാണ് ടോപ് ഓര്‍ഡര്‍ അവിടെയുള്ളതെന്നും കോള്‍ട്ടര്‍-നൈല്‍ പറഞ്ഞു.

മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും അടങ്ങിയ ഓസ്ട്രേലിയന്‍ പേസ് ബൗളിംഗിന് കരുത്ത് പകരുവാന്‍ ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും കെയിന്‍ റിച്ചാര്‍ഡ്സണുമാണ് ഇപ്പോള്‍ ബെഞ്ചിലിരിക്കുന്ന താരങ്ങള്‍. ഇവരില്‍ ആരെങ്കിലും തന്റെ സ്ഥാനം എടുത്തേക്കാമെന്നാണ് കോള്‍ട്ടര്‍ നൈല്‍ പറയുന്നത്. ഇത്തരം മത്സരം ടീമിനുള്ളില്‍ നല്ലതാണെന്നും അത് തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സഹായിക്കുമെന്നും ഓസ്ട്രേലിയന്‍ താരം പറഞ്ഞു.

ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ആദ്യമായി പോയിന്റ് നേടി ശ്രീലങ്ക

ഇന്ന് ലോകകപ്പിലെ ശ്രീലങ്ക-പാക്കിസ്ഥാന്‍ പോരാട്ടം മഴ മൂലം ഉപേക്ഷിച്ച് ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചപ്പോള്‍ പാക്കിസ്ഥാനെതിരെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പോയിന്റ് നേടി ശ്രീലങ്ക. ഇതുവരെ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ഒരു പോയിന്റ് നേടുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നില്ല. ഇന്ന് അത് നേടിയപ്പോള്‍ തുണയായത് മഴയാണ്. അതിനാല്‍ തന്നെ ഈ നേട്ടത്തിനു ശ്രീലങ്കന്‍ ടീമിനു തന്നെ അത്ര ആഹ്ലാദം കാണില്ല, എന്നിരുന്നാലും എതിരാളികള്‍ക്കെതിരെ ഒരു പോയിന്റ് നേടിയ സന്തോഷത്തിലാവും ടീം.

ഇന്ന് ടോസ് പോലും നടക്കാതെയാണ് മത്സരം ഉപേക്ഷിക്കപ്പെട്ടത്. തങ്ങളുടെ രണ്ടാം ജയം തേടിയെത്തിയ പാക്കിസ്ഥാനും ശ്രീലങ്കയും ഇതോടെ പോയിന്റുകള്‍ പങ്കിട്ട് മടങ്ങി. മഴ മൂലം ടോസ് വൈകിയ ശേഷം ഏറെ മണിക്കൂറുകള്‍ കഴിഞ്ഞ് മഴ മാറിയെങ്കിലും ഗ്രൗണ്ടിന്റെ അവസ്ഥ മത്സരത്തിനു അനുയോജ്യമല്ലാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ഗ്രൗണ്ടിലെ ഒരു ഭാഗമാണ് ഇന്നത്തെ കളി തടസ്സപ്പെടുത്തിയതാണെന്നാണ് മനസ്സിലാക്കുന്നത്. ബാക്കി പല സ്ഥലങ്ങളിലെയും വെള്ളം വേഗം വറ്റിയെങ്കിലും ഈ ഒരു ഭാഗത്തെ സ്ഥിതി മത്സരത്തിനു യോഗ്യമല്ലെന്ന കണ്ടത്തലിനെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.

മഴ വില്ലനായി, ശ്രീലങ്ക- പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

ലോകകപ്പിലെ ശ്രീലങ്കയുടെ പാക്കിസ്ഥാനുമായുള്ള മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് നിർണായകമായ പോരാട്ടം ഉപേക്ഷിക്കേണ്ടിവന്നത്‌. ടോസ്സ് ഇടാൻ പോലും കഴിയാതെയാണ് ഇരു ടീമുകളും പോയന്റ് പങ്കിട്ട് പിരിയുന്നത്.

പാക്കിസ്ഥാനെതിരെ ലോകകപ്പിൽ ശ്രീലങ്ക നേടുന്ന ആദ്യ പോയന്റാണിത്. ഏറെ നേരം മഴ മാറുമെന്ന് കരുത്ജ് കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ കാർമേഘമൊഴിഞ്ഞപ്പൊൾ പിച്ചിന്റെ കണ്ടീഷൻ നോക്കി മാച്ച് റഫറി മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടർന്ന് പോയന്റ് നിലയിൽ ശ്രീലങ്ക മൂന്നാമതും പാക്കിസ്ഥാൻ നാലാമതുമാണ്.

ഈ ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്തുകള്‍ വ്യത്യസ്തം, കൂടുതല്‍ സ്വിംഗ് ലഭിയ്ക്കുന്നു

ഈ ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്തുകള്‍ മുന്‍ ലോകകപ്പുകളില്‍ നിന്ന വ്യത്യസ്തമാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ സ്വിംഗ് ലഭിയ്ക്കുന്നുവെന്നും പറഞ്ഞ് ന്യൂസിലാണ്ട് താരം ട്രെന്റ് ബോള്‍ട്ട്. അടുത്തിടെ ഏകദിനത്തിലെ തന്റെ ഏകദിനത്തിലെ 150 വിക്കറ്റുകള്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ ട്രെന്റ് ബോള്‍ട്ട് പൂര്‍ത്തിയാക്കിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് 77 മത്സരങ്ങളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ ബോള്‍ട്ട് 81 മത്സരങ്ങളില്‍ നിന്നാണ് ഇവ സ്വന്തമാക്കിയത്.

ബോളുകളില്‍ ഷൈനും നിറം കൊടുത്ത രീതിയും എല്ലാം വളരെ വ്യത്യസ്തമായ രീതിയിലാണുള്ളതെന്നും പുതിയവ കൈയ്യില്‍ പിടിക്കുവാനും കൂടുതല്‍ സുഖകരമാണെന്നും തനിയ്ക്ക് ഈ പന്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും ട്രെന്റ് ബോള്‍ട്ട് പറഞ്ഞു. തുടക്കത്തിലെ സാഹചര്യങ്ങള്‍ കഴിഞ്ഞാലും പിന്നെയും ബൗളര്‍മാര്‍ക്ക് ഇതിനാല്‍ മികച്ച പിന്തുണ ലഭിയ്ക്കുന്നുണ്ടെന്നും ബോള്‍ട്ട് വ്യക്തമാക്കി.

ബ്രിസ്റ്റോളില്‍ മഴ കനക്കുന്നു, ടോസ് വൈകും

ബ്രിസ്റ്റോളില്‍ ഇന്ന് പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിലെ ടോസ് മഴ മൂലം വൈകുമെന്നാണ് ഇപ്പോള്‍ അറിയുവാന്‍ കഴിയുന്നത്. കനത്ത മഴയെത്തുടര്‍ന്ന ടീമുകള്‍ ഹോട്ടല്‍ റൂമില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഏറെ വൈകിയാണ് പുറപ്പെട്ടതെന്നാണ് ഏറ്റവും പുതിയ വിവരം. തങ്ങളുടെ ആദ്യ മത്സരം പരാജയപ്പെട്ടുവെങ്കിലും പിന്നീട് മികച്ച തിരിച്ചുവരവിലൂടെ രണ്ടാം മത്സരത്തില്‍ ഇരു ടീമുകളും ജയം സ്വന്തമാക്കിയിരുന്നു.

ലഭിയ്ക്കുന്ന സൂചന പ്രകാരം ബ്രിസ്റ്റോളിലെ ഇന്നത്തെ കാലാവസ്ഥയില്‍ മഴയ്ക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് അറിയുന്നത്. എന്നാല്‍ ഇംഗ്ലണ്ടിലെ അപ്രവചനീതമായ കാലാവസ്ഥയായതിനാല്‍ പൊടുന്നനെ വെയില്‍ തെളിയുവാനുള്ള സാധ്യതയുമുണ്ട്.

Exit mobile version