ആതിഥേയര്‍ക്കും കാലിടറി, ഇംഗ്ലണ്ടിനെതിരെ 12 റണ്‍സ് വിജയം നേടി ഓസ്ട്രേലിയ, സ്മിത്തിനു ശതകം

ഇംഗ്ലണ്ടിനെതിരെ സന്നാഹ മത്സരത്തില്‍ വിജയം പിടിച്ചെടുത്ത് ഓസ്ട്രേലിയ. ഇന്ന് സൗത്താംപ്ടണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനു 285 റണ്‍സ് മാത്രമേ നേടാനായുള്ളു. 49.3 ഓവറിലാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റീവ് സ്മിത്താണ് ശതകവുമായി കളം നിറഞ്ഞ് നിന്നത്. ഡേവിഡ് വാര്‍ണര്‍ 43 റണ്‍സ് നേടിയപ്പോള്‍ ഷോണ്‍ മാര്‍ഷ് (30), ഉസ്മാന്‍ ഖവാജ(31), അലെക്സ് കാറെ(30) എന്നിവരും പ്രധാന സ്കോറര്‍മാരായി. റണ്‍സ് ഏറെ വഴങ്ങിയെങ്കിലും 4 വിക്കറ്റ് നേടിയ ലിയാം പ്ലങ്കറ്റാണ് ഇംഗ്ലണ്ട് വേണ്ടി ബൗളര്‍മാരില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് വിന്‍സ് 64 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ജോസ് ബട്‍ലര്‍ 52 റണ്‍സ് നേടി. ക്രിസ് വോക്സ് 40 റണ്‍സും ജേസണ്‍ റോയ് 32 റണ്‍സും നേടി. ക്രിസ് വോക്സ് ക്രീസില്‍ നിന്നപ്പോള്‍ ഇംഗ്ലണ്ടിനു വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും താരം ഇന്നിംഗ്സിന്റെ അവസാനത്തോടെ റണ്ണൗട്ട് ആയത് ഇംഗ്ലണ്ടിനു തിരിച്ചടിയായി. ഓസ്ട്രേലിയയ്ക്ക് വേണ്ടി ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫും കെയിന്‍ റിച്ചാര്‍ഡ്സണും രണ്ട് വീതം വിക്കറ്റാണ് നേടിയത്.