CricketFeatured

അടിയ്ക്ക് തിരിച്ചടിയുമായി വിന്‍ഡീസ്, റാഞ്ചിയിൽ കണ്ണഞ്ചിപ്പിക്കും വിജയം

Shaihope

ഇന്ത്യ നൽകിയ 250 റൺസ് വിജയ ലക്ഷ്യം 18.3 ഓവറിൽ മറികടന്ന് റാഞ്ചി ടി20യിൽ വിജയം കുറിച്ച് വെസ്റ്റിന്‍ഡീസ്. 4 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് നേടി വിജയം ഉറപ്പിച്ചപ്പോള്‍ വിന്‍ഡീസ് തങ്ങളുടെ ടി20 ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് ആണ് നടത്തിയത്. ക്യാപ്റ്റന്‍ ഷായി ഹോപ് സെഞ്ച്വറി നേടിയപ്പോള്‍ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് 84 റൺസ് നേടി മികച്ച പിന്തുണ നൽകി ടീമിന്റെ വിജയത്തിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചു.

തുടക്കത്തിൽ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ വെസ്റ്റിന്‍ഡീസ് പിന്നീട് മത്സരം മാറ്റി മറിയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. മൂന്നാം വിക്കറ്റിൽ ഷായി ഹോപും റോവ്മന്‍ പവലും ചേര്‍ന്ന് 27 പന്തിൽ 53 റൺസ് നേടിയപ്പോള്‍ നാലാം വിക്കറ്റിൽ 54 പന്തിൽ 120 റൺസുമായി ഷായി ഹോപ് – ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ് കൂട്ടുകെട്ട് മത്സരം വിന്‍ഡീസ് പക്ഷത്തേക്ക് മാറ്റി. വിന്‍ഡീസിന് നഷ്ടമായ ആദ്യ മൂന്ന് വിക്കറ്റും മയാംഗ് യാദവ് ആണ് നേടിയത്.

37 പന്തിൽ 84 റൺസ് നേടിയ ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡിനെ കുൽദീപ് യാദവ് പുറത്താക്കിയപ്പോള്‍ ഷായി ഹോപ് തന്റെ മികവുറ്റ ഫോം തുടര്‍ന്ന് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. അഞ്ചാം വിക്കറ്റിൽ ഹോപ് – ഷെപ്പേര്‍ഡ് കൂട്ടുകെട്ട് 26 പന്തിൽ നിന്ന് 74 റൺസ് നേടി വിജയം കുറിച്ചപ്പോള്‍ ഷായി ഹോപ് 45 പന്തിൽ 102 റൺസും റൊമാരിയോ ഷെപ്പേര്‍ഡ് 13 പന്തിൽ 34 റൺസും നേടി പുറത്താകാതെ ക്രീസിലുണ്ടായിരുന്നു.