CricketFeatured

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ നയിക്കുന്ന കേരളം ആദ്യ മത്സരത്തിൽ മധ്യപ്രദേശിനെ നേരിടും

Resizedimage 2026 11 14 09 46 40 3735[1]

ഇന്ത്യൻ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റായ 2026-27 സീസൺ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ഇന്ന് തുടക്കമാകുന്നു. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന കേരള ടീം തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ന് ശക്തരായ മധ്യപ്രദേശിനെ നേരിടും. ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 4:30-നാണ് ആവേശകരമായ ഈ പോരാട്ടം ആരംഭിക്കുന്നത്.

എലൈറ്റ് ഗ്രൂപ്പ് സിയിൽ ഉൾപ്പെട്ടിരിക്കുന്ന കേരളം ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ ശക്തമായ നിരയുമായാണ് ഇത്തവണ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. രോഹൻ കുന്നുമ്മൽ, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ എന്നിവർക്കൊപ്പം പരിചയസമ്പന്നനായ ഓൾറൗണ്ടർ ജലജ് സക്സേനയും യുവതാരങ്ങളായ വിഘ്നേഷ് പുത്തൂർ, അഹമ്മദ് ഇമ്രാൻ എന്നിവരും 18 അംഗ കേരള ടീമിലുണ്ട്.
കഴിഞ്ഞ ജനുവരിക്ക് ശേഷം ആദ്യമായാണ് സഞ്ജു സാംസൺ കേരളത്തിന്റെ ആഭ്യന്തര ടീമിലേക്ക് തിരിച്ചെത്തുന്നത്.

അന്താരാഷ്ട്ര മത്സരങ്ങളിലെ തിരക്കുകൾക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഫോം വീണ്ടെടുക്കാനാണ് സഞ്ജു ലക്ഷ്യമിടുന്നത്. മധ്യപ്രദേശിന് പുറമെ ആന്ധ്ര, അസം, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, ത്രിപുര എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയിൽ കേരളത്തിന്റെ എതിരാളികൾ.