ഓസ്ട്രേലിയയുടെ രക്ഷയ്ക്കെത്തി മാക്സ്വല്‍-മാര്‍ഷ് കൂട്ടുകെട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് 123/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്ക് പ്രതീക്ഷയായി ആറാം വിക്കറ്റ് കൂട്ടുകെട്ട്. മത്സരത്തിലേക്ക് ഓസ്ട്രേലിയയെ തിരികെ കൊണ്ടുവന്ന ഗ്ലെന്‍ മാക്സ്വെല്‍-മിച്ചല്‍ മാര്‍ഷ് എന്നിവരുടെ പ്രകടനത്തിന്റെ ബലത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 50 ഓവറില്‍ നിന്ന് 294 റണ്‍സ് നേടിയിട്ടുണ്ട്. 9 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ടീം നേടിയത്.

ആദ്യ ഓവറുകളില്‍ തന്നെ ഡേവിഡ് വാര്‍ണറെയും(6) പത്തോവര്‍ തികയ്ക്കുന്നതിന് മുമ്പ് ആരോണ്‍ ഫിഞ്ചിനെയും(16) നഷ്ടമായ ഓസ്ട്രേലിയയ്ക്ക് മൂന്നാം വിക്കറ്റില്‍ മാര്‍ക്കസ് സ്റ്റോയിനിസും മാര്‍നസ് ലാബൂഷാനെയും കൂടി നേടിയ 37 റണ്‍സിന്റെ ബലത്തില്‍ മത്സരത്തിലേക്ക് തിരികെ വരുമെന്ന് തോന്നിപ്പിച്ചുവെങ്കിലും മാര്‍ക്ക് വുഡ് 43 റണ്‍സ് നേടിയ സ്റ്റോയിനിസിനെ വീഴ്ത്തി തന്റെ രണ്ടാം വിക്കറ്റ് നേടി.

അധികം വൈകാതെ ലാബൂഷാനെയെയും(21) അലെക്സ് കാറെയെയും(10) ആദില്‍ റഷീദ് പുറത്താക്കിയതോടെ മത്സരം ഓസ്ട്രേലിയയുടെ കൈപ്പിടിയില്‍ നിന്ന് വഴുതുമെന്ന് തോന്നിപ്പിക്കുകയായിരുന്നു. പിന്നീട് ആറാം വിക്കറ്റ് കൂട്ടുകെട്ടിനെത്തിയ മിച്ചല്‍ മാര്‍ഷും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് ഓസ്ട്രേലിയയെ മത്സരത്തിലേക്ക് തിരികെ എത്തിയ്ക്കുകയായിരുന്നു.

126 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. 59 പന്തില്‍ നിന്ന് 77 റണ്‍സാണ് മാക്സ്വെല്‍ നേടിയത്. 4 വീതം ഫോറും സിക്സുമാണ് താരം നേടിയത്. വാര്‍ണറെ പുറത്താക്കിയ ജോഫ്രയ്ക്കാണ് മാക്സ്വെല്ലിന്റെയും വിക്കറ്റ്. മാക്സ്വെല്ലിനെ പുറത്താക്കിയ ശേഷം ജോഫ്ര പാറ്റ് കമ്മിന്‍സിനെയും വീഴ്ത്തി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയിരുന്നു. 73 റണ്‍സ് നേടിയ മിച്ച് മാര്‍ഷിനെ പുറത്താക്കി മാര്‍ക്ക് വുഡ് തന്റെ മൂന്നാമത്തെ വിക്കറ്റും നേടി.

മാര്‍ക്ക് വുഡും ജോഫ്ര ആര്‍ച്ചറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ആദില്‍ റഷീദിന് രണ്ട് വിക്കറ്റ് ലഭിച്ചു. അവസാന ഓവര്‍ എറിഞ്ഞ ക്രിസ് വോക്സിനും വിക്കറ്റ് പട്ടികയില്‍ ഇടം ലഭിച്ചു. ഓസ്ട്രേലിയയെ അവസാന പന്തില്‍ സിക്സര്‍ നേടിയാണ് സ്റ്റാര്‍ക്ക് 294 റണ്‍സിലേക്ക് എത്തിച്ചത്. സ്റ്റാര്‍ക്ക് പുറത്താകാതെ 19 റണ്‍സ് നേടി.