ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി മനീഷ് പാണ്ടേ, വാര്‍ണറിനും അര്‍ദ്ധ ശതകം

- Advertisement -

ഐപിഎല്‍ 2019 സീസണില്‍ മോശം ഫോമില്‍ ബാറ്റ് വീശുകയും ടീമിലെ സ്ഥാനം നഷ്ടപ്പെടുന്ന ഘട്ടം വരെയെത്തിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി മനീഷ് പാണ്ടേ. ടീമിലേക്ക് തിരികെ എത്തി വണ്‍ ഡൗണായി ബാറ്റിംഗിനെത്തിയ മനീഷ് പാണ്ടേയുടെയും വാര്‍ണറുയെടും അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് 175 റണ്‍സാണ് 20 ഓവറില്‍ നിന്ന് നേടിയത്. 3 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ഇന്നിംഗ്സിന്റെ രണ്ടാം ഓവറില്‍ ജോണി ബൈര്‍സ്റ്റോയെ പൂജ്യത്തിനു നഷ്ടമാകുമ്പോള്‍ വെറും 5 റണ്‍സാണ് സണ്‍റൈസേഴ്സ് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. പിന്നീട് ഡേവിഡ് വാര്‍ണറും മനീഷ് പാണ്ടേയും ചേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളര്‍മാരെ കടന്നാക്രമിക്കുന്നതാണ് കണ്ടത്. ഓവറുകളിലെല്ലാം ബൗണ്ടറിയോ സിക്സോ നേടി മനീഷും വാര്‍ണറും കുതിയ്ക്കുമ്പോളും കൂടുതല്‍ അപകടകരമായ ബാറ്റിംഗ് പുറത്തെടുത്തത് മനീഷ് പാണ്ടേയായിരുന്നു.

വാര്‍ണര്‍ക്ക് മുന്നെ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ശേഷം മനീഷ് പാണ്ടേ ടീമിനെ മുന്നോട്ട് നയിക്കുന്നതിനിടയില്‍ ഡേവിഡ് വാര്‍ണറെ മികച്ചൊരു സ്റ്റംപിംഗിലൂടെ ധോണി പുറത്താക്കി. ഹര്‍ഭജന്‍ സിംഗിനായിരുന്നു രണ്ട് വിക്കറ്റും ലഭിച്ചത്. വാര്‍ണര്‍ പുറത്താകുമ്പോള്‍ 13.3 ഓവറില്‍ 120 റണ്‍സായിരുന്നു സണ്‍റൈസേഴ്സ് നേടിയത്. രണ്ടാം വിക്കറ്റില്‍ 115 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍-മനീഷ് പാണ്ടേ കൂട്ടുകെട്ട് നേടിയത്.

വാര്‍ണര്‍ പുറത്തായ ശേഷം ക്രീസിലെത്തിയ വിജയ് ശങ്കറും റണ്‍സ് കണ്ടെത്തിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ സണ്‍റൈസേഴ്സ് 47 റണ്‍സ് നേടി.  26 റണ്‍സ് നേടിയ വിജയ് ശങ്കറുടെ വിക്കറ്റ് ദീപക് ചഹാറിനാണ് ലഭിച്ചത്. 20 ഓവറുകള്‍ അവസാനിച്ചപ്പോള്‍ 175 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്.

49 പന്തില്‍ പുറത്താകാതെ നിന്ന മനീഷ് പാണ്ടേയാണ് ടീമിന്റെ നെടുംതൂണായത്. 7 ഫോറും 3 സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ മനീഷ് പാണ്ടേ നേടിയത്.

Advertisement