പതിവ് ആവര്‍ത്തിച്ച് സണ്‍റൈസേഴ്സ് ഹൈദ്രാബാദ്, വീണ്ടും ജയം കൈവിട്ടു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ജോണി ബൈര്‍സ്റ്റോയുടെ വെടിക്കെട്ട് ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ സണ്‍റൈസേഴ്സ് മുംബൈയ്ക്കെതിരെ വിജയം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാനത്തോടടുത്ത് വീണ്ടും കാലിടറി ടീം. 19.4 ഓവറില്‍ സണ്‍റൈസേഴ്സിനെ 137 റണ്‍സിന് പുറത്താക്കിയാണ് മുംബൈ 13 റണ്‍സിന്റെ വിജയം സ്വന്തമാക്കിയത്. 90/2 എന്ന നിലയില്‍ വിജയം ഇത്തവണ സ്വന്തമാക്കുവാനാകുമെന്ന സ്ഥിതിയില്‍ നിന്നാണ് സണ്‍റൈസേഴ്സിന്റെ തകര്‍ച്ച

ജോണി ബൈര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് 7.2 ഓവറില്‍ 67 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ നേടിയത്. 22 പന്തില്‍ 43 റണ്‍സ് നേടിയ ജോണി ബൈര്‍സ്റ്റോ നിര്‍ഭാഗ്യകരമായ രീതിയില്‍ ഹിറ്റ് വിക്കറ്റായി പുറത്തായതോടെ വീണ്ടും സണ്‍റൈസേഴ്സ് തകരുന്ന കാഴ്ചയാണ് കണ്ടത്. 67/0 എന്ന നിലയില്‍ നിന്ന് 104/5 എന്ന നിലയിലേക്ക് സണ്‍റൈസേഴ്സ് വീണപ്പോള്‍ മത്സരത്തില്‍ മുംബൈ പിടിമുറുക്കുന്ന കാഴ്ചയാണ് കണ്ടത്.

Bairstowwarner

ഡേവിഡ് വാര്‍ണര്‍ 36 റണ്‍സ് നേടിയെങ്കിലും റണ്ണൗട്ട് ആയി പുറത്തായതും സണ്‍റൈസേഴ്സിന് തിരിച്ചടിയായി. മനീഷ് പാണ്ടേ, വിരാട് സിംഗ്, അഭിഷേക് ശര്‍മ്മ എന്നിവരുടെ വിക്കറ്റുകളാണ് രാഹുല്‍ ചഹാര്‍ നേടിയത്.

മൂന്ന് വിക്കറ്റുകളാണ് 19 റണ്‍സ് വിട്ട് നല്‍കി മുംബൈയ്ക്ക് വേണ്ടി രാഹുല്‍ ചഹാര്‍ നേടിയത്. ഈ സ്പെല്ലാണ് സണ്‍റൈസേഴ്സിന്റെ കാര്യം കുഴപ്പത്തിലാക്കിയത്. 15 ഓവര്‍ അവസാനിക്കുമ്പോള്‍ 104 റണ്‍സാണ് ഹൈദ്രാബാദ് നേടിയത്.

അവസാന അഞ്ചോവറില്‍ 47 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ വിജയ് ശങ്കറും അബ്ദുള്‍ സമദും ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ 16ാം ഓവറില്‍ 16 റണ്‍സ് നേടുകയായിരുന്നു. ഇതില്‍ രണ്ട് സിക്സ് ഉള്‍പ്പെടെ 15 റണ്‍സാണ് വിജയ് ശങ്കര്‍ നേടിയത്.

ക്രുണാലിന്റെ ഓവര്‍ കവിഞ്ഞപ്പോള്‍ 24 പന്തില്‍ 31 ആയി ലക്ഷ്യം കുറഞ്ഞു. തന്റെ തുറുപ്പ് ചീട്ട് ജസ്പ്രീത് ബുംറയെ കളത്തിലിറക്കിയ രോഹിത് മത്സരം വിട്ട് കൊടുക്കുവാന്‍ തയ്യാറല്ലെന്ന് കാണിക്കുകയായിരുന്നു. ഓവറില്‍ നിന്ന് വെറും 4 റണ്‍സ് മാത്രമാണ് ബുംറ വിട്ട് നല്‍കിയത്.

ഡേവിഡ് വാര്‍ണറെ പുറത്താക്കിയത് പോലെ 18ാം ഓവറില്‍ അബ്ദുള്‍ സമദിനെയും റണ്ണൗട്ടാക്കി ഹാര്‍ദ്ദിക് പാണ്ഡ്യ സണ്‍റൈസേഴ്സിന്റെ ആറാം വിക്കറ്റ് വീഴ്ത്തുകയായിരുന്നു. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ഓവറില്‍ നിന്ന് ആറ് റണ്‍സാണ് പിറന്നത്. ഓവറിലെ അവസാന പന്തില്‍ റഷീദ് ഖാനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബോള്‍ട്ട് മത്സരത്തില്‍ മുംബൈയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തു.

25 പന്തില്‍ 28 റണ്‍സ് നേടിയ വിജയ് ശങ്കറിനെ 19ാം ഓവറില്‍ ജസ്പ്രീത് ബുംറ പുറത്താക്കിയപ്പോള്‍ മത്സരം മുംബൈ കൈപ്പിടിയിലാക്കുകയായിരുന്നു. 5 റണ്‍സ് മാത്രമാണ് ഓവറില്‍ നിന്ന് ബുംറ വിട്ട് കൊടുത്തത്. തന്റെ 4 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ബുംറയുടെ ഈ തകര്‍പ്പന്‍ സ്പെല്‍.

ട്രെന്റ് ബോള്‍ട്ട് 3.4 ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.