അനായാസ ജയവുമായി ഇന്ത്യ, പരമ്പര 3-0നു സ്വന്തം

- Advertisement -

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ന്യൂസിലാണ്ടിനെതിരെ ആധികാരിക വിജയം കുറിച്ച് ഇന്ത്യ. ന്യൂസിലാണ്ടിനെ 243 റണ്‍സിനു പുറത്താക്കിയ ശേഷം 43 ഓവറിലാണ് ഇന്ത്യ വിജയം കുറിച്ചത്. രോഹിത് ശര്‍മ്മയും(62) വിരാട് കോഹ്‍ലിയും(60) അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ അമ്പാട്ടി റായിഡു(40*)-ദിനേശ് കാര്‍ത്തിക്(38*) കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 28 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് പുറത്തായ മറ്റൊരു താരം. 7 വിക്കറ്റ് ജയത്തോടെ ഇന്ത്യ പരമ്പര 3-0നു സ്വന്തമാക്കി.

രണ്ട് മത്സരങ്ങള്‍ അവശേഷിക്കെയാണ് ഇന്ത്യയുടെ തകര്‍പ്പന്‍ പരമ്പര വിജയം. വിരാട് കോഹ്‍ലി-രോഹിത് ശര്‍മ്മ കൂട്ടുകെട്ട് നേടിയ 113 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഇന്ത്യയുടെ വിജയത്തിന്റെ അടിത്തറയായത്. നാലാം വിക്കറ്റില്‍ അമ്പാട്ടി റായിഡു-ദിനേശ് കാര്‍ത്തിക് കൂട്ടുകെട്ടും നിര്‍ണ്ണായകമായ 77 റണ്‍സ് നേടി ഇന്ത്യയ്ക്ക് കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലേക്ക് നയിക്കുകയായിരുന്നു. ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 243 റണ്‍സിനു 49ാം ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. റോസ് ടെയിലര്‍ 93 റണ്‍സുമായി മത്സരത്തിലെ തന്നെ ടോപ് സ്കോറര്‍ ആയെങ്കിലും മറ്റു താരങ്ങളില്‍ ടോം ലാഥം(51) മാത്രമാണ് താരത്തിനു പിന്തുണയേകിയത്. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് നേടി.

Advertisement