പരിശോധനയ്ക്ക് എത്തിയില്ല, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി റായിഡുവിനു പന്തെറിയാനാകില്ല

- Advertisement -

നിശ്ചിത 14 ദിവസത്തിനുള്ളില്‍ തന്റെ ആക്ഷന്‍ പരിശോധനയ്ക്ക് വിധേയനാക്കാത്തതിനാല്‍ അമ്പാട്ടി റായിഡുവിനു ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്തെറിയാനാകില്ലെന്ന് ഐസിസി അറിയിച്ചു. താരം പരിശോധനയ്ക്ക് വിധേയനായി തന്റെ ആക്ഷന്‍ ശരിയാണെന്ന് തെളിയിക്കുന്നത് വരെ വിലക്ക് തുടരും. നേരത്തെ ഓസ്ട്രേലിയയില്‍ താരത്തിന്റെ ആക്ഷന്‍ ആദ്യ ഏകദിനത്തിനിടെ മാച്ച് റഫറി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരി 13നു സിഡ്നിയിലെ മത്സരത്തിലായിരുന്നു സംഭവം.

തുടര്‍ന്ന് ആക്ഷന്‍ സംശയാസ്പദമെന്ന് ഐസിസിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും താരത്തിനോട് 14 ദിവസത്തിനുള്ളില്‍ പരിശോധനയ്ക്ക് വിധേയനാകുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അതു വരെ താരത്തിനു അന്താരാഷ്ട്ര ക്രിക്കറ്റില്‍ പന്തെറിയാമെന്നും ഐസിസി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ താരം പരിശോധനയ്ക്ക് വിധേയനാകാത്തതിനെത്തുടര്‍ന്ന് വിലക്ക് പ്രാബല്യത്തില്‍ വരികയായിരുന്നു.

Advertisement