അനായാസം ഇന്ത്യ, രാഹുലിനും രോഹിത്തിനും അര്‍ദ്ധ ശതകം

ന്യൂസിലാണ്ടിന്റെ 153/6 എന്ന സ്കോര്‍ നിഷ്പ്രയാസം മറികടന്ന് ഇന്ത്യ. ഇന്ന് റാഞ്ചിയില്‍ നടന്ന മത്സരത്തിൽ കെഎൽ രാഹുലിന്റെയും രോഹിത് ശര്‍മ്മയുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യയുടെ പരമ്പര വിജയം സാധ്യമായത്. ഓപ്പണര്‍മാര നല്‍കിയ മികച്ച തുടക്കത്തിന് ശേഷം ടിം സൗത്തി മൂന്ന് വിക്കറ്റ് നേടിയെങ്കിലും ന്യൂസിലാണ്ടിന്റെ തിരിച്ചുവരവിന്റെ സമയം ഏറെ വൈകിപ്പോയിരുന്നു.

17.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യന്‍ വിജയം. രാഹുല്‍ 49 പന്തിൽ 65 റൺസും രോഹിത് 36 പന്തിൽ 55 റൺസും നേടിയപ്പോള്‍ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 117 റൺസാണ് നേടിയത്. ഇരുവരെയും ടിം സൗത്തിയാണ് പുറത്താക്കിയത്. അതേ ഓവറിൽ സൂര്യകുമാര്‍ യാദവിനെയും ടിം സൗത്തി പുറത്താക്കിയപ്പോള്‍ ഇന്ത്യ 137/3 എന്ന നിലയിലേക്ക് വീണു.

ഋഷഭ് പന്തും(12*) വെങ്കിടേഷ് അയ്യരുമാണ്(12*) വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നത്.