പോര്‍ട്ട് എലിസബത്തില്‍ വിജയക്കൊടി പാറിച്ച് പാക്കിസ്ഥാന്‍, ജയം 5 വിക്കറ്റിനു

ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പോര്‍ട്ട് എലിസബത്തില്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകള്‍ മാത്രമാണ് നഷ്ടമായതെങ്കിലും 266 റണ്‍സ് മാത്രമേ നിശ്ചിത 50 ഓവറുകളില്‍ നിന്ന് നേടുവാനായുള്ളു. ഹാഷിം അംല ശതകം നേടി പുറത്താകാതെ 108 റണ്‍സുമായി നിന്നപ്പോള്‍ റാസി വാന്‍ ഡെര്‍ ഡൂസ്സെന്‍ 93 റണ്‍സ് നേടി പുറത്തായി. റീസ ഹെന്‍ഡ്രിക്സ് ആണ് റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം. 45 റണ്‍സാണ് താരം നേടിയത്.

എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ ഇന്നിംഗ്സിനു വേഗത നല്‍കുവാന്‍ സാധിക്കാതെ വന്നത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. രണ്ടാം വിക്കറ്റില്‍ അംല-റാസി കൂട്ടുകെട്ട് 155 റണ്‍സ് നേടിയെങ്കിലും 30 ഓവറുകളോളം അതിനായി എടുത്തു എന്നതും ടീമിനു വലിയൊരു ടോട്ടലിലേക്ക് നീങ്ങുവാന്‍ സാധിച്ചില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനും മികച്ച ബാറ്റിംഗ് തുടക്കമാണ് കാഴ്ചവെച്ചത്.

ഫകര്‍ സമനും(25), ബാബര്‍ അസവും(49) വേഗത്തില്‍ പുറത്തായെങ്കിലും ഇമാം ഉള്‍ ഹക്ക് 86 റണ്‍സും മുഹമ്മദ് ഹഫീസ് 71 റണ്‍സും നേടി നിര്‍ണ്ണായക ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്ത്. 5 വിക്കറ്റുകള്‍ നഷ്ടമായ പാക്കിസ്ഥാന്‍ 49.1 ഓവറിലാണ് വിജയം കുറിച്ചത്. 63 പന്തില്‍ നിന്ന് 71 റണ്‍സ് നേടി പുറത്താകാതെ നിന്ന മുഹമ്മദ് ഫഹീസ് ഷദബ് ഖാനുമായി ചേര്‍ന്ന്(18*) പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. അവസാന നാലോവറില്‍ നിന്ന് 28 റണ്‍സ് വിജയിക്കുവാന്‍ വേണ്ടിയിരുന്ന പാക്കിസ്ഥാന്‍ അഞ്ച് പന്ത് ശേഷിക്കെ വിജയം നേടാനായി.

തന്റെ പ്രകടനത്തിനു ഹഫീസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ ഡുവാന്നെ ഒളിവിയര്‍ രണ്ട് വിക്കറ്റ് നേടി.