17 ഓവറില്‍ 145 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തിന്റെ രുചി നല്‍കി സുനില്‍ നരൈന്‍. ബൗളിംഗിലും ബാറ്റിംഗിലും ഒരേ പോലെ തിളങ്ങിയ സുനില്‍ നരൈന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന് തുണയായി മാറിയത്.
തുടക്കത്തില്‍ ലെന്‍ഡല്‍ സിമ്മണ്‍സ്(17), കോളിന്‍ മണ്‍റോ(7 പന്തില്‍ 17) എന്നിവരെ നഷ്ടമായെങ്കിലും സുനില്‍ നരൈന്‍ ഒരു വശത്ത് നിന്ന് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുകയായിരുന്നു. പതിനൊന്നാം ഓവര്‍ എറിയാനെത്തിയ ഇമ്രാന്‍ താഹിര്‍ ബൗളിംഗിലെത്തിയതോടെയാണ് ട്രിന്‍ബാഗോയ്ക്ക് കാര്യങ്ങള്‍ പ്രയാസമായി മാറിയത്.
28 പന്തില്‍ നിന്ന് 2 ഫോറും നാല് സിക്സും സഹിതം 50 റണ്‍സ് നേടിയ സുനില്‍ നരൈനെ ആദ്യം വീഴ്ത്തിയ താഹിര്‍ തന്റെ അടുത്ത ഓവറില്‍ നൈറ്റ് റൈഡേഴ്സ് ടീം നായകന്‍ കീറണ്‍ പൊള്ളാര്‍ഡിനെയും പുറത്താക്കി. പത്ത് റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ഡാരെന്‍ ബ്രാവോ ഒരു വശത്ത് നിലയുറപ്പിച്ച് 12 പന്തില്‍ ലക്ഷ്യം 14 റണ്‍സാക്കി കുറയ്ക്കുകയായിരുന്നു.
ടിം സീഫെര്‍ടിനെ 16ാം ഓവറില്‍ നഷ്ടമായെങ്കിലും ലക്ഷ്യം അവസാന ഓവറില്‍ അഞ്ച് റണ്‍സാക്കി മാറ്റി. ക്രീസിലുണ്ടായിരുന്ന ബ്രാവോ സഹോദരന്മാര്‍ ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ഡാരെന്‍ ബ്രാവോ 30 റണ്‍സ് നേടി അവസാന ഓവറിന്റെ മൂന്നാം പന്തില്‍ പുറത്തായപ്പോള്‍ ഡ്വെയിന്‍ ബ്രാവോ ബൗണ്ടറി നേടി ടീമിനെ നാല് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.