വീണ്ടുമൊരു BPL

- Advertisement -

മറ്റൊരു BPL സീസൺ കൂടെ തുടങ്ങുകയായി. ലോകക്രിക്കറ്റിൽ ഇപ്പോഴുള്ള അംഗീകൃത T20 ലീഗുകളുടെ എണ്ണം പത്തോളം വരും. IPL, BBL മുതൽ അടുത്ത കൊല്ലം തുടങ്ങാനിരിക്കുന്ന സൗത്ത് ആഫ്രിക്കൻ ലീഗ് വരെ. ഏഴ് ടീമുകളാണ് BPLനു അണിനിരക്കുന്നത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ധാക്ക ഡൈനമൈറ്റ്‌സിനു പുറമെ, രാജ്ഷാഹി കിങ്‌സ്, സിൽഹെറ്റ് സിക്സേഴ്സ്, രംഗ്പൂർ റൈഡേഴ്‌സ്, കോമില്ല വിക്ടോറിയൻസ്, ഖുൽന ടൈറ്റൻസ്, ചിറ്റഗോങ്ങ് വൈക്കിങ്സ്. ഈ കൊല്ലത്തെ ആദ്യ മത്സരം ഇന്ന് ധാക്ക ഡൈനമൈറ്റ്‌സും, സിൽഹെറ്റ് സിക്‌സേഴ്സും തമ്മിലാണ്. സിൽഹെറ്റ് നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

16 വയസുള്ള നയീം ഹസൻ മുതൽ 43 വയസുള്ള മിസ്ബാഹ് ഉൾ ഹഖ് വരെ അങ്ങനെ 180 കളിക്കാരാണ് ഇപ്പ്രാവശ്യം ഈ ഏഴ് ടീമുകളിലും കൂടെയായി കളിക്കുന്നത്. പക്ഷെ ഇപ്പോഴത്തെ റെഗുലേഷൻസ് പ്രകാരം, ബംഗ്ലാദേശുകാർ ആയിട്ടുള്ള അൺക്യാപ്പ്ഡ് കളിക്കാരുടെ എണ്ണം കഴിഞ്ഞ വര്ഷങ്ങളിലേത് വെച്ച് വളരെ കുറവാണ്. അത് ഇപ്പോൾ തന്നെ പല വിമർശനങ്ങൾക്കും വഴി ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ തന്നെ കളിക്കാരെ വളർത്തിയെടുക്കേണ്ട ഒരു സുവർണ്ണാവസരം വെറും സാമ്പത്തിക നേട്ടത്തിലേക്ക് മാത്രമായി ഒതുക്കിത്തീർക്കുന്നുവോ എന്നൊരു സംശയം ബംഗ്ലാദേശുകാർക്ക് തോന്നിയാൽ തെറ്റ് പറയാനാവില്ല.

12 മത്സരങ്ങളാണ് ഓരോ ടീമിനും ലീഗ് സ്റ്റേജിൽ ഉള്ളത്. ആകപ്പാടെ 3 ഗ്രൗണ്ടുകളിൽ (സിൽഹെറ്റിനു പുറമെ, ഷേറെ ബംഗ്ലാ സ്റ്റേഡിയം മിർപുർ, സാഹുർ അഹ്‌മദ്‌ ചൗധുരി സ്റ്റേഡിയം ചിറ്റഗോങ്ങ്) മാത്രമാണ് കളികൾ നടക്കുന്നത് എങ്കിലും, IPL മാതൃകയിൽ ഹോം-എവേ മത്സരങ്ങൾ എന്നുള്ള രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 42 ലീഗ് മത്സരങ്ങൾക്ക് അപ്പുറം, 2 ക്വാളിഫയറുകൾ, എലിമിനേറ്റർ, ഫൈനൽ എന്നിവ.

ബംഗ്ലാദേശികൾക്ക് ക്രിക്കറ്റിനോടുള്ള ആത്മാർത്ഥമായ അഭിനിവേശം പലപ്പോഴും കണ്ടിട്ടുള്ളതാണ്. അത് കൊണ്ട് തന്നെ കളിയാവേശത്തിന് ഒരു കുറവും ഉണ്ടാവില്ല. നിലവാരമുള്ള ഇന്റർനാഷണൽ കളിക്കാരുടെയൊപ്പം ചേരുമ്പോൾ ബംഗ്ലാദേശ് കളിക്കാർ തങ്ങളുടെ മികച്ച ക്രിക്കറ്റ് പുറത്തെടുത്താൽ നല്ല കളികൾ കാണാൻ കഴിയും. ഷാകിബ് അൽ ഹസൻ, തമിം ഇഖ്‌ബാൽ, മുഷ്‌ഫിഖുർ റഹിം, സബ്ബിർ റഹ്മാൻ, നാസിർ ഹൊസൈൻ എന്നീ പേരുകൾക്കൊപ്പം ചേർത്ത് വെക്കാൻ കൊള്ളാവുന്ന ബംഗ്ലാദേശ് കളിക്കാരെയാണ് ബംഗ്ലാദേശിന് ഇപ്പോൾ ആവശ്യം. അങ്ങനെയുള്ള കളിക്കാരെ കണ്ടെത്തുന്നതിൽ ബംഗ്ലാദേശിനെ സഹായിക്കാൻ BPLനു കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement