ബിപിഎലിന് പകരം ബിഗ് ബാഷ് മാതൃകയില്‍ ടൂര്‍ണ്ണമെന്റ്

- Advertisement -

ഫ്രാഞ്ചൈസികളുമായി തെറ്റിപ്പിരിഞ്ഞ് ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പകരം നടത്തുവാന്‍ ആഗ്രഹിക്കുന്ന ടി20 ടൂര്‍ണ്ണമെന്റ് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിന്റെ മാതൃകയിലാവും എന്നാണ് അറിയുവാന്‍ കഴിയുന്നത്. ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേരിലാവും ടൂര്‍ണ്ണമെന്റ് നടത്തുക.

ബോര്‍ഡ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് പൂര്‍ണ്ണമായും ഉപേക്ഷിക്കുകയല്ലെന്നും 2020ല്‍ തിരികെ ടൂര്‍ണ്ണമെന്റിലേക്ക് തങ്ങളെയും ഉള്‍പ്പെടുത്തുമെന്നാണ് ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ. ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസനുമായുള്ള ചര്‍ച്ചയില്‍ നിന്ന് താന്‍ ഇതാണ് മനസ്സിലാക്കിയതെന്നാണ് ധാക്ക ഡൈനാമൈറ്റ്സ് ഉടമ നിസാം പറഞ്ഞത്. പല കാര്യങ്ങളിലും ഫ്രാഞ്ചൈസികളുമായുള്ള ചര്‍ച്ചയില്‍ ബോര്‍ഡിന് യോജിക്കാനാകാതെ പോയതോടെയാണ് ഈ തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത്.

ഈ വര്‍ഷം ബോര്‍ഡുമായി കരാറില്‍ എത്തുവാന്‍ ഫ്രാഞ്ചൈസികള്‍ക്ക് സാധിക്കാനാകാഞ്ഞതില്‍ വിഷമമുണ്ടെങ്കിലും ഇത് ഒരു അവസാനമല്ലെന്ന പ്രതീക്ഷയുമുണ്ടെന്ന് നിസാം പറഞ്ഞു. ഒരു വര്‍ഷത്തെ ഇടവേള ബോര്‍ഡിന് മികച്ച പ്രൊപ്പോസലുമായി ഫ്രാഞ്ചൈസികളെ സമീപിക്കുവാനുള്ള അവസരം കൂടി നല്‍കുന്നുവെന്നും അത് ശുഭസൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement