കാണികള്‍ ഇല്ല, ഡിആര്‍എസുമില്ല!!! തീരുമാനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് 2022ൽ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ജനുവരി 21ന് ആരംഭിയ്ക്കാനിരിക്കുന്ന ലീഗ് അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തുവാന്‍ തീരുമാനിച്ചതിന് കാരണം കോവിഡിന്റെ ഒമിക്രോൺ പതിപ്പിന്റെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ്.

ജനുവരി 10 മുതൽ ബംഗ്ലാദേശ് സര്‍ക്കാര്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് പോലെ തന്നെ ടെക്നീഷ്യന്മാര്‍ക്ക് ബംഗ്ലാദേശിൽ എത്തുവാന്‍ സാധിക്കാത്തതിനാൽ തന്നെ ലീഗിൽ ഡിആര്‍എസ് സംവിധാനവും ഉണ്ടാകില്ല എന്നും ബോര്‍ഡ് അറിയിച്ചു.

ഹോക്ക്-ഐ കമ്പനിയിലെ ടെക്നീഷ്യന്മാര്‍ ഇപ്പോള്‍ മറ്റു രണ്ട് രാജ്യങ്ങളിലാണുള്ളതെന്നും ഒമിക്രോൺ കാരണം ബംഗ്ലാദേശിലേക്ക് അവര്‍ക്ക് എത്താനാകില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.