ബിപിഎല്‍ ഉപേക്ഷിക്കുവാനുള്ള തീരുമാനം ബോര്‍ഡ് പുനഃപരിശോധിക്കണം

ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച ബംഗ്ലാദേശ് ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പറഞ്ഞ് കോമില്ല വിക്ടോറിയന്‍സ് ഉടമ നഫീസ കമാല്‍. പല താരങ്ങളും ലീഗില്‍ കളിക്കാനായി വേറെ പല അവസരങ്ങളും വേണ്ടെന്ന് വെച്ചാണ് എത്തിയതെന്നും എന്നാല്‍ ബോര്‍ഡിന്റെ ഈ തീരുമാനം അവരുടെ കാര്യവും അവതാളത്തിലാക്കിയെന്ന് നഫീസ പറഞ്ഞു.

ഫ്രാഞ്ചൈസികളുടെ നിലപാടുകളാണ് ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുവാന്‍ ഇടയാക്കിയതെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ലീഗിന്റെ വളര്‍ച്ചയില്‍ ഓരോ ഫ്രാഞ്ചൈസികള്‍ക്കും പങ്കുണ്ടെന്നും പെട്ടെന്ന് ലീഗിന്റെ ഭാഗമല്ല തങ്ങളെന്ന് അറിയുന്നത് പ്രയാസകരമാണെന്നും നഫീസ പറഞ്ഞു. ഫ്രാഞ്ചൈസികളില്ലാത്തൊരു ടി20 ടൂര്‍ണ്ണമെന്റ് ബോര്‍ഡ് നേരിട്ട് നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്ത്.

സെപ്റ്റംബര്‍ 15ന് ഡ്രാഫ്ട് നടക്കുമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടുള്ള ചര്‍ച്ചയില്‍ കാര്യങ്ങള്‍ തിരിഞ്ഞ് മറിയുകയായിരുന്നു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വേറിട്ട റെവന്യൂ ഷെയറിംഗ് മോഡല്‍ വരണമെന്ന ആവശ്യമാണ് ബോര്‍ഡ് ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. ലേലത്തിന് പകരം ഡ്രാഫ്ട് മതിയെന്ന തീരുമാനവും മൂന്ന് വിദേശ താരങ്ങളെ കളിപ്പിക്കണമെന്ന ആവശ്യവുമാണ് തങ്ങള്‍ മുന്നോട്ട് വെച്ചതെന്ന് നഫീസ വ്യക്തമാക്കി.

ഇത്തരത്തില്‍ ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുന്നത് ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിന് തന്നെ ചീത്തപ്പേരുണ്ടാക്കുകയാണെന്നും പല ക്രിക്കറ്റര്‍മാരും തന്നെ വിളിച്ച് എന്താണ് സ്ഥിതിയെന്ന് അറിയുവാന്‍ ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ബോര്‍ഡ് തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഫീസ സൂചിപ്പിച്ചു.