Celestial Trophy

വിജയം 161 റണ്‍സിനു, സഫയര്‍ സിസിയുടെ ആധിപത്യം

കെസിഎ ഗ്രൗണ്ട് മംഗലപുരത്ത് ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ വ്യക്തമായ ആധിപത്യമുറപ്പിച്ച് സഫയര്‍ സിസി. എച്ച്‍വൈസിസിയെ 161 റണ്‍സിനാണ് സഫയര്‍ തകര്‍ത്ത് വിട്ടത്. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത എച്ച്‍വൈസിസിയ്ക്കെതിരെ സഫയറിന്റെ മൂന്ന് ബാറ്റ്സ്മാന്മാര്‍ അര്‍ദ്ധ ശതകം നേടി. 33 പന്തില്‍ 61 റണ്‍സുമായി ജാക്സണ്‍ ക്ലീറ്റസ് ടോപ് സ്കോറര്‍ ആയപ്പോള്‍ രാഹുല്‍ ശര്‍മ്മ(54), ജിഷ്ണു(54*) എന്നിവരും തിളങ്ങി. മാത്യു(27*), സച്ചിന്‍(26) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. 4 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് സഫയര്‍ നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ എച്ച്‍വൈസിസി 80 റണ്‍സിനു ഓള്‍ഔട്ട് ആയി. 36 റണ്‍സുമായി പുറത്താകാതെ നിന്ന റിയാസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. അദ്വൈത്, രാഹുല്‍ എന്നിവരാണ് സഫയറിനു വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. ഇരുവരും മൂന്ന് വീതം വിക്കറ്റാണ് വീഴ്ത്തിയത്. സുല്‍ഫികര്‍ സലിം രണ്ട് വിക്കറ്റും അല്‍ അമീന്‍ ഒരു വിക്കറ്റും നേടി. ജാക്സണ്‍ ക്ലീറ്റസ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial