നൈബ് അല്ലാതെ ഒരു ബൗളറെയും ആക്രമിക്കാനാകില്ലെന്നതായിരുന്നു സത്യം

ലോകോത്തര സ്പിന്നര്‍മാരാണ് അഫ്ഗാനിസ്ഥാന്‍ നിരയിലുണ്ടായിരുന്നതെന്നും അവരുടെ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബല്ലാതെ വേറൊരു ബൗളറെയും ആക്രമിക്കാനാകുമായിരുന്നില്ലെന്ന് പറഞ്ഞ് ഇന്നലെ പാക്കിസ്ഥാന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച ഓള്‍ റൗണ്ടര്‍ ഇമാദ് വസീം. 49 റണ്‍സ് നേടി പുറത്താകാതെ നിന്ന ഇമാദ് ആണ് പാക്കിസ്ഥാനെ മത്സരത്തിലേക്കും സെമി സാധ്യതകള്‍ നിലനിര്‍ത്തുവാനും സഹായിച്ചത്.

താന്‍ ക്രീസിലെത്തുമ്പോള്‍ റഷീദ് ഖാനെ കളിക്കുവാന്‍ തന്നെ പാടായിരുന്നു. സ്പിന്നര്‍മാരെ കളിക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. ഫാസ്റ്റ് ബൗളര്‍ രംഗത്തെത്തുമ്പോള്‍ ആക്രമിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അത് വിജയം കണ്ടുവെന്നും ഇമാദ് പറഞ്ഞു. ടീമിനിപ്പോള്‍ ഏത് സാഹചര്യത്തില്‍ നിന്നും വിജയിക്കുവാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും നാട്ടിലേതിന് സമാനമായ അന്തരീക്ഷം സൃഷ്ടിച്ചതിന് കാണികള്‍ക്ക് നന്ദിയറിയിക്കുവാനും ഇമാദ് മറന്നില്ല.

വീണ്ടും പരാജയമേറ്റ് വാങ്ങി കെയിന്‍ വില്യംസണും സംഘവും, ഇത്തവണ ഓസ്ട്രേലിയയോട് 86 റണ്‍സിന്റെ തോല്‍വി

പാക്കിസ്ഥാനോട് പരാജയപ്പെട്ട ന്യൂസിലാണ്ടിന് തുടര്‍ച്ചയായ രണ്ടാം പരാജയം. ഓസ്ട്രേലിയയെ 92/5 എന്ന നിലയിലേക്ക് പിടിച്ച് കെട്ടിയ ശേഷം അലെക്സ് കാറെ-ഉസ്മാന്‍ ഖവാജ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ 243/9 എന്ന സ്കോറിലേക്ക് നയിച്ചത്. ട്രെന്റ് ബോള്‍ട്ട് ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ 86 റണ്‍സിന്റെ തോല്‍വി ടീം ഏറ്റുവാങ്ങുകയായിരുന്നു. 157 റണ്‍സിനാണ് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയത്.

മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയാണ് ന്യൂസിലാണ്ടിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിട്ടത്. സ്റ്റാര്‍ക്കിനൊപ്പം ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ് രണ്ടും പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. 40 റണ്‍സ് നേടിയ കെയിന്‍ വില്യംസണ്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. റോസ് ടെയിലര്‍ 30 റണ്‍സ് നേടി പുറത്തായി.

43.4 ഓവറിലാണ് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയത്. 9.4 ഓവറില്‍ വെറും 26 റണ്‍സിനാണ് സ്റ്റാര്‍ക്ക് തന്റെ 5 വിക്കറ്റുകള്‍ കൊയ്തത്.

വീരനായകനായി ഇമാദ് വസീം, കൈവിട്ട കളി തിരിച്ച് പിടിച്ച് പാക്കിസ്ഥാന്‍, സെമി പ്രതീക്ഷകള്‍ സജീവം

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍മാര്‍ വെള്ളം കുടിപ്പിച്ചുവെങ്കിലും ഇമാദ് വസീമിന്റെ വീരോചിതമായ ബാറ്റിംഗിന്റെ ബലത്തില്‍ 3 വിക്കറ്റ് വിജയം നേടി പാക്കിസ്ഥാന്‍. ഇമാദ് വസീം പുറത്താകാതെ നിന്ന് നേടിയ 49 റണ്‍സിന്റെ ബലത്തിലാണ് പാക്കിസ്ഥാന്‍ ഈ ജയം നേടിയത്. നിര്‍ണ്ണായക ഇന്നിംഗ്സുമായി വഹാബ് റിയാസും തിളങ്ങി. 9 പന്തില്‍ നിന്ന് 15 റണ്‍സാണ് റിയാസ് നേടിയത്. ഇരുവരും ചേര്‍ന്ന് 18 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയാണ് 49.4 ഓവറില്‍ പാക്കിസ്ഥാന്റെ വിജയം ഉറപ്പാക്കിയത്.

ഇന്നിംഗ്സിന്റെ 46ാം ഓവറില്‍ അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ് എറിഞ്ഞ ഓവറില്‍ 18 റണ്‍സ് നേടിയതോടെയാണ് പാക്കിസ്ഥാന്‍ വീണ്ടും ജയ സാധ്യത പുലര്‍ത്തിയത്. ഇമാദ് വസീമിന്റെ ക്യാച്ച് ആ ഓവറില്‍ അഫ്ഗാനിസ്ഥാന്‍ നഷ്ടപ്പെടുത്തുക കൂടി ചെയ്തതോടെ മത്സരം ഏറെക്കുറെ അഫ്ഗാനിസ്ഥാന്‍ കൈവിടുകയായിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ നജീബുള്ള സദ്രാനും അസ്ഗര്‍ അഫ്ഗാനും 42 റണ്‍സ് വീതം നേടിയാണ് 227 റണ്‍സെന്ന സ്കോറിലേക്ക് എത്തിച്ചത്.

ഇന്നിംഗ്സിന്റെ രണ്ടാം പന്തില്‍ മുജീബ് ഫകര്‍ സമനെ പുറത്താക്കിയ ശേഷം ഇമാം-ബാബര്‍ കൂട്ടുകെട്ട് കരുതലോടെയാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ ഇരു താരങ്ങളെയും തന്റെ രണ്ട് ഓവറിനുള്ളില്‍ പുറത്താക്കി മുഹമ്മദ് നബി പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഇമാം 36 റണ്‍സും ബാബര്‍ അസം 45 റണ്‍സുമാണ് നേടിയത്. 72 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്.

പിന്നീട് മുഹമ്മദ് ഹഫീസിനെ(19) മുജീബ് പുറത്താക്കിയപ്പോള്‍ ഹാരിസ് സൊഹൈലിനെ(27) വീഴ്ത്തി റഷീദ് ഖാനും ഒപ്പം കൂടി. 18 റണ്‍സ് നേടിയ സര്‍ഫ്രാസ് അഹമ്മദ് റണ്ണൗട്ട് കൂടിയായപ്പോള്‍ പാക്കിസ്ഥാന്റെ നില പരിതാപകരമായി. ഇമാദ് വസീം-ഷദബ് ഖാന്‍ കൂട്ടുകെട്ട് ഏഴാം വിക്കറ്റില്‍ ഒത്തുകൂടി ബാറ്റ് വീശി ലക്ഷ്യം അവസാന ആറോവറില്‍ 48 ആക്കി കുറയ്ക്കുകയായിരുന്നു.

ഗുല്‍ബാദിന്‍ നൈബ് എറിഞ്ഞ 46ാം ഓവറില്‍ 18 റണ്‍സ് നേടി പാക്കിസ്ഥാന്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നുവെങ്കിലും അടുത്ത ഓവറില്‍ ഷദബ് ഖാനെ അവര്‍ക്ക് നഷ്ടമായി. 50 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടിയ കൂട്ടുകെട്ട് ഷദബ് ഖാന്‍ റണ്‍ഔട്ട് ആയതോടെ തകര്‍ക്കപ്പെടുകയായിരുന്നു. 11 റണ്‍സാണ് ഷദബ് ഖാന്‍ നേടിയത്. മറുവശത്ത് പാക്കിസ്ഥാന്‍ പ്രതീക്ഷകളെല്ലാം ഇമാദ് വസീമില്‍ നിക്ഷിപ്തമായിരുന്നു.

അവസാന മൂന്നോവറില്‍ 18 റണ്‍സ് മാത്രമായിരുന്നു പാക്കിസ്ഥാന് ജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. കൈവശമുണ്ടായിരുന്നത് 3 വിക്കറ്റും. അടുത്ത രണ്ട് ഓവറുകളെറിഞ്ഞ മുജീബിനെയും റഷീദ് ഖാനെയും വിക്കറ്റ് നഷ്ടമില്ലാതെ സ്കോര്‍ ചെയ്ത് പാക്കിസ്ഥാന്‍ അവസാന ഓവറില്‍ വിജയത്തിനായി ആറ് റണ്‍സാക്കി ചുരുക്കി.

മുഹമ്മദ് നബിയും മുജീബ് ഉര്‍ റഹ്മാനുമെല്ലാം മികച്ച രീതിയില്‍ പന്തെറിഞ്ഞുവെങ്കിലും ഗുല്‍ബാദിന്‍ നൈബിന്റെ ക്യാപ്റ്റന്‍സിയിലെ പാളിച്ചകളാണ് ടീമിന് തിരിച്ചടിയായത്. ചരിത്ര കുറിച്ചേക്കാവുന്ന വിജയം കൈവിട്ടതിനു ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ നൈബ് തന്നെയാണ് ബാദ്ധ്യസ്ഥന്‍.

ഓസ്ട്രേലിയയുടെ മാനം കാത്ത് കാറെ-ഖവാജ കൂട്ടുകെട്ട്, അവസാന ഓവറില്‍ ഹാട്രിക്ക് നേട്ടവുമായി ട്രെന്റ് ബോള്‍ട്ട്

92/5 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയെ ആറാം വിക്കറ്റില്‍ 107 റണ്‍സ് നേടി രക്ഷിച്ച് ഉസ്മാന്‍ ഖവാജ-അലെക്സ് കാറെ കൂട്ടുകെട്ട്. ഉസ്മാന്‍ ഖവാജ നങ്കൂരമിടുകയും അലെക്സ് കാറെ വേഗത്തില്‍ സ്കോറിംഗ് നടത്തിയപ്പോള്‍ വന്‍ തകര്‍ച്ചയില്‍ നിന്നാണ് ഓസ്ട്രേലിയ കരകയറിയത്. 243 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് നേടിയത്. അവസാന ഓവറില്‍ ട്രെന്റ് ബോള്‍ട്ട് ഹാട്രിക്ക് സ്വന്തമാക്കി 250 റണ്‍സ് കടക്കുകയെന്ന ഓസ്ട്രേലിയയുടെ മോഹങ്ങളെ തകര്‍ക്കുകയായിരുന്നു.

71 റണ്‍സ് നേടിയ അലെക്സ് കാറെയെ കെയിന്‍ വില്യംസണ്‍ ആണ് പുറത്താക്കിയത്. മികച്ച ബൗളിംഗിനു പിന്തുണയുമായി ഫീല്‍ഡര്‍മാരും അരങ്ങ് നിറഞ്ഞപ്പോള്‍ ഓസ്ട്രേലിയയുടെ അതിശക്തമായ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. ഫിഞ്ചിനെ(8) ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ വാര്‍ണറെയും(16) സ്റ്റീവന്‍ സ്മിത്തിനെയും(5) ലോക്കി ഫെര്‍ഗൂസണ്‍ പുറത്താക്കി. ഗപ്ടില്‍ മികച്ചൊരു ക്യാച്ചിലൂടെയാണ് സ്മിത്തിനെ പുറത്താക്കിയത്.

മാര്‍ക്കസ് സ്റ്റോയിനിസും ഉസ്മാന്‍ ഖവാജയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 35 റണ്‍സ് നേടിയെങ്കിലും സ്റ്റോയിനിസിനെ നീഷം പുറത്താക്കി. സ്വന്തം ബൗളിംഗില്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ തകര്‍പ്പനൊരു റിട്ടേണ്‍ ക്യാച്ചിലൂടെ നീഷം പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ പ്രതിരോധത്തിലായി. പിന്നീട് ഖവാജയും കാറെയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി ടീമിനെ കരകയറ്റിയത്.

88 റണ്‍സ് നേടിയ ഖവാജ അവസാന ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. 129 പന്തില്‍ നിന്നാണ് ഖവാജ തന്റെ 88 റണ്‍സ് നേടിയതെങ്കിലും ഓസ്ട്രേലിയയ്ക്ക് ഏറെ ഉപകാരപ്പെട്ട ഇന്നിംഗ്സായിരുന്നു ഇത്. അടുത്ത പന്തുകളില്‍  മിച്ചല്‍ സ്റ്റാര്‍ക്കിനെയും  ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫിനെയും പുറത്താക്കി ബോള്‍ട്ട് ഹാട്രിക്കും സ്വന്തമാക്കി. പാറ്റ് കമ്മിന്‍സ് 23 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന ഓവറില്‍ വെറും രണ്ട് റണ്‍സ് വിട്ട് നല്‍കിയാണ് ബോള്‍ട്ട് തന്റെ മൂന്ന് വിക്കറ്റ് നേടിയത്. മത്സരത്തില്‍ 4 വിക്കറ്റാണ് ബോള്‍ട്ട് സ്വന്തമാക്കിയത്. ലോക്കി ഫെര്‍ഗൂസണും ജെയിംസ് നീഷവും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ കെയിന്‍ വില്യംസണ്‍ ഒരു വിക്കറ്റ് നേടി.

തകര്‍ന്നടിഞ്ഞ് ഓസ്ട്രേലിയ, നൂറ് കടക്കുന്നതിന് മുമ്പ് അഞ്ച് വിക്കറ്റ് നഷ്ടം

ന്യൂസിലാണ്ടിനെതിരെ വമ്പന്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഓസ്ട്രേലിയ. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമായപ്പോള്‍ ടീം പ്രതിരോധത്തിലാകുകയായിരുന്നു. 92/5 എന്ന നിലയിലേക്ക് വീണ് ഓസ്ട്രേലിയ ഇപ്പോള്‍ 23 ഓവറുകള്‍ പിന്നിടുമ്പോള്‍ 105 റണ്‍സാണ് നേടിയിട്ടുള്ളത്.

35 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയ്ക്ക് പിന്തുണയായി 10 റണ്‍സുമായി അലെക്സ് കാറെയാണ് കൂട്ടായി ക്രീസിലുള്ളത്. ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണും ജെയിംസ് നീഷവും രണ്ട് വീതം വിക്കറ്റ് നേടി. മികച്ച ഫീല്‍ഡിംഗും ന്യൂസിലാണ്ടിന് തുണയായി എത്തുകയായിരുന്നു.

ചിക്കന്‍ പോക്സ്, നുവാന്‍ പ്രദീപ് പുറത്ത്, പകരക്കാരനായി കസുന്‍ രജിത

ലോകകപ്പ് സാധ്യതകള്‍ ഏകദേശം അവസാനിച്ച ശ്രീലങ്കയ്ക്ക് തിരിച്ചടിയായി മറ്റൊരു വാര്‍ത്ത കൂടി. ബൗളര്‍ നുവാന്‍ പ്രദീപ് ചിക്കന്‍ പോക്സ് വന്നതിനാല്‍ ലോകകപ്പ് സ്ക്വാഡില്‍ നിന്ന് പുറത്ത് പോകുകയാണെന്ന അറിയിപ്പാണ് ലങ്കന്‍ ബോര്‍ഡ് പുറത്ത് വിടുന്നത്. ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. പനിയാണ് കാരണമായി പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ താരത്തിന് ചിക്കന്‍ പോക്സാണെന്ന സ്ഥിതീകരണമാണ് വരുന്നത്.

അഫ്ഗാനിസ്ഥാനെതിരെയുള്ള ലങ്കയുടെ വിജയത്തിലെ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് നുവാന്‍ പ്രദീപ്. ശ്രീലങ്ക പകരക്കാരനായി കസുന്‍ രജിതയെ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫകര്‍ സമന്‍ LBW മുജീബ് റഹ്മാന്‍, ചരിത്രം വീണ്ടും ആവര്‍ത്തിച്ചു

പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫകര്‍ സമന്‍ അപകടകാരിയാണെങ്കിലും ലോകകപ്പില്‍ താരത്തിന് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുവാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇന്ന് പാക്കിസ്ഥാന്റെ നിര്‍ണ്ണായക മത്സരത്തില്‍ താരം രണ്ടാം പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്താകുമ്പോള്‍ ഈ പുറത്താകലിനു പല സമാനതകളുമുണ്ട്.

ഫകര്‍ സമന്‍ രണ്ട് ഏകദിന മത്സരങ്ങളിലാണ് അഫ്ഗാനിസ്ഥാനെതിരെ കളിച്ചിട്ടുള്ളത്. ഇരു മത്സരങ്ങളിലും താരം പൂജ്യത്തിന് പുറത്താകുകയായിരുന്നു. ഇരു മത്സരങ്ങളില്‍ ഫകറിനെ പുറത്താക്കിയത് മുജീബ് ആയിരുന്നു. രണ്ടും വിക്കറ്റിന് മുന്നില്‍ക കുടുങ്ങിയാണ് താരം പുറത്തായത്.

ലോകകപ്പില്‍ അക്രമിനെ മറികടക്കുവാന്‍ ആകുമോ വഹാബ് റിയാസിന്?

പാക്കിസ്ഥാന്റെ മുന്‍ നിര ബൗളര്‍ സ്ഥാനത്ത് നിന്ന് പുറത്തായിട്ട് ഏറെ നാളായി വഹാബ് റിയാസ്. മുഹമ്മദ് അമീറിനെയും താരത്തിനെയും ലോകകപ്പ് പ്രാഥമിക സ്ക്വാഡില്‍ പോലും പാക്കിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് അവസാന നിമിഷം ഇരുവരെയും ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. ഇന്ന് അഫ്ഗാനിസ്ഥാനെതിരെ വഹാബ് റിയാസ് 2 വിക്കറ്റ് നേടിയപ്പോള്‍ താരത്തിന്റെ ലോകകപ്പിലെ വിക്കറ്റ് നേട്ടം 34 വിക്കറ്റായി മാറി.

പാക്കിസ്ഥാന്‍ ഇതിഹാസമായ വസീം അക്രം ലോകകപ്പില്‍ നേടിയ 35 വിക്കറ്റുകളുടെ റെക്കോര്‍ഡ് ഒപ്പമെത്തുവാനോ മറികടക്കുവാനോ വഹാബിന് ഇനി കുറഞ്ഞത് ഒരു മത്സരം കൂടിയുണ്ട് താനും. പാക്കിസ്ഥാന്‍ സെമിയിലേക്ക് യോഗ്യത നേടിയാല്‍ ഈ റെക്കോര്‍ഡ് മറികടക്കുവാന്‍ കൂടുതല്‍ സാധ്യതയാവും താരത്തിന്. ഇന്ന് 8 ഓവറില്‍ 29 റണ്‍സ് നല്‍കി 2 വിക്കറ്റാണ് താരം നേടിയത്.

ഷഹീന്‍ അഫ്രീദി 4 വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ഒപ്പം മറുവശത്ത് സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ വഹാബിനു സാധിച്ചിരുന്നു. ടീമില്‍ ഏറ്റവും മികച്ച എക്കണോമിയില്‍ പന്തെറിഞ്ഞത് വഹാബ് ആയിരുന്നു.

അഫ്ഗാനിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ച് നജീബുള്ള സദ്രാനും അസ്ഗര്‍ അഫ്ഗാനും, ഷഹീന്‍ അഫ്രീദിയ്ക്ക് 4 വിക്കറ്റ്

പാക്കിസ്ഥാനെതിരെ 227 റണ്‍സ് നേടി അഫ്ഗാനിസ്ഥാന്‍. സ്പിന്നിനു വലിയ പിന്തുണയുള്ള പിച്ചില്‍ വലിയ സ്കോറല്ലെങ്കിലും മൂന്ന് മികച്ച സ്പിന്നര്‍മാരുള്ള അഫ്ഗാനിസ്ഥാന് പൊരുതി നോക്കാവുന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത് നജീബുള്ള സദ്രാന്റെ ഇന്നിംഗ്സായിരുന്നു. താരം 45ാം ഓവറില്‍ പുറത്തായില്ലായിരുന്നുവെങ്കില്‍ അല്പം കൂടി മികച്ച സ്കോറിലേക്ക് ടീമിനു എത്താമായിരുന്നു. ഷഹീന്‍ അഫ്രീദി ഇന്നിംഗ്സിന്റെ തുടക്കത്തിലും ഒടുക്കത്തിലും വിക്കറ്റുകള്‍ നേടി അഫ്ഗാനിസ്ഥാന് തിരിച്ചടിയേല്പിക്കുകയായിരുന്നു.

റഹ്മത് ഷായും ഗുല്‍ബാദിന്‍ നൈബും ഭേദപ്പെട്ട തുടക്കം ടീമിനു നല്‍കിയെങ്കിലും 15 റണ്‍സ് നേടിയ നൈബിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. അടുത്ത പന്തില്‍ ഹസ്മത്തുള്ള ഷഹീദിയെയും പുറത്താക്കി ഹാട്രിക്കിനു അടുത്ത് ഷഹീന്‍ എത്തിയെങ്കിലും താരത്തിന് നേട്ടം കൊയ്യാനായില്ല. റഹ്മത് ഷായും ഇക്രം അലി ഖില്ലും ചേര്‍ന്ന് 30 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയെങ്കിലും 35 റണ്‍സ് നേടിയ റഹ്മത് ഷായെ ഇമാദ് വസീം പുറത്താക്കി.

നാലാം വിക്കറ്റില്‍ അതിവേഗ ബാറ്റിംഗുമായി അസ്ഗര്‍ അഫ്ഗാന്‍ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയെങ്കിലും 35 പന്തില്‍ 42 റണ്‍സ് നേടിയ താരത്തെ പുറത്താക്കി ഷദബ് ഖാന്‍ പാക്കിസ്ഥാന് വീണ്ടും മേല്‍ക്കൈ നല്‍കി. മത്സരം മാറ്റി മറിച്ച മുഹൂര്‍ത്തമായിരുന്നു അത്. 250നു മേലുള്ള സ്കോറിലേക്ക് അഫ്ഗാനിസ്ഥാന്‍ നീങ്ങുമെന്ന സ്ഥിതിയില്‍ നിന്ന് അടുത്ത ഓവറില്‍ ഇമാദ് വസീമിനെയും നഷ്ടമായി ടീം 125/5 എന്ന നിലയിലേക്ക് വീണു.

മുഹമ്മദ് നബിയും(16) പുറത്തായപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 200 കടക്കുമോയെന്ന് കരുതിയെങ്കിലും നജീബുള്ള സദ്രാനും ഷമിയുള്ള ഷിന്‍വാരിയും ചേര്‍ന്ന് ടീമിനെ 200 കടത്തിയെങ്കിലും 42 റണ്‍സ് നേടിയ നജീബുള്ളയെയും റഷീദ് ഖാനെയും പുറത്താക്കി ഷഹീന്‍ അഫ്രീദി വീണ്ടും അഫ്ഗാനിസ്ഥാന് തിരിച്ചടി നല്‍കി. സമിയുള്ള ഷിന്‍വാരി 19 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സിലേക്ക് എത്തുകയായിരുന്നു.

സ്റ്റേഡിയത്തില്‍ കൈയ്യാങ്കളി, അഫ്ഗാനിസ്ഥാന്‍-പാക്കിസ്ഥാന്‍ ആരാധകര്‍ ഏറ്റുമുട്ടി

നിര്‍ണ്ണായകമായ പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ മത്സരം പുരോഗമിക്കവെ സ്റ്റേഡിയത്തിലും പുറത്തും ഏറ്റുമുട്ടി പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ ആരാധകര്‍. മത്സരം പുരോഗമിക്കുന്നതിനിടെയാണ് ഇരു വശത്തെയും ആരാധകര്‍ തമ്മില്‍ കൈയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. സ്റ്റേഡിയത്തിന് പുറത്തെന്നത് പോലെ സ്റ്റേഡിയത്തിന് അകത്തും ആരാധകര്‍ ഏറ്റുമുട്ടിയപ്പോള്‍ ചില കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി.

ഐസിസി മത്സരങ്ങളില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ കേട്ട് കേള്‍വിയില്ലാത്തതാണെങ്കിലും മത്സരത്തിന് മുമ്പ് തന്നെ ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്ത് ഏറ്റുമുട്ടി. പിന്നീട് മത്സരം ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും ചിലരെ പുറത്താക്കുന്ന സാഹചര്യം ഉടലെടുക്കുകയായിരുന്നു.

സംഘര്‍ഷം ചിത്രീകരിക്കുവാന്‍ ശ്രമിച്ച പത്രപ്രവര്‍ത്തര്‍ക്കും മര്‍ദ്ദനം ഏല്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യയ്ക്കെതിരെയെന്ന പോലെ പാക്കിസ്ഥാന് അഫ്ഗാനിസ്ഥാനെതിരെയും നല്ല ബന്ധങ്ങളല്ല. സോഷ്യല്‍ മീഡിയ മുഴുവന്‍ ഈ സംഘര്‍ഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഫ്രീ ബലോചിസ്ഥാന്‍ നീക്കവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് അറിയുന്നത്.

ലോര്‍ഡ്സില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ ടോസ് നേടി ആദ്യ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ഇന്ന് ജയം സ്വന്തമാക്കാനായാല്‍ ന്യൂസിലാണ്ടിന് സെമി ഉറപ്പിക്കാമെന്നിരിക്കെ പോരാട്ടം മികച്ചതായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഓസ്ട്രേലിയ തങ്ങളുടെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്നിറങ്ങുന്നത്. അതേ സമയം ന്യൂസിലാണ്ട് കെയിന്‍ വില്യംസണെ ആണ് ഏറെ ആശ്രയിക്കുന്നത്. ടീമില്‍ രണ്ട് മാറ്റങ്ങളാണ് അവര്‍ വരുത്തിയിരിക്കുന്നത്. കോളിന്‍ മണ്‍റോയ്ക്ക് പകരം ഹെന്‍റി നിക്കോളസും മാറ്റ് ഹെന്‍റിയ്ക്ക് പകരം ഇഷ് സോധിയും ടീമില്‍ എത്തുന്നു.

ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലെക്സ് കാറെ, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗപ്ടില്‍, ഹെന്‍റി നിക്കോളസ്, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ടോം ലാഥം, ജെയിംസ് നീഷം, കോളിന്‍ ‍ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ട്രെന്റ് ബോള്‍ട്ട്

ജയിച്ച് മുന്നേറുവാന്‍ പാക്കിസ്ഥാന്‍, അട്ടിമറിയ്ക്കായി അഫ്ഗാനിസ്ഥാന്‍, ടോസ് അറിയാം

പാക്കിസ്ഥാനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഗുല്‍ബാദിന്‍ നൈബ്. ഇന്ന് പാക്കിസ്ഥാന് ഏറ്റവും നിര്‍ണ്ണായകമായ മത്സരമാണെങ്കില്‍ പുറത്തായ അഫ്ഗാനിസ്ഥാന് നഷ്ടപ്പെടുവാന്‍ ഒന്നുമില്ലെന്ന ധൈര്യത്തിലാണ് ഇറങ്ങുന്നത്. ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്ത് പോകുന്ന ഘട്ടത്തില്‍ പാക്കിസ്ഥാന്റെ പ്രതീക്ഷകളെ തകര്‍ത്ത് മടങ്ങുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗുല്‍ബാദിന്‍ നൈബ് ഇന്നലെ നടന്ന പത്ര സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇതുവരെ ഒരു മത്സരത്തില്‍ പോലും ലോകകപ്പില്‍ വിജയം കുറിയ്ക്കുവാന്‍ അഫ്ഗാനിസ്ഥാനായിട്ടില്ലെങ്കിലും ഇന്നത്തെ എതിരാളികളായി പാക്കിസ്ഥാനെതിരെ സന്നാഹ മത്സരത്തില്‍ ടീം നേടിയ വിജയം ആവര്‍ത്തിക്കുവാനുള്ള ശ്രമവുമായാവും ഗുല്‍ബാദിന്‍ നൈബും സംഘവും എത്തുന്നത്. അതേ സമയം ഇന്ത്യയ്ക്കെതിരെയുള്ള തോല്‍വിയ്ക്ക് ശേഷം മറ്റൊരു പാക്കിസ്ഥാനെയാണ് പിന്നീട് കണ്ടത്. നിര്‍ണ്ണായക മത്സരങ്ങളില്‍ ജയിച്ച പാക്കിസ്ഥാന് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ കൂടി വിജയിക്കാനായാല്‍ സെമി ഫൈനലില്‍ കടക്കാമെന്ന പ്രതീക്ഷയോടെയാണ് ഇന്നെത്തുന്നത്.

അഫ്ഗാനിസ്ഥാന്‍: ഗുല്‍ബാദിന്‍ നൈബ്, റഹ്മത് ഷാ, ഹസ്മത്തുള്ള ഷഹീദി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, സമിയുള്ള ഷിന്‍വാരി, നജീബുള്ള സദ്രാന്‍, ഇക്രം അലി ഖില്‍, റഷീദ് ഖാന്‍, ഹമീദ് ഹസ്സന്‍, മുജീബ് ഉര്‍ റഹ്മാന്‍

പാക്കിസ്ഥാന്‍: ഇമാം ഉള്‍ ഹക്ക്, ഫകര്‍ സമന്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈല്‍, സര്‍ഫ്രാസ് അഹമ്മദ്, ഇമാദ് വസീം, ഷദബ് ഖാന്‍, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍, ഷഹീന്‍ അഫ്രീദി

Exit mobile version