ടീമിലെ പ്രതിഭകളോട് നീതി പുലര്‍ത്തിയ പ്രകടനം, പ്രിട്ടോറിയസിന് അവസരം കുറഞ്ഞത് വളരെ പ്രയാസകരമായ കാര്യം

വളരെ കാലത്തിന് ശേഷം മികച്ച ഒരു പ്രകടനമാണ് ദക്ഷിണാഫ്രിക്ക നടത്തിയതെന്നും ടീമിലെ താരങ്ങളുടെ പ്രതിഭയോട് നീതി പുലര്‍ത്തിയ പ്രകടനമാണ് ടീം കാഴ്ചവെച്ചതെന്നും പറഞ്ഞ് ഫാഫ് ഡു പ്ലെസി. ടീമിലെ കോമ്പിനേഷനുകള്‍ പരിഗണിച്ചാണ് പ്രിട്ടോറിയസിന് അവസരം ലഭിക്കാതെ പോയതെന്നും അത് വളരെ പ്രയാസകരമായ തീരുമാനം ആയിരുന്നുവെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു. ലുംഗിസാനി ഗിഡിയ്ക്ക് പകരം ടീമിലെത്തിയ താരം മികച്ച പ്രകടനമാണ് നടത്തിയത്.

ഇന്നത്തെ മത്സരത്തിലാണ് ബാറ്റിംഗിന്റെ അടിസ്ഥാന പാഠങ്ങള്‍ ടീം പുറത്തെടുത്തതെന്നും ഫാഫ് പറഞ്ഞു. വിക്കറ്റില്‍ പന്തെറിയേണ്ടത് സ്ട്രെയിറ്റ് ലൈനിലാണെന്ന് നേരത്തെ തന്നെ മനസ്സിലായിരുന്നു. ടോപ്-ഓഫ്-ഓഫ് ലൈനില്‍ കൃത്യതയോടെ പന്തെറിയുക എന്നത് ശ്രമകരമായതിനാലാണ് ഫെഹ്ലുക്വായോയെ നേരത്തെ തന്നെ ബൗളിംഗ് ദൗത്യം ഏല്പിച്ചതെന്നും ഫാഫ് വ്യക്തമാക്കി.

തിരിച്ചടിയായത് ആദ്യ ആഴ്ചയിലെ പ്രകടനം, ബംഗ്ലാദേശ് നല്‍കിയ പ്രഹരത്തില്‍ നിന്ന് കരകയറിയില്ല

ശ്രീലങ്കയ്ക്കെതിരെ വിജയം നേടിയ ശേഷം സംസാരിക്കവേ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി ഏറെ സന്തോഷവാനായിരുന്നു, എന്നാല്‍ ടീം മികച്ച പ്രകടനം പുറത്തെടുത്തത് വൈകിയാണെന്നത് താരം സമ്മതിച്ചു. ടൂര്‍ണ്ണമെന്റിന്റെ ആദ്യ ആഴ്ചയിലെ പ്രകടനമാണ് തങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് ഫാഫ് പറഞ്ഞു. ഇംഗ്ലണ്ട് മികച്ച ടീം ആണ്, എന്നാല്‍ ബംഗ്ലാദേശിനെതിരെയുള്ള പ്രകടനമാണ് ടീമിന്റെ ആത്മവിശ്വാസത്തെ തകര്‍ത്തത്. ബംഗ്ലാദേശ് അവിശ്വസനീയമായ പ്രകടനമാണ് പുറത്തെടുത്തത്, ആ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് ടീം കരകയറിയില്ലെന്നും ഇന്ത്യയ്ക്കെതിരെയും അത് പ്രതിഫലിച്ചുവെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ പറഞ്ഞു.

ഇന്ന് ഹഷിം അംല ടീമിനു മികച്ച അടിത്തറയാണ് നല്‍കിയതെന്നും താനുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുവാനായിയെന്നും ഫാഫ് അഭിപ്രായപ്പെട്ടു. ഇത് ഈ ടൂര്‍ണ്ണമെന്റില്‍ ഒരിക്കലും ടീമിനു സാധിച്ചിരുന്നില്ല. ഒരു വലിയ കൂട്ടുകെട്ട് വന്നപ്പോള്‍ മത്സരം അനായാസമായി തോന്നിപ്പിച്ചുവെന്നും ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.

ലോകകപ്പ് കഴിഞ്ഞയുടന്‍ വിരമിക്കുവാന്‍ താനില്ല

2019 ലോകകപ്പ് കഴിഞ്ഞ് ഒട്ടനവധി താരങ്ങളുടെ വിരമിക്കല്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെങ്കിലും താന്‍ അതിനില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് നായകന്‍ മഷ്റഫെ മൊര്‍തസ. മൊര്‍തസ് ലോകകപ്പ് കഴിഞ്ഞയുടനെ വിരമിക്കില്ലെന്നാണ് താരം തന്നെ വ്യക്തമാക്കിയത്. ലോകകപ്പിന് ശേഷം തന്റെ 18 വര്‍ഷത്തെ കരിയറിന് വിട പറയുമെന്ന് താരം അറിയിച്ചിരുന്നുവെങ്കിലും അത് ടൂര്‍ണ്ണമെന്റ് കഴിഞ്ഞ ഉടനെ ഉണ്ടാകില്ലെന്നാണ് മൊര്‍തസ പറഞ്ഞത്.

എന്നാല്‍ ബോര്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ വിരമിക്കുമെന്ന് താരം വ്യക്തമാക്കി. തനിക്ക് ഇനിയും കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ ബോര്‍ഡ് പറഞ്ഞാല്‍ ഉടനടി വിരമിക്കുമെന്നും അറിയിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ബോര്‍ഡില്‍ നിന്ന് തനിക്കൊരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് താരം പറഞ്ഞു. ഈ ലോകകപ്പ് തന്റെ അവസാന ലോകകപ്പാണെന്ന് താന്‍ നേരത്തെ അറിയിച്ചിരുന്നു, അത് തന്റെ കുടുംബാംഗങ്ങള്‍ക്ക് ഇത്തരം ഒരു ടൂര്‍ണ്ണമെന്റില്‍ താന്‍ അവസാനമായി കളിക്കുന്നത് കാണുവാനുള്ള അവസരത്തിന് വേണ്ടിയായിരുന്നു.

ഇപ്പോള്‍ താന്‍ വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും അത് ശ്രദ്ധ തെറ്റുവാന്‍ ഇടയാക്കുമെന്നും മൊര്‍തസ പറഞ്ഞു. ബംഗ്ലാദേശിന്റെ സെമി സാധ്യതകള്‍ സജീവമായി തന്നെയുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ ഇത് ആലോചിച്ച് വ്യാകുലപ്പെടേണ്ട സാഹചര്യമില്ലെന്നും ബംഗ്ലാദേശ് നായകന്‍ വ്യക്തമാക്കി.

തൊട്ടതെല്ലാം പിഴച്ചു, കുശല്‍-അവിഷ്ക കൂട്ടുകെട്ട് നല്‍കിയ തുടക്കം കൈവിട്ട് കളഞ്ഞതാണ് വിനയായത്

തങ്ങള്‍ ക്രിക്കറ്റിന്റെ സമസ്ത മേഖലയിലും പിന്തള്ളപ്പെട്ട് പോയെന്ന് പറഞ്ഞ് ദിമുത് കരുണാരത്നേ. ഇന്നലെ ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും കുശല്‍ പെരേര-അവിഷ്ക ഫെര്‍ണാണ്ടോ കൂട്ടുകെട്ട് നല്‍കിയ മികച്ച തുടക്കം കൈമോശം വരുത്തിയത് ടീമിന് വിനയായി എന്ന് ശ്രീലങ്കന്‍ നായകന്‍ പറഞ്ഞു. സ്ട്രൈക്ക് കൈമാറുവാനോ സിംഗിളുകള്‍ എടുക്കുവാനോ ടീമിനായില്ലെന്നും കരുണാരത്നേ വ്യക്തമമാക്കി.

200നടുത്ത് റണ്‍സ് മാത്രമാണ് ടീമിന്റെ കൈവശമുണ്ടായിരുന്നത്. മത്സരം പുരോഗമിക്കും തോറും വിക്കറ്റ് മെച്ചപ്പെടുകയായിരുന്നു. തുടക്കത്തിലെ വിക്കറ്റുകള്‍ ആവശ്യമായിരുന്നുവെങ്കിലും മലിംഗയ്ക്കൊഴികെ ആര്‍ക്കും സമ്മര്‍ദ്ദം സൃഷ്ടിക്കാനായില്ലെന്നും കരുണാരത്നേ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞുവെന്നും അവരുടെ ഫീല്‍ഡര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് ടീമിനെ പ്രതിരോധത്തിലാക്കിയെന്നും ശ്രീലങ്കന്‍ നായകന്‍ അഭിപ്രായപ്പെട്ടു.

അടുത്ത രണ്ട് മത്സരങ്ങളില്‍ വിന്‍ഡീസിനെയും ഇന്ത്യയെയും പരാജയപ്പെടുത്തിയാല്‍ മാത്രമേ ടീമിനു സാധ്യതയുള്ളുവെന്നും ടീം തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് കരുതുന്നതെന്നും ദിമുത് വ്യക്തമാക്കി.

ഈ പ്രകടനം വൈകി വന്നതില്‍ മാത്രം വിഷമം

ശ്രീലങ്കയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ ഒരു പരിധി വരെ ദക്ഷിണാഫ്രിക്ക തകര്‍ത്ത് കഴിഞ്ഞുവെന്നതാണ് സത്യം. ഇനി പല മത്സരങ്ങള്‍ അനുകൂലമാകുകയും ശേഷിക്കുന്ന മത്സരങ്ങള്‍ ടീമിനു വിജയിച്ചാലും മാത്രമേ സെമിയെന്ന സ്വപ്നം അവശേഷിക്കുകയുള്ള ലങ്കയ്ക്ക്. ലങ്കയുടെ സ്വപ്നങ്ങള്‍ തകര്‍ത്തതില്‍ പ്രധാനി ഡ്വെയിന്‍ പ്രിട്ടോറിയസ് ആയിരുന്നു. മത്സരത്തില്‍ 10 ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 25 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഡ്വെയിന്‍ 3 വിക്കറ്റ് നേടിയത്. ഈ പ്രകടനത്തിന്റെ ബലത്തില്‍ താരം ഇന്നലത്തെ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടവും സ്വന്തമാക്കിയിരുന്നു.

തങ്ങളുടെ മികച്ച പ്രകടനം ഈ വൈകിയ വേളയില്‍ മാത്രമാണ് വന്നതെന്നുള്ളത് വളരെ സങ്കടകരമായ കാര്യമെന്നാണ് ഡ്വെയിന്‍ പറഞ്ഞത്. ഇന്ന് വിജയം കരസ്ഥമാക്കുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും താന്‍ അതിന്റെ ഭാഗമായി എന്നത് ഇരട്ടി മധുരമാണെന്നും ഡ്വെയിന്‍ പറഞ്ഞു. തനിക്ക് എല്ലാ മത്സരങ്ങളിലും അവസരം ലഭിക്കില്ലെന്നും ലഭിയ്ക്കുന്ന അവസരങ്ങള്‍ വേണ്ട വിധത്തില്‍ ഉപയോഗിക്കുക എന്നതാണ് പ്രധാനമെന്നും ഡ്വെയിന്‍ വ്യക്തമാക്കി.

വനിത സൂപ്പര്‍ ലീഗിലേക്ക് മറ്റൊരു ഇന്ത്യന്‍ താരം കൂടി

ഇംഗ്ലണ്ടില്‍ നടക്കുന്ന വനിത സൂപ്പര്‍ ലീഗിന്റെ പുതിയ പതിപ്പില്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ്മ കളിക്കും. ദീപ്തി ശര്‍മ്മ വെസ്റ്റേണ്‍ സ്റ്റോമിനു വേണ്ടിയാണ് വരുന്ന സീസണില്‍ കളിക്കാന്‍ പോകുന്നത്. ജൂലൈ 28ന് ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ദീപ്തി ഓഗസ്റ്റ് 6 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ ടൂര്‍ണ്ണമെന്റ് മുഴുവനും കളിക്കാനുണ്ടാകുമെന്നാണ് അറിയുന്നത്.

തനിക്ക് ലഭിച്ച ഈ അവസരത്തെ താന്‍ ഉറ്റുനോക്കുകയാണെന്നാണ് 21 വയസ്സുള്ള ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അഭിപ്രായപ്പെട്ടത്. ലോകത്തിലെ മികച്ച താരങ്ങള്‍ക്കൊപ്പം കളിയ്ക്കാനാകുമെന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ദീപ്തി പറഞ്ഞു. ഇന്ത്യന്‍ സഹതാരം സ്മൃതി മന്ഥാന വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടിയാണ് കളിയ്ക്കുന്നത്.

2014ലാണ് ദീപ്തി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. നിലവിലെ റാങ്കിംഗ് പട്ടികയില്‍ ഓള്‍റൗണ്ടര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് ഏകദിനത്തില്‍ ദീപ്തി നിലകൊള്ളുന്നത്. 2016ല്‍ ടി20 അരങ്ങേറ്റം കുറിച്ച ദീപ്തി 30 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 28 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ലങ്കയ്ക്ക് തിരിച്ചടി, 9 വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക

ഫാഫ് ഡു പ്ലെസിയും ഹഷിം അംലയും കളം നിറഞ്ഞ് കളിച്ച മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ 9 വിക്കറ്റ് വിജയം കരസ്ഥമാക്കി ദക്ഷിണാഫ്രിക്ക. ലോകകപ്പിലെ തങ്ങളുടെ വെറും രണ്ടാം ജയമാണ് ഇന്ന് ദക്ഷിണാഫ്രിക്ക നേടിയത്. നേരത്തെ തന്നെ ലോകകപ്പില്‍ നിന്ന് പുറത്തായ ടീം ഇന്ന് ശ്രീലങ്കയുടെ സാധ്യതകള്‍ക്ക് കൂടി മങ്ങലേല്പിച്ചിരിക്കുകയാണ്.

204 റണ്‍സ് വിജയത്തിനായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 15 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കിനെ ആദ്യമേ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ 175 റണ്‍സ് നേടി ഫാഫ് ഡു പ്ലെസി-ഹഷിം അംല കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഫാഫ് ഡു പ്ലെസി 96 റണ്‍സും ഹഷിം അംല 80 റണ്‍സും നേടി പുറത്താകാതെ നിന്നു. ലസിത് മലിംഗയ്ക്കാണ് മത്സരത്തിലെ ഏക വിക്കറ്റ് ലഭിച്ചത്.

ഏകദിനത്തില്‍ നൂറ് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് ലസിത് മലിംഗ

ലോകകപ്പില്‍ ശ്രീലങ്കയുടെ സാധ്യതകള്‍ ഇന്ന് ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനം കാരണം അവസാനിച്ചേക്കാമെങ്കിലും ഒരു ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച് ചെസ്റ്റര്‍-ലെ-സ്ട്രീറ്റ്. ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിലെ 24ാം ഓവര്‍ റണ്‍ വിട്ട് നല്‍കാതെ ഹഷിം അംലയെ നിര്‍ത്തി എറിഞ്ഞപ്പോള്‍ ഏകദിനങ്ങളിലെ തന്റെ നൂറാം മെയ്ഡന്‍ ഓവര്‍ ആമ് ലസിത് മലിംഗ് എറിഞ്ഞത്.

തന്റെ എട്ടോവര്‍ ഇതുവരെ എറിഞ്ഞ മലിംഗ 35 റണ്‍സ് വിട്ട് നല്‍കിയാണ് ഒരു വിക്കറ്റ് നേടിയത്. ക്വിന്റണ്‍ ഡി കോക്കിനെയാണ് താരം പുറത്താക്കിയത്.

ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞ് ഡ്വെയിന്‍ പ്രിട്ടോറിയസ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിംഗില്‍ തകര്‍ന്നടിഞ്ഞ് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ലങ്ക 203 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 49.3 ഓവറിലാണ് ലങ്കയുടെ ഇന്നിംഗ്സ് അലസാനിച്ചത്. അവിഷ്ക ഫെര്‍ണാണ്ടോ-കുശല്‍ പെരേര കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയ 67 റണ്‍സ് ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്നിംഗ്സില്‍ ഒരു ഘട്ടത്തിലും ലങ്കന്‍ ബാറ്റിംഗ് ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല.

ആദ്യ പന്തില്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്നയെ നഷ്ടമായെങ്കിലും കുശല്‍ പെരേരയും അവിഷ്ക ഫെര്‍ണാണ്ടോയും ചേര്‍ന്ന് ടീമിന്റെ സ്കോറിംഗ് മുന്നോട്ട് നീക്കിയെങ്കിലും ഡ്വെയിന്‍ പ്രിട്ടോറിയസ് ഇരുവരെയും പുറത്താക്കി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേല്‍ക്കൈ നേടി. തുടര്‍ന്നുള്ള മൂന്ന് വിക്കറ്റുകളും പ്രിട്ടോറിയസ് തന്നെയാണ് വീഴ്ത്തിയത്. 30 റണ്‍സ് വീതം നേടിയ കുശല്‍ പെരേരയെയും അവിഷ്ക ഫെര്‍ണാണ്ടോയെയും പുറത്താക്കിയ പ്രിട്ടോറിയസിന് തന്നെയാണ് കുശല്‍ മെന്‍ഡിസിന്റെയും (23) വിക്കറ്റ് ലഭിച്ചത്.

67/1 എന്ന നിലയില്‍ നിന്ന് 72/3 എന്ന നിലയിലേക്ക് വീണ ലങ്ക പിന്നീട് ഇഴഞ്ഞ് നീങ്ങിയാണ് 203 റണ്‍സിലേക്ക് എത്തിയത്.  ധനന്‍ജയ ഡിസില്‍വ(24), തിസാര പെരേര(21) ജിവന്‍ മെന്‍ഡിസ്(18), ഇസ്രു ഉഡാന(16) എന്നിവരാണ് ടീമിനെ ഈ സ്കോറിലേക്ക് എത്തിക്കുവാന്‍ സഹായിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കായി ക്രിസ് മോറിസും ഡ്വെയിന്‍ പ്രിട്ടോറിയസും മൂന്ന് വീതം വിക്കറ്റും കാഗിസോ റബാഡ രണ്ട് വിക്കറ്റും നേടി.

എല്ലാ പിച്ചുകളും 300 റണ്‍സ് പിച്ചുകളല്ലെന്ന് മനസ്സിലാക്കണം

ടീമിന്റെ എല്ലാ മത്സരങ്ങളിലും 300 റണ്‍സ് അടിക്കുമെന്ന ലക്ഷ്യത്തോടെ ഒരിക്കലും ബാറ്റ് ചെയ്യാനിറങ്ങാനാകില്ലെന്ന് പറഞ്ഞ് ലോകേഷ് രാഹുല്‍. അഫ്ഗാനിസ്ഥാനെതിരെയും വിന്‍ഡീസിനെതിരെയും ടീമിന് 224 റണ്‍സും 268 റണ്‍സുമാണ് നേടാനായിരുന്നത്. ഈ രണ്ട് മത്സരങ്ങളിലും ടീമില്‍ ആരും ശതകം നേടിയില്ലെങ്കിലും ടീമിന് 250ന് അടുത്തുള്ള സ്കോര്‍ നേടാനായി, അത് നല്ല കാര്യമാണെന്ന് ലോകേഷ് രാഹുല്‍ പറഞ്ഞു.

ടോപ് ഓര്‍ഡറിലെ താരങ്ങളില്‍ ഒരാള്‍ ശതകമോ വലിയൊരു ഫിഫ്റ്റിയോ നേടിയാല്‍ ടീം സ്കോര്‍ 300ലേക്ക് എത്തുന്നത് എളുപ്പമാക്കും. പക്ഷേ എല്ലാ മത്സരങ്ങളിലും അത് സാധിക്കണമെന്നില്ലെന്നും അതിനര്‍ത്ഥം ടീമിന്റെ ബാറ്റിംഗ് മോശമാണെന്നല്ലെന്നും ഇനിയും വലിയ സ്കോറുകള്‍ ടീമില്‍ നിന്ന് പിറക്കുമെന്നും കെഎല്‍ രാഹുല്‍ പറഞ്ഞു.

ആദ്യ പത്തോവറുകള്‍ക്ക് ശേഷം വിന്‍ഡീസിനെതിരെ പിച്ച് അവലോകനം ചെയ്ത് താനും വിരാടും ഡ്രെസ്സിംഗ് റൂമിലേക്ക് നല്‍കിയ സന്ദേശം ഇത് 300-330 വിക്കറ്റല്ലെന്നും 260-270 വിക്കറ്റാണെന്നുമാണ്. അതിനനുസരിച്ചാണ് തങ്ങളുടെ ഇന്നിംഗ്സിനെ തങ്ങള്‍ കെട്ടിപ്പടുത്തതെന്നും രാഹുല്‍ പറഞ്ഞു. 35-40 ഓവര്‍ ആകുമ്പോളേക്ക് ടോപ് ഓര്‍ഡറിലെ ഒരു സെറ്റായ ബാറ്റ്സ്മാന്‍ ക്രീസിലുണ്ടെങ്കില്‍ 20 റണ്‍സ് അധികം നേടാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ അത് സംഭവിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.

ടീമെന്ന നിലയില്‍ ബാറ്റിംഗില്‍ വരുത്തേണ്ട മെച്ചപ്പെടല്‍ സെറ്റായ ബാറ്റ്സ്മാന്‍ തുടര്‍ന്നും ബാറ്റ് ചെയ്ത് വലിയ സ്കോര്‍ നേടുകയെന്നത് മാത്രമാണെന്നും രാഹുല്‍ വ്യക്തമാക്കി.

ആദ്യ റൗണ്ടില്‍ പ്രജ്നേഷിന് എതിരാളി 2016 വിംബിള്‍ഡണ്‍ റണ്ണര്‍പ്പ്

വിംബിള്‍ഡണ്‍ ആദ്യ റൗണ്ടില്‍ ഇന്ത്യയുടെ പ്രജ്നേഷ് ഗുണ്ണേശ്വരന് ലോക റാങ്കിംഗില്‍ 17ാം റാങ്കുകാരനും 2016ല്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലെത്തിയ മിലോസ് റാവോനിക് എതിരാളി. ഫൈനലില്‍ അന്ന് ബ്രിട്ടണ്‍ താരം ആന്‍ഡി മറേയോട് നേരിട്ടുള്ള സെറ്റുകളില്‍ കാനഡ താരം മിലോസ് പുറത്തായിരുന്നു. ആദ്യ റൗണ്ട് തന്നെ കടുത്ത കടമ്പയാണ് പ്രജ്നേഷിനെ കാത്തിരിക്കുന്നത്.

ശ്രീലങ്കന്‍ സെമി സ്വപ്നങ്ങള്‍ അവസാനിപ്പിക്കുമോ ദക്ഷിണാഫ്രിക്ക, ടോസ് അറിയാം

ലോകകപ്പില്‍ ഇന്നത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി ബാറ്റിംഗ് തിരഞ്ഞെടുത്തു. മത്സരത്തില്‍ രണ്ട് മാറ്റങ്ങളോടെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഡേവിഡ് മില്ലറിനു പകരം ജെപി ഡുമിനിയും ലുംഗ്സാനി ഗിഡിയ്ക്ക് പകരം ഡ്വെയിന്‍ പ്രെട്ടോറിയസും ടീമിലേക്ക് എത്തുന്നു. അതേ സമയം ലങ്കന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. നുവാന്‍ പ്രദീപിനു പകരം സുരംഗ ലക്മല്‍ ടീമിലേക്ക് തിരികെ എത്തുന്നു.

ലോകകപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായെങ്കിലും ശ്രീലങ്കയുടെ സെമി സാധ്യതകളെ നിശ്ചയിക്കുക ഇന്നത്തെ മത്സര ഫലമാകും. സാധ്യതകള്‍ സജീവാക്കുവാന്‍ ലങ്കയ്ക്ക് ജയം അനിവാര്യമാണെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ വിജയമാവും മറ്റ് സെമി ഫൈനല്‍ മോഹികളായ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഉറ്റ് നോക്കുക.

Exit mobile version